Thursday, June 28, 2012

എന്തൊക്കെയുണ്ട്...?

അകത്ത് കോഫി മേക്കറില്‍
ഇന്നലെ പൊടിച്ചു കൊണ്ടു വന്ന
കാപ്പിക്കുരു കിടന്നു തിളയ്ക്കുന്നു
മയക്കവും ഉണര്‍വ്വും ചേര്‍ന്നൊരുക്കുന്ന
ഒരു വല്ലാത്ത മണം...
പുറത്ത് ഉദിക്കാന്‍ മടിച്ചു നില്‍ക്കുന്ന
ഇന്നലെ പിണങ്ങി പോയ അതെ സൂര്യന്‍....
ജനാലകളില്‍ പറ്റിക്കിടന്നിരുന്ന
രാത്രിയില്‍ പെയ്ത മഴയുടെ
നിലത്തു വീഴാതെ രക്ഷപ്പെട്ട
കുഞ്ഞു തുള്ളികള്‍....
അവസാനം തോറ്റ് പിടിവിട്ട്
ഉരസി വീണു ചാകുന്നു....
പകുതിയുറക്കത്തില്‍ തൂങ്ങുന്ന പൂവുകള്‍
തുള്ളികളേറ്റുണരുന്നു.......
തലപൊക്കി എത്തി നോക്കി മെല്ലെ ചോദിക്കുന്നു
"ഇന്നെന്താണ് മര്‍ത്ത്യാ പുതിയതായിട്ട്
നിന്റെ ലോകത്ത്...?"
-മര്‍ത്ത്യന്‍-

Monday, June 25, 2012

അങ്ങിനെ പലതും പോലെ ഇതും..

ക്രൂരമെങ്കിലും മധുരിതമായിരുന്നു
കഴിഞ്ഞു പോയ ഓരോ നിമിഷവും....
വിശ്വാസത്തിന്റെ ഓരോ നോട്ടവും
എല്ലാം പറഞ്ഞറിയിച്ചിരുന്നു.... എന്നും...
മരിച്ചിരുന്നെങ്കിലും ജീവന്‍ തുടിച്ചിരുന്നു
കാറ്റില്‍ നിലത്തു വീണു കിടന്നിരുന്ന
എല്ലാ ഇലകളിലും....
വേദനയിലും സന്തോഷിപ്പിച്ചിരുന്നു
ക്ഷണിക്കാതെ കടന്നു വരുന്ന
എല്ലാ തോല്‍വികളും....
സത്യത്തിന്റെ ഒരു നേരിയ അംശത്തില്‍
എല്ലാം അവസാനിക്കുമായിരും എന്നെങ്കിലും....
ആശയുടെ മറ്റൊരു കിരണം പോലെ
ഇതും മാഞ്ഞു മറഞ്ഞു പോകുമായിരിക്കും....അല്ലെ..?
-മര്‍ത്ത്യന്‍-

Saturday, June 23, 2012

അങ്ങിനെയും ഒരു കത്ത്...

നിനക്ക് കിട്ടിയിരുന്ന പ്രേമാഭ്യര്‍ഥനകള്‍ക്കിടയില്‍
വളരെ തുച്ചമായിരുന്നു എന്റെ സൌഹൃതം അല്ലെ....?
അങ്ങിനെ ആരുമറിയാതെ മുങ്ങി മറഞ്ഞു പോയ
ആ പരിചയം പൊടിതട്ടിയെടുത്ത്
എന്തെ ഇന്നിങ്ങനെ കത്തയച്ചത്...?
പ്രേമത്തിലെക്കുള്ള നിന്റെ വഴികളില്‍ കളഞ്ഞു പോയ
പല അടുപ്പങ്ങളും തിരഞ്ഞിറങ്ങിയതാണോ...?
സാരമില്ല....ഞാന്‍ മറുപടി അയക്കാം...
-മര്‍ത്ത്യന്‍-

Thursday, June 21, 2012

സ്വപ്നം

നിന്റെ നിഷേധത്തിന്റെ ഓരോ കാല്‍വെയ്പിലും
ചതഞ്ഞരഞ്ഞത് ഞാന്‍ കണ്ട സ്വപ്നങ്ങളാണ്
ആ സ്വപ്നങ്ങളുടെ ചിറകേറി ഇത്ര ദൂരം വന്നു
ഇനി പറന്നില്ലെങ്കിലും നിരങ്ങിയെങ്കിലും ഞാന്‍
എന്റെ നിശ്ചിത അന്ത്യത്തിലേക്ക് എത്തി കൊള്ളാം
-മര്‍ത്ത്യന്‍-

