Wednesday, August 29, 2012

വിഷമം

എല്ലാം ശരിയായിരിക്കുമ്പോള്‍
വരുന്നവനാണ്
ഈ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം.....
തുടക്കവും ഒടുക്കവും കാണാന്‍ കഴിയാത്ത
മനസ്സില്‍ തുടങ്ങി ഉള്ളില്‍ നിന്നും
ശരീരത്തിനെ വേദനിപ്പിക്കുന്ന
ഒരു വിഷമം.....
എനിക്ക് മാത്രമല്ല
ജീവിക്കുന്ന എല്ലാവര്‍ക്കും കാണും
ഇങ്ങിനെ ഒരു കാരണവും അറിയിക്കാതെ
മുന്നോട്ടു പോകാന്‍ അനുവദികാതെ
ഇന്നില്‍...ഈ നിമിഷത്തില്‍ നിന്നും
അനങ്ങാതെ നമ്മെ തളച്ചിടുന്ന
ഒരു പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം
എല്ലാം ശരിയായിരിക്കുമ്പോള്‍
വരുന്നവനാണ്
ഈ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം.....
-മര്‍ത്ത്യന്‍-

പ്രാതല്‍

ഒന്ന് പൊട്ടിച്ചൊഴിച്ചു
പിന്നെ ഒന്നു കൂടി
പൊട്ടിച്ചൊഴിച്ചു....
സൂര്യ ഭാഗം മുകളിലായി
തന്നെ തുറിച്ചു നോക്കുന്ന
കൊഴിമുട്ടകളെ അവനും
ആര്‍ത്തിയോടെ നോക്കി
അടുപ്പില്‍ നിന്നും പ്ലേറ്റിലേക്ക്
അതിവിദഗ്ദ്ധമായി കൊരിയിട്ടപ്പോള്‍
അവയും അനുസരണയോടെ പൊട്ടാതെ
ചേര്‍ന്നിരുന്നു......
ബുള്‍സ് ഐ റെഡി.....
-മര്‍ത്ത്യന്‍-

Tuesday, August 28, 2012

ഓണാശംസകള്‍

ഓണം വേണം മലയാളിക്ക്
എല്ലാ വര്‍ഷവും.....
സ്വയം ഓര്‍മ്മപ്പെടുത്താന്‍
തന്റെ നാടിനെ മുഴുവന്‍
വഞ്ചിച്ചതാണ് ദേവന്മാരെന്ന്......
പാലം പണിയാനുള്ള
കുരങ്ങന്മാര്‍ മാത്രമല്ല കേരളത്തില്‍ എന്ന്.....
ദേവരിലും മനുഷ്യരിലും
ശ്രേഷ്ടനായി മലയാളിയായ
ഒരു അസുരനുമുണ്ടായിരുന്നെന്ന്...
കൂട്ടത്തില്‍ ഓര്‍ക്കണം...
ദേവന്മാരെക്കാള്‍ ശ്രേഷ്ടനായാല്‍
അവര്‍ ഇറങ്ങി വരുമെന്ന്
രൂപം മാറി, ആള് മാറി
പാതാളത്തിലേക്ക്‌ ചവുട്ടി താഴ്ത്തുമെന്ന്....
ഓണം മലയാളിയെ ഓര്‍മ്മപ്പെടുത്തണം
പലതും.......
എല്ലാ മലയാളിയിലുമുണ്ട്
അങ്ങിനെ അനേകം ഓണാംശങ്ങള്‍......
ഓര്‍ക്കണം ഓണം വരുമ്പോള്‍....
എല്ലാവര്‍ക്കും മര്‍ത്ത്യന്റെ
ഓണാശംസകള്‍....
-മര്‍ത്ത്യന്‍-

Sunday, August 26, 2012

മദ്യപാനി

'മദ്യപാനി' എന്നാല്‍
മദ്യത്തെ അപമാനിക്കുന്നവന്‍
എന്നല്ല സുഹൃത്തെ അര്‍ത്ഥം....
എത്ര നേരമായി ആ ഒഴിഞ്ഞ ഗ്ലാസ്സുമായിരിക്കുന്നു...
ഒന്നോഴിക്കു......
ഞാന്‍ വിശദമായി പറഞ്ഞു തരാം
-മര്‍ത്ത്യന്‍-

