Tuesday, July 31, 2012

ഉമ്മറത്ത് തന്നെ

ഉമ്മറത്ത് തന്നെ
എല്ലാം ഉമ്മറത്ത് തന്നെ
ജീവിതത്തില്‍ നല്ലൊരു ഭാഗം ഈ ഉമ്മറത്ത്‌ തന്നെ
പിറന്ന കാലത്ത് സ്വന്തം മലത്തിലും
മൂത്രത്തിലും മുങ്ങി കളിച്ചു കിടന്നത്
ഈ ഉമ്മറത്ത്‌ തന്നെ....

പിന്നെ കിടത്തിയ പായയില്‍ നിന്നും ഉരുണ്ടു മാറി
ഒരറ്റം തൊട്ട് മറ്ററ്റം വരെ
നിലവും തൂത്ത് വൃത്തിയാക്കി നീന്തി കളിച്ചതും
ഈ ഉമ്മറത്ത്‌ തന്നെ....

വാശി പിടിച്ച് കൈകാലുകളിട്ടടിച്ച് കരഞ്ഞതും
മുട്ടുകാലില്‍ ഓടി നടന്നു കളിച്ചതും
ഈ ഉമ്മറത്ത്‌ തന്നെ....

പിന്നെ ആരുടെയോ സാരിത്തുമ്പിലോ മുണ്ടിന്റെ അറ്റത്തോ
തൂങ്ങി ആദ്യമായി രണ്ടു കാലില്‍ നിന്നതും
പിച്ചവച്ച് നടന്നതും
അങ്ങിനെ കാണികളില്‍ നിന്ന് ആദ്യവും അവസാനമായും
കൈയ്യടി ലഭിച്ചതും
എല്ലാം ഈ ഉമ്മറത്ത്‌ തന്നെ....

ഓടിക്കളിച്ചപ്പോള്‍ ആദ്യം മൂക്കും കുത്തി വീണതും
വീണപ്പോള്‍ ആദ്യമായി മുഖത്ത് അടി കിട്ടിയതും ....
ഈ ഉമ്മറത്ത്‌ തന്നെ....

സന്ധ്യക്ക്‌ വിളക്ക് വച്ചപ്പോള്‍
കൂട്ടത്തിലിരുന്ന് നാമം ജപിക്കാന്‍ വിസമ്മതിച്ച്
ആദ്യമായി നിഷേധം കാട്ടിയതും
ഉമ്മറത്ത്‌ തന്നെ...

സിമന്റില്‍ വരച്ച ചെസ്സ്‌ ബോര്‍ഡില്‍
കളിയറിയാത്ത പ്രായത്തില്‍ കല്ലുകള്‍ വച്ച് കളിച്ചതും
വിറ്റ് കിട്ടിയ പൈസ കൊണ്ട് സിനിമ കാണാം
എന്ന് കരുതി കട്ട് കൊണ്ട് പോയ ഓട്ടുപാത്രമിരുന്നതും
ഈ ഉമ്മറത്ത്‌ തന്നെ....

ബന്ധത്തിലാരോ കെട്ടി തൂങ്ങി മരിച്ചതും
ഈ ഉമ്മറത്ത്‌ നിന്ന് നോക്കിയാല്‍ കാണുന്ന
ഒരു പ്ലാവിന്റെ മുകളില്‍ നിന്നു തന്നെ
അവരുടെ നിര്‍ജ്ജീവമായ ശരീരം
ഇറക്കി കിടത്തിയതും... മരണത്തെ
ആദ്യമായി പരിചയപ്പെട്ടതും
ഈ ഉമ്മറത്ത്‌ തന്നെ....

നഷ്ടപ്പെട്ട ആളെ ഓര്‍ത്ത്
പിന്നെ ചില സന്ധ്യക്ക്‌ ഒറ്റക്കിരുന്ന്
മരണമെന്ന ആ മഹാസത്യത്തെ
മൌനമായി മനസ്സിലാക്കിയതും
ഈ ഉമ്മറത്ത്‌ തന്നെ....