പ്രടിക്റ്റബിളിറ്റി

"ഉദിച്ചു എന്നതൊക്കെ ശരി തന്നെ. അനേകായിരം വര്‍ഷങ്ങളായി ഇത് തന്നെയല്ലേ പതിവ് "
സൂര്യന്‍ അല്‍പനേരം മൌനിയായി എന്നിട്ട് പറഞ്ഞു "പക്ഷെ ഇന്നെന്തോ ഒരുഷാറു പോരാ.."
വീണ്ടും എന്നെ നോക്കി "നിനക്കോര്‍മ്മയുണ്ടോ ആ 2003ഇലെ സമ്മര്‍"
"ണ്ട്.." ഞാന്‍ പറഞ്ഞു
"അത് നോക്കുമ്പോള്‍ ഇന്ന് വെയില് പോരാ എന്ന് തോന്നുന്നില്ലേ..?"
ഞാന്‍ മുകളിലേക്ക് നോക്കി. ആകാശത്തില്‍ മേഖങ്ങളൊന്നും ഇല്ല എന്നിട്ടും വെയ്ലിനു മൂര്‍ച്ച പോരാ
"എന്താ കാരണം" ഞാന്‍ സുര്യജി യോട് ചോദിച്ചു
"അത് തന്നെയാണ് കുട്ടാ ഞാനും പറഞ്ഞത് ഒരുഷാറു പോരാ...ഒരു മടുപ്പ് പോലെ"
"പക്ഷെ അങ്ങിനെ പാടുണ്ടോ..?"ഞാന്‍ എവിടുന്നോ വന്ന ഒരു പരിഭ്രമം മറച്ചു വച്ച് ചോദിച്ചു
"പാടില്ല എന്ന് എവിടെയും എഴുതി വച്ചിട്ടില്ലല്ലോ.. എല്ലാത്തിനും ഒരു മടുപ്പില്ലെ...എത്ര കാലമെന്ന് വച്ചാ ഇങ്ങനെ കൃത്യ സമയത്ത് വരും പോവും ചെയ്യാ...?"

സൂര്യജി എന്നെ നോക്കി.. എന്റെ മുഖത്ത് പരിഭ്രമം കണ്ടിട്ടാവണം. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു
"ഞാന്‍ നാളെ വര്ല്ല്യാ..ഇന്നിനി പോവില്ല്യാ എന്നൊന്നും വേവലാതി വേണ്ട...പക്ഷെ മടുപ്പുണ്ട്..."

ഞാനും ചിരിച്ചു എന്നാലും എന്റെ ഉള്ളില്‍ ആശങ്ക ഇല്ലാതായില്ല. ഇനി നാളെ മടുപ്പ് സഹിക്യ വയ്യാതെ പറഞ്ഞത് പോലെ വല്ല കടുംകൈയ്യും ചെയ്താലോ..?രണ്ടും ബുദ്ധിമുട്ടാവും ഉദിക്കില്ലെന്നു ശഠിച്ചാലും.. ഉദിച്ചിട്ട്‌ അസ്തമിക്കില്ലെന്നു തിരുമാനിച്ചാലും..ഞാന്‍ സൂര്യജിയെ നോക്കി..

എന്റെ മനസ്സ് മനസ്സിലാക്കിയിട്ടാവും സൂര്യജി പറഞ്ഞു "വിഷമിക്കണ്ടടോ അതിന്റെ പ്രത്യാഘാതങ്ങള്‍ എനിക്കും അറിയാം...എന്നാലും നിങ്ങളുടെയെല്ലാം ജീവതത്തിന്റെ എല്ലാ അംശങ്ങളും എന്റെ ഒരു കണ്ട്രോള്‍ഡ് എക്സിസ്റ്റന്‍സിലാണല്ലോ എന്നാലോചിച്ച് നിങ്ങള്‍ക്കൊരു വിഷമവുമില്ലേ...?"

ശരിയാണ് ഇതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആവോ. ലോകം സോളാറിനു പുറകെയാണത്രെ... അതാണത്രേ നമ്മുടെ നാളെയുടെ ഊര്‍ജ്ജ പദ്ധതി...

ഞാന്‍ സൂര്യജിയെ നോക്കി "പക്ഷെ ഉദിക്കുകയും അസ്തമിക്കുകയുമല്ലേ നിങ്ങളുടെ കര്‍മ്മം..? അത് യഥാക്രമം നടന്നില്ലെങ്കില്‍ ലോകത്തില്‍ ഫാക്റ്റ് എന്നോന്നുണ്ടാവില്ലല്ലോ...? നിങ്ങളല്ലേ ലോകത്തിലെ പ്രടിക്റ്റബിളിറ്റിയുടെ ഒരേയൊരുദാഹരണം...മറ്റെല്ലാം വെറും കേട്ട് കഥകളും ഊഹാപോഹങ്ങളുമല്ലേ...?"

സൂര്യജിക്ക് എന്റെ നിഗമനങ്ങള്‍ പിടിച്ചില്ലെന്നു തോന്നി "പ്രടിക്റ്റബിളിറ്റി....എന്താണ് ഈ പ്രടിക്റ്റബിളിറ്റി..? മര്‍ത്ത്യന്‍ ഉണ്ടായ കാലം മുതല്‍ പ്രടിക്റ്റ് ചെയ്യാന്‍ നോക്കുകയല്ലേ...? ഭാവി മാത്രമല്ല ഭൂതവും അവന്‍ മേനെഞ്ഞെടുക്കുകയല്ലേ...? പ്രടിക്റ്റബിളിറ്റി...മൈ ഫുട്ട്... ലോകത്തിന്റെ തുടക്കം മുതല്‍ക്ക്‌ എല്ലാത്തിനും ദൃക്സാക്ഷിയായി നില്‍ക്കുന്ന ഞാന്‍ നിങ്ങളുടെ പല നിഗമനങ്ങളും കണ്ടു അതിശയിച്ചിട്ടുണ്ട്...ദിസ്‌ ഈസ്‌ നോട്ട് പ്രടിക്റ്റബിളിറ്റി ബട്ട്‌ എ പുവര്‍ ഫോം ഓഫ് ക്രിയേറ്റിവിറ്റി.." സൂര്യജി തന്റെ തന്നെ തമാശയില്‍ കുലുങ്ങി ചിരിച്ചു...

