Tuesday, December 22, 2009

കുമാരനെ കൊന്നത് ഞാനല്ല



കൊല്ലരുതെന്നെ മനോഹരാ നീ

കുമാരനെ കൊന്നത് ഞാനല്ല

കുത്തിയ കത്തി വാങ്ങിയ തെറ്റിന്

കുരുതി കൊടുക്കരുതെന്നെ നീ


കുത്തേറ്റു കരഞ്ഞ കുമാരനെ മടിയില്‍

കിടത്തിയ കര്‍മ്മം തെറ്റാണോ

വറ്റിയ തൊണ്ടയില്‍ വെള്ളം കണക്കെ

മണ്ണെണ്ണയോഴിച്ചത് തെറ്റായി


മണ്ണെണ്ണ മാറി ഒഴിച്ചൊരു തെറ്റിനായ്

കൊല്ലരുതെന്നെ മനോഹര നീ

ബീഡി വലിക്കുവാന്‍ കൊള്ളിയുരച്ചതാ

അത് കയിവിട്ടു പോയവന്‍ കത്തിയതാ


കത്തികരിഞ്ഞ കുമാരനെ അട്ടത്ത്

കെട്ടിയ തെറ്റും എന്റെയല്ല

ആ കയറു പിരിച്ചൊരു കേവലം തെറ്റിനായ്

കഴുമരമേറ്റരുതെ മനോഹരാ നീ


Wednesday, September 9, 2009

ഞാനും ഓനും പിന്നെ ഓളും

ഞാനും ഓനും ഓളും കൂടി, ഓന്റെ പടിക്കല് തൊട്ടു കളിച്ച്
ദുബായിക്കാരന്‍ ഒന്റ ബാപ്പ ഓന് കൊടുത്ത പന്ത്‌ കളിച്ച്
ഒന്റുമ്മ ചുട്ട പതിരി തിന്ന് മോറ് കഴകി ബീണ്ടും കളിച്ച്

സുഹറ മന്‍സില്‍ ഹൈദര് കാക്ക ഓന്റെ ബാപ്പേം തെരക്കി ബന്ന്
ഞമ്മളെറിഞ്ഞൊരു പന്തും കൊണ്ട് കണ്ണട ചില്ല് തെറിച്ചും പോയി
ഓന്റെ ബാപ്പ വന്നപ്പോളോ, ഞാളെല്ലാരും പാഞ്ഞോളിച്ച്
വരമ്പും കടന്നു മുക്കില്‍ ബച്ച് കുഞ്ഞികൊയേം അമ്മദും കൂടി

ഓന്റെ വാപ്പ ഞങ്ങളെ നോക്കി ഓളട വീട്ടില്‍ ആദ്യം ചെന്ന്
ഓള ഉമ്മ കരഞ്ഞു പറഞ്ഞ് "ആ ശൈത്താന്‍ ഹമീദ്‌ തന്നെ"
ങാ ന്നും പറഞ്ഞ് ഒന്റ വാപ്പ ഹൈദരേം കൂട്ടി തിരിച്ച് പോയി
ഇത്ര പറഞ്ഞ് കൊയേം അമ്മദും സിനിമ കാണാന്‍ ബസ്സ്‌ കയറി

നേരം വയ്കി,  ഓള് കരഞ്ഞ് ഓളട വീട്ടില് മണ്ടി പോയി
ഓള് പോയപ്പം ഓനും തൊടങ്ങി ഓന്റെ പൊരെല് പോണന്നപ്പം
ഞാന്‍ പറഞ്ഞ് ഇങ്ങും പോയിക്കോ, ഇക്ക് മേണ്ട അന്റെ കൂട്ട്
ഇക്കില്ലല്ലോ വീടും കുടീം, പക്കെ അന്റെ വപ്പനല്ലേ ഇന്റെ വാപ്പേം

മര്‍ത്ത്യന്‍

Saturday, September 5, 2009

യാത്ര

ഇനിയെങ്ങോട്ട് ?
വഴിമുട്ടി നില്‍കുന്ന യാത്രകാരന്‍ ഒരുത്തരതിനായി കാതോര്‍ത്തു
ഇനിയിവിടുന്നെങ്ങോട്ട്?

മുന്‍പിലുള്ള പാത ചുടുകാട്ടിലേക്ക് നീങ്ങുന്നു,
പിന്നിലോ ഇറങ്ങി വന്ന മല രാക്ഷസ മട്ടെ വാനം മുട്ടി നില്‍ക്കുന്നു
തിരിച്ചു കയറാന്‍ ശേഷിയില്ല , ശോഷിച്ച കരങ്ങളില്‍ ഊന്നു വടിപോലുമില്ല
ഒരുവശം ഭൂമിതീരുവോളം നീണ്ടുകിടക്കുന്ന കടലുണ്ട്
മറുവശം എന്നോ കടിഞ്ഞാണിട്ടു നിര്‍ത്തി ജീവിതത്തില്‍ നിന്നും തുടച്ചു മാറ്റിയ പഴയ ഓര്‍മ്മകളുണ്ട്‌
ഇനിയെങ്ങോട്ട് ?

ഓര്‍മ്മകളുടെ വശം ശൂന്യം, നിശബ്ദം
ഓര്‍മ്മകളില്‍ അറിയുന്ന മുഖങ്ങളെ തപ്പി നോക്കി
അറിയുന്ന ഒരു മുഖം പോലുമില്ല ഓര്‍മ്മകളില്‍ പോലും
ഇതാണോ അവസാനം...