പലരും വലതുകാല്‍ വച്ച് കയറിവന്നതും
ചിലര്‍ ഒരിക്കലും തിരിച്ചു വരില്ലെന്നറിയാതെ
വിദേശത്തേക്ക് യാത്ര പറഞ്ഞ് ഇറങ്ങി പോയതും....
ഈ ഉമ്മറത്തു നിന്ന് തന്നെ....

പണ്ടിറങ്ങിപ്പോയ അമ്മയുടെ വകയിലൊരമ്മാവന്‍ -
എന്നെങ്കിലും വരുമ്പോളുണ്ടാകുന്ന സൌഭാഗ്യങ്ങളെ ഓര്‍ത്ത്
കെട്ടിയ മനക്കൊട്ടകളെല്ലാം തകര്‍ത്ത്
താടിയും മുടിയും നീട്ടി വളര്‍ത്തി
ഭിക്ഷയാജിച്ച് തിരിച്ചു വന്നപ്പോള്‍
ആ പാവത്തിനെ എതിരെല്‍ക്കാതെ
കുടുംബം മുഴുവന്‍ മരണ വീട് പോലെ മൂകമായി നിന്നതും
ഈ ഉമ്മറത്ത്‌ തന്നെ....

ജീവിത ഭാരം പേറി... മനസ്സ് നീറി
ഉത്തരം മുട്ടി.. ലോകം ചുറ്റി നടന്ന് ക്ഷീണിച്ചു വന്ന്
വിളക്കണച്ച് ഇരുട്ടില്‍ ഒറ്റയ്ക്ക് ഉലാത്തി നടന്നതും
ഈ ഉമ്മറത്ത് തന്നെ...

പിന്നെ സന്ധ്യകളില്‍
അയല്‍വാസിയായ മദ്യപിക്കാത്ത പട്ടാളക്കാരനില്‍
നിന്നും വാങ്ങിയ ബ്രാണ്ടി നുണഞ്ഞ്
സുഹൃത്തുക്കളുമായി സമയം പങ്കിട്ടതും
ഈ ഉമ്മറത്ത് തന്നെ...

ഇനി വയസ്സു കാലത്ത്
കസേരയിലിരുന്ന് റോഡിലേക്ക് നോക്കി
പഴയ കാലം ഓര്‍ത്തിരിക്കുന്നതും
ഈ ഉമ്മറത്തായിരിക്കാം.....

പിന്നെ എന്നെങ്കിലും എഴുതുവാന്‍ ഒന്നും ബാക്കിയില്ലാതെ
എല്ലാ കഥകളും കവിതകളും അവസാനിക്കുമ്പോള്‍
വാക്കുകളും ചുണ്ടും വരണ്ട് പിന്നെ ശ്വാസം നിലയ്ക്കുമ്പോള്‍
പുതപ്പിച്ചു കിടത്തുന്നതും
ഈ ഉമ്മറത്ത് തന്നെ വേണം എന്ന് പറയണം
ഈ ഉമ്മറത്ത് തന്നെ....
ഈ ഉമ്മറത്ത് തന്നെ....
-മര്‍ത്ത്യന്‍-

സീതയ്ക്കൊരു പാര്‍സല്‍

പല തരത്തിലും നിറത്തിലും -
മണത്തിലുമുള്ളവ വാങ്ങി.
നിറമുള്ള കടലാസ്സില്‍ പൊതിഞ്ഞു കെട്ടി
അതിലൊരു കുറിപ്പും ഇട്ടു
"സീതേ ഇതില്‍ നൂറു റബ്ബറുകളുണ്ട്
പണ്ട് രണ്ടാം ക്ലാസ്സില്‍
നീ കൊണ്ട് വരാറുള്ള എല്ലാ -
മണമുള്ള റബ്ബറിന്റെയും അറ്റം
കടിച്ചു തിന്നിരുന്നത് ഞാനാണ്
നീ ആ പാവം ശശാങ്കനെ വെറുതെ സംശയിച്ചു
ടീച്ചറോട് പറഞ്ഞ് അടിയും വാങ്ങി കൊടുത്തു..
എന്നിട്ടും ഭയങ്കരി നീ അവനെ തന്നെ കെട്ടിയല്ലോ...
ഞാന്‍ നിനക്ക് മാപ്പ് തന്നു...നീ എനിക്കും മാപ് തരണം
ഇതാ ഇനി വേണമെങ്കില്‍ എന്നോട് പ്രതികാരം വീട്ടാം
നിങ്ങളുടെ സ്വകാര്യ വേളകളില്‍
വേണമെങ്കില്‍ ഈ റബ്ബറുകള്‍ കടിച്ചുകൊണ്ട്
എന്നെ കുറ്റം പറഞ്ഞിരിക്കാം...
സീതാ ശശാങ്കന്‍ നീ എന്നോട് ക്ഷമിക്കണം"
എന്ന് സ്വന്തം....
-മര്‍ത്ത്യന്‍-