അതും ശരി തന്നെ എത്രയെത്ര പ്രവചനങ്ങള്‍..ഇന്നലത്തെ പ്രവചനങ്ങള്‍ ശരിയാണെന്നും അല്ലെന്നും വാദിച്ച് ഇന്നിനെ കാണാതെ പോകുന്നതല്ലേ മര്‍ത്ത്യന്റെ കഥ...പക്ഷെ പ്രവചനങ്ങള്‍ സത്യമായാല്‍ ഭാവിയെ തന്റെ ചോല്പിടിക്ക് നിര്‍ത്താനും വേണമെങ്കില്‍ മാറ്റാനും കഴിയുമെന്ന ചിന്തയായിരിക്കണം..പക്ഷെ ഇനി ഭാവി മാറ്റിയാല്‍ ഓട്ടോമാറ്റിക്കായി പ്രവചനം തെറ്റിയില്ലെ.. ഇതൊരു വലിയ പ്രശ്നം തന്നെ...

ഞാന്‍ മിണ്ടാതിരുന്ന് ആലോചിക്കുന്നത് കണ്ട് സൂര്യജി പറഞ്ഞു "എന്താ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ലേ...?എല്ലാം ശുദ്ധ മണ്ടത്തരമാണെന്ന് തോന്നുന്നില്ലേ...? വിപ്ലവം..രാഷ്ട്രീയം..മതം..മതേതരത്വം...ദൈവം..നിരീശ്വരവാദം.. എല്ലാം..വെറും ബോഷ്ക്ക്...അല്ലെ..?"

"പക്ഷെ സയന്‍സ്..."ഞാന്‍ ഇടപെട്ടു
"ങാ... സയന്‍സ്..അതും എന്റെ ചുറ്റുമുള്ള വേറൊരു നെട്ടോട്ടം..എന്നിട്ട് എന്നെയും വിട്ട് മറ്റെവിടെയ്ക്കോ ഓടുന്നു...മതങ്ങളും രാഷ്ട്രീയങ്ങളും തത്ത്വശാസ്ത്രങ്ങളുമായി സന്ധി ചെയ്ത് അവരും നശിക്കുന്നു..."

ഞാന്‍ സൂര്യജിയെ നോക്കി..
"അല്ല എന്തിനാണിത്...? ഒരു കാരണം വേണ്ടേ..? മര്‍ത്ത്യന്‍ നന്നാവുന്നുണ്ടോ...അവന്റെ മനസ്സ് പുരോഗമിക്കുന്നുണ്ടോ...? തമ്മില്‍തല്ലല്ലേ എന്നും...ഇതെല്ലാം കണ്ട് ദിവസവും അതെ പല്ലവി പാടി ഞാനും... മടുത്തെടോ..മടുത്തു.."

സൂര്യജി എന്നെ നോക്കി "താന്‍ പേടിക്കണ്ട ഞാന്‍ വിഷമം കൊണ്ട് പറഞ്ഞതാണ്..താന്‍ കാര്യമാക്കണ്ട...എനിക്ക് പോകാന്‍ സമയമായി..."
പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു "സമയം.... അതും എന്നില്‍ തന്നെ അല്ലെ...കഷ്ടം..?"

സൂര്യജി പിന്നെ ഒന്നും പറയാതെ മലകള്‍ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ ഞാന്‍ ഇരുട്ടിലേക്ക് നോക്കിയിരുന്നു..ഇരുട്ടയിരിക്കണം മര്‍ത്ത്യന്റെ സുഹൃത്ത്....വെളിച്ചം അവനെ നഗ്നമാക്കുന്നു..അവന്റെ പൊള്ളത്തരങ്ങള്‍ വിളിച്ചു കൂവുന്നു...ഇനി നാളെ വരെ മാത്രം അവശേഷിക്കുന്ന ഒരു ചങ്ങാത്തം ഇരുട്ടും മര്‍ത്ത്യനുമായി....സൂര്യജി നാളെ വീണ്ടും വരും....മര്‍ത്ത്യന് അവന്റെ ദയനീയാവസ്ഥ കാട്ടി തരും..അവന്‍ വീണ്ടും പൊട്ടനെ പോലെ ഒന്നും മനസ്സിലാക്കാതെ കഴിഞ്ഞു കൂടും..കഷ്ടം...

