Saturday, August 10, 2013

സമയം - ഒരു അപസർപ്പക കവിത

മുറിക്കുള്ളിലെ ഈർപ്പത്തിന് ഒരു 
പരിചയമില്ലാത്ത മണമായിരുന്നു... 
ഉള്ളിലേക്ക് എത്തി നോക്കിയപ്പോൾ 
കർട്ടന്റെ നിറങ്ങളിൽ കുടുങ്ങിപ്പോയ 
സായാഹ്ന സൂര്യന്റെ രശ്മികളും
ക്ഷീണിച്ച് അപ്രത്യക്ഷമായിരുന്നു.....
സമയവും എങ്ങോ മറഞ്ഞതു കാരണം
ക്ലോക്കിന്റെ സൂജി കറങ്ങാൻ കഴിയാതെ 

ബുദ്ധിമുട്ടി നിന്നു വിറച്ചു.....
കെടാൻ സമയമാകാത്തതു കാരണം
ഫയർപ്ലേസിലെ കനലുകളിൽ തീ
അവശേഷിച്ച മരക്കഷ്ണങ്ങളെ
ആർത്തിയോടെ പുണർന്നു കിടന്നു...
ഒരു മൂലയിൽ ചങ്ങലയ്ക്കിട്ട ക്രൂരത
നിർഭയം കിടന്ന് കൂർക്കം വലിച്ചുറങ്ങി.....
ഭിത്തിയിൽ തൂങ്ങാൻ കഴിയാത്തതിൽ
ദേഷ്യം പിടിച്ച് മോണാലിസ
ആരെയോ പ്രാകി അലമാറയിലെ
ഏതോ അറയിൽ പോയി ഒളിച്ചിരുന്നു.....
അവസാനത്തെ തുള്ളി അപ്രത്യക്ഷമായപ്പോൾ
കെറ്റിലും ചൂളം വിളി അവസാനിപ്പിച്ച്
സമാധാനമായി ധ്യാനിച്ചിരുന്നു....
കാലൊച്ച അടുത്തു വന്നു...
പിടിമുറുകി...
ശ്വാസം നിലച്ചു...
വാതിൽ ഉച്ചത്തിൽ തുറന്നു...
തുപ്പാക്കി തുപ്പി....
നീണ്ട നിശബ്ദത...
വാക്കുകളില്ലാതെ, പരാക്രമങ്ങളില്ലാതെ,
പറയാനൊരു ചരിത്രമില്ലാതെ,
അനിശ്ചിതമായൊരു ഭാവിയും
സമ്മാനിച്ച് എല്ലാം അവസാനിച്ചു....
അടുത്ത ദിവസം സമയം തിരിച്ചു വന്നു
ക്ലോക്കിന്റെ സൂചി കറങ്ങിയപ്പോൾ
രക്തത്തിന്റെ അവശേഷിച്ച നിഴലിനെയും
അത് വെട്ടി മാറ്റി.....
ആരും ശ്രദ്ധിച്ചില്ല... ഞാനും...
ചങ്ങലയ്ക്കിട്ടിരുന്ന ക്രൂരത
സമയം എത്തിപ്പിടിക്കുന്നതിനു മുൻപേ
ഇരുട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു....
-മർത്ത്യൻ-

No comments:

Post a Comment