Wednesday, February 29, 2012

ഞാന്‍ ഹോസെ! പക്ഷെ നിങ്ങളെന്നെ അറിയില്ല

നിങ്ങളെന്നെ അറിയില്ല, ഞാന്‍ നിങ്ങളെയും. എന്റെ പേര് പറഞ്ഞാലും നിങ്ങള്‍ അറിയാന്‍ സാധ്യതയില്ല. പിന്നെ വളരെ പ്രചാരത്തിലുള്ള മറ്റൊരു പേരു വച്ച് നിങ്ങള്‍ക്കെന്നെ പരിചയപ്പെടുത്താം. 'ഹോസെ', അതാണെന്റെ പേര്‌. പക്ഷെ ഞാന്‍ പറഞ്ഞ പോലെ നിങ്ങളെന്നെ അറിയില്ല. ഞാന്‍ ഒരു മലയാളിയല്ല. അത് കൊണ്ട് ഈ എഴുത്തുകാരന്‍ വഴി നിങ്ങളെ പരിചയപ്പെടുന്നു. 'ഹോസെ' എന്ന് ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയാല്‍ നിങ്ങള്‍ ജോസ് എന്ന് വായിക്കും. പക്ഷെ എന്റെ മാതൃഭാഷയായ സ്പാനിഷില്‍ അതിനെ ഹോസെ എന്ന് വായിക്കും. പെരിനെക്കാളുപരി അത് ഒരു തലമുറയെ തന്നെ വിശേഷിപ്പിക്കുന്ന വാക്കായി മാറിവരുന്നു.

ഞാന്‍ എന്തുകൊണ്ട് എന്റെ ഭാഷയില്‍ സ്വയം എഴുതാതെ മലയാളത്തിന്റെയും ഈ ഞാന്‍ പോലും നേരിട്ടറിയാത്ത എഴുത്തുകാരന്റെയും സഹായം തേടുന്നു. അതിനു തക്കതായ ഒരുത്തരം ഇന്നെനിക്കില്ല. പക്ഷെ ഈ എഴുത്തുകാരന്‍ ദിവസവും എന്റെ മുന്‍പില്‍ കൂടി നടന്നു പോകാറുണ്ട്. എന്റെ മുന്‍പില്‍ കൂടി നടന്നു പോകാറുള്ള ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ഇടയില്‍ ഇയാള്‍ മാത്രമാണ് എന്നെ കാണാറെന്നെനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല എനിക്കും ഇയാളുടെ പേരറിയില്ല അയാള്‍ക്കെന്റെയും. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും ഞാന്‍ എന്തുകൊണ്ട് പേര്‌ പറയാതെ 'ഹോസെ' എന്ന് സ്വയം വിശേഷപ്പെടുത്തിയെന്ന് .

ഇനി ഇയാള്‍ പറയാന്‍, അല്ല എഴുതാന്‍ പോകുന്ന കഥ, അതുതന്നെയാണോ എന്റെ യഥാര്‍ത്ഥ കഥ എന്നുറപ്പില്ല, പക്ഷെ എന്നെ ദിവസവും ശ്രദ്ധിക്കുന്ന വ്യക്തി എന്ന നിലക്ക് ഇയാള്‍ക്ക് പറയനുള്ളതില്‍ എന്തെങ്കിലും കഴമ്പുണ്ടാകണം. അതുകൊണ്ടാണ് ഈ മുഖവുര. ഇയാളുടെ കഥയില്‍ അല്പം സങ്കല്പികത നിങ്ങള്‍ക്കനുഭാവപ്പെട്ടാല്‍ അത് അയാളിലെ എഴുത്തുകാരന്റെ വികൃതിയെന്ന് കരുതി വിട്ടു കളയണം. എന്റെ ജീവിതമായി ഒന്നിനൊന്നു സാദൃശ്യം ചെയ്യാന്‍ ശ്രമിക്കരുത് എന്നൊരു അപേക്ഷ. കാരണം ഇയാള്‍ക്ക് എന്നെ അറിയില്ലല്ലോ. ഇനി കഥയിലേക്ക്‌.