-മര്‍ത്ത്യന്‍-

അവള്‍

ഒരു ഫുള്‍ പാവാടയുടെ അറ്റത് നിന്നും എന്നെ നോക്കിയിരുന്ന
ഭംഗിയായി കിടക്കുന്ന കിലുങ്ങന്ന കൊലുസ്സായിരുന്നു അവള്‍
എത്രയോ കാലം.....
പിന്നെ അലസമായി അഴിച്ചിട്ട മുടികളില്‍ നിന്നും പലപ്പോഴും
എന്നെ തേടി വരാറുള്ള കാച്ചിയ വെളിച്ചെണ്ണയുമായി സല്ലപിക്കുന്ന
മുല്ലപ്പൂവിന്റെ മണമായിരുന്നു അവള്‍....
അങ്ങിനെ പലതുമായി അവസാനം എന്റെ
ജനലില്‍ നിന്നും എത്തി നോക്കിയാല്‍
അടുത്ത വീട്ടില്‍ കാണുന്ന തീന്‍ മേശയിലെ
അത്താഴം വിളമ്പുന്ന വളകളിട്ട കൈകളായി മാറി അവള്‍....
ഞാന്‍ ആഗ്രഹിച്ചത്‌ മാത്രമാവാതെ മറ്റു പലതുമായി
എന്റെ തൊട്ടടുത്ത്‌ തന്നെ ഒരു മതിലിനപ്പുറം അവള്‍ നിന്നു...
എന്നെ അറിയാതെ പോയ അവളുടെ വിധിയെ കുറിച്ച് പോലും
അറിവില്ലാതെ അങ്ങിനെ അകന്നു മാറി നിന്നു........
-മര്‍ത്ത്യന്‍-

Tuesday, June 19, 2012

മുഖക്കുരു പ്രണയങ്ങള്‍

കൌമാര പ്രണയങ്ങള്‍ രസകരമാണല്ലെ..?
അവളുടെ മുഖക്കുരുകളില്‍ പോലും
സൌന്ദര്യം കാണുന്ന ഒരു കാലമാണ്
അവള്‍ മുഖത്ത് ഒയിന്മേന്റും പൌടറുമിട്ട്
മിനുക്കി മറച്ചു നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍
അടുത്ത് ചെന്ന് നിന്ന് മെല്ലെ കാതില്‍
പറയും "കുട്ടി സുന്ദര്യാ ട്ടോ.."
അവള്‍ പൌടറിനെയും ഒയിന്മേന്റിനെയും
മനസ്സില്‍ സ്തുതിക്കുമ്പോള്‍ -
ഫുള്‍ ഷര്‍ട്ടിന്റെ കൈ ഒന്ന് കൂടി മടക്കി
അവളുടെ മുഖത്ത് നോക്കി ചിരിക്കും
വിയര്‍പ്പില്‍ ഒലിച്ചു പോയ പൌടറിന്റെയും
ഉപയോഗ ശൂന്യമായ ഒയിന്മേന്റിന്റെയും
ഇടയില്‍ കൂടി എത്തി നോക്കുന്ന
പൂ മൊട്ടുകളെ കൊണ്ട് നിറഞ്ഞ
മുഖം നോക്കി മനസ്സില്‍ വീണ്ടും പറയും
"ശരിക്കും അവള്‍ സുന്ദരി തന്യാ ട്ടോ.."
-മര്‍ത്ത്യന്‍-

Monday, June 18, 2012

കണ്ട് പഠിക്ക്

പാഠപുസ്തകത്തില്‍ അടിവരയിട്ട് വച്ചത്
വായിച്ചു പറഞ്ഞിട്ടല്ലല്ലോ
സുഹൃത്തേ നമ്മള്‍ ജീവിക്കുന്നത്
പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചതെല്ലാം
മറന്നാലും ജീവിക്കാനൊരു വഴി വേണ്ടേ
അതിനാണ് പണ്ട് പലരെയും കാട്ടി
അച്ഛനമ്മമാര്‍ പറയുന്നത്
അവളെ കണ്ട് പഠിക്ക്...
അല്ലെങ്കില്‍ അവനെ കണ്ട് പഠിക്ക് എന്ന്
അല്ല ഞാന്‍ പറഞ്ഞൂന്നേ ള്ളൂ...
നിങ്ങളെന്താ.ച്ചാ.. ചെയ്തോളിന്‍
ഞാന്‍ ഇവിടൊക്കെ ണ്ടാവും...
-മര്‍ത്ത്യന്‍-

Saturday, June 16, 2012

പത്രം

അന്നന്നത്തെ പത്രം വായിക്കാറില്ല
അത് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി
പിന്നെ നാട്ടില്‍ നിന്നും വല്ലതും പൊതിഞ്ഞു
കൊണ്ട് വന്നിരുന്ന പഴയ പത്രക്കടലാസില്‍
അച്ചടിച്ചിരുന്നത് വായിക്കാറുണ്ടായിരുന്നു
അങ്ങിനെ മാഞ്ഞും, പകുതി മുറിഞ്ഞും
ചൂടാറിയതുമായ വാര്‍ത്തകളായായത്‌ കൊണ്ട്
ഒരിക്കലും വായിച്ച് മനസ് പോള്ളാറില്ല....
-മര്‍ത്ത്യന്‍-

കോളേജില്‍....

