Tuesday, August 25, 2009

"സത്യമേവ ജയതെ"

"സാറിന്‌ ചായയോ കാപ്പിയൊ അതോ കൂളായിട്ടെന്തെങ്കിലും?" സൈമണ്‍ ചോദിച്ചു

"വേണ്ട, ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയത്‌, നമ്മള്‍ക്ക്‌ മാറ്ററിലേക്ക് കിടക്കാം"

സൈമണ്‍ ചിരിച്ചു "ശരി സാറ്‌ പറയുന്ന പോലെ, ഹൌ കാന്‍ ഐ ഹെല്‍പ്‌ യൂ"

"എനിക്ക്‌ അടുത്ത ഞായറാഴ്ച്ച തന്നെ തിരിക്കണം, അതിനു മുന്‍പെ എല്ലാം കഴിഞ്ഞിരിക്കണം, എന്താ വേണ്ടെതെന്ന് പറഞ്ഞാല്‍ മതി, ജോസഫ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ സൈമണിനെ തന്നെ കാണാന്‍ വന്നത്‌"

"അതിനെന്താ സാര്‍ , പ്ലാന്‍ തരൂ, ഞങ്ങള്‍ രണ്ട്‌ ദിവസത്തിനകം അപ്രൂവല്‍ ശരിയാക്കാം പിന്നെ സാറായി സാറിന്റെ പ്ലാനായി"

"പിന്നെ ജോസഫ്‌ പറഞ്ഞ തുക"

സൈമണ്‍ അടുത്തേക്ക്‌ നീങ്ങിക്കൊണ്ട്‌ പറഞ്ഞു "അന്‍പത്‌ ഇപ്പോള്‍ ബാക്കി അപ്രൂവല്‍ കഴിഞ്ഞിട്ട്‌, മുഴുവനാണ്‌ പതിവ്‌, പക്ഷെ സാറ്‌ ജോസഫിന്റെ ആളല്ലെ"

ബാഗില്‍ നിന്ന് ചെക്കെടുത്ത്‌ ചോദിച്ചു" ആരുടെ പേരിലാണ്‌ എഴുതേണ്ടത്‌"

സൈമണ്‍ ഉറക്കെ ചിരിച്ചു, "സാറ്‌ പുറത്തായിട്ട്‌ കുറേ കാലമായി അല്ലെ, ഇതിനൊക്കെ ക്യാഷല്ലെ പറ്റു, പണമെടുത്തില്ലെങ്കില്‍ വേണ്ട ഞാന്‍ പയ്യനെ കൂടെ വിടാം, കൊടുത്തയച്ചാല്‍ മതി"സൈമണ്‍ വീണ്ടും ഉറക്കെ ചിരിച്ചു

"അല്ല അതല്ല , ഇത്രയും തുക ഇങ്ങനെ ഒരു പേപ്പറുമില്ലാതെ"

"സാറ്‌ പേടിക്കണ്ട, ഇതൊക്കെ ഒരഡ്‌ജസ്റ്റ്‌മെന്റാണ്‌, പിന്നെ വിശ്വാസമില്ലാതെ കാര്യങ്ങള്‍ നടക്കുമൊ"സൈമണ്‍ വീണ്ടും ചിരിച്ചു.

"അങ്ങനെയല്ല വിശ്വാസമുണ്ട്‌, പണം കാറിലുണ്ട്‌ ഞാന്‍ എടുത്ത്‌ കോണ്ടു വരാം"

"ഷുവര്‍, സാറിന്‌ കുടിക്കാന്‍ ഒന്നും വേണ്ട എന്നല്ലെ"

"അതെ ഐ ആം ഷുവര്‍"

തിരിച്ച്‌ വന്നിരുന്ന് പൊതി സൈമണെ ഏല്‍പ്പിച്ചു. "എണ്ണി നോക്കു, മുഴുവനുണ്ട്‌"

"വിശ്വാസം രണ്ടു വഴിക്കും വേണ്ടെ സാറെ" പൊതി ഷെല്‍ഫിലേക്ക്‌ തള്ളിയിട്ട്‌ സൈമണ്‍ ഫോണെടുത്ത്‌ കറക്കി.