എന്നും രാവിലെ കണ്ണാടിക്കു മുന്‍പില്‍ നില്‍ക്കുമ്പോള്‍, വസ്ത്രം ധരിച്ച്, അതിലെ ചുളിവുകള്‍ മാറ്റുമ്പോള്‍ എന്റെ മനസ്സില്‍ ഒരഗ്രഹമുണരും. ഇന്നെങ്കിലുമെന്നെ ആരെങ്കിലും ശ്രദ്ധിക്കണം എന്ന്. തലമുടിയില്‍ ജെല്‍ പുരട്ടി മിനുക്കി ചീകി വയ്ക്കുമ്പോള്‍ മനസ്സ് പറയും ഞാനൊരു സുന്ദരനാണെന്ന്. പക്ഷെ ഇതെല്ലം വെറുതെ. എന്റെ ജോലിയില്‍ ഞാന്‍ അദൃശ്യനാണ്. ഞാനുമായി ഇടപെടുന്നവര്‍ക്കും പലപ്പോഴും എന്നെ ജോലിക്ക് നിര്‍ത്തുന്നവര്‍ക്കും. ഞാന്‍ പോയാല്‍ മറ്റൊരാള്‍ അത്രെയേ ഉള്ളു. ആരെന്നത് പ്രസക്തമല്ല.

എന്റെ ഭാര്യ, അവളുടെ പേരും ഞാനിവിടെ വെളിപ്പെടുത്തുന്നില്ല, കാരണം നിങ്ങള്‍ക്കതറിയേണ്ട ആവശ്യമില്ല. പക്ഷെ എന്റെ കുട്ടികള്‍, അവരുടെ പേര്‌ ഞാന്‍ പറയാം, കാരണം എതോരച്ഛനെയും പോലെ അവരുടെ പേര്‌ ലോകം മുഴുവന്‍ അറിയപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മൂത്തവന്‍ ഗബ്രിയേല്‍ രണ്ടാമത്തത് മോളാണ് മിറാണ്ട. രണ്ടു പേരും അടുത്തുള്ള പള്ളിക്കൂടത്തില്‍ പോകുന്നു. ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതും അവരാണ്. നിങ്ങള്‍ മലയാളികള്‍ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ പെടാപെട് പെടുമ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രയത്നിക്കുന്നു.

എന്തിന് ഞാനിതെല്ലാം നിങ്ങളോട് പറയുന്നു എന്നല്ലേ. ഞാനല്ല ഈ എഴുത്തുകാരനാണ് എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. അയാള്‍ക്കെന്തെങ്കിലും ഉദ്ദേശം കാണും. നമുക്ക് നോക്കാം. രാവിലെ വീട് വിട്ടാല്‍ ഞാന്‍ ആദ്യം കുട്ടികളെ സ്കൂളില്‍ കൊണ്ട് ചെന്നാക്കും, പിന്നെ ഒരോട്ടമാണ് ജോലി സ്ഥലത്തേക്ക്. ബസ്സില്‍ പോയാല്‍ ഒരു പത്തു മിനിട്ടേ ഉള്ളു, പക്ഷെ ഞാന്‍ അധികവും ഓടും. ഞാന്‍ അദൃശ്യനല്ലേ വിയര്‍ത്താലും ഇല്ലെങ്കിലും ഒന്നുപോലെ. ഓഫീസില്‍ എത്തുമ്പോള്‍, തിരുത്ത്‌ കടയില്‍ എത്തുമ്പോള്‍ സമയം ഒന്‍പതു മണിയാകും. മുതലാളി അധികവും അടുത്തുള്ള സ്റ്റാര്‍ബക്ക്സിലോ മക്ഡോണാള്‍ട്സിലോ ഉണ്ടാകും. ഞാന്‍ കടക്കു മുന്‍പിലിരിക്കും. മുതലാളി വന്നു കട തുറക്കും. ഒരു പത്ത് നിമിഷം കഴിഞ്ഞേ ഞാന്‍ അകത്ത് കടക്കു. ഞാനറിയാതെ മുതലാളിക്ക് കടയില്‍ ദിവസവും എന്തെങ്കിലും ചെയ്യാനുണ്ടാകും. അതെന്താണെന്നറിയാന്‍ ഒരിക്കലും തോന്നിയിട്ടില്ല. മുതലാളി പറയാനും മിനക്കെട്ടിട്ടില്ല. ഞാന്‍ അകത്തു ചെന്നാല്‍ ഒരു അരികിലായി എന്നെക്കാത്ത് എന്റെ പണിയായുധം കാണും, ഒരു ബോര്‍ഡും പിന്നെ ഒരു കേട്ട് നോട്ടീസും. പലപ്പോഴും പല നിറത്തിലുള്ള നോട്ടീസുകളായിരിക്കും. ഒരു വശം ഇംഗ്ലീഷിലും മറുവശത്ത് സ്പാനിഷിലും അച്ചടിച്ചവ.

