Sunday, September 30, 2012

കണ്ണീര്

ഉടുത്ത മുണ്ട് തന്നെ വലിച്ചൂരി മുഖം പൊത്തി കരയാന്‍ മാത്രം എന്തുണ്ടായി......ഇപ്പോള്‍ നാട്ടുകാരെ മുഖം കാണിക്കാന്‍ പറ്റാതായില്ലെ ....?. ഇതിലും നല്ലത് ജനങ്ങള്‍ ആ കണ്ണീരു കാണുന്നതല്ലെ
ഇനിയെങ്കിലും ശ്രദ്ധിക്കുക...
ശരിയല്ലെ....അനാവശ്യമായ മസില് പിടുത്തം ഒഴിവാക്കി നാണം കെടാതെയിരിക്കാനുള്ള വഴി നോക്കണ്ടെ...?
പലപ്പോഴും തോന്നും.....ഒന്നുറക്കെ കരഞ്ഞാല്‍ തീരാനുള്ള പ്രശ്നങ്ങളൊക്കെയല്ലെ ഉള്ളു ഈ ലോകത്ത്...എന്ന്......:)
-മര്‍ത്ത്യന്‍-

അഹങ്കാരം

തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും...എന്നിട്ടും എന്തൊരഹങ്കാരം.....അത് വേണോ....?

അഹിംസ

അറ്റുകിടന്ന കൈകളിലൊന്നില്‍
എന്തൊ പച്ചകുത്തിയിരുന്നു....
അടുത്ത് ചെന്ന് നോക്കിയില്ല
എന്തായിരിക്കും....?
രക്തക്കറയുടെ ഇരുണ്ട മറവില്‍
അഹിംസയെന്ന് കുറിച്ചതാവാം......
അഹിംസ.....
അഹിംസയെന്ന് പച്ച കുത്തിയ
കൈകള്‍ തന്നെ ആദ്യം വെട്ടണം
എന്ന് വാശി പിടിച്ചു കരയുന്ന
ഒരു ലോകത്തിലാണല്ലൊ നമ്മള്‍ അല്ലെ....?
-മര്‍ത്ത്യന്‍-

തിരിഞ്ഞു നോട്ടങ്ങള്‍

തിരിഞ്ഞു നോട്ടങ്ങള്‍ പലര്‍ക്കും പലതായിരിക്കും സമ്മാനിക്കുക. ചിലര്‍ ആരെയും കാണാതെ ഒറ്റപ്പെട്ടു നില്‍ക്കും. ചിലര്‍ പരിചിത മുഖങ്ങള്‍ അടുത്തേക്കോടി വരുന്നത് കാണും, അത് കണ്ടിട്ട് ചിലര്‍ സന്തോഷിക്കും ..ചിലര്‍ അസ്വസ്ഥരാകും, ചിലര്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിക്കും....എന്നിട്ട് അത് കഴിയാതെ വരുമ്പോള്‍ വിഷമിച്ചു നില്‍ക്കും.... ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്തൊരു യാത്രയില്‍ കൈ വീശി നില്‍ക്കുന്ന ഉറ്റവരെയായിരിക്കും മറ്റു ചിലര്‍ കാണുക.....തന്നില്‍ നിന്നും അതിവേഗം മറഞ്ഞു പോകുന്ന പല മുഖങ്ങളും അവരുമൊപ്പമുള്ള ഓര്‍മ്മകളുമായിരിക്കും ചിലര്‍ക്ക്.... ചിലര്‍ ഒരിക്കലും തിരിഞ്ഞു നോക്കാറേയില്ല.....വേറെ ചിലര്‍ക്കാണെങ്കില്‍ തിരിഞ്ഞു നോക്കിയാലെ മനസ്സിലാകു വന്ന വഴി തെറ്റിയെന്ന്.....തിരിഞ്ഞു നോട്ടം പലര്‍ക്കും പലാതായിരിക്കണം സമ്മാനിക്കുക.....
-മര്‍ത്ത്യന്‍-

വേഗസ്

വേഗസ്
------------
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്......എങ്കിലും...
നമ്മുടെ കൂടിക്കാഴ്ചയുടെ എന്തെങ്കിലും ഓര്‍മ്മ
ഇന്നും നീ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടോ...?
സൌഹൃതം.... അതിന്റെ അര്‍ത്ഥം...പരിമിതികള്‍...പ്രസക്തി
എല്ലാം നാം വേഗസ്സില്‍ വച്ച് ചര്‍ച്ച ചെയ്തിരുന്നല്ലൊ....
ഓര്‍മ്മയില്ലേ....?