"സൈമണ് ‍, ഞാനൊരു കോള്‍ ചെയ്യട്ടെ, കാര്യം നടന്നാല്‍ വിളിച്ച്‌ പറയാം എന്ന് പറഞ്ഞതാണ്‌"

"ഷുവര്‍ സാറിന്റെ കാര്യം നടക്കട്ടെ" സൈമണ്‍ ചിരിച്ചു കൊണ്ട്‌ ഫൊണ്‍ തന്റെ നേരെ തിരിച്ചു തന്നു.

ഫോണെടുത്ത്‌ കറക്കി, കൂട്ടത്തില്‍ തന്റെ ഒരു വിസിറ്റിംഗ്‌ കാര്‍ഡ്‌ സൈമണു നീട്ടി

"ങാ' ജോസെഫ്‌, ഞാനാണ്‌ ഗോപി, ഇറ്റ്‌ ഈസ്‌ ടണ്‍, നിങ്ങള്‍ക്ക്‌ വരാം, ആന്‍ഡ്‌ സീല്‍ എവെരി തിംഗ്‌"

വിസിറ്റിംഗ്‌ കാറിഡിലെ അച്ചടിച്ച ലിപികളൊ അതൊ തന്റെ ഫോണിളുള്ള സംസാരമൊ എന്താണ്‌ സൈമണില്‍ കൂടുതല്‍ മാറ്റമുണ്ടാക്കിയതെന്നറിയില്ല. ഏതായലും കാര്‍ഡ്‌ വായിച്ചപ്പോള്‍ മുഖത്തു നിന്ന് മാഞ്ഞു പോയ ചിരിക്കു പകരം പരിഭ്രമത്തിന്റെ വലിഞ്ഞു കയറ്റം തുടങ്ങിയിരുന്നു, സൈമണ്‍ തന്നെ തന്നെ നോക്കി സ്വയം പറഞ്ഞു "ഗോപിനാഥന്‍, വിജിലന്‍സ്‌"

സൈമണിന്റെ കൈയ്യില്‍ നിന്നും കാര്‍ട്‌ നിലത്ത്‌ വീണു, പിന്നെ ഞെട്ടിത്തെറിച്ച പോലെ ഷെല്‍ഫില്‍ നിന്നും പൊതിയെടുത്ത്‌ തന്റെ നേരെ എറിഞ്ഞു.

"ഹൌ ഡേര്‍ യൂ ബ്രൈബ്‌ മീ"

കൈ ഉയര്‍ത്തി സൈമണിനോട്‌ ശാന്തനാകാന്‍ പറഞ്ഞു "ഒച്ചയും നാടകവും ഒന്നും വേണ്ട, ഇറ്റ്‌ ഇസ്‌ ഫിനിഷ്ഡ്‌, പ്ലീസ്‌ കോപറേറ്റ്‌. നിങ്ങളൊറ്റക്കല്ല എന്നറിയാം, ഹെല്‍പ്‌ അസ്‌ ഇന്‍ ക്ലോസിംഗ്‌ ഓണ്‍ ദിസ്‌ റാക്കറ്റ്‌"

പോക്കറ്റില്‍ നിന്നും കണ്ണാടിയെടുത്തിട്ട്‌ എഴുന്നേറ്റ്‌ നിന്നു "പ്ലീസ്‌ ഫോളോ മി"

മുറിയില്‍ നീന്ന് പുറത്ത്‌ കിടന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു, പരുങ്ങി നില്‍ക്കുന്ന ഒരു പറ്റം ഉദ്ധ്യോഗസ്ഥര്‍. താന്‍ കടന്നു ചെന്നപ്പോള്‍ സര്‍ക്കാറപ്പീസിനു പകരം സര്‍ക്കസ്സ്‌ കമ്പനിപോലെ കിടന്നിരുന്ന സ്ഥലത്തിന്‌ ഒരു അടക്കവും ചിട്ടയും വന്ന പോലെ. എല്ലാവരിലും ഒരു പരിഭ്രമവും ഭീതിയും നിഴലിക്കുന്നുണ്ടായിരുന്നു. അറിയപ്പെടാത്തതും അതേസമയം അസുഖകരമായതുമായ എന്തോ സംഭവിക്കാന്‍ പോകുന്നതു പോലെ.