ഞാന്‍ ബോര്‍ഡെടുത്ത് കഴുത്തില്‍ തൂക്കും. അപ്പോള്‍ ഒന്ന് കണ്ണാടി നോക്കാന്‍ തോന്നാറുണ്ട്, പക്ഷെ മനപ്പൂര്‍വ്വമാണോ എന്നറിയില്ല മുതലാളി കടയില്‍ കണ്ണാടി വച്ചിട്ടില്ല. പക്ഷെ ഞാന്‍ പുറത്തുപോയി കടയിലെ ചില്ല് കൂടിനു മുന്‍പില്‍ നിന്ന് നോക്കും. എന്റെ മുഖമല്ലാതെ ഞാനിട്ട ചുളിവു മാറ്റിയ ഷര്‍ട്ടും പാന്റും ഒന്നും കാണില്ല, എല്ലാം ബോര്‍ഡിനുള്ളില്‍ ഒളിഞ്ഞുപോയിട്ടുണ്ടാകും. പക്ഷെ കണ്ണാടിയില്‍ എന്നെ കാണുന്നത് ഒരു രസമാണ്. എന്റെ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് എന്തെന്ന് ഞാനിപോള്‍ ഓര്‍മ്മിക്കുന്നില്ല. അല്ലെങ്കിലും ഞാനെന്തിനോര്‍മ്മിക്കണം. അത് വായിക്കേണ്ടവരും മനസ്സിലാക്കേണ്ടവരും ഞാനല്ലല്ലോ.

മാര്‍ക്കറ്റ്‌ സ്ട്രീറ്റില്‍ തന്നെയാണ് കട. ഇറങ്ങി നിന്നാല്‍ മതി പിന്നെ ജനലക്ഷങ്ങള്‍ പല വഴിക്കായി എന്റെ മുന്‍പില്‍ കൂടി പോയ്‌ക്കൊണ്ടിരിക്കും . പലരും എന്നെ തട്ടാതെ മുറ്റത്തെ നടന്ന് നീങ്ങും. ചിലര്‍ വഴിമുടക്കി എന്നപോലെ തുറിച്ചു നോക്കും, പലരും എന്നെ കാണാറില്ലെന്ന് പോലും തോന്നിയിട്ടുണ്ട്. ബോര്‍ഡ് തൂക്കിയ അദൃശ്യ മനുഷ്യന്‍. ചിലര്‍ എന്റെ കയ്യില്‍ നീട്ടി പിടിച്ചിരിക്കുന്ന നോട്ടീസിലോരെണ്ണം വാങ്ങിക്കും, പക്ഷെ ഞാനാരെന്ന് അന്വേഷിക്കാറില്ല, മുഖത്ത് പോലും നോക്കാറില്ല. പിന്നെ എന്നും ഉച്ചക്ക് നമ്മുടെ എഴുത്തുകാരനും ആ വഴി വരും, എന്നും കുറച്ചു ദൂരം നടന്ന് അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ മാറി നിന്ന് എന്നെ നോക്കും. അയാള്‍ക്കറിയില്ല ഞാന്‍ അയാളെ കാണുന്നുണ്ടെന്ന്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ദിവസവും മാര്‍ക്കറ്റ്‌ സ്ട്രീറ്റില്‍ നില്കുന്നു, പലരും നടന്നു പോകുന്നു അവരവരുടെ ധൃതി പിടിച്ച ജീവിതത്തിന്റെ പിറകെ അവര്‍പോലുമറിയാതെ അവര്‍ ഓടുന്നു. അതിനിടയില്‍ എന്നെ കാണാനും ശ്രദ്ധിക്കാനും എവിടെ നേരം, ഇനി നോക്കിയാല്‍ തന്നെ എന്റെ ചുളിവു മാറ്റിയ ഷര്‍ട്ടും പാന്റും മറച്ചു വയ്ക്കുന്ന ബോര്‍ഡില്‍ എഴുതിയ മുപ്പതും അന്‍പതും ശതമാനം കിഴിവ് പ്രഖ്യാപിക്കുന്ന ലോകത്തില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ്‌ തുണിത്തരങ്ങളുടെ പേരല്ലേ കാണൂ. ഞാന്‍ അദൃശ്യനല്ലേ. പിന്നെ ബോര്‍ഡിന്റെ ഇടക്ക് നിന്നും നീളുന്ന എന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന നോട്ടീസുകളും.