കോളേജില്ലാത്തൊരു ദിവസം നോക്കി
കോളേജില്‍ പോയിട്ടുണ്ടോ...?
എന്നിട്ട് ഒഴിഞ്ഞു കിടക്കുന്ന ക്ലാസുമുറിയുടെ
മുന്‍പില്‍ കൂടി അലസമായി നടന്നിട്ടുണ്ടോ
അവളെയും കാത്ത് ഉച്ചക്ക് വരാന്തയില്‍
വെറുതെ ഇരുന്ന് സമയം കളഞ്ഞിട്ടുണ്ടോ...?
കാത്തിരുപ്പിനു ശേഷം അവള്‍ വന്നപ്പോള്‍
കൂട്ടത്തില്‍ അവളുടെ ആ നശിച്ച കൂട്ടുകാരിയെ
കണ്ട്, മനം നൊന്ത് അവളെ പ്രാകിയിട്ടുണ്ടോ...?
പിന്നെ കൈയിലുള്ള മൊത്തം കാശിന് അവര്‍ക്ക്
ജ്യൂസും ചോക്ലേറ്റും വാങ്ങി കൊടുത്ത്
ബീഡിക്ക് പോലും പൈസയില്ലാതെ
തെണ്ടി നടന്നിട്ടുണ്ടോ..?
ഇതൊന്നും ചെയ്തില്ലെങ്കില്‍ എന്തിനാ ഹെ
നിങ്ങള്‍ കോളേജില്‍ പോയത്.. പഠിക്കാനോ...?
-മര്‍ത്ത്യന്‍-

വാക്കുകളെ...

വീണ്ടും വീണ്ടും പറഞ്ഞ് പറഞ്ഞ്
ആ വാക്കുകളെ ഇങ്ങനെ
വികൃതമാക്കരുത്
വേണ്ടാത്തിടത്തൊക്കെ ഉപയോഗിച്ച്
അവയെ ഇങ്ങനെ മാനം കെടുത്തരുത്
അവയുടെ അര്‍ത്ഥങ്ങള്‍ പോലും
അവയെ വിട്ടു പോകുന്നു
അര്‍ത്ഥങ്ങളില്ലാത്ത വാക്കുകള്‍ക്ക്
പിന്നെ എന്ത് നിലനില്‍പ്പുണ്ട്...?
നിഘണ്ടുകളില്‍ പോലും
അവയുടെ സ്ഥാനം നഷ്ടപെടില്ലേ...?
അത് വേണ്ട അവയെ വിട്ടേക്ക്
-മര്‍ത്ത്യന്‍-

Wednesday, June 13, 2012

പരമസത്യം

നിറം മങ്ങിയ പരമസത്യങ്ങളുടെ ഇടയില്‍
പതിഞ്ഞിരിക്കാറുള്ള വര്‍ണ്ണഭരിതമായ
ചെറിയ കള്ളങ്ങളെ കണ്ടിട്ടില്ലെ..
അവയാണത്രെ ഈ ലോകത്തിനെ
കീഴ്‌മേല്‍ മറിയാതെ കാത്തു രക്ഷിക്കുന്നത്
അവയില്ലായിരുന്നെങ്കില്‍ കുറ്റബോധം കൊണ്ട്
മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ആത്മഹത്യ ചെയ്യുമത്രേ
നിങ്ങളറിഞ്ഞിരുന്നോ ഈ പരമസത്യം...?
-മര്‍ത്ത്യന്‍-

ഏതെങ്കിലും പരമസത്യങ്ങള്‍ക്ക് പ്രതികൂട്ടില്‍ നിര്‍ത്താന്‍ കഴിയാത്ത ഒരു മനുഷ്യനുമില്ല എന്ന വസ്തുത.. കളങ്കമില്ലാതെ ജീവിക്കണം എന്ന നിര്‍ബന്ധബുദ്ധി.... ഇത് രണ്ടും നിലനില്‍ക്കെ ചെറിയ കള്ളങ്ങളല്ലാതെ എന്താണ് അവനെ അത്മഹുതിയില്‍ നിന്നും രക്ഷിക്കുക... അപ്പോള്‍ കള്ളം ഇല്ലാതിരുന്നാല്‍, ആത്മഹത്യ നിശ്ചം, പിന്നെ മനുഷ്യനില്ലാത്ത ഒരു ലോകം അവന്റെ എഴുതുവാന്‍ കഴിയാതായിത്തീരുന്ന ചരിത്ര പുസ്തകത്തിലെങ്കിലും കീഴ്‌മേല്‍ മറിയില്ലേ....? ഈ പരമസത്യങ്ങള്‍ പലര്‍ക്കും പലതാണ്, കള്ളങ്ങള്‍ക്ക്‌ പലപ്പോഴും സാമ്യം കാണാമെങ്കിലും.....

Tuesday, June 12, 2012

സഹോദരി നിങ്ങളുടെ കഥയെന്താണ്..?