അന്ന് ആ നിശാസങ്കേതത്തില്‍ വച്ച്
ഞാന്‍ നിന്നെ കണ്ടത്....
നിന്റെ കൂടെയുള്ള സുന്ദരനായ വെള്ളക്കാരനെ വിട്ട്
നീ എന്റെ കൂടെ വന്നത്....
മിന്നി മറയുന്ന ലേസര്‍ രശ്മികള്‍ക്കിടയില്‍
നിന്റെ മുഖം പലകുറി മനസ്സിലേക്ക്
പടര്‍ത്താന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍
നീ എന്റെ കയ്യില്‍ പിടിച്ച് ഒരൊഴിഞ്ഞ
കോണിലേക്ക് കൂട്ടി കൊണ്ട് പോയത്....
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്......എങ്കിലും....

നമ്മള്‍ ഇരുവരും നമ്മുടെ മുറികള്‍
ഒരു രാത്രിക്ക് ഉപേക്ഷിച്ച്.......
നിന്റെ വെള്ളക്കാരന്റെ കണ്ണും വെട്ടിച്ച്
ആദ്യം കണ്ട ഹോട്ടലില്‍ മുറിയെടുത്ത് -
മദ്യത്തിന്റെയും ലഹരിയുടെയും ലോകത്ത്
ഒരു സ്വര്‍ഗം പടുത്തുയര്‍ത്തിയപ്പോള്‍....
അന്ന് നീ എനിക്കാരായിരുന്നു...?
വെറും ഒരു രാത്രിയുടെ ഓര്‍മ്മ സമ്മാനിച്ചവളൊ.....?
അതോ....?
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്......എങ്കിലും....

അന്ന് നീ നിന്റെതെന്നു പറഞ്ഞ് എന്നെ കേള്‍പ്പിച്ച
കഥയിലെ ആ പെണ്‍കുട്ടിയെ
ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നുവോ.....?
ആ ഒരു രാത്രി നീ എനിക്ക് പലതും
പകര്‍ന്നു തന്നപ്പോള്‍...
സ്നേഹവും...കാമവും...കയപ്പും...മധുരവും കലര്‍ന്ന
ലഹരിയും ജീവിതവും ഒരുമിച്ചു ചേര്‍ത്ത...
എന്തായിരുന്നു അത്......?...എന്തായിരുന്നു അത്......?
എന്നിട്ട് എന്നെ തനിച്ചാക്കി ആ പ്രഭാതത്തിലെ ഏതോ-
കിരണത്തില്‍ നീ മറഞ്ഞു പോയി.....
ഞാനും അന്വേഷിച്ചു വന്നില്ല...കാരണം....
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്......
എങ്കിലും....
-മര്‍ത്ത്യന്‍-

Tuesday, September 25, 2012

സംഭാഷണങ്ങള്‍

ലോകത്തിലെ എല്ലാ ചലനങ്ങളും ജീവിതം തലച്ചോറിന്റെ നിയന്ത്രണമാണെന്ന് കരുതുന്നവരും...അല്ല അത് മനസ്സുകളുടെ ഒരു സ്വതന്ത്ര യാത്രയാണെന്ന് കരുതുന്നവരും തമ്മിലുള്ള സംഭാഷണങ്ങളാണ്....ആണോ..?
-മര്‍ത്ത്യന്‍-

Wednesday, September 19, 2012

അങ്ങിനെയും ചിലപ്പോള്‍

നടന്നകന്നു പോയ പലരും തിരിഞ്ഞു നിന്ന് ചിരിക്കാറുണ്ട്.....പലപ്പോഴും ചോദിക്കാറുണ്ട്...."എന്താ കൂടെ വരുന്നില്ലെ ...?"... ഞാനും തിരിച്ച് ചിരിക്കും.....ഇല്ലെന്ന് തലയാട്ടും. പിന്നെ അവര്‍ നടന്നകലുന്നത് നോക്കി വെറുതെ നില്‍ക്കും.... അപ്പോഴൊക്കെ ഒരു മഴ പെയ്യും...

കുടയില്ലാതെ നനഞ്ഞു നടന്നകലുന്ന അവരെ നോക്കി ഞാന്‍ ഉറക്കെ വിളിക്കും...ആര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ ഞാന്‍ വിളിക്കുന്ന അവരുടെ ഓരോരുത്തരുടെയും പേരുകള്‍ ചത്തൊടുങ്ങും.... ഞാന്‍ കയ്യില്‍ കിട്ടിയ കുടകള്‍ മുഴുവനെടുത്ത് അവരുടെ പിന്നാലെ ഓടും....എന്റെ ഓട്ടത്തിന്റെ വേഗത്തിനൊപ്പം അവര്‍ കാഴ്ചയില്‍ നിന്നും അകലെ മറഞ്ഞു പോകും.....ഒരു പൊട്ടു പോലെ....പിന്നെ കാണാതെ...അങ്ങിനെ മറഞ്ഞു പോകും.....