നിങ്ങള്‍ കരുതുന്നുണ്ടാകും എന്തൊരു ജീവിതമെന്ന്, പക്ഷെ നിങ്ങള്‍ക്കറിയാത്തതോന്നുണ്ട്. ഞാന്‍ മാത്രമല്ല, എന്റെ നാട്ടില്‍ നിന്നും എന്നെ പോലെ അനേകം പേര്‍ അദൃശ്യരായി ഈ സ്വപ്നനഗരിയില്‍ കഴിയുന്നു. എല്ലാ വര്‍ഷവും കണ്ട സ്വപ്‌നങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ ഭയമില്ലാതെ ഇവിടെ എത്തിച്ചേരുന്നു. അദൃശ്യരായി ജോലികളില്‍ തുടങ്ങി ക്രമേണ അവസരങ്ങള്‍ തേടി സമൂഹത്തിന്റെ പടവുകള്‍ കയറുന്നു. അങ്ങനെ ഞങ്ങള്‍ പലരും നിങ്ങള്‍ പെരെടുത്തറിയുന്ന മറ്റു പലരുമായി മാറുന്നു. ഞങ്ങളുടെ കുട്ടികള്‍ പഠിക്കുന്നു, നിങ്ങളുടെ കുട്ടികളുടെ കൂടെ, ഞങ്ങള്‍ കണ്ട സ്വപ്നങ്ങളിലെ യഥാര്‍ത്ഥ കണ്ണികള്‍ അവരാണ്.

ഞങ്ങളുടെ അമേരിക്കന്‍ സ്വപ്നം നിങ്ങളുടേത് പോലെ ഒരിക്കലും എളുപ്പമായിരുന്നില്ല, പക്ഷെ ശ്രമിച്ചാല്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നുമില്ലെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ഈ നഗരത്തില്‍ ഞാനും ഈ എഴുത്തുകാരനും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. നാളെ നിങ്ങളില്‍ പലരും മാര്‍ക്കറ്റ്‌ സ്ട്രീടിലൂടെ നടക്കും. നിങ്ങളും ഈ ബോര്‍ഡു കാണും, അത് തൂക്കിയിട്ടിരിക്കുന്ന അദൃശ്യ മനുഷ്യനെ ശ്രദ്ധിക്കാതെ നടന്നു പോകും. ശ്രധിക്കണമെന്നില്ല കാരണം അത് ഞാനാവണം എന്നില്ല, അത് മറ്റൊരു ഹോസെ ആയിരിക്കാം. അവനെ കണ്ടിട്ട് അന്നും ഒരു എഴുത്തുകാരന്‍ എഴുതാന്‍ മതി "ഞാന്‍ ഹോസെ, പക്ഷെ നിങ്ങളെന്നെ അറിയില്ല"