"സഹോദരി നിങ്ങളുടെ കഥയെന്താണ്..?
എന്നില്‍ നിന്നും എന്ത് സഹായമാണ് വേണ്ടത്...?"
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു
"ഞാന്‍ ജനിച്ചപ്പോള്‍ എന്റെ കരച്ചില്‍ ആരും കേട്ടില്ല"
അവള്‍ എന്നെ നോക്കി പറഞ്ഞു
"ഞാന്‍ വെടിയുണ്ടകളുടെ ശബ്ദത്തിനിടക്കാണ്‌ പിറന്നു വീണത്‌
എല്ലാവരും രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നിരിക്കണം
എന്റെ കരച്ചില്‍... അതാരും കേട്ടില്ല..."
എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളെ തന്നെ നോക്കി
അവള്‍ തുടര്‍ന്നു..ഞാന്‍ ചോദിച്ച അവളുടെ കഥയിലേക്ക്‌ വീണ്ടും ..
"ഇന്ന് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം
ഞാനും ഒരു ജീവന്‍ നല്‍കിയിരിക്കുന്നു
പരിഷ്കരിച്ച പുത്തന്‍ തോക്കുകളില്‍ നിന്നും പറക്കുന്ന
വെടിയുണ്ടകളുടെ ശബ്ദമുകരിതമായ ഇന്നത്തെ ലോകത്തിലേക്ക്"
എന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍
തിരഞ്ഞ് പരാജയപ്പെട്ടപോള്‍ അവള്‍ വീണ്ടും തുടര്‍ന്നു..
"എന്റെ വിരളു കുടി നിര്‍ത്തുന്നതിനു മുന്‍പേ
കൈകളില്‍ അവര്‍ തോക്കുകള്‍ തന്നു
വായില്‍ നിന്നും വിരളു മാറ്റി അവ കൊണ്ട്
കാഞ്ചി വലിക്കാന്‍ പഠിപ്പിച്ചു"
അവള്‍ അല്പം നിര്‍ത്തിയിട്ട് തൊട്ടടുത്ത്‌
ഉറങ്ങി കിടക്കുന്ന മകളെ നോക്കി
"അറിവു വയ്ക്കുന്നതിനു മുന്‍പെ യുധനീതിയും
യുദ്ധരീതികളും പരിശീലിപ്പിച്ചു
യുദ്ധത്തിലേക്ക് ജനിപ്പിച്ച് യുദ്ധത്തില്‍ തന്നെ
മരിക്കാനുള്ള വിധി തീര്‍ച്ചപ്പെടുത്തി"
അവള്‍ വീണ്ടുമവളുടെ മകളെ നോക്കി
ആ കുഞ്ഞി തലയിലൂടെ കൈയോടിച്ചു
അവളുടെ ചുംബനം ഒരു നീണ്ട നിമിഷം മകളുടെ നെറ്റിയില്‍ തങ്ങി നിന്നു
ഒരു തുള്ളി കണ്ണുനീര്‍ അവളുടെ കണ്ണുകളില്‍ നിന്നും
അടര്‍ന്നു വീണ് മകളുടെ മുഖത്തെവിടെയോ അപ്രത്യക്ഷമായി
അവള്‍ വീണ്ടുമെന്നെ നോക്കി
"എന്റെ മകളും ഈ യുദ്ധത്തിലേക്ക് പിറന്നു വീണു
എനിക്കതിനി മാറ്റാന്‍ കഴിയില്ല
പക്ഷെ അവള്‍ ഒരിക്കലും ഒരു യുദ്ധത്തിന്റെ
അവകാശിയാവില്ല..."
അവള്‍ എന്റെ കൈ പിടിച്ചു പറഞ്ഞു
അമ്മമാരില്‍ മാത്രം ഞാന്‍ കേട്ട ആ ശബ്ദത്തില്‍
"സഹോദരാ... ഇതാണ് എന്റെ കഥ
പറയു... നിങ്ങള്‍ക്കെന്നെ സഹായിക്കാന്‍ കഴിയുമോ...?"
-മര്‍ത്ത്യന്‍-

അക്ഷരത്തോണി

അക്ഷരത്തോണി...
അല്ല സത്യത്തില്‍ അങ്ങിനെയൊരു വാക്കുണ്ടോ..?
എനിക്കറിഞ്ഞുകൂടാ, ഉണ്ടായിരിക്കാം
കേള്‍ക്കാനൊരു സുഖമുണ്ടല്ലേ...?
അക്ഷരത്തോണി... അക്ഷരത്തോണി...
പക്ഷെ ഒരു അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍
അതെന്തായിരിക്കും....?
അക്ഷരങ്ങളെ കയറ്റി സങ്കല്പങ്ങളുടെ
കടവ് കടത്തുന്ന തോണി എന്നോ...?
അതൊ ജീവിതത്തില്‍ കൂടി തുഴഞ്ഞു നീങ്ങുമ്പോള്‍
അക്ഷരകൂട്ടങ്ങളില്‍ തട്ടി നിന്ന്
ജീവിതത്തിലേക്ക് തന്നെ മുങ്ങി
താഴുന്ന തോണിയെന്നോ...?
അതുമല്ലെങ്കില്‍ കവിതകള്‍ എന്ന പേരില്‍ നീ
അക്ഷര കോപ്രായങ്ങള്‍ കാട്ടിയ കടലാസ്
കൊണ്ടുണ്ടാക്കിയ വെറും കടലാസ് തോണിയെന്നോ...?
അല്ല എന്തായിരിക്കും ഈ അക്ഷരത്തോണിയുടെ അര്‍ഥം...?
-മര്‍ത്ത്യന്‍-

Sunday, June 10, 2012

പേടിക്കണ്ട...

