Thursday, February 28, 2013

റിബണ്‍

വര്‍ഷങ്ങള്‍ക്കു ശേഷം
ഇന്നും കണ്ടു
ആ ലൈന്‍ ബസ്സിലെ
അതേ സീറ്റില്‍ ആ ചുവന്ന
റിബണ്‍ കെട്ടിയ തലമുടി
നിന്റെ മകളായിരിക്കുമോ..?
-മര്‍ത്ത്യന്‍-

പ്രണയം

കാമത്തില്‍ വര്‍ഷങ്ങളോളം
മുങ്ങിത്തപ്പി തിരഞ്ഞെടുത്ത്
സ്വന്തമാക്കിയതാണ്‌
എനിക്ക് നിന്നോടുള്ള
പ്രണയം... വെറുതെയല്ല..
അതിന് വീര്യം കൂടും..
-മര്‍ത്ത്യന്‍-

Tuesday, February 26, 2013

തെറ്റ്

പുതിയ തെറ്റുകള്‍
മോഹിപ്പിക്കാന്‍ വേണ്ടി
വാതിലില്‍ മുട്ടി വിളിക്കുന്നു...
പഴയ തെറ്റുകള്‍.. അവ
എത്ര തന്നെ വലുതായാലും
തീര്‍ത്തും നിസ്സാരമായി
തോന്നുന്നു...
-മര്‍ത്ത്യന്‍-

സ്വഭാവഗുണം

അടിച്ചേല്‍പ്പിച്ച
സ്വഭാവഗുണങ്ങലെല്ലാം
ആദ്യത്തെ പെഗ്ഗ് കുടിച്ചു
തീരുന്നതിനു മുന്‍പ്
ഇല്ലാതാകുന്നതാണ്
-മര്‍ത്ത്യന്‍-

Sunday, February 24, 2013

കാമുകന്‍

മഴക്കാറിനോട് കള്ളം പറഞ്ഞ്
മഴയെ തടുത്തു നിര്‍ത്തി
നിന്നെ നനയിക്കാതെ
വീട്ടിലെത്തിച്ചിരുന്ന
ആ പഴയ കാമുകന്‍
ഇന്നും എന്റെ
ഉള്ളിലെവിടെയോ ഉണ്ട്
-മര്‍ത്ത്യന്‍-

Friday, February 22, 2013

സുഹൃത്ത്

പണ്ടൊരിക്കല്‍ നിലാവും തിരഞ്ഞു
പോയി ഇരുട്ടില്‍ നഷ്ടപ്പെട്ടു
പോയ ഒരു സുഹൃത്തുണ്ടായിരുന്നു
അവന്റെ പകലുകള്‍ മുഴുവന്‍
സ്വന്തമാക്കിയ ഞാന്‍
ഇന്ന് രാത്രികളെ ഭയക്കുന്നു
-മര്‍ത്ത്യന്‍-

Thursday, February 21, 2013

പേര്

ആരും വായിക്കാത്ത കഥകളില്‍
നിന്നുമിറങ്ങി കവിതകളില്‍ കയറി
നേട്ടം തിരിയുന്ന വാക്കുകളാണത്രെ
കവികളുടെ പേരു മോശമാകുന്നത്
-മര്‍ത്ത്യന്‍

Wednesday, February 20, 2013

സൌന്ദര്യം

നിന്റെ സൌഹൃതം
വര്‍ഷങ്ങളോളം
കുടിച്ചിറക്കിയപ്പോള്‍
പലപ്പോഴും
തൊട്ടു നക്കി രുചിച്ചതാണ്
ആ സൌന്ദര്യം...
-മര്‍ത്ത്യന്‍-

Tuesday, February 19, 2013

പെന്‍സിലില്‍

പെന്‍സിലില്‍ നിന്നും പേനയിലേക്ക്‌
പുരോഗമിച്ചപ്പോള്‍ നഷ്ടപ്പെട്ടത്
റബ്ബര്‍ വാങ്ങാന്‍ നിന്റടുത്ത്
നിന്നിരുന്ന നിമിഷങ്ങളായിരുന്നു...
-മര്‍ത്ത്യന്‍--

Monday, February 18, 2013

പുസ്തകം

പഠിച്ചു മടുത്ത പുസ്തകം
മടക്കി വച്ച് കിടന്നുറങ്ങിയതിന്റെ
ബുദ്ധിമുട്ട് ഇപ്പോഴാണ്
ശരിക്കും മനസ്സിലായത്‌
-മര്‍ത്ത്യന്‍-

Sunday, February 17, 2013

കുറ്റബോധം

വീഞ്ഞ് തരാം എന്നു പറഞ്ഞ്
വിളിച്ചുണര്‍ത്തി പാല്‌ തന്ന്
പറ്റിച്ച് വീണ്ടും കിടത്തിയുറക്കി...
ഇനി നാളെ എനിക്ക്
ഹാങ്ങ് ഓവര്‍ ഇല്ലെങ്കിലും
അവള്‍ക്കു കുറ്റബോധം
കാരണം തല പോക്കാന്‍
കഴിയില്ല... അത് തീര്‍ച്ച..
-മര്‍ത്ത്യന്‍-

