Friday, June 22, 2007

സുകുമാരമ...

മറുപടിക്ക്‌ പോലും കാത്തുനില്‍ക്കാതെ അന്നിറങ്ങി നടന്നതാണ്‌.

"പിന്നില്‍ നിന്നും വിളിവന്നിരുന്നോ ആവോ"
അതിനെ കുറിച്ചോര്‍ത്ത്‌ അവന്‍ വിഷമിച്ചിട്ടില്ല ഒരിക്കലും

"എന്തായിരിന്നിരിക്കണം മറുപടി"
അതും അവനൊരിക്കലും ചിന്തിച്ചിട്ടില്ല.

ഇന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട്‌ അവളെ കണ്ടപ്പോള്‍ പലതും ഓര്‍ക്കാന്‍, അറിയാന്‍ ഒരാഗ്രഹം. പാര്‍ട്ടിയില്‍ വച്ച്‌ കണ്ടപ്പോള്‍ ചോദിക്കാമായിരുന്നു

Saturday, February 24, 2007

കുട്ടപ്പന്‍ ഖാന്‍

കുട്ടപ്പന്‍ ചെറുപ്പം മുതല്‍ക്കെ ഒരു സിനിമാ പ്രിയനായിരുന്നു, മലയാളമല്ല ഹിന്ദി സിനിമ മാത്രം. മാറിവരുന്ന നായക സങ്കല്‍പങ്ങള്‍ക്കൊത്ത്‌ കുട്ടപ്പനും സ്വയം മാറിയും വളര്‍ന്നും വന്നു.

എഴുപതുകളില്‍ ബച്ചനെ പോലെ നീണ്ടു നിവര്‍ന്ന് നടന്നും, എണ്‍പതുകളുടെ തുടക്കത്തില്‍ മിഥുനിനെ പോലെ കരാട്ടെ കാട്ടിയും, പിന്നെ ഗോവിന്ദയെ പോലെ തുള്ളിക്കളിച്ചും നടന്നപ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ സഞ്ചയ്‌ ദത്തിനെ പോലെ മുടി വളര്‍ത്തി, സണ്ണി ദിയോളിനെ പോലെ ആക്രോശിച്ച്‌ നടക്കാനും കുട്ടപ്പന്‍ മറന്നില്ല. പിന്നെ ഖാനുകളുടെ അതിപ്രസരത്തിന്‌ കീഴ്‌പ്പെട്ട്‌ ഒരു ഖാന്‍ പരിവേഷം സ്വന്തമാക്കാന്‍ തിരുമാനിച്ചുറച്ചു.

തനിക്ക്‌ പൊരുത്തപ്പെടാന്‍ പാകത്തിന്‌ പലരും നായക പതവിയിലെക്ക്‌ വന്നെങ്കിലും കുട്ടപ്പന്‌ സല്‍മാനോടായിരുന്നു കൂടുതല്‍ പ്രിയം. സിനിമയില്‍ ഷര്‍ട്ടിടാതെ വന്ന് മസിലുകള്‍ തട്ടിക്കളിപ്പിച്ച്‌ അതേ സമയം ഒരു പ്രേമവീരനായി അഭിനയിച്ചിരുന്ന സല്‍മാനെ കുട്ടപ്പന്‌ വളരെയങ്ങ്‌ പിടിച്ചു.

കുട്ടപ്പന്‍ ജിമ്മില്‍ ചേര്‍ന്ന് ദിവസവും രണ്ടു മണിക്കൂര്‍ വിയര്‍ക്കാന്‍ തുടങ്ങി. മഞ്ചാടി കുരു പോലത്തെ മസിലുകളെ ജിമ്മിലെ ഇരുമ്പ്‌ മുട്ടികള്‍ക്ക്‌ മുന്‍പില്‍ സമര്‍പ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞു, മഞ്ചാടിക്കുരുക്കള്‍ വലുതായി അവ ഒരു പേരക്കയോളമായി. ഓരോ പുതിയ സിനിമകളിലും സല്‍മാനും വീര്‍ത്ത്‌ വന്നു. സല്‍മാന്റെ മസിലുകള്‍ ഓരോ കയ്യിലും തേങ്ങയോളം വളര്‍ന്നു. കുട്ടപ്പന്‍ വീണ്ടും വിയര്‍ത്തു. സല്‍മാന്‍ വീര്‍ത്തു കുട്ടപ്പന്‍ വിയര്‍ത്തു. രണ്ടിനു പകരം നാലു മണിക്കൂര്‍ വരെ ജിമ്മില്‍ പോയി പയറ്റി. പേരക്കയില്‍ നിന്ന് ഒരു മാങ്ങയോളം വളര്‍ന്നെങ്കിലും സല്‍മാനുമായുള്ള ദൂരം കൂടിയതെ ഉള്ളു.

