Tuesday, March 27, 2012

ഷേക്ക്‌സ്പിയര്‍

"എന്താ നിന്ന് പര്ങ്ങ്ണത് "
ഒന്നുമില്ലെന്നവന്‍ തലയാട്ടി
"ന്നാലും?" അയാള്‍ വീണ്ടും ചോദിച്ചു
"ങ്ങളെ പേരെന്താ?"
അയാള്‍ ചിരിച്ചു "എന്തിനാ അറിയണത് "
"ന്റെ ഉമ്മ ചോയിക്കാന്‍ പറഞ്ഞതാ"
"എന്താ നിന്റെ ഉമ്മേന്റെ പേര് "
"ങ്ങളെ പേര് ആദ്യം പറ"
"ന്നാലെ നീ ഉമ്മേന്റെ പേര് പറയു ?"
അതെ എന്നവന്‍ തലയാട്ടി
"ന്റെ പേര് ഷേക്ക്‌സ്പിയര്‍"
അവന്‍ ചിരിച്ചു
"എന്താ ചിറിക്കണത് "
"അതെന്ത് പേരാ ങ്ങളത്?" അവന്‍ വീണ്ടും ചിരിച്ചു
"ഞാനൊരു വല്യ എഴുത്തുകാരനാ" അയാള്‍ പറഞ്ഞു
"എഴുതുകാര്‍ക്കൊക്കെ വല്യ പേരാ?
അയാള്‍ കൌതുകത്തോടെ അവനെ നോക്കി. എവിടെയോ കണ്ടു മറന്നപോലെ.
"അത് വിട് നിന്റെ ഉമ്മേന്റെ പേരെന്താ?"
"ജയഭാരതി" അവന്‍ പറഞ്ഞു
"എന്ത് ?" അയാള്‍ ഉറക്കെ ചോദിച്ചൂ
"ജയഭാരതീന്ന് "
"ന്നട്ട് എന്താ ഉമ്മാന്ന് വിളിക്കണത്"
"അങ്ങനെ വിളിക്കണം ന്നാ വാപ്പ പറഞ്ഞത്"
"നിന്റെ പേരെന്താ?"
"ക്രിസ്റ്റഫര്‍"
അയാള്‍ ഉള്ളില്‍ ചിരിച്ചു
"വാപ്പേടെ പേര് ജയന്‍ ന്നല്ലല്ലോ" അയാള്‍ തമാശക്ക് ചോദിച്ചു
"അല്ല" അവന്‍ പറഞ്ഞു "അബൂട്ടി ന്നാ"
"അത് കലക്കി" അയാള്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു
"ജയഭാരതിയുടെയും അബൂട്ടീടെം മകന്‍ ക്രിസ്റ്റഫര്‍"
"അതിലെന്താ കൊയപ്പം" അവന്‍ ചോദിച്ചു
"ഒന്നുല്ല ഒരപാകത"
"ന്നാലും മനുശന്‍മാരടെ പേരല്ലേ, ങ്ങളെ പെരിനെക്കാളും നല്ലതാ"
"ചെക്പിയര്‍" അവന്‍ സ്വയം പറഞ്ഞു
അവന് അയാളുടെ തമാശ ഇഷ്ടപ്പെട്ടില്ല എന്നയാള്‍ക്ക് മനസ്സിലായി
"നിന്റെ ഉമ്മ എന്തിനാ എന്റെ പേര് ചോദിച്ചത്"
"ഇക്കറിയില്ല"
"ന്നാലും ?"
"ഉമ്മ ഇത് തരാന്‍ പറഞ്ഞു" അവന്‍ കയിലുള്ള കടലാസ് അയാള്‍ക്ക്‌ നീട്ടി
"എന്താ ഇത്" അയാള്‍ അത് വാങ്ങിയിട്ട് ചോദിച്ചു
അവന്‍ ഒന്നും പറയാതെ ഓടിപ്പോയി
കുറച്ചു നേരം ഒന്നും മനസ്സിലാവാതെ അയാള്‍ അവന്‍ ഓടി മറയുന്നതും നോക്കി നിന്നു. എന്നിട്ട് അവന്‍ തന്ന കടലാസെടുത്തു നോക്കി
ഒരു വെള്ള കടലാസ്സില്‍ വലുതാക്കി എഴുതിയിരിക്കുന്നു
"യൂ റ്റൂ ബ്രൂട്ടസ്" അയാള്‍ വീണ്ടും വായിച്ചു
അതെ അത് തന്നെയാണ് എഴുതിയിരിക്കുന്നത്
"യൂ റ്റൂ ബ്രൂട്ടസ്"

