Thursday, January 31, 2013

മുത്തശ്ശി

ചെറുപ്പത്തില്‍ ആര്‍ക്കും വേണ്ടാതെ
ഏതോ പൊടിപിടിച്ച
പെട്ടിയില്‍ കിടന്നിരുന്ന
ഒരു ആല്‍ബമുണ്ടായിരുന്നു...
അതില്‍ ഒട്ടിച്ചു വച്ച ചില
പഴയ ചിത്രങ്ങളുമുണ്ടായിരുന്നു
ഒരു നിറം മങ്ങിയ
ഗ്രൂപ്പ് ഫോട്ടോയില്‍
നിറഞ്ഞ ചിരിയോടെ
ഗ്രൂപ്പില്‍ പെടാതെ ദൂരെ മാറി
കാമറ നോക്കി നില്‍ക്കുന്ന
ഒരു മുത്തശ്ശിയുമുണ്ടായിരുന്നു
പലരോടും ചോദിച്ചു
ആര്‍ക്കും അറിയില്ല അവരാരാണെന്ന്
ഗ്രൂപ്പിലുള്ളവരുടെ മുഖം
മറന്നെങ്കിലും ഇന്നും
ഓര്‍മ്മയില്‍ മങ്ങാതെ
കൊണ്ടുനടക്കുന്നതാണ്
ആ പേരറിയാത്ത മുത്തശ്ശിയുടെ മുഖം
-മര്‍ത്ത്യന്‍-

Tuesday, January 29, 2013

ശൂന്യത നിറയ്ക്കാന്‍

പണ്ട് വരച്ച ചിത്രങ്ങളില്‍
പലതില്‍ നിന്നും
വര്‍ണ്ണങ്ങള്‍ മുഴുവനായി
വേറിട്ടു പോയിരുന്നു
വരകള്‍ക്കിടയിലെ ശൂന്യത മാറ്റാന്‍
പലതും കുത്തി നിറച്ചു നോക്കി
കവിതകള്‍, ചുംബനങ്ങള്‍, ക്ഷമാപണം
ഓര്‍മ്മകള്‍, നിലാവ്, പകലുകള്‍
ചന്ദനക്കുറി, സ്വര്‍ണം, സ്വപ്നങ്ങള്‍
അങ്ങിനെ പലതും..
പോരാഞ്ഞിട്ട് എപ്പോഴോ
സ്വന്തം വിരളുകളും അറുത്തിട്ട് നോക്കി....
പക്ഷെ കുത്തിവരയ്ക്കപ്പെട്ട ജീവിതത്തില്‍
എന്ത് കുത്തി നിറച്ചിട്ടെന്താ
അത് വരകള്‍ക്കിടയില്‍
മറഞ്ഞ് ഇല്ലാതാകും
ഇനി എല്ലാം ആദ്യം തൊട്ടു
ചായമിട്ട് തുടങ്ങണം...
-മര്‍ത്ത്യന്‍-

Saturday, January 26, 2013

ന്റെ കുട

ഇന്നലെ നീ എന്നെ നോക്കി
കൊഞ്ഞനം കാട്ടി....
മേഖങ്ങളെ നോക്കി
കണ്ണീരൊലിപ്പിച്ചു പെയ്യിച്ച
മഴയല്ലെ ഞങ്ങളുടെ
ക്രിക്കറ്റ് കളി മുടക്കിയത്...
നിനക്കങ്ങിനെ തന്നെ വേണം
ഇന്ന് നീ കുടയെടുക്കാന്‍ മറന്നപ്പോള്‍
ഞാനും കരുതിയതാണ്
പടച്ചോനെ ആ മഴയൊന്നു പെയ്യിക്കണേ ന്ന്...
ദാ കണ്ടില്ലേ ന്റെ വിളീം കേട്ടു അവന്‍...
നനഞ്ഞ് കുളിച്ച് പുസ്തകൂം പിടിച്ച്....
ഹാ... കാണുമ്പം തന്നെ മനസ്സിനൊരു സുഖം
ഇനി മേലാല്‍ കൊഞ്ഞനം കാട്ടരുത്....
വരുന്നോ...?
ന്റെ കുടേല് ഒരാള്‍ക്കും കൂടി സ്ഥലണ്ട്...
ഒന്ന് ഒട്ടി നില്‍ക്കണ്ടിവരും എന്ന് മാത്രം...
-മര്‍ത്ത്യന്‍-

Wednesday, January 23, 2013

മനസ്സിലാവില്ല

"തലച്ചോറില്‍ തലനാര് കയറിയ പോലെ..."
"എന്ത് ...?"
"തലച്ചോറില്‍ തലനാര് കയറിയ പോലെ... എന്ന്... എന്താ മനസ്സിലായില്ലേ..?"
"ഇല്ല..."
"പറഞ്ഞിട്ട് കാര്യമില്ല..."
"ഹൂം....? അതെന്താ...? "
"തല പുണ്ണാക്കണ്ട..."
"അല്ല പറ എന്താ....?"
"തനിക്കു മനസ്സിലാവില്ല..."
"വൈ..? ടെല്‍ മീ...?"
"അത് മനസ്സിലാക്കാന്‍ തലച്ചോറ് വേണം.."
"വാട്ട്‌ ഡൂ യൂ മീന്‍...?"
തലച്ചോറില്ലെങ്കിലും... അറ്റ്‌ ലീസ്റ്റ് തലനാരെങ്കിലും വേണ്ടേ...?...യൂ ഹാവ് നൈതര്‍...."