ലോകം ഇരുപത്തൊന്നാം നൂറ്റണ്ടിലേക്ക്‌ കാലുകുത്തി വീണു, ഹിന്ദി സിനിമാ പ്രേക്ഷകര്‍ പല നായകരേയും വിലയിരുത്തി വിമര്‍ശിച്ച്‌ ഓടിച്ചു, ചിലര്‍ സിനിമ വിട്ട്‌ രാഷ്ട്രീയത്തില്‍ പോയി ചേര്‍ന്നു, ചിലര്‍ സിനിമ പിടിച്ച്‌ പൊളിഞ്ഞു പാളീസായി, ചിലര്‍ ജയിലിലായി. സല്‍മാന്‍ വീണ്ടും തുടര്‍ന്നു, തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ പല പെണ്‍കുട്ടികളുടെയും കൂടെ പ്രേമിച്ചും, പാടിയും മസിലു പിടിച്ചും, ഇന്നലെ വന്ന ചെക്കന്‍മാരുടെ ഒപ്പത്തിനൊപ്പം നിന്നു. കുട്ടപ്പനും സല്‍മാന്റെ കൂടെ ഉറച്ചുനിന്നു. ജിമ്മിലെ വിയര്‍പ്പ്‌ നിര്‍ത്തിയില്ല, എങ്ങനെ നിര്‍ത്തും, സല്‍മാന്‍ വീണ്ടും വീര്‍ക്കുകയല്ലെ.

അങ്ങിനെയിരിക്കെ മുംബയില്‍ നിന്നും വന്ന സുഹൃത്ത്‌ പറഞ്ഞു "കുട്ടപ്പാ, ഇതൊറിജിനലൊന്നുമല്ല, സ്റ്റിറോയിടാണ്‌ സ്റ്റിറോയിട്‌ കണ്ടില്ലെ ആ ചെക്കന്റെ മുടിയൊക്കെ വെപ്പാണ്‌.
കുട്ടപ്പനും വേണം സ്റ്റിറോയിട്‌, പക്ഷെ അതില്ലാതെ തന്നെ കുട്ടപ്പന്റെ മുടിയൊക്കെ കൊഴിഞ്ഞിരുന്നു, "കുളിക്കുന്ന വെള്ളത്തിലുമുണ്ടോ ഈശ്വരാ സ്റ്റിരോയിഡ്‌" കുട്ടപ്പന്‍ ചിന്തിച്ചു "ഇനി മാറ്റം അനിവാര്യം"

കുട്ടപ്പന്‍ മറ്റ്‌ നായകന്മാരുടെ സിനിമകളുടെ കാസറ്റ്‌ എടുത്ത്‌ കാണാന്‍ തുടങ്ങി, ഷാരുഖ്‌, ആമിര്‍, സൈഫ്‌ അലി ഖാന്‍, റിത്തിക്‌, കുട്ടി ബച്ചന്‍, പിന്നെ വയസ്സന്‍ ബച്ചന്‍, ഫര്‍ദീന്‍ ഖാന്‍, സുനില്‍ ഷേട്ടി, അനില്‍ കപൂര്‍ , അജയ്‌ ദേവഗണ്‍, ജോണ്‍ എബ്രഹാം, അക്ഷയ കുമാരന്‍, പിന്നെ പേരോര്‍മ്മയില്ലാത്ത മുട്ടേന്ന്‌ വിരിയാത്ത ഒരു പറ്റം ചെക്കന്മാര്‍. കുട്ടപ്പന്‍ അങ്ങലാപ്പിലായി. തന്റെ ജീവിതത്തില്‍ പലരേയും അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, സല്‍മാനോട്‌ കുട്ടപ്പനെന്തോ വളരെ അടുത്ത്‌ പോയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സല്‍മാന്‍ ഭ്രമം കുട്ടപ്പന്റെ ജീവിതത്തിലും പല മാറ്റങ്ങളുണ്ടക്കിയിരുന്നു.