വിളക്കണച്ച് കിടന്നോളു പേടിക്കണ്ട...
പേടിപ്പിക്കാന്‍ വരുന്ന മുഖം മൂടികള്‍
ഇരുട്ടില്‍ തപ്പി തടഞ്ഞു വീഴട്ടെ
അപ്പോള്‍ നമുക്ക് വിളക്ക് കത്തിച്ച്
കൈ കൊട്ടി ചിരിച്ച് അവരെ കളിയാക്കാം
പേടിക്കണ്ട വിളക്കണച്ച് കിടന്നോളു...
-മര്‍ത്ത്യന്‍-

Saturday, June 9, 2012

എന്റെ ബാല്യകാല സഖി

ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു
എന്റെ പുസ്തകത്തില്‍ കുത്തിവരച്ചതും
മണമുള്ള റബ്ബര്‍ കടിച്ചു വച്ചതും
ചോറ്റു പാത്രം കട്ട് തിന്നതും
കൂട്ടത്തില്‍ കളിക്കാന്‍ ചേര്‍ക്കാത്തതും
മറ്റുള്ളവരുടെ കൂടെ കൂടി കളിയാക്കിയതും
ടീച്ചറോട് പരാതി പറഞ്ഞതും
ഷര്‍ട്ടില്‍ മഷി കൊടഞ്ഞതും
കുളിമുറിയില്‍ പൂട്ടിയിട്ടതും
കൊഞ്ഞനം കാണിച്ചതും
നുള്ളി നോവിച്ചതും..
എല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു
കാരണം ഇന്ന് എന്റെ അടുത്തിരുന്ന്
ഇതൊക്കെ ചെയ്യാന്‍ നീയില്ലല്ലോ
വീണ്ടും നമുക്ക് പഴയത് പോലെ
ആ പവാടക്കാരിയും വള്ളിട്രൌസറുകാരനുമായി
മാറാന്‍ കഴിയില്ലല്ലോ...
നീ എനിക്ക് നല്‍കിയ എല്ലാ സുന്ദര ഓര്‍മ്മകള്‍ക്കും
കാണിച്ച സ്വപ്നങ്ങള്‍ക്കും നന്ദി പറഞ്ഞ്
ഞാന്‍ നിന്നെ ഇന്നും ഓര്‍മ്മിക്കുന്നു
എന്റെ ബാല്യകാല സഖി....
-മര്‍ത്ത്യന്‍-

നീയാരാണ്‌..?

നീയാരാണ്‌..?
നിന്റെ നിഴലിന്റെ പേരെന്താണ്...?
നീ എന്താണ് പറഞ്ഞത്...
അല്ല ഇന്നലെ നീ പറയാന്‍ ശ്രമിച്ചിട്ട്
പറയാതെ പോയ ആ വാക്കുകളുടെ അര്‍ത്ഥമെന്താണ്...?
നിനക്കെന്തു വേണം...?
നമ്മള്‍ തമ്മിലറിയുമോ..?
-മര്‍ത്ത്യന്‍-

Thursday, June 7, 2012

പക്ഷെ ആദ്യം

ആകാശത്തില്‍ അമര്‍ന്നു പോയ
നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത്‌
പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ
കൊള്ളാം മോഹം നിന്റെ....
പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍
കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ
ചിതകള്‍ കെട്ടടങ്ങട്ടെ...
-മര്‍ത്ത്യന്‍-

Wednesday, June 6, 2012

ന്നാലും...

അവടെ ചെല്ലുമ്പം ഒര് കാര്യണ്ട്‌
ഓടി നടക്കണ കോഴീനേം
തൊഴുത്തില് കെട്ട്യ പശൂനേം കണ്ട്
വായേല് വെള്ളെറക്കണ്ട മനസ്സിലായോ...
മുത്തശ്ശന്‍ കാണാണ്ടെ ഹോട്ടലില്‍ കൊണ്ടോയിട്ട്
ചിക്കന്‍ ബിരിയാണീം ബീഫും വാങ്ങിച്ച് തരാട്ടോ..
-മര്‍ത്ത്യന്‍-

Tuesday, June 5, 2012

തമാശകള്‍

പൊട്ടി ചിരിച്ച് ചിന്നി ചിതറിപ്പോയി
പിന്നെ വിതുമ്പിക്കൊണ്ട് എല്ലാം
പെറുക്കിയെടുത്ത് കൊട്ടയിലാക്കി കൊണ്ട് പോയി
ഇങ്ങനെയുമുണ്ടോ തമാശകള്‍..
-മര്‍ത്ത്യന്‍-