-മര്‍ത്ത്യന്‍-

Sunday, March 25, 2012

പുതുമ

പുതിയ ഉടുപ്പുകള്‍
പഴയതിനെ വീണ്ടും പഴകിക്കുന്നു
കൊള്ളാത്തവയാക്കുന്നു
കീറിയതാക്കുന്നു
ഭംഗിയില്ലാത്തവയാക്കുന്നു, പാവം!
ആ പഴയവ എന്ത് പിഴച്ചു
പുതുമയേ... നിന്റെ ജനനം
പഴമയുടെ മടിയില്‍ പോരെ?
അതിന്റെ മൃതിയില്‍ തന്നെ വേണോ?

-മര്‍ത്ത്യന്‍ -

Thursday, March 22, 2012

തിരമാല

ഈ തിരമാലയെ ഞാനറിയും
പണ്ടൊരിക്കല്‍ ഞാനിവിടെ നിന്നപ്പോള്‍
അതെനിക്കൊരു ചെരുപ്പ് സമ്മാനിച്ചു
ഇന്നിതാ മറ്റേ ചെരുപ്പും തരുന്നു
പക്ഷെ ഇതിട്ടു നടന്ന ആളെവിടെ
തിരമാലെ... തിരിച്ച് തരൂ
നീ അന്നെടുത്തു കൊണ്ട് പോയ ആ ആളെ
-മര്‍ത്ത്യന്‍-

Tuesday, March 20, 2012

കണ്ണാടി പഹയന്‍

ഒരു രാവിലെ
ഇന്നലെകളില്‍ നിന്നും ഒരോര്‍മ്മ അടര്‍ന്നു വീണു
ഞാനത് പൊടിതട്ടിയെടുത്ത് നോക്കി
"ഇതായിരുന്നുവല്ലേ ഞാന്‍?"
പിന്നെ മുടി ചീകാന്‍ കണ്ണാടി നോക്കിയപ്പോള്‍
ഒരു പരിചയമില്ലാത്ത പഹയന്‍
ആരാ നീ? ഞാന്‍ ചോദിച്ചു
"ഇറങ്ങി പോ എന്റെ കണ്ണാടിയില്‍ നിന്ന്"
അവന്‍ പോയില്ല, ഒരു കൂസലില്ലാതെ ഇന്നും
എന്റെ കണ്ണാടിയില്‍ നിറഞ്ഞു നില്‍ക്കുന്നു

മര്‍ത്ത്യന്‍

Friday, March 16, 2012

മേഖങ്ങള്‍

ഇന്നലെ മേഖങ്ങളെ നോക്കി ഞാനൊന്നു ചിരിച്ചു
കളിയാക്കിയെന്നോര്‍ത്ത് അവ പൊട്ടിക്കരയാന്‍  തുടങ്ങി
വിതുമ്പി കരഞ്ഞു കൊണ്ടവ മറഞ്ഞു പോയപ്പോള്‍
ഞാനും അവളും നനഞ്ഞ് ഒരു കുടക്കീഴില്‍
കുറ്റബോധത്തോടെ തിരിച്ചു നടന്നു
-മര്‍ത്ത്യന്‍-

Tuesday, March 13, 2012

കാത്തിരുപ്പ്

കാത്തിരുപ്പ് നല്ലതാണ്
എന്നെങ്കിലും തീരുമെങ്കില്‍
ഇനി തീരാഞ്ഞാല്‍ നന്നേ മുഷിയും
അവസാനം തീര്‍ന്നാലൊ?
അതെ കാത്തിരുപ്പിനെ
ഓര്‍ത്തായിരിക്കും പിന്നെയുള്ളയിരുപ്പ്
മര്‍ത്ത്യന്റെ ഒരു കാര്യം

