Sunday, July 24, 2011

ദി ഫൈനല്‍ എക്സ്പ്ലനേഷന്‍

“ഞാനെവിടെയാണ്...?” അവന്‍ ആരോടെന്നില്ലാതെ ഇരുട്ടിലേക്ക് ചോദിച്ചു
കൈയും കാലും കെട്ടിയിരിക്കുന്നു... എത്ര നേരമായിയെന്നറിയില്ല ഇരുട്ടത്തിങ്ങനെ..... കൂട്ടത്തില്‍ പലരുമുണ്ട് അത് തീര്‍ച്ച, ചില ഞെരക്കങ്ങള്‍, മൂളലുകള്‍. തേങ്ങലുകള്‍. ഒക്കെ കേള്‍ക്കുന്നുണ്ട്. പക്ഷെ ആരും മിണ്ടുന്നില്ല.
എല്ലാവരും കാത്തിരിക്കുകയാണ് അറിയാത്ത എന്തിനെയോ.. ആദ്യം ശബ്ദിക്കാന്‍ ഭയന്നിട്ടായിരിക്കണം.
“ഞാനെവിടെയാണ്... ?” അവന്‍ വീണ്ടും ആവര്‍ത്തിച്ചു
“ശ്.. ശ്ശ്….” ആരോ വിലക്കി
“മിണ്ടരുത്” മറ്റാരോ അടക്കി പറഞ്ഞു
പെട്ടെന്ന് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു.
“ആരാണത്…?” അവന്‍ വീണ്ടും ചോദിച്ചു. ഇരുട്ടില്‍ കണ്ണുകള്‍ മുറുക്കി അടച്ചു വീണ്ടും തുറന്നു നോക്കി.
അന്ധകാരത്തിന്റെ നിറം കറുപ്പുതന്നെ, മണമോ വിയര്‍പ്പിന്റെയും,ഒരാളുടെയല്ല പലരുടെയും കൂടിച്ചേര്‍ന്ന ഒരു മിശ്രിത ഗന്ധം... അല്ല നാറ്റം....
“ആരാണത്…?” അവന്‍ വീണ്ടും ആവര്‍ത്തിച്ചു
“അറിയണോ നിനക്ക്…?” ഒരു സ്ത്രീ ശബ്ദം... അവന്റെ തൊട്ടടുക്കല്‍ തന്നെ...
അവളുടെ വിരളുകള്‍ മെല്ലെ അവന്റെ തലമുടിയില്‍ കൂടി ഓടി... അവള്‍ വീണ്ടും ചോദിച്ചു
“അറിയണോ നിനക്ക്…?”
“അറിയണം..., അറിയണം... എനിക്ക്….” അവന്‍ പറഞ്ഞു തീര്‍ത്തില്ല അവള്‍ ഉറക്കെ ചിരിച്ചു
“മരണം... ഞാനാണ്‌ …. മൃത്യു...., അന്ത്യം..... അങ്ങനെ പല പേരുകളുണ്ട്” അവള്‍ പറഞ്ഞു
“മരണം” അവന്‍ മനസ്സില്‍ ആവര്‍ത്തിച്ചു
“അതിന് നീയൊരു സ്ത്രീയല്ലേ…” അവന്‍ ചോദിച്ചു
അവള്‍ പൊട്ടി ചിരിച്ചു “മണ്ടാ.... എന്താ മരണം പുരുഷനാണോ?”
“അറിയില്ല പക്ഷെ ആയിരിക്കണം.... ആയിരിക്കണം എന്ന് ഞാന്‍ കരുതി…” അവന്‍ പറഞ്ഞു
അവള്‍ വീണ്ടും ചിരിച്ചു
“ആ പാവം ദൈവത്തിനെ പുരുഷനാക്കി നീയൊക്കെ ഈ ലോകം ഒരു വിധം നശിപ്പിച്ചു, ഇനി മരണത്തിനെയും നിനക്ക് പുരുഷനാക്കണം അല്ലെ....അത് കൊള്ളാമല്ലോ... ”
അവള്‍ വീണ്ടും ചിരിച്ചു
“ഒരു സ്ത്രീ നിന്റെ അവസാന വിധി നടപ്പാക്കുന്നതിലുള്ള വിഷമമാണോ നിനക്ക്....?”