Friday, August 24, 2012

സരസു - ഒരു അറിയിപ്പ്

മൃതിയടഞ്ഞവര്‍ ഈ ലോകം വിടുന്നതിനു മുന്‍പ് അവസാനം ചെന്നെത്തുന്നത് സമൂഹത്തില്‍ നിന്ന് പണ്ടെങ്ങോ ആട്ടിയോടിച്ച സരസുവിന്റെ, ലോകമവസാനിക്കുന്നിടത്തുള്ള ഏതോ ഒരു കുടിലിലാണെന്ന് കണ്ടു പിടിച്ചു. സരസു അവരെ സല്‍ക്കരിച്ചിരുത്തി അത്താഴം വിളമ്പി അവളുടെ കഥ പറഞ്ഞു കേള്‍പ്പിക്കുമത്രെ. കഥ കേട്ട് അവര്‍ സരസുവിനോട് ചെയ്ത പാപങ്ങള്‍ക്കെല്ലാം മാപ്പ് ചോദിക്കും. സരസു അവര്‍ക്കൊക്കെ നിറഞ്ഞ മനസ്സോടെ മാപ്പും കൊടുക്കും..... അങ്ങിനെ മാപ്പ് കൊടുത്തിട്ടാണത്രെ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ സ്ഥലമില്ലാതായത്. അതുകൊണ്ട് ദേവന്മാര്‍ ചട്ടംകെട്ടി സരസുവിനെ സമൂഹത്തിലേക്ക് തിരിച്ചെടുക്കാന്‍ അറിയപ്പെട്ട പല മന്യരെയും അയച്ചു. രാഷ്ട്രീയക്കാര്‍, ആള്‍ദൈവങ്ങള്‍, ബിസിനസ്സുകാര്‍, ഉന്നത വിദ്യാഭ്യാസവും അതിനു തക്കതായ ആഭാസവും തികഞ്ഞ അങ്ങിനെ മറ്റു പലരെയും.... സരസു പക്ഷെ അവരെയൊക്കെ തിരിച്ചയച്ചത്രെ...... അവര്‍ ഇപ്പോള്‍ ജീവനുള്ളവരെ സല്‍ക്കരിക്കല്‍ നിര്‍ത്തി മരിച്ചവരുടെ കാണപ്പെട്ട ദൈവമായി മാറിയത്രെ.... ഏതായാലും സരസു മാപ്പ് നല്‍കിയവര്‍ക്ക് ഇടം കൊടുക്കാന്‍ കഴിയാതെ സ്വര്‍ഗ്ഗകവാടം ഉടന്‍ തന്നെ എന്നെന്നേക്കുമായി അടച്ചുപൂട്ടും എന്നും ദേവലോകം സെക്രെട്ടറി പറഞ്ഞിട്ടുണ്ട്.

ലോകത്തിനേയും സ്വര്‍ഗ്ഗത്തിനേയും ഒരേപോലെ പ്രശ്നത്തിലാക്കിയ സരസുവിനെ വീണ്ടും വിചാരണ ചെയ്യാന്‍ തന്നെയാണ് തിരുമാനം. പക്ഷെ സ്വര്‍ഗവുമായി ഒരു ബന്ധവും വേണ്ടെന്നതു തന്നെയാണ് നരക കമ്മിറ്റി തിരുമാനം...അത് കൊണ്ട് അവര്‍ വിചാരണ ബഹിഷ്കരിക്കും...പക്ഷെ സരസുവിനുള്ള വരവെല്‍പ്പിനായി കാത്തിരിക്കും എന്നും അറിയിച്ചു..... ആയതിനാല്‍ വിചാരണയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കാനായി ഒരു റിയാലിറ്റി ഷോ ഉടന്‍ തുടങ്ങും.... മൊബൈല്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും സൌജന്യ മൊബൈല്‍ ഫോണും ഫ്രീ ടെകസ്റ്റിങ്ങും നല്‍കും...... സരസു റിപ്പയര്‍ റിയാലിറ്റി ഷോവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ലോക്കല്‍ ഓഫീസ്സില്‍ ബന്ധപ്പെടെണ്ടതാണ്....കൂട്ടത്തില്‍ ഒരു മാപ്പപേക്ഷയും സമര്‍പ്പിക്കേണ്ടതാണ്....
എന്ന് സ്വന്തം....
മര്‍ത്ത്യന്‍