-മര്‍ത്ത്യന്‍-

Sunday, March 11, 2012

മാപ്പ്

അകലെ മലകള്‍ക്കപ്പുറം പുകയുയരുന്നു
കുടിലുകള്‍ വീണ്ടും കത്തുന്നോ?
അതോ പണ്ടെന്നോ കത്തിയ ഓര്‍മ്മകളുടെ
കേടാ കനലുകള്‍ നീ ഊതി കത്തിക്കുന്നോ?
ഓര്‍മ്മയില്ലേ നിനക്കെന്നെ?

പണ്ട് വഴിയോരത്ത് കളഞ്ഞിട്ട ബീഡിക്കുറ്റികള്‍
പെറുക്കി വലിച്ചു നമ്മള്‍ നടന്നതോര്‍മ്മയില്ലേ?
അന്ന് ഞാന്‍ നിന്റെ സുഹൃത്തായിരുന്നു
അന്ന് വലിച്ച ബീഡികള്‍ ഇന്ന് ഒരു
അവസാന ചുമയായ് ചങ്കില്‍ കിടന്നു പുളയുന്നു

ഓര്‍മ്മയില്ലേ നിനക്കെന്നെ?
അന്ന് കത്തുന്ന കുടിലില്‍ നിന്നെ തനിച്ചാക്കി,
ഉപേക്ഷിച്ച് സ്വയം രക്ഷപെട്ടതല്ലേ ഞാന്‍
നീ മറക്കാന്‍ വഴിയില്ല
ചതിയനെന്നു നീ വിളിച്ചു കരഞ്ഞത് ഞാനോര്‍ക്കുന്നു

പിന്നെ കത്തിയെരിഞ്ഞ കുടിലില്‍
കത്തിച്ചാമ്പലായ നാലു ഭിത്തികള്‍ക്കുള്ളില്‍
കത്താതെ കാത്തു സൂക്ഷിച്ച ചെറിയ വാതിലിനു പിന്നില്‍
നീ മറഞ്ഞതോര്‍ക്കുന്നു
ഞാന്‍ പലകുറി ഓര്‍ത്തു വിഷമിച്ചിരുന്നു സുഹൃത്തെ

പക്ഷെ ഇന്ന് ലോകം മാറിയിരിക്കുന്നു, വരൂ
കുടില് കത്തിക്കുന്നത് തെറ്റല്ല, കോടതി വിധി വന്നു
നിനക്കും രക്ഷയുണ്ട് ; കത്തുന്ന കുടിലുകളില്‍
വെന്തേരിയുന്നതും ശിക്ഷാര്‍ഹമല്ലെന്നാണ് വിധി
ഇനി നിനക്ക് നിര്‍ഭയം കഴിയാം

പുറം ലോകം നീ കരിഞ്ഞ ചാരം കൂട്ടിവച്ച്
എത്രയോ മണിമാളികകള്‍ പണിതിരിക്കുന്നു
അവയില്‍ നിനക്കും കിട്ടും ഒരു മുറി
അല്ല ഒരു കോടിയുടെ ഒരു പുത്തന്‍ ഫ്ലാറ്റ്
എന്താ സന്തോഷമായില്ലേ നിനക്ക്

ഇനി ഗ്രഹപ്രവേശത്തിനായി ഒരുക്കിവച്ച
പല ഹോമാഗ്നികളിലുമാവാം നിന്റെ എരിയല്‍
പിന്നെ ഒരിക്കലും കെടാത്ത കനലായി തുടരാം
ജനങ്ങളുടെ ഈ.എം.ഐ പെടിസ്വനങ്ങളില്‍
നിനക്കുമുണ്ട് സുഹൃത്തേ ഒരു പുനര്‍ജ്ജന്മം

ഇനിയും കുടിലുകള്‍ കത്തും നിശ്ചം
നിന്നെപ്പോലെ ഇനിയും പലതും എരിയും
കുടിലുകളില്‍ കിടന്നുറങ്ങും ഓര്‍മ്മകളെ
ഉണര്‍ത്താതെ തീ വച്ച് നശിപ്പിക്കും ലോകം
അത് തെറ്റല്ല, ലോകം മാറിയതറിഞ്ഞില്ലേ നീ?