ഹോസേക്ക് വേണ്ടി മര്‍ത്ത്യന്‍ എഴുതിയത് -

Saturday, February 18, 2012

ഹേ, കഥാകൃത്തെ! ഞാന്‍ നിങ്ങളുടെ ഒരു കഥാപാത്രം

"എന്താ ഒരു വിഷമം" അവള്‍ അടുത്തു വന്ന് ചോദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ഞാന്‍ എന്റെതായ ഒരു ലോകത്തായിരുന്നു. ഞാന്‍ അറിഞ്ഞിരുന്നു, പക്ഷെ വായിച്ചിരുന്ന പുസ്തകം എന്നെ ഈ ലോകത്ത് നിന്ന് പ്രത്യക്ഷമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും പറിച്ചെടുത്ത്‌ മറ്റെവിടയോ കൊണ്ട് ചെന്ന് നട്ടിരുന്നു. ഞാന്‍ അവളെ നോക്കി

"പുസ്തകം തീര്‍ന്നതിലുള്ള വിഷമമാവും അല്ലെ?" അവള്‍ ചോദിച്ചു
ഞാന്‍ ചിരിച്ചു
"ഗെറ്റ് ബാക്ക് ടു റിയാലിറ്റി" അവള്‍ പറഞ്ഞു "വീക്കെന്റല്ലേ?"

"അതെ" ഞാന്‍ സമ്മതിച്ചു. എഴുത്തുകാരിയായ ഭാര്യയുണ്ടെങ്കില്‍ ഒരു ഗുണമുണ്ട്. അക്ഷരങ്ങളോടുള്ള സ്നേഹം അവള്‍ക്ക് മനസ്സിലാകും, മാത്രമല്ല സങ്കല്പ ലോകങ്ങളില്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. അല്ലെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കഴിവുണ്ട് പലതിലും. അതില്‍ പുരുഷന്മാരുടെ കുറവുകള്‍ മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ കഴിവ്. സത്യത്തില്‍ പുരുഷനാണ് അബല, അവന്‍ സമ്മതിക്കുന്നില്ലെന്നു മാത്രം, അങ്ങനെ അവന്‍ പലപ്പോഴും ചരിത്രത്തില്‍ കോമാളി വേഷം കെട്ടുന്നു.

"പറ ഞാനും കേള്‍ക്കട്ടെ നിന്റെ വിഷമം" അവള്‍ അടുത്തു വന്നിരുന്നു "എന്താണ് നിന്റെ കാല്‍പനിക ലോകത്ത് വച്ച് മറന്നത് ?"
ശരിയാണ് ഒരു വിഷമമുണ്ട്. ഒരു തരം ഏകാന്തത, ഒരു നഷ്ടബോധം. മനസ്സില്‍ തട്ടുന്ന ഏതു പുസ്തകം വായിച്ചാലും അങ്ങിനെയാണ്. അവസാനത്തെ പേജ് വായിച്ചു തീര്‍ന്നാല്‍ ഒരു നിരാശ.

ഞാന്‍ അവളെ നോക്കി
"നീ പറഞ്ഞത് ശരിയാ" ഞാന്‍ അവളെ അടുത്തെക്കടുപ്പിച്ചു "മേബീ യു കാന്‍ ഹെല്പ് മി ബികോസ് യു ആര്‍ എ റൈറ്റര്‍ ആസ് വേല്‍"
അവള്‍ എന്നെ നോക്കി. ആ നോട്ടത്തില്‍ പുരുഷന്മാരുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കുന്ന സ്ത്രീയുടെ മുഖഭാവമുണ്ടോ. ഉണ്ടെങ്കിലുണ്ട് ഭാര്യയല്ലേ അന്യ സ്ത്രീയോന്നുമല്ലല്ലോ.