Sunday, July 29, 2012

മര കഷ്ണം

എടൊ... മണ്ടാ.... ഒരു വെറും മര കഷ്ണമാണ് ഞാന്‍
ചെണ്ടയോ, മദ്ദളമോ അല്ല നിനക്ക് കൊട്ടിക്കളിക്കാന്‍
കൊട്ടിയാല്‍ ശബ്ദമുണ്ടായെക്കാം...
പക്ഷെ അതില്‍ നീ അന്വേഷിക്കുന്ന
മുഴക്കം ഉണ്ടാവില്ല...
നിന്റെയെന്നല്ല ആരുടേയും സംഗീത ബോധത്തിന്
വഴങ്ങാത്ത, അച്ചടക്കമില്ലാത്ത
വെറും മര കഷ്ണമാണ് ഞാന്‍....
നിനക്കൊരു മഴുവുണ്ടെങ്കില്‍ കൊണ്ട് വാ...
എന്റെ ധര്‍മ്മം, വിധി, നിയമം, ആഗ്രഹം....
എല്ലാം നമുക്ക് നടപ്പാക്കാം...
ഏതെങ്കിലുമൊരു മഴുവിന്റെ അറ്റത്ത്‌ എന്നെങ്കിലും
രണ്ടായി പുനര്‍ജനിക്കുമെന്നോര്‍ത്ത്
വര്‍ഷങ്ങളെത്രയായി....
ഒരു മഴു കൊണ്ട് വാ....
കരുണയില്ലാതെ വെട്ടിമുറിക്ക്........
-മര്‍ത്ത്യന്‍-

Wednesday, July 25, 2012

പോരെ

ഒരു മറക്കാനാവാത്ത നൊമ്പരം
എന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശ
ഒരു സുഹൃത്ത്‌, സംഗീതാസ്വാദനം
വായനാശീലം.. അല്പം മദ്യം,
സങ്കല്‍പ്പത്തിലെങ്കിലും പ്രേമിക്കാന്‍ ഒരു കാമുകി
ഇത്രയൊക്കെ പോരടോ മര്‍ത്ത്യാ
ജീവിതം തള്ളി നീക്കാന്‍...
പോരെ....?
-മര്‍ത്ത്യന്‍-

Tuesday, July 24, 2012

ലയിന്‍ ബസ്സിലെ കുപ്പി ഡപ്പി ദൃശ്യങ്ങള്‍

കുപ്പികളിലും ഡപ്പികളിലും
കുരുങ്ങി നീങ്ങുന്ന മനുഷ്യജന്മങ്ങള്‍
ലയിന്‍ ബസ്സുകളിലെ സ്ഥിരം ദൃശ്യങ്ങള്‍

പൌഡറിന്റെ ഡപ്പിയില്‍ വീണ സുകുമാരി
സെന്റിന്റെ കുപ്പിയില്‍ വീണ ഗള്‍ഫുകാരന്‍ മോയിദീനെ
നോക്കി കണ്ണിറുക്കുന്നു

ബ്രാണ്ടിക്കുപ്പിയില്‍ വീണ് എഴുന്നേല്‍ക്കാന്‍
ബുദ്ധിമുട്ടുന്ന മദ്യപനെ സഹായിക്കാന്‍ മുതിരുന്ന
മരുന്ന് കുപ്പിയും രസീതും കയ്യില്‍ അടക്കി പിടിച്ച്
കമ്പിയില്‍ ചാരി നില്‍ക്കുന്ന രോഗി