മറവി, എല്ലാത്തില്‍ നിന്നുമുള്ള മറവി
താന്‍ സ്വയം ഇല്ലാതാവുന്നത്‌ കണ്ടു നില്‍ക്കേണ്ടി വരുക
ഇങ്ങനെയാണോ അവസാനം...
അല്ല ഇതൊരു പരീക്ഷണമാവാം....

നശിപ്പിക്കുന്നതിനു മുന്പായി മുക്തിക്കായി ഒരവസാനവസരം
നന്മയുടെ അംശത്തെ, സ്വന്തം ജീവിതത്തിന്റെ നന്മയുടെ അംശത്തെ
ഒരിക്കല്‍ കൂടി‌ നേരില്‍ കാണാന്‍ കഴിയുമോ അന്ന പരീക്ഷണം
നന്മയില്‍ നിന്നുമെത്ര ദൂരം പിന്നിട്ടെന്നറിയാന്‍
ചുടുകാട്ടിലെക്കെടുക്കുന്നതിനു മുന്‍പേ ഒരവസരം കൂടി
നന്മയുടെ ഇന്നലകളിലേക്ക് ഇന്നെങ്കിലും ഒരു വട്ടം, ഒരു നിമിഷം

ഓര്‍മ്മകളുടെ വശത്തെക്കവന്‍ കാതോര്‍ത്തു
എന്തെങ്കിലും ഒന്ന്, ഒരു പേര്, ഒരു വാക്ക് എന്തെങ്കിലും...
നഷ്ടപ്പെട്ട തന്നെ തിരിച്ചു കിട്ടാനായി എന്തെങ്കിലും ഒന്ന്
ഓര്‍മ്മകളിലെക്കൊരു മടക്കയാത്ര.....
ഇല്ല ഒന്നും കേള്‍ക്കുന്നില്ല....

ഞാന്‍ നഷ്ടപ്പെട്ടിരിക്കുന്നു, എല്ലാം അവസാനിച്ചിരിക്കുന്നു
ഇനി മടക്കയാത്രയില്ല, ഇതിവിടെ തീരും
ഒന്നും ഓര്‍മ്മയില്ല ഒന്നും
നന്മകള്‍ ഒന്നുമില്ല തിന്മ മാത്രം
അരുത് ഇതായികൂട അരുത്

എന്തൊരു ചൂട് , സഹിക്കാന്‍ വയ്യാത്ത ചൂട്
അയ്യോ എനിക്ക് പൊള്ളുന്നു,
എന്താണിത്‌ നിങ്ങളെന്നെ കത്തിക്കരുത്
ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കു
ഞാന്‍ നല്ലവനായിരുന്നു, ഞാനും നന്മയുടെ പാതയിലായിരുന്നു
അരുതേ എന്നെ നശിപ്പിക്കരുതേ , ഒരവസരം കൂടി
അരുത് അരുത്‌ .......

Tuesday, August 25, 2009

"സത്യമേവ ജയതെ"

"സാറിന്‌ ചായയോ കാപ്പിയൊ അതോ കൂളായിട്ടെന്തെങ്കിലും?" സൈമണ്‍ ചോദിച്ചു

"വേണ്ട, ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയത്‌, നമ്മള്‍ക്ക്‌ മാറ്ററിലേക്ക് കിടക്കാം"

സൈമണ്‍ ചിരിച്ചു "ശരി സാറ്‌ പറയുന്ന പോലെ, ഹൌ കാന്‍ ഐ ഹെല്‍പ്‌ യൂ"

"എനിക്ക്‌ അടുത്ത ഞായറാഴ്ച്ച തന്നെ തിരിക്കണം, അതിനു മുന്‍പെ എല്ലാം കഴിഞ്ഞിരിക്കണം, എന്താ വേണ്ടെതെന്ന് പറഞ്ഞാല്‍ മതി, ജോസഫ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ സൈമണിനെ തന്നെ കാണാന്‍ വന്നത്‌"

"അതിനെന്താ സാര്‍ , പ്ലാന്‍ തരൂ, ഞങ്ങള്‍ രണ്ട്‌ ദിവസത്തിനകം അപ്രൂവല്‍ ശരിയാക്കാം പിന്നെ സാറായി സാറിന്റെ പ്ലാനായി"

"പിന്നെ ജോസഫ്‌ പറഞ്ഞ തുക"

സൈമണ്‍ അടുത്തേക്ക്‌ നീങ്ങിക്കൊണ്ട്‌ പറഞ്ഞു "അന്‍പത്‌ ഇപ്പോള്‍ ബാക്കി അപ്രൂവല്‍ കഴിഞ്ഞിട്ട്‌, മുഴുവനാണ്‌ പതിവ്‌, പക്ഷെ സാറ്‌ ജോസഫിന്റെ ആളല്ലെ"

ബാഗില്‍ നിന്ന് ചെക്കെടുത്ത്‌ ചോദിച്ചു" ആരുടെ പേരിലാണ്‌ എഴുതേണ്ടത്‌"

സൈമണ്‍ ഉറക്കെ ചിരിച്ചു, "സാറ്‌ പുറത്തായിട്ട്‌ കുറേ കാലമായി അല്ലെ, ഇതിനൊക്കെ ക്യാഷല്ലെ പറ്റു, പണമെടുത്തില്ലെങ്കില്‍ വേണ്ട ഞാന്‍ പയ്യനെ കൂടെ വിടാം, കൊടുത്തയച്ചാല്‍ മതി"സൈമണ്‍ വീണ്ടും ഉറക്കെ ചിരിച്ചു

"അല്ല അതല്ല , ഇത്രയും തുക ഇങ്ങനെ ഒരു പേപ്പറുമില്ലാതെ"

"സാറ്‌ പേടിക്കണ്ട, ഇതൊക്കെ ഒരഡ്‌ജസ്റ്റ്‌മെന്റാണ്‌, പിന്നെ വിശ്വാസമില്ലാതെ കാര്യങ്ങള്‍ നടക്കുമൊ"സൈമണ്‍ വീണ്ടും ചിരിച്ചു.