ഒടുവില്‍ ഞാനും കിതച്ചു കിതച്ചു നില്‍ക്കും...... അവരെ എത്തി പിടിക്കാനുള്ള തിരക്കില്‍ ഓടിയപ്പോള്‍ ഒരു കുട തുറന്നു മഴയെ മറയ്ക്കാന്‍ ഞാനും മറന്നിരിക്കും.... അങ്ങിനെ ഒരു പറ്റം കുടകളുമായി ഒന്നു പോലും തുറക്കാതെ നനഞ്ഞു കുളിച്ചു ദൂരത്തേക്കു നോക്കുമ്പോഴേക്കും പലപ്പോഴും അലാറം മണിയടിക്കും.......ചില ദിവസങ്ങളില്‍ പുറത്തു മഴ പെയ്യുന്നുണ്ടാകും.....ചിലപ്പോള്‍ രാത്രിയിലെ മഴയുടെ മരിക്കാന്‍ വിസ്സമ്മതിച്ച തുള്ളികള്‍ ജനലില്‍ അള്ളിപ്പിടിച്ചിരുപ്പുണ്ടാകും....
-മര്‍ത്ത്യന്‍-

വാക്കുകള്‍

മനസ്സില്‍ നിന്നും തിരഞ്ഞെടുത്ത്
കുറിച്ചിട്ട വാക്കുകള്‍ ചിലപ്പോള്‍
താളുകള്‍ വിട്ട് കടിക്കാന്‍ വരും
എത്ര ശ്രമിച്ചാലും പിന്നെ അവയെ
താളുകളിലേക്ക് തിരിച്ചെയെഴുതാന്‍
കഴിയില്ല....ശ്രമിച്ചു നോക്കു....
-മര്‍ത്ത്യന്‍-

Sunday, September 16, 2012

നിമിഷങ്ങള്‍

തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും...എന്നിട്ടും എന്തൊരഹങ്കാരം.....അത് വേണോ....?

മകനോട്

നീ യാത്ര തുടങ്ങി...പക്ഷെ...
ഞാന്‍ നടന്ന വഴികളിലൂടെ നടക്കാന്‍
ഞാന്‍ നിന്നോട് പറയില്ല...
എന്റെ വഴികള്‍....
ഞാന്‍ നടത്തം നിര്‍ത്തുന്നയിടത്ത് തീരും
അന്ന് നീ വഴി തെറ്റി വിഷമിക്കരുതല്ലൊ
അതു കൊണ്ട്...
നീ എന്റെ വഴി പിന്തുടരുത്

നിന്റെ വഴി നീ തന്നെ വെട്ടണം
നിനക്കായി ലോകം പലതും കരുതിവച്ചിരിക്കണം...
സുഖങ്ങളും.... ദുഖങ്ങളും...
സൌകര്യങ്ങളും.. സങ്കര്‍ഷങ്ങളും.... എല്ലാം
നിനക്ക് തിരഞ്ഞെടുക്കാനായി
എന്റേതല്ലാത്ത പല ശരികളും തെറ്റുകളും ഉണ്ടാവും...
നിനക്ക് മാത്രം അവകാശപ്പെട്ടവ....
അവ നീ വെട്ടിയ വഴികളില്‍
നീ തന്നെ അനുഭവിച്ചു കണ്ടു പിടിക്കണം...

പല വഴികളും പലരും നടന്നു തീര്‍ന്നിരിക്കുന്നു
ഇനി വെട്ടിത്തെളിയിക്കാന്‍ പുതിയ വഴികളൊന്നും
ബാക്കിയില്ലാതെ പലരും വഴി മുട്ടുന്നെന്നും കേള്‍ക്കുന്നു....
എങ്കിലും യാത്ര ചെയ്യാതിരിക്കാന്‍ നിവര്‍ത്തിയില്ലല്ലോ...
അല്ലെ...?
അതിനാല്‍ നിനക്കായി ആരും സഞ്ചരിക്കാത്ത
ചില വഴികളെങ്കിലും ഈ ലോകത്തുണ്ടാവട്ടെ
എന്ന് ഞാനാശംസിക്കുന്നു.....
-അച്ഛന്‍-

Wednesday, September 5, 2012

സോഡ വേണ്ട...