Tuesday, August 21, 2012

പുഴ

ഒഴുകി മടുത്ത പുഴ
കരയോട് ചേര്‍ന്ന്
കരയുന്നത് കണ്ടിട്ടില്ലേ...?
അത് കണ്ടില്ലെന്ന് നടിച്ച്
കരയില്‍ നിന്ന് അതിലേക്ക്
കല്ലെടുത്തെറിയരുത്......
-മര്‍ത്ത്യന്‍-

തമാശ

എന്റെ ജീവിതമേ നീയും
വലിയൊരു തമാശ തന്നെ
പുതുതെന്ന് പറഞ്ഞ്
വീണ്ടും വീണ്ടും
എന്നെ തന്നെയാണല്ലോ
എനിക്ക് പരിചയപ്പെടുത്തി തരുന്നത്
-മര്‍ത്ത്യന്‍-

Friday, August 17, 2012

കടവാതില്‍ കഥ

ആ കടവാതില്‍ ജനിച്ചത്‌
കടയുടെ വാതിലിന്റെ പുറത്തല്ലത്രെ
സത്യത്തില്‍ കടക്കാരനതില്‍ പങ്കില്ലത്രെ....
പക്ഷെ കടയില്‍ വന്നവര്‍ പറഞ്ഞത്
മറ്റൊരു കഥയാണ്‌........
വടക്ക് നിന്ന് വന്ന
ഹിന്ദിക്കാരന്‍ ചെക്കന്‍
കടം ചോദിച്ചു വന്ന കടക്കാരന്റെ
പഴയ അടുപ്പം കാര്‍ത്തുവിനെ
തിരിച്ചയച്ചതിന് അവര്‍ പറഞ്ഞു പരത്തിയതാണത്രെ....
കടയും കടക്കാരനും കടവാതിലും
തമ്മിലുള്ള ഈ ഭയങ്കര അപവാദം....
ഈ അപവാദം ഏറ്റുപിടിച്ചതില്‍
ഏതോ ആഗോള സൂപ്പെര്‍മാര്‍ക്കെറ്റിന്റെ
മാര്‍ക്കെറ്റിംഗ് വിഭാഗ തലവനും
ഒരു ആഗോള ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്
വിഭാഗ തലവനും പങ്കുണ്ടത്രെ....
അവര്‍ അതിനായി കോടികള്‍ മുടക്കിയിരുന്നത്രെ.....
ഏതായാലും സത്യം അറിയാന്‍ ചെന്ന
ടീവിക്കാരെ കണ്ട് കടവാതില്‍ പറന്നു പോയി
ഏതോ ഉത്തരത്തില്‍ തൂങ്ങി കിടന്നത്രെ......
ഇന്നും അത് നാണക്കേട്‌ കാരണം
രാത്രിയെ പുറത്തിറങ്ങുവുള്ളത്രെ......
കടക്കാരന്‍ കടവാതിലിനെ കാണാതെ
വിഷമിച്ച് കടയുടെ വാതിലും പൂട്ടി
ഉമ്മറത്ത് തന്നെ തൂങ്ങി മരിച്ചത്രെ.....
ഹിന്ദിക്കാരന്‍ ചെക്കന്‍ ആകെ അറിയുന്ന
മലയാളം "കടം ഇല്ല" "കടം ഇല്ല"
എന്ന് ഉറക്കെ വിളിച്ച് ഭ്രാന്തനെ പോലെ
എങ്ങോട്ടോ നാട് വിട്ടത്രെ.....
ഇന്ന് ഇത് കുട്ടികളെ പഠിപ്പിക്കാന്‍
മനപ്പൂര്‍വ്വം മറക്കുന്ന ഒരു
കടംകഥയാണത്രെ......
-മര്‍ത്ത്യന്‍-