ഞാന്‍ അവളെ നോക്കി പറഞ്ഞു "ഒരിക്കല്‍ ഏതോ കഥാകൃത്ത്‌ ഒരു പുസ്തകത്തിന്റെ അവതാരികയില്‍ പറയുകയുണ്ടായി, ഒരു വായനക്കാരന്‍ ഒരു കഥ വായിക്കുമ്പോള്‍ അവനും, കഥാകൃത്തും, കഥാപാത്രങ്ങളും കൂടി ഒരു പുതിയ ലോകം സൃഷ്ടിക്കുമെന്ന്, അത് അന്നുതന്നെ എനിക്ക് നന്നേ ബോധിച്ച ഒരു അവലോകനമായിരുന്നു" ഒന്ന് നിര്‍ത്തിയിട്ടു ഞാന്‍ വീണ്ടും തുടര്‍ന്നു "പക്ഷെ എന്റെ പ്രശ്നം അത് കഴിഞ്ഞിട്ടുള്ള കാര്യമാണ്"

"അത് ശരി" അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. പരിഹാസമാണോ എന്ന് ഞാന്‍ സംശയിച്ചെങ്കിലും ഞാന്‍ എന്റെ പ്രശ്നത്തിലേക്ക് വീണ്ടും കടന്നു

"ഒരു പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാകുന്നു, ഒരു തരം നിരാശ. അതിലെ കഥാപാത്രങ്ങളെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടാണോ? "

"ഒരു പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാകുന്നു, ഒരു തരം നിരാശ. അതിലെ കഥാപാത്രങ്ങളെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടാണോ? കഥാകൃത്ത്‌ മനപ്പൂര്‍വം കൊല്ലിച്ചവര്‍ മാത്രമല്ല കഥയുടെ അവസാനം ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ പോലും നമ്മള്‍ അവസാനത്തെ എട് വായിച്ചു തീരുമ്പോള്‍ എന്നെന്നേക്കുമായ് നഷ്ടമാകുന്നു. ഇനി ഒരിക്കലും ജീവിക്കാതെ അവരുടെ മുന്നോട്ടുള്ള ജീവിതം നമ്മുടെ കണ്മുന്‍പില്‍ നിന്നും എന്നെന്നേക്കുമായ് ഇല്ലാതാകുന്നു"

ഞാന്‍ ഒന്ന് നിര്‍ത്തി, എനിക്ക് കിറുക്കുണ്ടോ എന്നവള്‍ക്ക് തോന്നിയാലോ. "അത് ഏത് വായനക്കാരനും നിരാശയ്ക്ക് വകയല്ലേ?" ഞാന്‍ ചോദിച്ചു
അവള്‍ ചിരിച്ചു "കഥാകൃത്തിനു എവിടെയെങ്കിലും നിര്‍ത്തണ്ടേ?"

"പക്ഷെ ഞാന്‍ ഒരു വായനക്കാരനയിട്ടല്ല, കഥാകൃത്തുകൂടി അറിയാത്ത ഒരു കഥാപാത്രമായിട്ടാണ് കഥകളിലൂടെ നീങ്ങുന്നത്‌" ഞാന്‍ അവളെ അടുത്തേക്ക് പിടിച്ചിരുത്തി "അവസാനത്തെ എട് വായിച്ചു തീരുമ്പോള്‍ എന്റെ ആ അദൃശ്യ കഥാപാത്രവും ഇല്ലാതാകുന്നു. എല്ലാവര്‍ക്കും രൂപവും ഭാവവും നല്‍കി കഥയിലുടനീളം കൊട്ടിഘോഷിച്ചു കൊണ്ടു നടന്ന് അവസാനിപ്പിക്കുമ്പോള്‍ കഥാകൃത്ത്‌ അറിയുന്നില്ല ഞാന്‍ മാത്രം ഒരു ലക്ഷ്യവുമില്ലാതെ ഇല്ലാതാകുന്നു എന്ന്. മരിക്കാനും ജീവിക്കാനും കഴിയാതെ ഞാന്‍ ആ അവസാന ഏടുകളില്‍ അക്ഷരങ്ങള്‍ക്കും അവസാനത്തെ ഫുള്‍സ്ടോപ്പിനും ഇടക്ക് എവിടെയോ അപ്രത്യക്ഷമാകുന്നു"