കുറ്റത്തില്‍ പങ്കുള്ളതിന്റെ പരിഭ്രമമൊ, അതൊ ഇല്ലാതെയും ശിക്ഷിക്കപ്പെടുമോ എന്ന ഭീതിയോ ആയിരിക്കണം.

ഇതൊരു തുടക്കമല്ലെ, അടുത്ത ദിവസങ്ങളില്‍ പലതിനും, പലര്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം.

ഒന്നുറപ്പാക്കണം സത്യം വിജയിക്കണം പക്ഷെ കുറ്റവാളികള്‍ മാത്രമേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളു.

"സത്യമേവ ജയതെ"

Sunday, August 23, 2009

വാക്കിലെ വര്‍ണ്ണങ്ങള്‍

മഷി മാറ്റിയെഴുതി ഞാന്‍ വാക്കുകളെ വീണ്ടും
ആ വര്‍ണ്ണങ്ങള്‍ മാറിയ വരകളെ നോക്കി ഞാന്‍
വരയിലെ വര്‍ണ്ണങ്ങള്‍ വരികളില്‍ കാണുമോ
വരിയിലെ വര്‍ണ്ണങ്ങള്‍ വാക്കിലും ചേരുമോ
വര്‍ണ്ണത്തില്‍ വാക്കുകള്‍ പുതിയ അര്‍ഥങ്ങള്‍ തേടുമോ
അതോ -
വര്‍ണ്ണങ്ങള്‍ക്കിടയിലും എന്റെ വാക്കുകള്‍ അര്‍ത്ഥശൂന്യങ്ങളാകുമോ

മര്‍ത്ത്യന്‍

Thursday, August 13, 2009

കഥയിലെ കാമുകി

കഥയിലെ കാമുകി കുടെ വിളിച്ചു
ഒന്നിനി വിണ്ടും തമ്മില്‍ കാണാന്‍
കരയും യമുനതന്‍ തീരത്തിരിക്കാന്‍
കല്‍പ്പടവുകളില്‍ കവിതകളെഴുതാന്‍

കഥയിലെ കാമുകി കുടെ വിളിച്ചു...

ഒരു വാക്ക് ചൊല്ലാന്‍ , ഒരു വാക്ക് കേള്‍ക്കാന്‍
പരസ്പരം മിഴികളില്‍ മിഴിനട്ടിരിക്കാന്‍
ഗാസലുകള്‍ പാടി  സന്ധ്യയെ ഉറക്കാന്‍
നദിയുടെ മടിയില്‍ നക്ഷത്രമെണ്ണാന്‍

കഥയിലെ കാമുകി കുടെ  വിളിച്ചു...

രാത്രിവിളക്കില്‍ , തണുപ്പിന്‍ മറവില്‍
കൈകൊര്‍ത്തിരിക്കാന്‍ , പരസ്പരം പുണരാന്‍
അധരത്തില്‍ അധരം ഇണചെരുമ്പോള്‍
പരസ്പരമറിയാന്‍ , ഒന്നായി തീരാന്‍

കഥയിലെ കാമുകി കുടെ വിളിച്ചു...
കഥയിലെ കാമുകി കുടെ വിളിച്ചു...

-മര്‍ത്ത്യന്‍

വിടരുത്‌, ഒരുത്തനേയും.....