Wednesday, August 15, 2012

മാര്‍ത്ത

മാര്‍ത്താ.... നീ ഷാമ്പെയിനിന്റെ ഗ്ലാസ്സില്‍
പറ്റിക്കിടന്ന ചുവന്ന ലിപ്പ്സ്റ്റിക്ക് പാടുകളില്‍
നഷ്ടപ്പെട്ട യൌവനം തിരയുകയാണോ.....?
പേടിക്കണ്ട അത് നീ പണ്ട് കുടിച്ചു വച്ചത് തന്നെ
സമയം നിന്നെ മാത്രം തള്ളി മുന്നോട്ടു പോയപ്പോള്‍
നിന്റെ ഓര്‍മ്മയ്ക്ക്‌ ഞാനിതിവിടെ കഴുകാതെ
കാത്തു സൂക്ഷിച്ചു എന്ന് മാത്രം.......
നീ ഇന്നും അന്നത്തെ പോലെ സുന്ദരി തന്നെ
ഇപ്പോളിട്ട പിങ്ക് ലിപ്പ്സ്റ്റിക്ക്
ചുവപ്പിനെക്കാള്‍ നിന്റെ ചുണ്ടുകള്‍ക്ക് ചേരും...
-മര്‍ത്ത്യന്‍-

സ്വാതന്ത്ര്യദിനം വീണ്ടും

സ്വാതന്ത്ര്യദിനത്തിന് ഓര്‍ത്തുവോ ആവോ...
ആ വയോധികനെ....
ലോകത്തിന് അഹിംസയുടെ ശക്തി
കാട്ടി കൊടുത്ത...
സമരമുഖങ്ങളെ മാറ്റി മറിച്ച
മനുഷ്യാവകാശ സമരങ്ങള്‍ക്കും
സ്വാതന്ത്ര്യ സമരങ്ങള്‍ക്കും
പുതിയ രൂപം നല്‍കിയ...
വടി കയ്യിലിരുന്നിട്ടും
ഒരിക്കല്‍ പോലും അതുയര്‍ത്തി അടിക്കാതെ
വെള്ളക്കാരെ മുട്ട് കുത്തിച്ച...
ആ വയോധികനെ..........ഓര്‍ത്തുവോ ആവോ....
ഇല്ലെങ്കില്‍ ആ പയ്യനെ ഓര്‍ത്തുവോ.....
ജാലിയന്‍വാലാഭാഗില്‍ മരിച്ചു വീണ
നിരായുധരുടെ കഥകള്‍ കേട്ട് വളര്‍ന്ന്
ഒടുക്കം അഹിംസയില്‍ സ്വാതന്ത്ര്യത്തിന്റെ
കൂട്ട് തിരയുന്നത് മണ്ടത്തരമാണെന്ന്
മനസ്സിലാക്കി ആയുധമെടുത്ത ആ പയ്യനെ.....
ഇരുപത്തിനാല് തികയുന്നതിനു മുന്‍പ്
ഒരു പുഞ്ചിരിയുമായി കഴുമരത്തിലേക്ക്
നടന്നു കയറി പൊലിഞ്ഞു പോയ
ആ നിരീശ്വരവാദിയായ വിപ്ലവകാരിയെ
ഓര്‍ത്തുവോ ആവോ....
ഇവരെ രണ്ടു പേരെയും ഓര്‍ത്തില്ലെങ്കില്‍
പിന്നെ എന്ത് സ്വാതന്ത്ര്യദിനം മര്‍ത്ത്യാ.....
-മര്‍ത്ത്യന്‍-