അവരെ നോക്കി അറപ്പും വെറുപ്പും പരിഹാസവും
കൊണ്ട് ചിരിക്കുന്ന റുപ്പിയിടുന്ന അമ്മയുടെ ഡപ്പിയും
കട്ട് സിനിമക്ക് പോകാന്‍ കയറിയ
ഒരു മുടിയനായ പുത്രന്‍

ഡപ്പിയില്‍ നിന്നും കയ്യിലെക്കിട്ട് മൂക്കിലേക്ക് വലിച്ച് കയറ്റി
അടുത്തുള്ളവരെ ഗൌനിക്കാതെ ആഞ്ഞു തുമ്മി
പൊടിയും മറ്റു പലതും പലയിടത്തും വിളമ്പുന്ന
ഒരു പ്രത്യേക വിശേഷണത്തിലും പെടാത്ത
ഏതോ ഒരാള്‍...

കുപ്പിയില്‍ കലക്കിയ മാള്‍ട്ടോവ കുടിച്ച്
അമ്മയുടെ മടിയിലിരുന്ന് അടുത്ത സീറ്റില്‍
ഇരുന്നു മയങ്ങുന്ന സ്ത്രീയുടെ മുടിയില്‍
കൈ കുരുക്കി കളിക്കുന്ന ഒരു ശിശു

നിറയ്ക്കുമ്പോള്‍ കയ്യിലേക്ക് പടര്‍ന്ന
ഉത്തര കടലാസുകളെ അലങ്കരിക്കാറുള്ള
ചുവന്ന മഷി കഴുകാന്‍ മിനക്കെടാതെ
സ്കൂളിലേക്ക് ഓടുന്ന ഒരധ്യാപകന്‍

പുറത്തും കണ്ടു ചില കുപ്പി ഡപ്പി ദൃശ്യങ്ങള്‍
ജനങ്ങള്‍ വലിച്ചെറിഞ്ഞ കുപ്പികളും ഡപ്പികളും
പെറുക്കി നടന്നു നീങ്ങുന്ന ഒരു പെണ്‍കുട്ടിയും
അവളുടെ അനിയനും..

അവരെ നോക്കി കോളക്കുപ്പിയില്‍ നിന്നും
കുഴല്‍ വഴി കോള നുണഞ്ഞ് മുന്‍പിലത്തെ
പെണ്‍കുട്ടിയുടെ മേലേക്ക് ചായുന്ന
ഒരു പൂവാലന്‍ ചെറുക്കന്‍

എവിടെയോ വണ്ടി നിര്‍ത്തിയപ്പോള്‍
കോറം തികയ്ക്കാനായി കയറി
ഏതോ കുപ്പിയില്‍ നിന്നും
പൊട്ടി പുറത്ത് വന്ന ഭൂതത്തിനെ പോലെ
മേക്കപ്പിട്ട ഒരു അമ്മായിയും...

പക്ഷെ എനിക്കും ഇറങ്ങണം
ഞാനും എഴുന്നേറ്റു...
മെല്ലെ കുപ്പികളും ഡപ്പികളും തട്ടാതെ
വാതിലിലേക്ക് നീങ്ങി
എന്റെ സ്റ്റൊപ്പും എത്തി
ഞാനും ഇറങ്ങി....
-മര്‍ത്ത്യന്‍-

അലര്‍ച്ചകള്‍

അലറി വിളിച്ചു പറഞ്ഞാല്‍
എല്ലാം സത്യമാവുമെന്ന
എന്റെ തെറ്റിദ്ധാരണ
അല്‍പ സമയം മിണ്ടാതെ
ഇരുന്നപ്പോള്‍ പോയി...
പക്ഷെ തലയ്ക്കുള്ളിലെ
അലര്‍ച്ചകള്‍....
അവ കൂടുതല്‍ ഉച്ചത്തില്‍
തന്നെ തുടര്‍ന്നു....
അവ ഒടുങ്ങണമെങ്കില്‍
വേറെ പലതും ഒടുങ്ങണം....
-മര്‍ത്ത്യന്‍-