ഒരു തുള്ളി പോലും കുടിക്കാതെ
ഗ്ലാസ്സിലേക്ക്‌ നോക്കിയിരിക്കുന്ന
സുഹൃത്തിനോട്‌ ഞാന്‍ ചോദിച്ചു
"കുടിക്കണ്ടെങ്കില്‍ വേണ്ട ഇതാവാം.."
ഞാന്‍ അവന് മുല്ല നസിറുദ്ദീന്റെ
ഒരു കഥ ഒഴിച്ച് കൊടുത്തു
അവന്‍ ആര്‍ത്തിയോടെ കുടിച്ചിറക്കി
എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ
ഇനിയും വേണമെന്ന് എന്നോട് പറഞ്ഞു
ഞാന്‍ സൂഫിസം മാറ്റി
ബുദ്ധിസത്തിലേക്ക് തിരിഞ്ഞു
മനസ്സില്‍ നിന്നെവിടുന്നോ
ഒരു ജാതക കഥ അവന് കൊടുത്തു
അവന്‍ അത് കഴിച്ചിട്ട് അല്‍പനേരം
ധ്യാനിച്ചിരുന്നു.....
പിന്നെ കണ്ണ് തുറന്നു പറഞ്ഞു
കവിതയോന്നുമില്ലേ കൈയ്യില്‍...സഖാവേ...
ഒന്ന് തൊട്ടു നക്കാന്‍.... ?
ഞാന്‍ അവന്റെ മുന്‍പില്‍ കുറച്ച്
കുഞ്ഞുണ്ണി കവിത വിളമ്പി......
അവന്‍ അത് തൊട്ടു നക്കിയിരുന്നു...
ഇടയ്ക്ക് ചെറുതായൊന്നു ഞെട്ടി....
അപ്പോള്‍ ഞാനവന്
മാര്‍ജറീ ആഗോസിനിന്റെ
ആബ്സെന്‍സ് ഓഫ് ഷാടോവ്സ്
പകര്‍ന്നു കൊടുത്തു.....
അവന്‍ അത് കഴിച്ച് കുറെ നേരം മിണ്ടാതിരുന്നു....
ആ കണ്ണുകളില്‍ നിന്നും
തുരുതുരാ കണ്ണുനീര്‍ പൊഴിഞ്ഞു
അല്പം കഴിഞ്ഞ് കലങ്ങി തെളിഞ്ഞ
കണ്ണുകളുമായി അവനെന്നെ നോക്കി
"നല്ല വിശപ്പ്‌.....എന്തെങ്കിലും വേണം...."
ഞാന്‍ അവന്റെ മുന്‍പില്‍
അവന്റെ നിറഞ്ഞ ഗ്ലാസ്സിനടുത്ത്
ഒമാര്‍ ഖയാമിന്റെ റുബായിയ്യാത്ത്
തുറന്നു വച്ച് കൊടുത്തു
പിന്നെ അവന്‍ കാണാതെ
ഹരിവംശ് റായ് ബച്ചന്റെ മധുശാലയും
കയ്യില്‍ കരുതി....
ഇനി റുബായിയ്യാത്ത് ഉളവാക്കുന്ന
ദാഹം മാറ്റാന്‍ എന്തെങ്കിലും ആവശ്യപ്പെട്ടാലോ....
പക്ഷെ അങ്ങിനുണ്ടായില്ല....
റുബായിയ്യാത്ത് കഴിച്ച് അവന്‍ എന്നെ നോക്കി പറഞ്ഞു
"മതി ഇനി നീ നിന്റെ കഥ പറ...കേള്‍ക്കട്ടെ...."
ഞാന്‍ അവനോടു എന്റെ കഥ പറഞ്ഞു
കഥ മുഴുവിക്കാന്‍ സമ്മതിച്ചില്ല...
എന്റെ കൈ പിടിച്ചിട്ട് നിര്‍ത്താന്‍ പറഞ്ഞു
പിന്നെ ഒറ്റ വലിക്കു ആ നിറഞ്ഞ ഗ്ലാസ് മദ്യം
മുഴുവന്‍ കുടിച്ചു വറ്റിച്ചു....
"അറിഞ്ഞില്ല മര്‍ത്ത്യാ....അറിഞ്ഞില്ല....
നിന്റെ വിഷമങ്ങള്‍ ഞാന്‍ അറിഞ്ഞില്ല....സുഹൃത്തേ....
നിന്റെ ദുഃഖത്തില്‍ ഇന്നിതാ ഞാനും പങ്കു ചേരുന്നു...."
പിന്നെ ബയററെ നോക്കി വിളിച്ചു പറഞ്ഞു
"ഇവിടെ ഒന്ന് കൂടി......സോഡ വേണ്ട....."
-മര്‍ത്ത്യന്‍-