അവള്‍ എന്റെ ചുണ്ടത്ത് അവളുടെ ചുണ്ട് വച്ച് മെല്ലെ പറഞ്ഞു "അതിന് നിങ്ങള്‍ നിങ്ങളുടെ ഈ ലോകത്തിലേക്ക് തിരിച്ചു വരണ്ടേ? ഇവിടെ വന്നു ദോശയും ചമ്മന്തിയും കഴിക്കണ്ടേ, കുട്ടികളൊത്ത് കളിക്കണ്ടേ, എന്നെ പ്രണയിക്കണ്ടേ? അതിന് കഥാകൃത്ത്‌ നിര്‍ത്തിയല്ലേ പറ്റു" അവള്‍ എന്റെ കണ്ണുകളിലേക്കു നോക്കി "വെല്‍കം ടു റിയാലിറ്റി"

പക്ഷെ ഹേ കഥാകൃത്തെ, നിങ്ങളെന്നെ അറിയും, ഞാന്‍ ഒരു വായനക്കാരന്‍ മാത്രമല്ല നിങ്ങളുടെ കഥാപാത്രം കൂടിയാണ്. നിങ്ങളുടെ കഥകളിലൂടെ അനേകം തവണ വേഷം കെട്ടി മരിച്ച ഒരുവന്‍. നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ കഥാപാത്രങ്ങളെ സ്നേഹിച്ചും, വെറുത്തും കാമിച്ചും ഞാന്‍ ജീവിക്കുന്നു. ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍കുന്ന ഒരു ജനന മരണ പ്രക്രിയ. ഒരു വായനക്കാരനെന്ന നിലയില്‍ അതെന്റെ കര്‍മ്മമായിരിക്കാം. പക്ഷെ നിങ്ങള്‍ പോലുമറിയാതെ ജീവിച്ചു നിങ്ങളുടെ തൂലിക അവസാന വാക്കെഴുതിത്തീരുമ്പോള്‍ അറ്റുപോകുന്ന നിങ്ങള്‍ പോലും സൃഷ്ടിക്കാത്ത നിങ്ങളുടെ കഥയിലെ മുഖ്യ കഥാപാത്രം കൂടിയല്ലേ ഞാന്‍, ഈ ഞാന്‍... ഈ വായനക്കാരന്‍. അടുത്ത കഥയില്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ എനിക്കും ഒരു ചിട്ടപ്പെടുത്തിയ ഒരു ഭാഗം ജീവിച്ചു തീര്‍ക്കാന്‍ തരില്ലേ?

മര്‍ത്ത്യന്‍

Thursday, February 9, 2012

ഞാനും പ്രവാസി

"മലയാള്യാ" ചോദ്യം എന്നോടാണെന്ന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി രാവിലെയും വൈകീട്ടും ഒന്നര മണിക്കൂറോളം സാന്‍ഫ്രാന്‍സിസ്കോ ഓഫീസിലേക്കുള്ള ട്രെയിന്‍ യാത്ര, ഒരിക്കല്‍ പോലും ഒരു മലയാളിയെ കണ്ടിട്ടില്ല. കേട്ടിട്ടില്ല എന്ന് പറയുന്നതാകും ശരി. ഇന്ത്യക്കാരെ കൊണ്ട് നിറയുന്ന ഈ ബേ-ഏരിയ-ട്രാന്‍സിറ്റ് (ബാര്‍ട്ട്) വണ്ടികളില്‍ തെലുങ്ക്, തമിഴ്, പഞ്ചാബി, ഹിന്ദി പിന്നെ ഒന്ന് രണ്ടു തവണ കന്നടയും കേട്ടു, പക്ഷെ മലയാളം ഒരിക്കല്‍ പോലും കേട്ടിട്ടില്ല. പലപ്പോഴും തോന്നും ഒന്നെങ്കില്‍ മലയാളികള്‍ ഊമകളായിരിക്കും, അല്ലെങ്കില്‍ ഉറക്കം തൂങ്ങികള്‍ അതുമല്ലെങ്കില്‍ പിന്നെ സായിപ്പുമാരെ പോലെ ആകാന്‍ വേണ്ടി മിണ്ടാട്ടമില്ലാതെ ഇരിക്കുകയായിരിക്കും. ഏതായാലും മുകുന്ദന്റെ 'പ്രവാസി' തുറന്നു വച്ചിരിക്കുന്ന എന്നോടു തന്നെയായിരിക്കണം ഈ ചോദ്യം.