Sunday, July 22, 2012

എന്റെ ജീവിതം

ഒഴുകി തീര്‍ന്ന വാക്കുകളുടെ അവസാനം
ഇറ്റിറ്റായി വീണു കൊണ്ടിരുന്ന
ആര്‍ക്കും വേണ്ടാത്ത ചില
അര്‍ത്ഥ ശൂന്യതകളുണ്ടായിരുന്നു
അതിലൊന്നായിരുന്നു
അവസാനം ഞാന്‍ തേടിപ്പിടിച്ചെടുത്ത്
ലോകത്തിനു മുന്‍പാകെ അഹങ്കരിച്ച
എന്റെ ജീവിതവും...
-മര്‍ത്ത്യന്‍-

മഴയുടെ പിണക്കം

വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളി
മുടക്കാനായിട്ട് വരുന്ന
ആ അസത്ത് മഴയെ
കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ച്
കളഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു
എനിക്ക്....
ഇന്ന് ചിലപ്പോള്‍ എന്റെ കണ്ണിലെ
നനവ്‌ കണ്ടിട്ടെങ്കിലും
അതെ മഴ പിണക്കം മാറി
തിരിച്ച് വരാന്‍ മതി അല്ലെ...?
-മര്‍ത്ത്യന്‍-

Saturday, July 21, 2012

താരാട്ട്

ഒരു താരാട്ടിന്റെ ബലത്തില്‍
കുറേ ദൂരം വളര്‍ന്നപ്പോഴാണ്
മനസ്സിലായത്
തിരിച്ചു പോകാന്‍ വഴിയില്ലെന്ന്
ഇനിയങ്ങോട്ട് ആ താരാട്ടില്‍
തന്നെ തപ്പിത്തടഞ്ഞു നീങ്ങാം അല്ലെ
-മര്‍ത്ത്യന്‍-

കുഞ്ഞി കവിത

കുഞ്ഞി കവിതയെഴുതുന്ന കവികളെ കുറ്റപ്പെടുത്തരുത്...
കുഞ്ഞിയതാവുന്നത് കവിതയുടെ കുറ്റമാണ്
ആദ്യത്തെ വരിയെഴുതി കഴിയുമ്പോള്‍
തന്നെ തുടങ്ങും
തീരാനുള്ള മുറവിളി....
പിന്നെ ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും എല്ലാം
മനസ്സില്‍ ഒളിപ്പിച്ച് വച്ച് അതങ്ങ് തീര്‍ക്കും
എന്നിട്ട് അടുത്ത കുഞ്ഞി കവിതയ്ക്ക്
വേണ്ടി കാത്തു കിടക്കും...
ഇതും അങ്ങിനെ തന്നെ പാവം...
-മര്‍ത്ത്യന്‍-

Thursday, July 19, 2012

എന്തിന്...?

എഴുതുന്നതെന്തിന് ഞാന്‍
മറന്നു പോയ പലതിനെ കുറിച്ചും
ഓര്‍മ്മകളില്‍ പോലും തങ്ങാതെ
കടന്നു പോയ ആ
അപ്രധാനമാം യാമങ്ങളെ കുറിച്ച്
എഴുതുന്നതെന്തിന് ഞാന്‍
പണ്ട് പായ വിരിച്ച് അടുത്ത് കിടത്താതെ
പരിഹസിച്ച് പുറംതള്ളി
പടിയടച്ച ആ
നഗ്നമായ സന്ധ്യകളെ കുറിച്ച്
എന്തിന്....എന്തിന്...?
-മര്‍ത്ത്യന്‍-