Sunday, August 12, 2012

ആഗസ്റ്റ്‌ 15

ആഗസ്റ്റ്‌ 15 അടുത്ത് വരുന്നു
മറ്റൊരു സ്വാതന്ത്ര്യ ദിനം വീണ്ടും
കുഴഞ്ഞല്ലൊ.....
വീണ്ടും സ്വയം ചോദിക്കണം....
എന്താണ് ദേശഭക്തി.....
എങ്ങിനെ ആഘോഷിക്കണം...
എങ്ങിനെ കാണിക്കണം എന്റെ ദേശഭക്തി....
ദേശീയ പതാകയില്‍ സ്വയം പുതഞ്ഞ്
ദേശസ്നേഹം പതഞ്ഞു പൊങ്ങുമ്പോള്‍
സഹിക്ക്യവയ്യാതെ നിലവിളിച്ച്...
അഴിമതി കണ്ട് മടുത്ത്....
അതേ ദേശീയപതാകയില്‍ സ്വയം
കത്തിച്ച് ചാമ്പലായി കാണിക്കണൊ....
അതോ....
ദേശീയ പതാകയില്‍ പുതച്ച് ഒളിച്ചും
കളിച്ചും നടക്കുന്ന എല്ലാ സാമൂഹ്യദ്രോഹികളെയും
ഒന്നിച്ച് എണ്ണിപ്പിടിചെടുത്ത്...
പതാക മാറ്റി നഗ്നമാക്കി വരിക്ക് നിര്‍ത്തി
ജയ്‌ വിളിച്ച് ചാട്ടവാറോണ്ട് അടിച്ച്
അവന്മാരെ കൊണ്ട് ജന.ഗന.മന പാടിക്കുമ്പോള്‍
മുഴുവന്‍ രാഷ്ട്രത്തിന്റെയും കൂടെ
ബഹുമാനപൂര്‍വ്വം എഴുന്നേറ്റു നിന്ന്
ഉറക്കെ കൂടെ വിളിച്ച് പറയണോ
ജയ്‌ഹിന്ദ്.....ജയ്‌ഹിന്ദ്.......
ഇനി ഇത് നടന്നില്ലെങ്കില്‍
ഒരു ദിവസത്തേക്കെങ്കിലും
വെറും ഒരു ദിവസത്തേക്കെങ്കിലും
അറിഞ്ഞു കൊണ്ട് അഴിമതിയുടെ
ഭാഗമാകാതിരിക്കണൊ.........
ജയ്‌ഹിന്ദ്.....ജയ്‌ഹിന്ദ്.....
അവസാനം പറഞ്ഞത് തന്നെ ആദ്യം ചെയ്യണം
പക്ഷെ അതും നമ്മുടെ ജനതയ്ക്ക്
ഒരു നടത്താന്‍ കഴിയാത്ത സ്വപ്നമാവുമോ...മര്‍ത്ത്യാ..
എല്ലാത്തിന്റെയും കൂടെ മറ്റൊരു
നടത്താന്‍ കഴിയാത്ത ആഗസ്റ്റ്‌ 15 സ്വപ്നം....
-മര്‍ത്ത്യന്‍-

Saturday, August 11, 2012

പരിവര്‍ത്തനങ്ങള്‍

പരിവര്‍ത്തനങ്ങളുടെ ലഹരിയില്‍
പലതും പഴയതായി തോന്നും
പിന്നെ അധികം സമയം വേണ്ട
പഴയത് അനാവശ്യമായി തോന്നാന്‍.....
പുതിയതിനെ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍
കാലു വഴുതി വീണ് സമയത്തില്‍ എവിടെയോ
ആണ്ടു പോകരുതല്ലോ......
പരിവര്‍ത്തനം വേണ്ടെന്നല്ല...
പുതുമ തെറ്റാണെന്നല്ല.....
എല്ലാം കഴിഞ്ഞ് അവസാനം
പകല്‍ വെളിച്ചത്തിന്റെ മറവില്‍
ഇരുട്ടുമായി മല്ലിട്ട് ജയിച്ചതൊക്കെ
വൃഥാവിലായി എന്ന് തോന്നരുതല്ലോ...
പരിവര്‍ത്തനങ്ങളുടെ യാത്രയില്‍...
പഴയതുമായിട്ടുള്ള തര്‍ക്കങ്ങളില്‍... ഇടയ്ക്ക്
തോല്‍വി സമ്മതിക്കേണ്ടത് അനിവാര്യമാണോ....?
ചില ജയങ്ങള്‍ ശാശ്വതമാവാന്‍....
അവയെ പരാജയങ്ങളുടെ കൈയ്യില്‍
നിന്ന് കടം വാങ്ങേണ്ടി വരും എന്നുണ്ടോ......?
-മര്‍ത്ത്യന്‍-

Friday, August 10, 2012

മിന്നാമിനുങ്ങേ....