വണ്ടിയില്‍ തെറ്റിക്കയറിയ ഏതെങ്കിലും മലയാളിയായിരിക്കും എന്ന് കരുതി ഞാന്‍ ചുറ്റും നോക്കി. തെറ്റിക്കയറിയതല്ല, ദിവസവും കാണുന്ന ഒരു വിദ്വാന്‍ തന്നെ. സ്ഥിരം ഒരു മദാമയുടെ മണവും പിടിച്ചു നില്‍ക്കാറുള്ള ഒരു ചുള്ളന്‍. മലയാളിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല, ഒരു വടക്കന്‍ അങ്ങിനെയാണ് കരുതിയിരുന്നത്. ഏതായാലും ചിരിച്ചു നില്‍ക്കുന്ന അവനോടു ഞാനും ചിരിച്ചു. "പാവം സീറ്റ് കിട്ടിയില്ല" ഞാന്‍ മനസ്സില്‍ സന്തോഷിച്ചു ഒരു മലയാളിയേക്കാള്‍ മിടുക്കനായില്ലേ ഞാന്‍.

"അതെ മലയാളിയാ" ഞാന്‍ ചിരിച്ചു എന്ന് വരുത്തി. ഇപ്പോള്‍ അങ്ങനെയാണ്. ഇങ്ങോട്ട് മുട്ടുന്നവരെ പേടിയാണ്. ഒരു തരം കോംപ്ലെക്സ് എന്നും വേണമെങ്കില്‍ പറയാം.

Thursday, February 2, 2012

കദീജെടെ മൊബീല്

“കദീജെ ഇയ്യാ മോബീലിങ്ങേടുത്താ”
“എന്തിനാ ഉമ്മാ ഇങ്ങക്കിപ്പം മൊബീല്?” അവള്‍ ചോദിച്ചു "ഇങ്ങക്കിണ്ടോ അതിന്റെ സൂത്രം ബശം?”
“ഇയ്യ്‌ ബിളിച്ചാ മതി”
“അയിന് ഇങ്ങക്കാരെ വിളിക്കാനാ ഉമ്മാ ഈ പാതിരാത്രിക്ക്‌”
അവള്‍ ഉമ്മയെ നോക്കി
“അന്റെ ഉപ്പാനെ വിളിക്കാനാ മുത്തെ" ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു
അവള്‍ ഉമ്മയെ നോക്കി നിന്നു എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു
“അയിന് ഉപ്പ പോയിട്ട് കൊല്ലെത്രായി?”
“അതനക്ക്, ഞാന്‍ മൂപ്പരെ എന്നും കാണല്ണ്ട്”
“എവിടുന്ന്” അവള്‍ ചോദിച്ചു
“ന്റ കിനാവില്” ഉമ്മ ചിരിച്ചു .പിന്നെ നാണിച്ചു കൊണ്ട് പറഞ്ഞു
“പക്ഷേങ്കില് ഒന്നും മുണ്ടില്ല, ബെര്‍തെ അങ്ങനെ നിന്ന് ചിരിക്കും” ഉമ്മ മുഖം പൊത്തി ചിരിച്ചു
അവള്‍ ഉമ്മയുടെ അടുത്ത് കട്ടിലില്‍ ഇരുന്നു “അതിന് നമ്പര് ബേണ്ടെ ഉമ്മാ” അവള്‍ ചോദിച്ചു
“ഇന്നലെ അത് ഇക്ക് ആങ്ങ്യം കാട്ടി പറഞ്ഞ് തന്ന്” ഉമ്മ ഉത്സാഹത്തോടെ പറഞ്ഞു
അവള്‍ ഉമ്മയെ നോക്കി, എന്നിട്ട് മൊബൈലെടുത്ത് ചോദിച്ചു