"അങ്ങനെയല്ല വിശ്വാസമുണ്ട്‌, പണം കാറിലുണ്ട്‌ ഞാന്‍ എടുത്ത്‌ കോണ്ടു വരാം"

"ഷുവര്‍, സാറിന്‌ കുടിക്കാന്‍ ഒന്നും വേണ്ട എന്നല്ലെ"

"അതെ ഐ ആം ഷുവര്‍"

തിരിച്ച്‌ വന്നിരുന്ന് പൊതി സൈമണെ ഏല്‍പ്പിച്ചു. "എണ്ണി നോക്കു, മുഴുവനുണ്ട്‌"

"വിശ്വാസം രണ്ടു വഴിക്കും വേണ്ടെ സാറെ" പൊതി ഷെല്‍ഫിലേക്ക്‌ തള്ളിയിട്ട്‌ സൈമണ്‍ ഫോണെടുത്ത്‌ കറക്കി.

"സൈമണ് ‍, ഞാനൊരു കോള്‍ ചെയ്യട്ടെ, കാര്യം നടന്നാല്‍ വിളിച്ച്‌ പറയാം എന്ന് പറഞ്ഞതാണ്‌"

"ഷുവര്‍ സാറിന്റെ കാര്യം നടക്കട്ടെ" സൈമണ്‍ ചിരിച്ചു കൊണ്ട്‌ ഫൊണ്‍ തന്റെ നേരെ തിരിച്ചു തന്നു.

ഫോണെടുത്ത്‌ കറക്കി, കൂട്ടത്തില്‍ തന്റെ ഒരു വിസിറ്റിംഗ്‌ കാര്‍ഡ്‌ സൈമണു നീട്ടി

"ങാ' ജോസെഫ്‌, ഞാനാണ്‌ ഗോപി, ഇറ്റ്‌ ഈസ്‌ ടണ്‍, നിങ്ങള്‍ക്ക്‌ വരാം, ആന്‍ഡ്‌ സീല്‍ എവെരി തിംഗ്‌"

വിസിറ്റിംഗ്‌ കാറിഡിലെ അച്ചടിച്ച ലിപികളൊ അതൊ തന്റെ ഫോണിളുള്ള സംസാരമൊ എന്താണ്‌ സൈമണില്‍ കൂടുതല്‍ മാറ്റമുണ്ടാക്കിയതെന്നറിയില്ല. ഏതായലും കാര്‍ഡ്‌ വായിച്ചപ്പോള്‍ മുഖത്തു നിന്ന് മാഞ്ഞു പോയ ചിരിക്കു പകരം പരിഭ്രമത്തിന്റെ വലിഞ്ഞു കയറ്റം തുടങ്ങിയിരുന്നു, സൈമണ്‍ തന്നെ തന്നെ നോക്കി സ്വയം പറഞ്ഞു "ഗോപിനാഥന്‍, വിജിലന്‍സ്‌"

സൈമണിന്റെ കൈയ്യില്‍ നിന്നും കാര്‍ട്‌ നിലത്ത്‌ വീണു, പിന്നെ ഞെട്ടിത്തെറിച്ച പോലെ ഷെല്‍ഫില്‍ നിന്നും പൊതിയെടുത്ത്‌ തന്റെ നേരെ എറിഞ്ഞു.

"ഹൌ ഡേര്‍ യൂ ബ്രൈബ്‌ മീ"

കൈ ഉയര്‍ത്തി സൈമണിനോട്‌ ശാന്തനാകാന്‍ പറഞ്ഞു "ഒച്ചയും നാടകവും ഒന്നും വേണ്ട, ഇറ്റ്‌ ഇസ്‌ ഫിനിഷ്ഡ്‌, പ്ലീസ്‌ കോപറേറ്റ്‌. നിങ്ങളൊറ്റക്കല്ല എന്നറിയാം, ഹെല്‍പ്‌ അസ്‌ ഇന്‍ ക്ലോസിംഗ്‌ ഓണ്‍ ദിസ്‌ റാക്കറ്റ്‌"

പോക്കറ്റില്‍ നിന്നും കണ്ണാടിയെടുത്തിട്ട്‌ എഴുന്നേറ്റ്‌ നിന്നു "പ്ലീസ്‌ ഫോളോ മി"

മുറിയില്‍ നീന്ന് പുറത്ത്‌ കിടന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു, പരുങ്ങി നില്‍ക്കുന്ന ഒരു പറ്റം ഉദ്ധ്യോഗസ്ഥര്‍. താന്‍ കടന്നു ചെന്നപ്പോള്‍ സര്‍ക്കാറപ്പീസിനു പകരം സര്‍ക്കസ്സ്‌ കമ്പനിപോലെ കിടന്നിരുന്ന സ്ഥലത്തിന്‌ ഒരു അടക്കവും ചിട്ടയും വന്ന പോലെ. എല്ലാവരിലും ഒരു പരിഭ്രമവും ഭീതിയും നിഴലിക്കുന്നുണ്ടായിരുന്നു. അറിയപ്പെടാത്തതും അതേസമയം അസുഖകരമായതുമായ എന്തോ സംഭവിക്കാന്‍ പോകുന്നതു പോലെ.