മിന്നാമിനുങ്ങേ...എത്രവട്ടം ചോദിച്ചു
ഞാനും നിന്റെ കൂടെ ഒന്ന് മിന്നട്ടെ എന്ന്
പക്ഷെ എന്നെ കൂട്ടാതെ നീ മിന്നിക്കളിച്ചു
ഞാനും പോയി.....നിന്നെ കൂട്ടാതെ....
ബിവറേജസില്‍ പോയി മിനുങ്ങി...
ഇപ്പോള്‍ ലോകം മുഴുവന്‍ കണ്ണിന്റെ മുന്നില്‍
മിന്നി കളിക്കുന്നു
മിന്നമിനുങ്ങേ....നീ പോ...
-മര്‍ത്ത്യന്‍-

Thursday, August 9, 2012

കലണ്ടര്‍

കാലത്തിന്റെ ഏതോ ചുവരില്‍
ആണിയടിച്ചിട്ടിരുന്നു...
അതില്‍ ഈ വര്‍ഷത്തെ
കലണ്ടറും തൂക്കിയിരുന്നു...
അക്കമിട്ട കള്ളികളില്‍ കുറിച്ചുമിട്ടിരുന്നു
ഓര്‍മ്മിക്കേണ്ട ചില തിയതികള്‍,
ചില പേരുകള്‍.....ചില ഫോണ്‍ നമ്പറുകള്‍....
പക്ഷെ വര്‍ഷം തീരുന്നതിന് മുന്‍പേ
ആരോ ആ ചുവര് പൊളിച്ചു മാറ്റി
തൂക്കിയിടിരുന്ന കലണ്ടര്‍ ചുരുട്ടി കൂട്ടി
ആരോ എങ്ങോട്ടോ വലിച്ചെറിഞ്ഞിരുന്നു....
ഇനി അതും അന്വേഷിച്ചു പോകണം
പോരുന്നോ കൂടെ....?

Tuesday, August 7, 2012

കള്ളനും കാമുകനും

പണ്ട് നിന്റെ തന്നെ പെട്ടിയില്‍ നിന്ന് കട്ട
ആ ചൂണ്ടു വിരലിനോളം മാത്രമുള്ള പെന്‍സില് കൊണ്ട്
നിനക്ക് പലതും എഴുതണമെന്നുണ്ടായിരുന്നു
നടന്നില്ല.....പക്ഷെ ഇന്നിത് എഴുതാതെ വയ്യ
നിന്റെ അമ്മ കൊടുത്തയക്കാറുള്ള
സാമ്പാറിലും ചമ്മന്തിയില്‍ അപ്പടി ഉപ്പായിരുന്നു
സലീമയുടെ ഉമ്മ ഉണ്ടാക്കിയിരുന്ന കോയിബിരിയാണി...
അത് തന്നെയായിരുന്നു നല്ലത്
കട്ട് തിന്നാല്‍ കുറ്റം പറയരുതെന്നാണ്
എങ്കിലും ഒരു സത്യം പറയണം....
സുബൈറും കൂട്ടരും സലീമയുടെ ബിരിയാണി കട്ട് തിന്നുമ്പോള്‍
എന്നെ വിളിക്കാറുള്ളതാ എന്നും എങ്കിലും
നിന്നോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ്
ഞാനെന്നും ആര്‍ത്തിയോടെ ആ
ഉപ്പുള്ള സാമ്പാറും ചമ്മന്തിയും കൂട്ടിയ നിന്റെ
ചോറ് കട്ട് തിന്നിരുന്നത്....
-മര്‍ത്ത്യന്‍-

Friday, August 3, 2012

ആഗ്രഹങ്ങള്‍

ആഗ്രഹങ്ങള്‍
വീണ്ടും നടക്കാതിരിക്കാനായി മാത്രം
ഓരോന്നായി മനസ്സില്‍ ഒരിടമന്വേഷിച്ചു
വരുന്നു.....
ഈ ജീവിതത്തിന്റെ ഒഴുക്കിനെ
പലവഴി തെളിച്ച്
യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകലെ
സ്വപ്നത്തിന്റെ ഏതോ -
അസംഭവ ലോകത്ത്
തളച്ചിടാന്‍ ശഠിക്കുന്നു
പലകുറി താകീത് നല്‍കിയിട്ടും
പിന്നെയും ഒന്നും വകവെക്കാതെ
അല്പാല്‍പ്പമായി കാര്‍ന്നു തിന്നുന്നു
ഒരിക്കലും ഓടുങ്ങില്ലേ മര്‍ത്ത്യാ...
നിന്റെ ഈ നശിച്ച ആഗ്രഹങ്ങള്‍....