എത്ര പൂത്തുനിന്ന മാവുകള്‍ നശിച്ചു
ഊഞ്ഞാലുകള്‍ കെട്ടഴിയാതെ കത്തി കരിഞ്ഞു
പാമ്പിന്‍ കാവുകള്‍ കോണ്‍ക്രീറ്റ് കളിക്കൂടുകളായില്ലേ
പച്ചിലകളും പക്ഷികളും നിറഞ്ഞ വഴിയോരങ്ങള്‍
രാത്രിയിലും വിളക്കണിയിചോരുക്കിയ നടപാതകളായില്ലേ

പുരോഗതിയാണ് സുഹൃത്തെ
പലതും മാറും, പഴമകള്‍ എരിയും
പലതും പള്ളിക്കൂടങ്ങളിലെ ചരിത്ര പുസ്തകത്തിന്റെ
എടുകളിലേക്ക് ചവുട്ടിത്തള്ളും ലോകം
അതും പുരോഗതി തന്നെ

പക്ഷെ നീയെനിക്ക് മാപ്പ് തരണം,
നിന്നോടു ചെയ്ത തെറ്റുകള്‍ക്ക്
ഒരു നല്ല നാളേയ്ക്ക് വേണ്ടി
ഇന്ന് ഒരു ഒറ്റുകാരനായത്തിന്
എനിക്ക് നിന്നോടു മാപ്പ് പറയണം

നിന്നെ ദഹിപ്പിച്ച അതെ ഫ്ലാറ്റിന്റെ
സ്വിമ്മിംഗ് പൂളില്‍ ഒന്ന് മുങ്ങിക്കയറണം
എന്നിട്ട് തെരുവുവിളക്കുകള്‍ അണച്ച് ഇരുട്ടില്‍
അല്പം നടക്കണം. ആകാശത്തിലെ നക്ഷത്രങ്ങളെ
നോക്കി നീയെന്ന് കരുതി മാപ്പ് ചോദിക്കണം

Wednesday, March 7, 2012

ലോക വനിതാ ദിനം

ഇന്ന് മാര്‍ച്ച്‌ എട്ടിന് ലോക വനിതാ ദിനത്തില്‍
അഞ്ചു തികയുന്ന ഞങ്ങളുടെ മകന്‍ രാഹി
ഒരു വനിതകളുടെ മനിതന്‍ (ലേഡീസ് മാന്‍ എന്ന് വായിക്കു)
എന്നതിലുപരി...
വനിതകളെ ആദരിക്കുകയും ആരാധിക്കുകയും
ചെയ്യുന്ന ഒരുവനായി തീരട്ടെ എന്നാശംസിക്കുന്നു :)

Tuesday, March 6, 2012

നാല് ചോദ്യങ്ങള്‍

പലതും വരും മനസ്സില്‍
പിന്നെ മിന്നി മാഞ്ഞ് പോകും
ഞാനും നിന്റെ മനസ്സില്‍ വന്നിരുന്നു
പലവട്ടം....
പിന്നെ പലതും പോലെ
ഞാനും മിന്നി മാഞ്ഞ് പോയി
അല്ലെ?

ഇന്ന് വേണ്ട നാളെയാവട്ടെ
നാളെയുമുണ്ടാകും നിനക്ക് മറ്റൊരു കാരണം
അങ്ങനെ പോയി പോയി ഒരു ദിവസം വരും
ഇനിയൊരു നാളെ ബാക്കിയില്ലാതെ
അന്ന് നീയെന്ത് ചെയ്യും?