കുറ്റത്തില്‍ പങ്കുള്ളതിന്റെ പരിഭ്രമമൊ, അതൊ ഇല്ലാതെയും ശിക്ഷിക്കപ്പെടുമോ എന്ന ഭീതിയോ ആയിരിക്കണം.

ഇതൊരു തുടക്കമല്ലെ, അടുത്ത ദിവസങ്ങളില്‍ പലതിനും, പലര്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം.

ഒന്നുറപ്പാക്കണം സത്യം വിജയിക്കണം പക്ഷെ കുറ്റവാളികള്‍ മാത്രമേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളു.

"സത്യമേവ ജയതെ"

Sunday, August 23, 2009

വാക്കിലെ വര്‍ണ്ണങ്ങള്‍

മഷി മാറ്റിയെഴുതി ഞാന്‍ വാക്കുകളെ വീണ്ടും
ആ വര്‍ണ്ണങ്ങള്‍ മാറിയ വരകളെ നോക്കി ഞാന്‍
വരയിലെ വര്‍ണ്ണങ്ങള്‍ വരികളില്‍ കാണുമോ
വരിയിലെ വര്‍ണ്ണങ്ങള്‍ വാക്കിലും ചേരുമോ
വര്‍ണ്ണത്തില്‍ വാക്കുകള്‍ പുതിയ അര്‍ഥങ്ങള്‍ തേടുമോ
അതോ -
വര്‍ണ്ണങ്ങള്‍ക്കിടയിലും എന്റെ വാക്കുകള്‍ അര്‍ത്ഥശൂന്യങ്ങളാകുമോ

മര്‍ത്ത്യന്‍

Thursday, August 13, 2009

കഥയിലെ കാമുകി

കഥയിലെ കാമുകി കുടെ വിളിച്ചു
ഒന്നിനി വിണ്ടും തമ്മില്‍ കാണാന്‍
കരയും യമുനതന്‍ തീരത്തിരിക്കാന്‍
കല്‍പ്പടവുകളില്‍ കവിതകളെഴുതാന്‍

കഥയിലെ കാമുകി കുടെ വിളിച്ചു...

ഒരു വാക്ക് ചൊല്ലാന്‍ , ഒരു വാക്ക് കേള്‍ക്കാന്‍
പരസ്പരം മിഴികളില്‍ മിഴിനട്ടിരിക്കാന്‍
ഗാസലുകള്‍ പാടി  സന്ധ്യയെ ഉറക്കാന്‍
നദിയുടെ മടിയില്‍ നക്ഷത്രമെണ്ണാന്‍

കഥയിലെ കാമുകി കുടെ  വിളിച്ചു...

രാത്രിവിളക്കില്‍ , തണുപ്പിന്‍ മറവില്‍
കൈകൊര്‍ത്തിരിക്കാന്‍ , പരസ്പരം പുണരാന്‍
അധരത്തില്‍ അധരം ഇണചെരുമ്പോള്‍
പരസ്പരമറിയാന്‍ , ഒന്നായി തീരാന്‍

കഥയിലെ കാമുകി കുടെ വിളിച്ചു...
കഥയിലെ കാമുകി കുടെ വിളിച്ചു...

-മര്‍ത്ത്യന്‍

വിടരുത്‌, ഒരുത്തനേയും.....

ജനലില്‍ പിടിച്ച്‌ നിന്നപ്പോള്‍ അല്‍പം ആശ്വാസം തോന്നി. കൈയ്യിലുണ്ടായിരുന്ന പുസ്തകം നിലത്ത്‌ വീണിരിക്കുന്നു. പേനയില്‍ നിന്നുള്ള മഷി അപ്പാടെ ജുബ്ബയില്‍ തെറിച്ചിരിക്കുന്നു. മുഖത്ത്‌ തൊട്ടു നോക്കി, മൂക്കിനു താഴെ മുറിഞ്ഞിട്ടുണ്ട്‌, നല്ല നീറ്റലുണ്ട്‌, മീശയിരുന്നിരുന്നിടത്ത്‌ എന്തോ വലിയ നഗ്നത അനുഭവപ്പെട്ടു. ടേബിളില്‍ നിന്നും കണ്ണടയെടുത്തിട്ടിട്ട്‌ കണ്ണാടിക്കടുതേക്ക്‌ നീങ്ങി. ഉറങ്ങാന്‍ ഒരുക്കം കൂട്ടുകയായിരുന്നത്‌ കൊണ്ട്‌ കണ്ണട ഭദ്രമായി ഊരി വച്ചിരുന്നു. അതേതായലും ഭാഗ്യമായി.

കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആദ്യമൊന്ന് പേടിച്ചു, ഒരപരിചിതന്‍. മീശയും ഇടത്തേ പിരികവും, വലത്തു ഭാഗത്തെ മുടിയിലും റേസര്‍ പ്രയോകിച്ചിട്ടുണ്ട്‌. തനിക്കു തന്നെ മനസ്സിലാകുന്നില്ല. പിരികം പോയാല്‍ ആളെ തിരിച്ചറിയില്ല എന്ന് കേട്ടിട്ടുണ്ട്‌, ഇപ്പോള്‍ കണ്ടു. കഴിഞ്ഞത്‌ വീണ്ടും ഓര്‍ക്കാന്‍ നോക്കി, നാല്‌ അല്ല അഞ്ചു പേരുണ്ടായിരുന്നു. ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോഴാണ്‌ വാതിലില്‍ മുട്ടിയത്‌. തുറക്കില്ലായിരുന്നു, പക്ഷെ ജോണിന്റെ പരിചിതമായ ശബ്ദം കേട്ടപ്പോള്‍ ചെന്ന് തുറന്നു, മുഖത്ത്‌ പുതപ്പിട്ടത്‌ ഓര്‍മ്മയുണ്ട്‌, പിന്നെ തലങ്ങും വിലങ്ങും ഇടിയും ചവിട്ടും. കസേരയിലേക്ക്‌ പിടിച്ച്‌ ഇരുത്തിയപ്പോഴാണ്‌ സംഗതി അവിടെ വച്ച്‌ തീര്‍ക്കാന്‍ അവര്‍ക്ക്‌ പ്ലാനില്ലെന്ന് ബോദ്ധ്യമായത്‌. ആദ്യമല്ലാതെ പിന്നെ ജോണിന്റെ ശബ്ദം കേട്ടില്ല. പുതപ്പൂരി വായില്‍ തുണി തിരുകിയപ്പോള്‍ കണ്ണ്‌ തുറന്ന് നോക്കി, മുറിയില്‍ മുഴുവന്‍ ഇരുട്ടായിരുന്നു, എങ്കിലും ചുറ്റും ആള്‍പെരുമാറ്റം വ്യക്തമാണ്‌. പിന്നെ കണ്ണുകളും ചെവിയും കൂട്ടി തോര്‍ത്തോണ്ട്‌ കെട്ടി. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധവും അറ്റുപോയപോലെ.

ചുണ്ടിന്റെ മുകളില്‍ നനവ്‌ തട്ടിയപ്പോഴാണ്‌ പലതും നേരെ ചൊവ്വെ മനസ്സിലായി തുടങ്ങിയത്‌. റേസര്‍ മീശയിലും, പിന്നെ പിരികതിലും, തലയിലും ചലിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാം വ്യക്തമായി ഒര്‍മ്മവന്നു.

ജോണിന്റെ വീട്ടിനടുത്തായിരുന്നത്‌ കൊണ്ട്‌ അല്‍പം ലിവറേജ്‌ താന്‍ പ്രതീക്ഷിച്ചിരുന്നു. തന്നെക്കാള്‍ മൂന്ന് കൊല്ലം സീനിയറും, മാത്രമല്ല, ഇപ്പോള്‍ കോളേജില്‍ തന്നെ സൂപ്പര്‍ സീനിയറുമായിരുന്നല്ലോ ജോണ്‍. അവന്റെ ജൂനിയര്‍ പയ്യന്മാരാണ്‌ ആദ്യം മീശയെടുക്കാന്‍ പറഞ്ഞത്‌, എടുക്കാഞ്ഞപ്പോള്‍ അടുത്ത ദിവസം അത്‌ താക്കീതായി "മുഴുവന്‍ വടിച്ച്‌ കളയുമെടാ" എന്നായി. ജോണിനോട്‌ പറഞ്ഞപ്പോള്‍ അവനും പറഞ്ഞു കാര്യമാക്കേണ്ടെന്ന്. പക്ഷെ ഇങ്ങിനെ ചെന്നവസാനിക്കും എന്ന് കരുതിയില്ല.

അന്നാരൊക്കെയുണ്ടായിരുന്നു കാന്റീനില്‍ വച്ച്‌ തന്നെയും രഘുവിനെയും തടുത്ത്‌ നിര്‍ത്തി ചോദ്യം ചെയിതപ്പോള്‍ അനിഷ്‌, ഇബ്രാഹിം, സന്തോഷ്‌.. പിന്നെ.. അവര്‌ മതി ബാക്കി പേരുകള്‍ അവരില്‍ നിന്നും കിട്ടും.. അവരാണെങ്കില്‍.. ഇനി അല്ലെങ്കില്‍ അതപ്പോള്‍ നോക്കാം

പക്ഷെ ജോണ്‍, അവനെന്തിനിങ്ങനെ, ഇനി അത്‌ ജോണായിരിക്കില്ലെ...

വീണ്ടും ഓര്‍ത്തു..

അല്ല ജോണല്ല, അവന്‍ രാവിലെ പോയതാണ്‌, തന്നോട്‌ പറഞ്ഞതാണ്‌ വീട്ടിലെക്ക്‌ തിരിച്ച്‌, ഒരാഴ്ച്ച കഴിഞ്ഞെ വരുകയുള്ളെന്ന്. ഇതെന്തു കൊണ്ട്‌ തനിക്ക്‌ ഓര്‍മ്മ വന്നില്ല.

ഛെ!! ഇതൊഴിവാക്കാമായിരുന്നു, അവര്‌ കതക്‌ പോളിക്കില്ല എന്നു കരുതിയാല്‍ ഈ സംഭവം നടക്കില്ലായിരിക്കാം. അവര്‍ വച്ച വലയില്‍ ചെന്ന് ഇത്ര പെട്ടന്ന് കുടുങ്ങരുതായിരുന്നു.