Tuesday, September 4, 2012

അദ്ധ്യാപകദിനം

അദ്ധ്യാപക ദിനത്തില്‍
ഞാന്‍ എന്നും ഓര്‍മ്മിക്കാറുണ്ട്
എന്റെ മൂന്നദ്ധ്യാപകരെ....
ഒരദ്ധ്യാപകന്‍ എന്നെ കവിത
കണക്കു പോലെ പഠിപ്പിച്ചു....
ഭംഗിയില്ലാതെ...ജീവനില്ലാതെ....
ഒരദ്ധ്യാപിക എന്നെ കണക്കു
പഠിപ്പിച്ചു.....ഒരു കവിത പോലെ
കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും
ഒരു കവിതയെക്കാള്‍ സുന്ദരമായി
എങ്ങിനെ കണക്കിനെ അടുത്തറിയാം
എന്ന് പഠിപ്പിച്ചു.....
മൂന്നാമതൊരദ്ധ്യാപകന്‍ എന്നെ
ഭാഷ പഠിപ്പിച്ചു......
ഭാഷയിലൂടെ എന്നെ ജീവിതം പഠിപ്പിച്ചു
മതങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും പിടി കൊടുക്കാതെ
എന്നും വെറുമൊരു മര്‍ത്ത്യനായി കഴിയണം
എന്ന് പഠിപ്പിച്ചു....
-മര്‍ത്ത്യന്‍-

Monday, September 3, 2012

സ്വപ്നങ്ങളുടെ അറ്റത്ത്‌

സ്വപ്നം കാണുന്നതൊക്കെ കൊള്ളാം
പക്ഷെ കാണുന്ന സ്വപ്നങ്ങളുടെ അറ്റത്ത്‌
സര്‍ക്കസ്സും കാട്ടി നടക്കരുത്....
കാലെങ്ങാനും വഴുതി വീണാല്‍
നേരെ അടുത്ത് കിടക്കുന്ന ആളുടെ
സ്വപ്നത്തിലേക്കായിരിക്കും മൂക്കും കുത്തി വീഴുക
പിന്നെ പറഞ്ഞിട്ട് കാര്യമില്ല
കാണരുതാത്തത് പലതും കണ്ടെന്നിരിക്കും
കേള്‍ക്കാന്‍ പാടില്ലാത്തത് പലതും കേട്ടെന്നിരിക്കും
പിന്നെ രാത്രികളില്‍ കിടന്നാലും ഉറക്കം വരില്ല
അത് വേണോ....?
സ്വപ്നം കാണുന്നതൊക്കെ കൊള്ളാം
പക്ഷെ കാണുന്ന സ്വപ്നങ്ങളുടെ അറ്റത്ത്‌
സര്‍ക്കസ്സും കാട്ടി നടക്കരുത്....
-മര്‍ത്ത്യന്‍-

Sunday, September 2, 2012

പയിന്റ്

നാല് പയിന്റിന്റെ ബലത്തില്‍
പലരും പലതും പറഞ്ഞിട്ടുണ്ട് ഇവിടെ...
രാഷ്ട്രീയം, ന്യായം, സിനിമ,
പ്രേമം, പ്രേമ നൈരാശ്യം,
മതം, മതേതരത്വം, അശ്ലീലം...
അങ്ങിനെ പലതും....
രാത്രി ഏതോ ഇളം പകലുമായി
രമിച്ചു മരിക്കുന്നതു വരെ
ഒന്നും ഓര്‍ക്കാതെ
ആ നാല് പയിന്റിന്റെ ബലത്തില്‍
പലരും പലതും ഇവിടെ
ഇരുന്നു പറഞ്ഞിട്ടുണ്ട്
പക്ഷെ മദ്യത്തെ പറ്റി മാത്രം
പറയാന്‍ അവര്‍ മറന്നു...
രണ്ടു കാലുകളില്‍ നിന്നവനെ
ഇരുത്തി നാവ് കുഴച്ച്
പിന്നെ മലര്‍ത്തി കിടത്തിയ
ആ മദ്യത്തെ പറ്റി മാത്രം
പറയാന്‍ അവര്‍ മറന്നു
അവരുടെ കാര്യം പോട്ടെ
നിങ്ങളെങ്കിലും പറയു.....
-മര്‍ത്ത്യന്‍-