Sunday, June 3, 2012

പറഞ്ഞതല്ലേ

തിരിഞ്ഞ് തിരിഞ്ഞ് അവസാനം ഇവിടെ തന്നെ എത്തിപ്പെട്ടു അല്ലെ...? അന്ന് പറഞ്ഞതല്ലേ കൂടെ പോന്നോളാന്‍...കൂട്ടാക്കീല്ല്യ...സമയം നഷ്ടായി ന്നല്ലാണ്ട് പ്പം ന്തേ ഒര് മെച്ചണ്ടായെ... എന്തോക്ക്യായിരുന്നു വര്‍ത്താനം... ലോകം കാണും... കീഴടക്കും... ഐശ്വര്യാ റായി.... ന്ന്ട്ടോ... ഒക്കെ കഴിഞ്ഞില്ല്യേ... അവളും പ്പാതാ ചീര്‍ത്ത് പോയി...അല്ല പറഞ്ഞാ കേള്‍ക്കണേ...
-മര്‍ത്ത്യന്‍-

Saturday, June 2, 2012

ഭ്രാന്തന്‍

നീ ആല്‍ത്തറയുടെ അടുത്തെത്തുമ്പോള്‍
എന്നും നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്
പുതച്ചു മൂടി കിടക്കുന്ന എന്നെ നീ കാണാറുണ്ടാവില്ല
പുതപ്പിന്റെ കീറലിലൂടെ ഞാന്‍ നോക്കും
ഒരിക്കലും മുഖം കാണാന്‍ കഴിഞ്ഞിട്ടില്ല
പക്ഷെ എനിക്ക് നിന്നെ കാണുന്നത് ഇഷ്ടമാണ്...
നിന്റെ കെട്ടിയിട്ട മുടിയില്‍ ചൂടിയ മുല്ലപ്പൂവുകളെ
കാലുകളില്‍ അലസമായി കിടക്കാറുള്ള കൊലുസുകളെ
വേഷ്ടിയുടെ തുമ്പത് മുഖം മറച്ചു നില്‍ക്കാറുള്ള
ആ വികൃതി ചെക്കനെ...
എല്ലാം എനിക്കിഷ്ടമാണ്‌.. അല്ല കാണുന്നത് ഒരാശ്വാസമാണ്..
പുതപ്പിലും ആല്‍തറയിലും കഴിഞ്ഞു കൂടുന്ന
ഈ ഞാന്‍ ആരാണെന്നല്ലേ..?
ആരുമല്ല ഇന്നലെകളില്‍ സ്വയം നഷ്ടപ്പെട്ട് ഇല്ലാതായിപ്പോയ
ആരോരുമില്ലാത്ത.. ഭ്രാന്തനെന്നു ലോകം മുദ്രകുത്തിയ ഒരുത്തന്‍....
-മര്‍ത്ത്യന്‍-

പണയം

പണയപ്പെടുത്തിയത് വീടല്ല
അതിന്റെ ഉള്ളില്‍ വര്‍ഷങ്ങളായി
പണിതുയര്‍ത്തിയ ഓര്‍മ്മകളാണ്
പണയപ്പെടുത്തിയത് സ്വര്‍ണ്ണമാലയല്ല
അതിടെണ്ട കഴുത്ത് തന്നെയാണ്
അവര്‍ കഴുത്തിന്‌ വേണ്ടി വരുന്നുണ്ട്
അതില്ലാതെ എന്ത് സ്വര്‍ണ്ണം... എന്ത് വീട്...
-മര്‍ത്ത്യന്‍-

കുന്തം

കുന്തം വിഴുങ്ങി
ഇപ്പോള്‍ തോന്നുന്നു -
പുഴുങ്ങിയിട്ട് വിഴുങ്ങാമായിരുന്നു
ഇത് പണ്ടാറടങ്ങാന്‍
തീരെ ദഹിക്കുന്നില്ല...
-മര്‍ത്ത്യന്‍-

ഇഷ്ടം

ഓടി കിതച്ച് വന്നു നിന്നപ്പോള്‍
മഴപെയ്യുമെന്ന് കരുതിയില്ല അല്ലെ...?
സാരമില്ല... എനിക്കിഷ്ടമാണ്..
മഴത്തുള്ളികളില്‍ ഇടകലര്‍ന്ന
വിയര്‍പ്പു തുള്ളികളിലെ
ഉപ്പു രസം നുകരാന്‍...
-മര്‍ത്ത്യന്‍-

Friday, June 1, 2012

വരകള്‍

കാലമേ നീ എന്റെ ഉള്ളം കൈയ്യില്‍
മിനക്കെട്ടിരുന്ന് വരച്ച വരകളെല്ലാം
മാഞ്ഞു പോയല്ലോ..
കൈയ്യിലെ ശൂന്യത കാണുമ്പോള്‍
വല്ലാത്തൊരു നഗ്നത..
ഞാനതിലെന്തെങ്കിലും കുത്തിവരക്കട്ടെ...?
മാഞ്ഞു പോകാത്ത മഷി കൊണ്ട് ....
-മര്‍ത്ത്യന്‍-