ഇനി പറഞ്ഞിട്ടെന്തു കാര്യം, വിടരുത്‌, ഒന്നിനേയും...

ഡ്രോ തുറന്ന്‌ ആപല്‍ഘട്ടത്തിന്‌ വേണ്ടി താന്‍ കരുതിയിരുന്ന കത്തിയെടുത്തു, കണ്ണാടി നോക്കി വടിച്ച പിരികത്തിനു മുകളിലൂടെ കോറി.. ചോര ഇറ്റിറ്റായി കണ്‍പോളകള്‍ക്ക്‌ മുകളിലൂടെ കവിളിലേക്കും പിന്നെ ജുബ്ബയിലേക്കും വീണു.

റേസറെടുത്ത്‌ ബാക്കിയുള്ള മുടിയിലൂടെ പ്രവര്‍ത്തിപ്പിച്ചു..

വിടരുത്‌, ഒരുത്തനേയും.....

Friday, July 24, 2009

ഒളിച്ചോട്ടം

ഇന്നുവരെ ചെയിതതൊന്നും തെറ്റാണെന്ന് തോന്നിയിട്ടില്ല. ഇന്നും അതേ തോന്നുന്നുള്ളു, പക്ഷെ ഈ അവസരത്തില്‍ അവരത്‌ പറയരുതായിരുന്നു. ആദ്യമായി ജീവിതതില്‍ എന്തെങ്കിലും ചെയ്യാന്‍ തുനിയുമ്പോള്‍ അവരില്‍ നിന്നും ഈ പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല. എല്ലാം തിരുമാനിച്ച്‌ കഴിഞ്ഞ്‌ വണ്ടിക്കുള്ള ടിക്കറ്റും എടുത്ത്‌ അറിയിക്കാന്‍ ചെന്നപ്പോള്‍ ആശംസകളുടെ നാലു വാക്കുകള്‍ക്ക്‌ പകരം..

"എന്നാലും നിനക്ക്‌ ഞങ്ങളോടൊരു വാക്ക്‌ പറയാമായിരുന്നില്ലെ, ഞാങ്ങളെന്താ നിനക്ക്‌ അന്യരാണൊ"

"അതിന്‌ ഞാന്‍ എനിക്കു ഏറ്റവും ഉചിതമെന്ന് തോന്നിയ ഒരു തിരുമാനം എന്ന നിലക്ക്‌, എന്നെ സ്നേഹിക്കുന്നവരുടെ ആഗ്രഹവും ഇതായിരുന്നു, പിന്നെ എന്നായാലും ഇത്‌ വേണ്ടേ, ഇന്നല്ലെങ്കില്‍ നാളെ"

അവര്‍ക്കത്‌ തൃപ്തികരമായില്ലെന്ന് തോന്നുന്നു
"പക്ഷെ നീ ഞങ്ങളേ അറിയിച്ചിരുന്നെങ്കില്‍ എന്തെങ്കിലും പോംവഴി കണ്ട്‌ പിടിക്കാമായിരുന്നു, മാത്രാമല്ല, രഘുവിന്റെ വീട്ടില്‍ നിനക്ക്‌ താമസവും ശരിയാക്കാമായിരുന്നു. ആരാണെങ്കിലും നമ്മള്‍ക്കും ഇല്ലെ ഒരഭിമാനമൊക്കെ, ഇപ്പോള്‍ നീ എല്ലാം ഇട്ടെറിഞ്ഞ്‌, ഒരു പരാജിതനെ പോലെ , ഇതൊര്‌ ഒളിച്ചോട്ടമല്ലെ മനു"

ഒളിച്ചോട്ടം പോലും, എന്തൊളിച്ചോട്ടം, ഇവരൊക്കെ ചെയ്യുന്നതാണ്‌ ഒളിച്ചോട്ടം, ഞാന്‍ ഒന്നുമില്ലെങ്കില്‍ ഒരു പരിഹാരം എന്ന നിലക്കാണ്‌ ഇവിടം വിടുന്നത്‌,ഇവരോ ഇവിടെ തന്നെ നിന്ന് തങ്ങളില്‍ നിന്നും അന്യരില്‍ നിന്നും നിത്യവും ഒളിച്ചു നടക്കുന്നു, എന്നിട്ടിപ്പോള്‍ എല്ലാത്തിനും ഒരു വഴി കണ്ടു പിടിച്ചപ്പോള്‍ ഒളിച്ചോട്ടമാണു പോലും.

പറയുന്നത്‌ കേട്ടാല്‍ തോന്നും, ജമാല്‌ കഴിഞ്ഞ വര്‍ഷം ആറു മാസം കൂര്‍ഗില്‍, അമ്മാമന്റെ കൂടെ സുഖവാസത്തിന്‌ ചെന്ന് നിന്നതാണെന്ന്. കയ്യും കാലും വെട്ടും എന്ന് പറഞ്ഞ്‌ നമ്പ്യാരടെ ആള്‍ക്കാര്‍ ഓടി നടന്നത്‌ എല്ലാവര്‍ക്കും അറിയാം. പിന്നെ അനിതയെ എതോ അമേരിക്കക്കാരന്‍ വന്ന് കെട്ടി കൊണ്ട്‌ പോയപ്പോഴാണ്‌ ജമാല്‍ നാട്ടിലെതിയത്‌. എന്നിട്ട്‌ ഇത്രയൊക്കെ ഇവിടെ നടന്നോ എന്നൊരു ചോദ്യവും. ആരെയാണവന്‍ പൊട്ടനാക്കാന്‍ ശ്രമിച്ചത്‌, നമ്പ്യാരുമായി അമ്മാമന്‍ നടത്തിയ ഒരു സെറ്റില്‍മെന്റ്‌, ജമാലിനെ അനിതയുടെ കല്യാണം കഴിഞ്ഞെ ഇവിടെ കണ്ടു പോകാവു എന്നായിരുന്നു കരാര്‍ എന്ന് നാടിനു മുഴുവന്‍ അറിയാവുന്നതല്ലെ.