മധുരിക്കുന്നെങ്കില്‍ തുപ്പിക്കളയണം
ചവര്‍പ്പുണ്ടെങ്കില്‍ ഇറക്കണം
ഇനി മധുരിച്ച് തുപ്പിയത് തിരിച്ചെടുത്ത്
ചവര്‍പ്പുണ്ടെങ്കില്‍ ഇറക്കാം
അതൊക്കെതന്നെയല്ലേ നിന്റെയും ന്യായം?

പറ്റിച്ചതാരാണോ അയാളെയും
പറ്റിയതാര്‍ക്കാണോ അയാളെയും
രണ്ടു പേരെയും ഒരുപോലെ ശിക്ഷിക്കാം
ആരുടെയും പക്ഷം പിടിക്കാതെ കണ്ണടച്ച് നീതി നടത്താം
എന്താ തൃപ്തിയായില്ലേ നിനക്ക് ?

-മര്‍ത്ത്യന്‍-

Friday, March 2, 2012

മുത്തശ്ശന്റെ പര്‍സ്

"എന്താ ആള്‍ക്കാരറിഞ്ഞാല്?" അവന്‍ മുത്തശ്ശനെ നോക്കി ചോദിച്ചു.
"ആള്‍ക്കാരറിഞ്ഞാല്‍ മോശമല്ലേ? മുത്തശ്ശന്‍ ചോദിച്ചു.
"അതിന് ആള്‍ക്കരടേം പോക്കറ്റടിച്ച് പോവാറില്ലേ? പോക്കറ്റടിച്ച ആളല്ലേ മോശം ഞാനാ?" അവന്‍ മനസ്സിലാവാതെ വീണ്ടും ചോദിച്ചു.
മുത്തശ്ശന്‍ ചിരിച്ചു "തനിക്കിപ്പം എത്ര വയസ്സായി?"
"പതിനൊന്ന്" അമ്മയാണ് മറുപടി പറഞ്ഞത്. അവര്‍ അടുക്കളയിലെ പണി മതിയാക്കി ഉമ്മറത്തെക്ക് വന്നു. "അപ്പളെ പറഞ്ഞതാ ഞാന്‍ അവനോട്, പൈസ്യാണ് കരുതണം ന്ന്. എങ്ങന്യാ സ്റ്റൈലല്ലേ സ്റ്റൈല്, അച്ചന്‍ കൊട്ത്ത പര്‍സും പത്ത്രാസും"

മുത്തശ്ശന്‍ അവനെ നോക്കി ചിരിച്ചു "അവന് നല്ല മാര്‍ക്ക് കിട്ട്യേതല്ലേ അമ്മു?" മുത്തശ്ശന്‍ അവന്‍റെ പക്ഷം കൂടി.
"അതെ അതിന്‍റെ പൂരൊന്നും പറയണ്ട, ന്‍റെ പകതി ജീവന്‍ പോവും ഇവന്റെ ഓരോ പരീക്ഷ കഴിയുമ്പളും. ഇങ്ങന്യായാ ഇവന്‍ പത്ത് കഴിയുമ്പക്ക് ഞാന്‍ ചത്ത്ട്ടുണ്ടാവും. പഠിപ്പൊക്കെ നിര്‍ത്താ വേണ്ടത് അശ്രീകരം.." അമ്മ കലിതുള്ളി പറഞ്ഞു. മുത്തശ്ശന്‍ വന്നാല്‍ അമ്മ ഇങ്ങനെയാണ്. അച്ഛനോട് പറയാന്‍ പറ്റാത്തത് കൊണ്ട് എല്ലാം മുത്തശ്ശനോട് കരഞ്ഞ് പറയും.
"പാവം മുത്തശ്ശന്‍. അമ്മേം പാവാ, മുത്തശ്ശനോടല്ലാതെ ആരോടാ അമ്മ പറയ്യ" അവനാലോചിച്ചു. പക്ഷെ അവന്‍ അമ്മയുടെ മുഖത്ത് നോക്കാതെ തല കുനിച്ചിരുന്നു.