Thursday, February 14, 2013

ഒരപ്പൂപ്പന്‍ കഥ

പറന്നു വന്ന് കൈയിലിരുന്ന
ഒരപ്പൂപ്പന്‍ താടി പണ്ട്
പറഞ്ഞൊരു കഥയുണ്ടായിരുന്നു...
വാര്‍ദ്ധക്യം മൂലം
നടക്കാന്‍ കഴിയാതെ
ആരോരുമില്ലാതെ
നിലത്തെവിടെയൊ കിടക്കുന്ന
മറ്റൊപ്പൂപ്പനെ പറ്റി.....
-മര്‍ത്ത്യന്‍-

Sunday, February 10, 2013

മഴയില്‍ വന്ന കവിതകള്‍

പലരും സ്നേഹത്തോടെ
മനസ്സില്‍ കുറിച്ചിട്ട്
ഭൂമിയില്‍ ഇടവും സമയവും
കിട്ടാതെ പോയപോള്‍
മേഘങ്ങളില്‍ കുഴിച്ചിടേണ്ടിവന്ന
ചില കവിതകളുണ്ടായിരിക്കണം...
ഇന്നലെ രാത്രി മഴയത്ത് നീ
നനഞ്ഞു കുളിച്ചു കയറിവന്നപ്പോള്‍
നിന്റെ അഴിച്ചിട്ട മുടിയില്‍,
ആ നാണം ഒളിപ്പിക്കാന്‍ വിടര്‍ന്ന
പുഞ്ചിരിയില്‍, എല്ലാം മറക്കാന്‍
മനസ്സ് പറയാറുള്ള ആ കണ്ണുകളില്‍,
മഴത്തുള്ളികള്‍ തുള്ളിച്ചാടി
കളിച്ചിരുന്ന നിന്റെ കവിളുകളില്‍
എല്ലാം ഞാനതു വായിച്ചിരുന്നു....
-മര്‍ത്ത്യന്‍-

Thursday, February 7, 2013

മഴവില്ല്

മഴവില്ലിന്റെ അറ്റത്ത്‌
വച്ച സ്വര്‍ണ്ണം നിറച്ച
കുടമന്വേഷിച്ചു പോയി
ഇരുട്ടിയപ്പോള്‍
വീട്ടിലേക്കുള്ള വഴിയറിയാതെ
വട്ടം കറങ്ങുന്നവന്‍ മര്‍ത്ത്യന്‍
-മര്‍ത്ത്യന്‍-

Sunday, February 3, 2013

കാവല്‍ക്കാരന്‍

അയാളുടെ ഒരു കവിതയ്ക്ക്
കാവല്‍ നില്‍ക്കണം
എന്നയാള്‍ ആവശ്യപ്പെട്ടു…
ഒരു സഹായമല്ലേ...
ഞാനും സമ്മതിച്ചു
"പേടിക്കണ്ട… അധികം
വായനക്കാരുണ്ടാവില്ല"
എന്നും പറഞ്ഞയാള്‍ നടന്നകന്നു
ആദ്യം വായനക്കാര്‍ കുറവായിരുന്നു
പിന്നെ വായനക്കാരുടെ
തള്ളിക്കയറ്റമായി…
അയാളാണെങ്കില്‍ തിരിച്ചും വരുന്നില്ല
ക്രമേണ വായനക്കാര്‍ ചോദിച്ചു തുടങ്ങി
കവിയെവിടെ…? കവിയെ കൊണ്ട് വരൂ..?
ഞാന്‍ അയാള്‍ തന്ന നമ്പറില്‍
ഒന്ന് വിളിച്ചു നോക്കി
അതിലൊരു മെസ്സേജ് വന്നു
“മര്‍ത്ത്യാ.. ഞാന്‍ പോകുന്നു
വായനക്കാരില്ലാത്ത
കവിതകളെഴുതി എനിക്ക് മടുത്തു…
എന്നെ അന്വേഷിക്കരുത്......”
ഞാന്‍ അക്ഷമരായി നില്‍ക്കുന്ന
വായനക്കാരെ നോക്കി….
അവര്‍ എന്നെ നോക്കി അലറി…..
“ഇവനാണ് കവി… ഇവന്‍ തന്നെ..
കാവല്‍ക്കാരനായി വേഷം മാറി
നമ്മളെ പറ്റിക്കുകയാണ്…”
ഞാന്‍ കഴിവതും പറഞ്ഞു നോക്കി
ഞാന്‍ വെറുമൊരു കാവല്‍ക്കാരനാണെന്ന് …
അവര്‍ കേട്ടില്ല…. ഇന്നും കേള്‍ക്കുന്നില്ല
അവര്‍ എന്നെ ചൂണ്ടി കവിയെന്നു
കൂക്കി വിളിച്ചു
കവി…. കവി….കവി….
-മര്‍ത്ത്യന്‍-