-മര്‍ത്ത്യന്‍-

Tuesday, January 22, 2013

അര്‍ത്ഥമില്ലാത്തൊരു വാക്ക്

ഒരു വാക്കിന്റെ മുകളിലേക്ക്
എത്തിപ്പിടിച്ചു കയറാന്‍ ശ്രമിച്ചു
പറ്റാതെ വന്നപ്പോള്‍
അവിടിരുന്ന് ഒരു കവിതയെഴുതാം
എന്ന് കരുതി...
അപ്പോള്‍ ആ വഴി ഒരു വയസ്സന്‍ വന്നു
അയാള്‍ ചോദിച്ചു "എന്താ ഇവിടെ..?"
"ആ വാക്കില്‍ കയറാന്‍ നോക്കിയതാ
പറ്റിയില്ല" വാക്കിനെ ചൂണ്ടി ഞാന്‍ പറഞ്ഞു
അത് കേട്ട് അയാള്‍ ചിരിച്ചു...
അയാളുടെ നരച്ച മുടി കാട്ടി പറഞ്ഞു
"ഞാനും ശ്രമിച്ചതാ വര്‍ഷങ്ങളോളം കഴിഞ്ഞില്ല
ഇങ്ങിനെ കവിത എഴുതിയിട്ടൊന്നും കാര്യമില്ല"
"പിന്നെ എന്ത് ചെയ്യും" ഞാന്‍ ചോദിച്ചു
അയാള്‍ അടുത്ത് വന്നിരുന്നു
"നിന്റെ കുഴപ്പമല്ല ആ വാക്കിന്റെ പ്രശ്നമാണ്
അതിന് സ്വന്തമായൊരു അര്‍ത്ഥമില്ല
രൂപമില്ല, തുടക്കമില്ല... ഒടുക്കവുമില്ല...
എല്ലാം അതില്‍ കയറാന്‍
ശ്രമിക്കുന്നവനനുസരിച്ച് മാറും"
അയാള്‍ എന്നെ നോക്കി എന്നിട്ട് തുടര്‍ന്നു
"ഇനി അഥവാ എത്തിപ്പിടിച്ചു
എന്ന് വയ്ക്ക്യാ അപ്പോള്‍
അതിന്റെ അര്‍ത്ഥം മാറും
കൈയ്യും വിട്ടു പോകും"
അയാള്‍ കുലുങ്ങി ചിരിച്ചു
"അതില്‍ കയറിപ്പറ്റാന്‍ പാടുപെട്ട്
ജീവിതം പാഴാക്കണ്ട.... അത്
മറന്നു ജീവിക്കാന്‍ നോക്കു...."
അയാള്‍ അതും പറഞ്ഞു എഴുന്നേറ്റു പോയി
ഞാന്‍ കവിതയെഴുത്ത് വേണ്ടെന്നു വച്ചു
പകരം വലിയ അക്ഷരങ്ങളില്‍
കടലാസ്സില്‍ ആ വാക്ക് എഴുതിക്കൊണ്ടേയിരുന്നു
"ശരി" "ശരി" "ശരി" "ശരി"...... "ശരി"....
-മര്‍ത്ത്യന്‍-

Saturday, January 5, 2013

ഇരട്ടപ്പേര്

അടിച്ചും ശകാരിച്ചും പഠിപ്പിച്ച
മാഷായിരുന്നു......
കളിയാക്കി വിളിച്ച ഇരട്ടപ്പേരാണ്
ഇന്നും ഓര്‍മ്മ....
എങ്കിലും അന്ന് പഠിപ്പിച്ചതെല്ലാം
വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ച്
ജീവിതത്തില്‍ ഉപയോഗം വരുന്നു...
മാഷിന്റെ വാക്കുകള്‍ വീഴാത്ത
ഒരു വരിയും ജീവിതത്തില്‍
കുറിച്ചിട്ടില്ലെന്നതാണ് സത്യം....
ഇന്നും ഇരട്ടപ്പേരിലെ ഓര്‍ക്കുന്നുള്ളൂ
എന്തായിരുന്നു ആ മാഷിന്റെ പേര്...?
-മര്‍ത്ത്യന്‍-