"ഇബടന്ന് ഇറങ്ങിപ്പോവുമ്പം പറഞ്ഞതാ ഞാന്‍ പൈസ കയ്യിലുണ്ട് മനസ്സിരുത്തണം ന്ന്" അമ്മ തുടര്‍ന്നു "ആ പര്‍സില് വേക്കണേന് പകരം ആ പാന്റിന്റെ മുന്ന്ത്തെ പോക്കറ്റിലോ ഷര്‍ട്ടിന്റെ കീശേലോ വച്ചാ മതീ ന്ന്. പക്ഷെ ഞാമ്പറഞ്ഞാ ആര് കേള്‍ക്കാനാ". അമ്മ മുന്നോട്ടു നീങ്ങി നിന്ന് അവനെ നോക്കി "കിട്ടിയ സാധനം അപ്പം ആള്‍ക്കാരെ കാണിക്കണല്ലോ അല്ലെങ്കില്‍ അവന് സ്വൈര്യണ്ടോ?"
മുത്തശ്ശന്‍ മെല്ലെ അവന്റെ തോളില്‍ കൈ വെച്ച് ചിരിച്ചു. "അവന് നല്ല വെഷമണ്ട്" മുത്തശ്ശന്‍ ഒന്നും കൂടി അമ്മയെ തണുപ്പിക്കാന്‍ ശ്രമിച്ചു.
"ണ്ടാവനല്ലോ വെഷമം, ഇനി പര്‍സിലന്നെ വച്ചൂന്നിരിക്കട്ടെ, അത്ങ്ങനെ ഇടയ്ക്കിടയ്ക്ക് പൊറത്ത്ട്ത്ത് കാണിക്കണോ. ഇവിടുന്ന് എറങ്ങുമ്പം തന്നെ പത്ത് തവണ ന്നെ കാട്ടീട്ട്ണ്ട്. പിന്നെ ഇത്രേം വലിയ പര്‍സ് പാന്റിന്റെ പിന്നില്ട്ട് ചന്തീം മോഴപ്പിച്ച് പോയപ്പം നിരീച്ചതാ ഞാന്‍ ഇന്ന്ത് ആരേം ട്ക്കും ന്ന്, അങ്ങന്യന്നെ ണ്ടായില്ലേ പ്പം" അമ്മ ഒരു കണ്ടുപിടുത്തം പോലെ പറഞ്ഞു.

"എത്രണ്ടായിരുന്നു ഉണ്ണി?" മുത്തശ്ശന്‍ ചോദിച്ചു
"പതിനഞ്ചു ഉറുപ്പ്യ ണ്ടാര്‍ന്നു അച്ഛാ" അതിനും അമ്മ പറഞ്ഞു ഉത്തരം. അവന്‍ തല താഴ്ത്തിയിരുന്നു.
"ഇതിനെ പോറ്റാനും നോക്കി നടത്താനും പറ്റാണ്ട്യായടക്ക്ണൂ ഇക്ക്. വല്ലോര്‍ക്കും കോട്ക്ക്വ നല്ലത്. അവര് പോറ്റിക്കോട്ടെ, ന്നാ ഇക്ക് സമാധാനായി ചാവാലോ" എന്നത്തെയും പോലെ അന്നും അമ്മ അവസാനം സ്വയം ശപിച് ചാവലിന്റെ വക്കത്തെത്തി കരഞ്ഞ് അടുക്കളയിലേക്ക് പോയി. പോകും വഴി ആരോടെന്നില്ലാതെ പറഞ്ഞു "ന്നെ പറഞ്ഞാ മതീലോ എല്ലേറ്റിനും"
അമ്മ പോയപ്പോള്‍ മുത്തശ്ശന്‍ അവനെ അരികിലേക്ക് വിളിച്ചിരുത്തി എന്നിട്ട് ചോദിച്ചു "പര്‍സും പോയോ നെന്റെ?" അത് കേട്ടപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞു. പൈസ പോയതിനേക്കാള്‍ പര്‍സ് പോയതിലായിരുന്നു അവന് വിഷമം. മുത്തശ്ശന്‍ തന്റെ പാര്‍സെടുത്ത് അതിലെ പൈസ മാറ്റി ഒരു ഇരുപത് രൂപ അതില്‍ തിരിച്ച് വച്ചു. എന്നിട്ട് പര്‍സ് അവന് നീട്ടി പറഞ്ഞു "ഇത് വച്ചോ, ഉപയോഗിക്കണ്ട ന്റെ ഓര്‍മ്മക്കയിക്കോട്ടേ ന്താ പോരെ?"