ജനലില്‍ പിടിച്ച്‌ നിന്നപ്പോള്‍ അല്‍പം ആശ്വാസം തോന്നി. കൈയ്യിലുണ്ടായിരുന്ന പുസ്തകം നിലത്ത്‌ വീണിരിക്കുന്നു. പേനയില്‍ നിന്നുള്ള മഷി അപ്പാടെ ജുബ്ബയില്‍ തെറിച്ചിരിക്കുന്നു. മുഖത്ത്‌ തൊട്ടു നോക്കി, മൂക്കിനു താഴെ മുറിഞ്ഞിട്ടുണ്ട്‌, നല്ല നീറ്റലുണ്ട്‌, മീശയിരുന്നിരുന്നിടത്ത്‌ എന്തോ വലിയ നഗ്നത അനുഭവപ്പെട്ടു. ടേബിളില്‍ നിന്നും കണ്ണടയെടുത്തിട്ടിട്ട്‌ കണ്ണാടിക്കടുതേക്ക്‌ നീങ്ങി. ഉറങ്ങാന്‍ ഒരുക്കം കൂട്ടുകയായിരുന്നത്‌ കൊണ്ട്‌ കണ്ണട ഭദ്രമായി ഊരി വച്ചിരുന്നു. അതേതായലും ഭാഗ്യമായി.

കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആദ്യമൊന്ന് പേടിച്ചു, ഒരപരിചിതന്‍. മീശയും ഇടത്തേ പിരികവും, വലത്തു ഭാഗത്തെ മുടിയിലും റേസര്‍ പ്രയോകിച്ചിട്ടുണ്ട്‌. തനിക്കു തന്നെ മനസ്സിലാകുന്നില്ല. പിരികം പോയാല്‍ ആളെ തിരിച്ചറിയില്ല എന്ന് കേട്ടിട്ടുണ്ട്‌, ഇപ്പോള്‍ കണ്ടു. കഴിഞ്ഞത്‌ വീണ്ടും ഓര്‍ക്കാന്‍ നോക്കി, നാല്‌ അല്ല അഞ്ചു പേരുണ്ടായിരുന്നു. ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോഴാണ്‌ വാതിലില്‍ മുട്ടിയത്‌. തുറക്കില്ലായിരുന്നു, പക്ഷെ ജോണിന്റെ പരിചിതമായ ശബ്ദം കേട്ടപ്പോള്‍ ചെന്ന് തുറന്നു, മുഖത്ത്‌ പുതപ്പിട്ടത്‌ ഓര്‍മ്മയുണ്ട്‌, പിന്നെ തലങ്ങും വിലങ്ങും ഇടിയും ചവിട്ടും. കസേരയിലേക്ക്‌ പിടിച്ച്‌ ഇരുത്തിയപ്പോഴാണ്‌ സംഗതി അവിടെ വച്ച്‌ തീര്‍ക്കാന്‍ അവര്‍ക്ക്‌ പ്ലാനില്ലെന്ന് ബോദ്ധ്യമായത്‌. ആദ്യമല്ലാതെ പിന്നെ ജോണിന്റെ ശബ്ദം കേട്ടില്ല. പുതപ്പൂരി വായില്‍ തുണി തിരുകിയപ്പോള്‍ കണ്ണ്‌ തുറന്ന് നോക്കി, മുറിയില്‍ മുഴുവന്‍ ഇരുട്ടായിരുന്നു, എങ്കിലും ചുറ്റും ആള്‍പെരുമാറ്റം വ്യക്തമാണ്‌. പിന്നെ കണ്ണുകളും ചെവിയും കൂട്ടി തോര്‍ത്തോണ്ട്‌ കെട്ടി. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധവും അറ്റുപോയപോലെ.

ചുണ്ടിന്റെ മുകളില്‍ നനവ്‌ തട്ടിയപ്പോഴാണ്‌ പലതും നേരെ ചൊവ്വെ മനസ്സിലായി തുടങ്ങിയത്‌. റേസര്‍ മീശയിലും, പിന്നെ പിരികതിലും, തലയിലും ചലിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാം വ്യക്തമായി ഒര്‍മ്മവന്നു.