തന്നേ ഗുണദോഷിക്കാന്‍ ഇന്ന് മുന്‍പന്തിയിലും അവനാണ്‌, പിന്നെ ഹരി, അവനാണ്‌ രാത്രിക്ക്‌ രാമാനം ജമാലിനെ വണ്ടിയോടിച്ച്‌ കൂര്‍ഗിലെത്തിച്ചത്‌.

പിന്നെ സുകു, IAS പരീക്ഷക്ക്‌ പഠിക്കുന്നെന്നും പറഞ്ഞ്‌ നടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം അഞ്ചായി, ഡിഗ്രി പാസാവാത്ത കാര്യം അവന്‍ മറന്നുവെങ്കിലും തനിക്കിന്നും ഓര്‍മ്മയുണ്ട്‌.

ഒളിച്ചോട്ടമാണത്രെ....ഒളിച്ചോട്ടം

എന്തില്‍ നിന്നോടണം. പഠിപ്പ്‌ കഴിഞ്ഞ്‌ ഇത്രകാലമായിട്ടും ഒരു ജോലിയിലും കയറാതെ ഇവരുടെ കൂടെ നടന്നതിന്‌ അച്ഛന്‍ അവസാനത്തെ വഴി എന്ന നിലക്ക്‌ വീട്ടില്‍ കയറരുതെന്ന് പറഞ്ഞപ്പോള്‍, ഒന്നും ചെയ്യാതെ തിരിച്ചു വിളിക്കുന്ന നേരം വരെ രഘുവിന്റെ വീട്ടില്‍ തങ്ങണോ, അതൊ അവരിറക്കി വിട്ടാല്‍ പിന്നെ ജമാല്‍, പിന്നെ സുകു, പിന്നെ ഹരി എന്നിങ്ങനെ ഒരോരുത്തരുടെ സഹായത്തില്‍ അങ്ങിനെ വീടും കുടിയുമില്ലാതെ നടക്കണോ.

ഇന്നലെ രാത്രി കയറി ചെന്നപ്പോള്‍ വൈകിയിരുന്നു അച്ഛന്‍ ഉറങ്ങിയിട്ടില്ല. ഉമ്മറത്തിരിക്കുന്നുണ്ട്‌, കയ്യില്‍ ഒരു കെട്ട്‌ പേപ്പറും, താന്‍ പലപ്പോളായി കുറിച്ചിട്ടിരുന്ന വരികളുടെ സമാഹാരം..

"ഇങ്ങനെ കുത്തി കുറിച്ചിട്ടാല്‍ ആരെങ്കിലും വായിലേക്ക്‌ വിളമ്പി തരും എന്ന് കരുതിയോ, അതോ ഞാന്‍ നിന്നെ കാലാകാലം ഊട്ടിക്കൊള്ളാം എന്നേറ്റിട്ടുണ്ടോ. ഇന്ന് ഇവിടെ അത്താഴം കഴിച്ച്‌ കിടന്നുറങ്ങാം നാളെ പുലര്‍ച്ചെ ഇറങ്ങി കൊള്ളണം."

"പക്ഷേ അച്ഛാ ഞാന്‍...", പറഞ്ഞ്‌ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല, കൈ ഉയര്‍ത്തി നിര്‍ത്താന്‍ ആംഗ്യം കാട്ടി. എന്നിട്ട്‌ ഒരു പൊതി കയ്യിലേല്‍പിച്ചു.

"സതിയുടെ വിവാഹത്തിനെന്ന് കരുതി വച്ചിരുന്നതില്‍ നിന്നാണ്‌, ഇതാ നാല്‍പ്പതിനായിരം രൂപയുണ്ട്‌. നീ എന്റെ മുന്‍പില്‍ കിടന്ന് നശിക്കുന്നത്‌ കാണാന്‍ എനിക്ക്‌ കഴിയില്ല, അതു കൊണ്ട്‌ നീ നാളെ ഈ പണവുമായി നിന്റെ മനസ്സ്‌ പറയുന്ന വഴി പോകണം. നാളെ എന്നെങ്കിലും നിനക്ക്‌ ഇത്‌ തിരിച്ചേല്‍പ്പിക്കാന്‍ പറ്റിയാല്‍ ഈ വാതില്‍ എന്നും നിനക്കു വേണ്ടി തുറന്നിരിക്കും, മറിച്ചാണെങ്കില്‍, നിന്റെ കൂടെ എന്റെ അനുഗ്രഹങ്ങളല്ലാതെ മറ്റൊന്നുമുണ്ടാവില്ല, ഞങ്ങളോ ബന്ധങ്ങളോ ഒന്നും."

തനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മുറിയിലേക്ക്‌ പോയി. പോകുന്ന വഴി അമ്മയോട്‌ പറയുന്നത്‌ കേട്ടു. "അവന്റെ നന്മക്ക്‌ തന്നെയാണ്‌, അവന്‍ അത്താഴം കഴിച്ച്‌ കിടക്കട്ടെ."

അമ്മ അത്താഴം വിളമ്പി അടുത്ത്‌ വന്നിരുന്നു, സതിയും കൂട്ടിനിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അമ്മക്ക്‌ പലതും പറയണമെന്നുണ്ടായിരുന്നെന്ന് തോന്നുന്നു പക്ഷെ എന്റെ തോളില്‍ കൈ വച്ച്‌ അടുത്തിരുന്നേയുള്ളു. സതിയും അവളുടെ പുസ്തകവുമായി അടുത്തിരുന്നു, വായിക്കുന്നില്ലെന്നറിയാം, അവളും ഒന്നും മിണ്ടിയില്ല. ഇന്ന് അവസാനമായി എന്റെ സാമിപ്യം, അതു മാത്രമേ അവരാഗ്രഹിച്ചിരുന്നുള്ളു എന്ന് തോന്നുന്നു.

പാവം അച്ഛന്‍, അവിടെ ഞങ്ങളുടെ കൂടെ ഇരിക്കാന്‍ അച്ഛനും ആഗ്രഹിച്ചിരിക്കണം, പക്ഷെ കഴിയില്ല, എന്റെ സ്വപ്നങ്ങള്‍ തെടിയുള്ള യാത്രയിലെക്ക്‌ എന്നെ ബലമായി ഉന്തി തള്ളി വിട്ടിട്ട്‌ അവിടെ എന്റെ കൂടെ ഇരിക്കാന്‍ കഴിയാതെ മുറിയില്‍ വിങ്ങി പൊട്ടി ഇരുന്നിട്ടുണ്ടായിരിക്കണം.

ഒളിച്ചോട്ടമാണു പോലും.... ഒളിച്ചോട്ടം
അച്ഛനെ ഇങ്ങനെ ഒരു തിരുമാനത്തില്‍ എത്തിച്ചത്‌ താന്‍ തന്നെയാണ്‌, അതിന്‌ പരിഹാരം അവിടെ തന്നെ നില്‍ക്കുകയല്ല. പോകണം ഈ നാട്ടില്‍ നിന്ന്, തന്റെ സൌകര്യങ്ങളുടെ ഈ ലോകത്തില്‍ നിന്ന്, അറിയപ്പെടാത്ത പലതിലേക്കും. തന്റെ സ്വപ്നങ്ങള്‍ പരിചിതങ്ങളെങ്കിലും അവയിലേക്കുള്ള വഴികള്‍ പലപ്പോഴും അപരിചിതമായിരിക്കും എന്നച്ഛന്‍ അറിഞ്ഞിരിക്കണം. അതിനൊരു കരുതലായിട്ടായിരിക്കണം ആ പണം ഏല്‍പ്പിച്ചത്‌.

ഒളിച്ചോട്ടമാണു പോലും.... ഒളിച്ചോട്ടം
എന്റെയും, എന്നിലൂടെ എന്റെ അച്ഛനും കണ്ടിരുന്ന സ്വപ്നങ്ങളിലേക്കുള്ള കുതിച്ചോട്ടമാണ്‌ സുഹൃത്തുക്കളെ...

നിങ്ങളിന്നും അറിയാതെ പോകുന്നതും...
ഞാന്‍ എന്റെ ബന്ധങ്ങള്‍ക്ക്‌ കൊടുത്തിരുന്നത്‌ എന്റെ ജീവന്റെ പങ്കായിരുന്നു, എപ്പോഴും, അച്ഛനായലും, അമ്മയായാലും, സുഹൃത്തുക്കളായലും. ഈ മുറിച്ചു കൊടുക്കലില്‍ എന്റെ ജീവന്‍ തീര്‍ന്നു കൊണ്ടിരിക്കുന്നത്‌ എന്റെ അച്ഛനു മാത്രമെ കാണാന്‍ കഴിഞ്ഞുള്ളു എന്നതാണ്‌ സത്യം....

Friday, April 3, 2009

സിംഹം

"എന്താടൊ പതിവില്ലാതെ ഈ വഴിക്ക്‌"
"ഞാന്‍ അഹല്യേനെ കാണാന്‍ വന്നതാ"
"ങൂം? എന്താ കാര്യം"
"ഏയ്‌ ഒന്നുല്യാ"

കുഞ്ഞുണ്ണിക്ക്‌ അവിടെ ചെല്ലുന്നത്‌ ഒട്ടും ഇഷ്ടമായിട്ടല്ല, പക്ഷെ അഹല്യയുള്ളത്‌ കൊണ്ട്‌ മാത്രം. പിന്നെ എപ്പോഴും പല്ലു പോയ ഈ സിംഹത്തിനെ ഇങ്ങനെ പുറത്ത്‌ കെട്ടിയിട്ടിട്ടുണ്ടാവും.
പല്ലു പോയിന്നേ ഉള്ളു നാവിന്‌ നല്ല ഉശിരാ, അഹല്യേടെ മുത്തശ്ശന്‍ അസത്തിന്‌. എപ്പോഴും ഒര്‌ കളിയാക്കലും അര്‍ഥം വച്ച പറച്ചിലുകളും.