"അമ്മ വെഷമം കൊണ്ട് പറയണതല്ലേ ഉണ്ണി കാര്യാക്കണ്ട, നന്നായി പഠിക്ക്യ ന്താ?" മുത്തശ്ശന്‍ അവന്റെ തലയില്‍ക്കൂടി വിരലുകളോടിച്ച് പറഞ്ഞു "അമ്മേടെ വേവലാതി മാറണേങ്കില് നീ പഠിച്ച് വലിയാളാവണം ആവ്വോ?"
അവന്‍ തല കുലുക്കി. "മുത്തശ്ശാ പക്ഷെ പോക്കറ്റടിച്ച് പോയീന്ന് ആള്‍ക്കാരറിഞ്ഞാല്‍ എന്താ മോശം?" അവനപ്പോഴും ആ ആദ്യത്തെ ചോദ്യത്തിലായിരുന്നു.
മുത്തശ്ശന്‍ ചിരിച്ചു എന്നിട്ട് അവനെ നോക്കി പറഞ്ഞു "ആള്‍ക്കാരെപ്പഴും കഴിവില്ലായ്മേനെ കളിയാക്കാന്‍ നോക്കി നില്ക്കാ അതോണ്ടാ പറഞ്ഞത്. മുത്തശ്ശനറിയാലോ ഉണ്ണീടെ കഴിവുകെടല്ലാ ന്ന്. ഇത് കാര്യാക്കണ്ട ഇനി മനസ്സിര്ത്ത്യാ മതി" അവന്‍ ചിരിച്ചു എന്നിട്ട് മുത്തശ്ശനെ കെട്ടിപ്പിടിച്ചു. അവനാലോചിച്ചു "ആ രഘുവിനെയും സബീഷിനെയും കാണിക്കാന്‍ പുറത്തെടുക്കേണ്ടിയിരുന്നില്ല. അവടെ കളഞ്ഞു പോയതായിരിക്കണം. കഴിവുകേട് തന്നെയാണ്".

അമ്മ അടുക്കളയിലെ പണി തീര്‍ത്ത് തിരിച്ചു വന്നു. എന്നിട്ട് അവനെ നോക്കി മൂക്ക് ചീറ്റി വീണ്ടും പറഞ്ഞു "ഇക്കറിയാം എന്ത് വേണം ന്ന് ഇവന്റെ പോക്കറ്റ്ള്ളോടത്ത് ചന്തീമ്മ്ല് നല്ല ചുട്ട പെട കൊട്ക്കണം. പിന്നെ പര്‍സ് വച്ചാലും വച്ചില്ലെങ്കിലും മോഴച്ചിരിക്കും" അവന്‍ തല കുനിച്ചു തന്നെയിരുന്നു, പക്ഷെ ചിരിയടക്കാന്‍ കഴിഞ്ഞില്ല. ചിരി മറക്കാന്‍ അവന്‍ കൂക്കി വിളിച്ചു പുറത്തേക്കോടി. പിന്നില്‍ നിന്നും അമ്മ ഉറക്കെ പറയുന്നത് അവന് കേള്‍ക്കാമായിരുന്നു "കണ്ടില്ലേ അച്ഛാ കൂക്കി വിളിച്ചോട്‌ണത്, ന്നെ ഒര് വേലേം ല്ല". മുത്തശ്ശന്‍ അമ്മയെ പറഞ്ഞ് സമാധാനിപ്പിക്കും, അവനറിയാം. ഇതാദ്യമായിട്ടല്ലല്ലോ, "പാവം അമ്മ മുത്തശ്ശനോടല്ലാതെ ആരോടാ പറയ്യാ?"

മര്‍ത്ത്യന്‍