ജോണിന്റെ വീട്ടിനടുത്തായിരുന്നത്‌ കൊണ്ട്‌ അല്‍പം ലിവറേജ്‌ താന്‍ പ്രതീക്ഷിച്ചിരുന്നു. തന്നെക്കാള്‍ മൂന്ന് കൊല്ലം സീനിയറും, മാത്രമല്ല, ഇപ്പോള്‍ കോളേജില്‍ തന്നെ സൂപ്പര്‍ സീനിയറുമായിരുന്നല്ലോ ജോണ്‍. അവന്റെ ജൂനിയര്‍ പയ്യന്മാരാണ്‌ ആദ്യം മീശയെടുക്കാന്‍ പറഞ്ഞത്‌, എടുക്കാഞ്ഞപ്പോള്‍ അടുത്ത ദിവസം അത്‌ താക്കീതായി "മുഴുവന്‍ വടിച്ച്‌ കളയുമെടാ" എന്നായി. ജോണിനോട്‌ പറഞ്ഞപ്പോള്‍ അവനും പറഞ്ഞു കാര്യമാക്കേണ്ടെന്ന്. പക്ഷെ ഇങ്ങിനെ ചെന്നവസാനിക്കും എന്ന് കരുതിയില്ല.

അന്നാരൊക്കെയുണ്ടായിരുന്നു കാന്റീനില്‍ വച്ച്‌ തന്നെയും രഘുവിനെയും തടുത്ത്‌ നിര്‍ത്തി ചോദ്യം ചെയിതപ്പോള്‍ അനിഷ്‌, ഇബ്രാഹിം, സന്തോഷ്‌.. പിന്നെ.. അവര്‌ മതി ബാക്കി പേരുകള്‍ അവരില്‍ നിന്നും കിട്ടും.. അവരാണെങ്കില്‍.. ഇനി അല്ലെങ്കില്‍ അതപ്പോള്‍ നോക്കാം

പക്ഷെ ജോണ്‍, അവനെന്തിനിങ്ങനെ, ഇനി അത്‌ ജോണായിരിക്കില്ലെ...

വീണ്ടും ഓര്‍ത്തു..

അല്ല ജോണല്ല, അവന്‍ രാവിലെ പോയതാണ്‌, തന്നോട്‌ പറഞ്ഞതാണ്‌ വീട്ടിലെക്ക്‌ തിരിച്ച്‌, ഒരാഴ്ച്ച കഴിഞ്ഞെ വരുകയുള്ളെന്ന്. ഇതെന്തു കൊണ്ട്‌ തനിക്ക്‌ ഓര്‍മ്മ വന്നില്ല.

ഛെ!! ഇതൊഴിവാക്കാമായിരുന്നു, അവര്‌ കതക്‌ പോളിക്കില്ല എന്നു കരുതിയാല്‍ ഈ സംഭവം നടക്കില്ലായിരിക്കാം. അവര്‍ വച്ച വലയില്‍ ചെന്ന് ഇത്ര പെട്ടന്ന് കുടുങ്ങരുതായിരുന്നു.

ഇനി പറഞ്ഞിട്ടെന്തു കാര്യം, വിടരുത്‌, ഒന്നിനേയും...

ഡ്രോ തുറന്ന്‌ ആപല്‍ഘട്ടത്തിന്‌ വേണ്ടി താന്‍ കരുതിയിരുന്ന കത്തിയെടുത്തു, കണ്ണാടി നോക്കി വടിച്ച പിരികത്തിനു മുകളിലൂടെ കോറി.. ചോര ഇറ്റിറ്റായി കണ്‍പോളകള്‍ക്ക്‌ മുകളിലൂടെ കവിളിലേക്കും പിന്നെ ജുബ്ബയിലേക്കും വീണു.

റേസറെടുത്ത്‌ ബാക്കിയുള്ള മുടിയിലൂടെ പ്രവര്‍ത്തിപ്പിച്ചു..

വിടരുത്‌, ഒരുത്തനേയും.....