“അല്ല… ഞാന്‍…” അവന്‍ ഒന്നും പറയാനില്ലാതെ ഉത്തരം മുട്ടി അവന്റെ തന്നെ മനസ്സിലെ ഇരുട്ടിലേക്ക് നോക്കിയിരുന്നു
“ഞാന്‍ മരിച്ചോ…?” അവന്‍ മെല്ലെ ചോദിച്ചു
“ഇല്ല” അവള്‍ പറഞ്ഞു
“ഇത് വരെ മരിച്ചിട്ടില്ല, എന്താ മരിക്കാന്‍ പേടിയുണ്ടോ നിനക്ക്…?” അവള്‍ ചോദിച്ചു
“ഉണ്ട്...” അവന് അത്പ പറയാന്‍ അധികം ആലോചികേണ്ടി വന്നില്ല.
“ഞങ്ങളോ…? ഞങ്ങളോ…? ” പെട്ടെന്നായിരുന്നു ഇരുട്ടില്‍ നിന്നും പല ശബ്ദങ്ങള്‍ ഉയര്‍ന്നത്
അവളുടെ ചിരിയില്‍ ആ ചോദ്യങ്ങള്‍ ഒന്നൊന്നായി ഉത്തരം കിട്ടാതെ ഇരുട്ടില്‍ മുങ്ങി പോയി
“അവരോക്കെയാരാണ്....?” അവന്‍ ചോദിച്ചു
“നീ തന്നെ…. അവരെല്ലാം നിന്റെ തന്നെ പ്രതിബിംബങ്ങളാണ്… നീ ജീവിതത്തില്‍ തിരഞ്ഞെടുത്ത മുഖങ്ങളുടെ അവശിഷ്ടങ്ങള്‍…..ഒന്നൊന്നായി നമ്മള്‍ പരിശോധിക്കും… ഒന്നൊന്നായി വിധി പറയും… അവസാനം നീ…”
“എന്നെ വെറുതെ വിടണം… ഞാന്‍ ഒന്ന് കൂടി ജീവിച്ചു കൊള്ളട്ടെ…” അവന്‍ കരച്ചിലിനെ വക്കത്തായിരുന്നു
അവള്‍ ചിരിച്ചു “നിനക്ക് നിന്റെ മറ്റു രൂപങ്ങളെ പരിചയപ്പെടണ്ടേ…...?”
അവന്‍ മിണ്ടിയില്ല
“നീ മറന്നിരിക്കണം അവരെ പലരെയും, പക്ഷെ അവര്‍ക്കറിയണ്ടേ.. അവരെ സൃഷ്ട്ടിച്ച നിന്റെ വിശ്വരൂപം”
അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല..
അവന്‍ കാതോര്‍ത്തു…. ആരോ ദൂരേക്ക്‌ നടന്നകലുന്നത് അവനു കേള്‍ക്കാമായിരുന്നു
പിന്നെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമായിരുന്നു.... അവന്‍ കണ്ണ് മുറുക്കെ അടച്ചു
അല്‍പ നേരത്തിനു ശേഷം അവന്‍ മെല്ലെ കണ്ണ് തുറന്നു നോക്കി.
ഒരു വലിയ മുറിയില്‍ അവന്‍ കണ്ടു, അവന്റെ ജീവിതത്തിലെ പല വേഷം കെട്ടുകള്‍ ഓരോന്നായി കണ്ണടച്ചു അവന്റെ മുന്നില്‍ ഇരിക്കുന്നു
അവളുടെ ശബ്ദം എവിടുന്നോ വീണ്ടും...
“നീ ഇവരെയെല്ലാം പറഞ്ഞു മനസ്സിലാക്ക് എന്തിനു നീ അവരെ ഓരോരുത്തരെയും സൃഷ്ട്ടിച്ചെന്നു… എ ഫൈനല്‍ എക്സ്പ്ലനേഷന്‍...”

Monday, July 4, 2011

ബ്ലഡ്, സ്വെറ്റ് ആന്‍ഡ് ടിയര്‍സ്

നിലത്തു വീണു പൊട്ടി ചിതറി
ഓര്‍മ്മകളുടെ കണ്ണുനീര്‍ തുള്ളികള്‍.
ഓരോന്നായ് അവയില്‍ കണ്ടു -
മറന്നുപോയ ചില മുഖങ്ങള്‍, പിന്നെ
സഞ്ചരിച്ചു പഴകിയ ചില വഴികള്‍
കാതിലേക്ക് ഊര്‍ന്നു വീണ