ഐശ്വര്യ സല്‍മാനെ വിട്ടത്‌ കേട്ട്‌, ആ വിഷമത്തില്‍ കുട്ടപ്പന്‍ തന്റെ ബാല്യകാല സഖിയും ഭാര്യയുമായ ജാനകിയെ മൊഴി ചൊല്ലി. ഏതോ മാനിനെ വെടി വച്ചതിന്‌ സല്‍മാനെ ലോകം വേട്ടയടിയപ്പോള്‍ കുട്ടപ്പന്‍ അടുത്തവീട്ടിലെ മൊഹനന്റെ ആടിനെ കൊന്ന് ഒളിവില്‍ പോയി. പിന്നെ മൂന്ന് മാസം കഴിഞ്ഞ്‌ തിരിച്ച്‌ വന്നപ്പോള്‍ മോഹനനും കുട്ടപ്പന്റെ പഴയ കെട്ട്യോളും ഒരുമിച്ചിരുന്നു, ഐശ്വര്യയും കല്യാണം കഴിക്കുന്ന വാര്‍ത്ത ഇന്ത്യയിലെ സിനിമാ ലോകത്തെ പ്രധാന്‍ സംഭവമായിരുന്നു.

സിനിമാ നടന്മാരും സിനിമയുമായി കെട്ടിപിണഞ്ഞു കിടന്ന ജീവിതത്തില്‍ നിന്നും കുട്ടപ്പനു രക്ഷപ്പെടണം എന്നു തോന്നി. പക്ഷെ സിനിമയല്ലാതെ ഒന്നിനേയും (അതും ഹിന്ദി സിനിമ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെറും സല്‍മാന്റെ സിനിമ) കുട്ടപ്പന്‍ അടുത്തറിഞ്ഞിരുന്നില്ല. കുട്ടപ്പന്‍ ആകെ വിഷമത്തിലായി.

കുട്ടപ്പന്‍ വീണ്ടും കാസറ്റുകള്‍ കണ്ടു, ഒരു പുതിയ മാതൃകാ രൂപത്തെ കണ്ടെത്താന്‍. കുട്ടപ്പനു തിരുമാനിക്കനാകുന്നില്ല, പുതിയവര്‍ക്കൊക്കെയുണ്ട്‌ ഗംഭീര മസില്‍, പോരാത്തതിന്‌ പ്രായയും കുറവ്‌. കുട്ടപ്പന്‌ ഒരു ബുദ്ധിയുദിച്ചു "മലയാളം, അവിടെ കിട്ടും അനുകരിക്കന്‍ പറ്റിയ ചില ഇനങ്ങള്‍". കുട്ടപ്പന്‍ വീടിയോ സ്റ്റോറില്‍ പോയി കുറേ മലയാളം പടങ്ങളെടുത്തു, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ ഗോപി, ദിലീപ്‌, പിന്നെ പയ്യന്മാരും, പ്രിത്വിരാജ്‌, ജയസൂര്യ അങ്ങിനെ പോകുന്നു. അവരില്‍ ചിലരുടെ വലിയ പൊസ്റ്ററുകളെടുത്ത്‌ അതിനു മിന്‍പില്‍ പോസ്‌ ചെയ്ത്‌ കുട്ടപ്പന്‍ താനുമായി ഏറ്റവും യോജിച്ച ആളെ തപ്പാന്‍ തുടങ്ങി.

സല്‍മാന്‍ കാലഘട്ടം കുട്ടപ്പനെ മലയാള തനിമയില്‍ നിന്നും കുറേ അകലെ ചെന്നെത്തിച്ചിരുന്നു, സല്‍മാനോളമെത്തിയില്ലെങ്കിലും മലയാള നായക സങ്കല്‍പത്തില്‍ നിന്നും വളരെ കൂടുതലായിരുന്നു മസില്‍, പിന്നെ, മുടിയും കൊഴിഞ്ഞിരുന്നു. ദേഹത്തെയും മുഖത്തെയും രോമം പോകാന്‍ തേച്ച ക്രീമുകള്‍ കുറച്ചധികം തന്നെ ഫലം നല്‍കി എന്നതും ഒരു പാരയായി.

അങ്ങിനെ ഹിന്ദിയിലും, മലയാളത്തിലും അനുകരിക്കാന്‍ ഒരു നായകനെ കിട്ടാതെ കുട്ടപ്പന്‍ സല്‍മാനോടുള്ള ആദരസൂചകമായി തന്റെ പേരിനോട്‌ ഒരു ഖാന്‍ ചേര്‍ത്തിട്ട്‌ "കുട്ടപ്പന്‍ ഖാന്‍" ആയി വീട്ടില്‍ പോയി പുതച്ച്‌ മൂടി കിടന്നു.