Wednesday, July 18, 2012

സ്പിരിട്ട്

സ്പിരിട്ട് കണ്ടു
പകുതിക്ക് ശേഷം ഉറങ്ങിപ്പോയി
അഥവാ ഇറങ്ങി പോയി
പുറത്തു വന്നപ്പോള്‍ ആരോ
പരിഹാസത്തോടെ ചോദിച്ചു
"എങ്ങിനെയുണ്ടായിരുന്നു..?"
"കലക്കന്‍" ഞാനും പറഞ്ഞു
"പടമായാല്‍ ഇങ്ങനെ വേണം
മോഹന്‍ലാല്‍ അഭിനയിക്കുകയല്ല
ജീവിക്കയാണ്......
ഏതായാലും വൈകീട്ടെന്താ പരിപാടി
നീ വാ..നമുക്ക് മഹാറാണീലേക്ക് പോകാം..."
മുഴുവന്‍ കണ്ടില്ലെങ്കിലെന്താ
മുഴുവന്‍ മനസ്സിലായല്ലോ
-മര്‍ത്ത്യന്‍-

ഇനി സത്യം..സിനിമ മുഴുവന്‍ കണ്ടു...വളരെ നന്നായിട്ടുണ്ട്...മഹാറാണി ഓര്‍മ്മ വന്നത് ശരി തന്നെ...:)

വേണ്ടിയിരുന്നില്ല

വേണ്ടിയിരുന്നില്ല...
ഞാന്‍ പണ്ട് എണ്ണിയാല്‍ തീരാത്തത്ര
സൂചിക്കുത്ത് കൊണ്ട് ബുദ്ധിമുട്ടി
നിന്റെ പേര് തുന്നി പിടിപ്പിച്ച
അതെ തൂവാല കൊണ്ട് തന്നെ
വേണ്ടിയിരുന്നില്ല....
ആരിലോ നിനക്കുണ്ടായ
ആ ചെറുക്കന്റെ മൂക്കിള തുടക്കാന്‍...
ആ തൂവാലയെ കുറിച്ച്
അതിന്റെ ജീവിത യാത്രകളെ കുറിച്ച്
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എനിക്ക്..
എല്ലാം നശിപ്പിച്ചില്ലേ ഛെ!
-മര്‍ത്ത്യന്‍-

Monday, July 16, 2012

മൈമൂന

എന്തൊരു തിരക്കായിരുന്നു
ആ മൈമൂന ലയിന്‍ ബസ്സിന്
നിന്നെ കാണാന്‍ ഓടിക്കിതച്ച് എത്തുമ്പോഴേക്കും
അത് വന്ന് നിന്നേം കൊണ്ട് പറപറന്നിട്ടുണ്ടാവും...
പിന്നെ ഒരു പ്രാര്‍ത്ഥനയെ ഉണ്ടാവാറുള്ളൂ...
ആ കിളി ആലിക്കോയ നിന്നെ
കൊത്തി തിന്നാതിരുന്നാല്‍ മതിയായിരുന്നു...
നീയും അവന്റെ മുന്‍പില്‍
കൊത്താന്‍ പാകത്തില്‍
പഴുത്തു തുടിച്ചു നില്‍ക്കരുതെന്നും...
-മര്‍ത്ത്യന്‍-

Sunday, July 15, 2012

പരാജയങ്ങള്‍

ജീവിതം പരാജയങ്ങളുടെ മാത്രം
ഒരു ജൈത്രയത്രയാണ്
ജയങ്ങളില്‍ നിന്നും അകന്ന്
പരാജയങ്ങളുടെ കൂടെയുള്ള ഒരു യാത്ര
ജയം എന്നൊന്നില്ല... വെറും തോന്നല്‍
പല പരാജയങ്ങളും നമ്മളുടെതല്ലെന്ന്
നമ്മളെ തെറ്റിദ്ധരിപ്പിക്കാനുള്ള
വെറും മുഖം മൂടിയായി അങ്ങിനെയും
ചില സംഭവങ്ങള്‍ നടക്കുന്നു എന്നേയുള്ളു
ജീവിതത്തില്‍ ശാശ്വതമായിട്ട്
ഒന്നേയുള്ളൂ.... പരാജയം...
തന്റെ പരാജയങ്ങളെ സ്നേഹിക്കുന്നവന്‍
മാത്രമാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍...
-മര്‍ത്ത്യന്‍-

Saturday, July 14, 2012

മനസ്സിലായോ...?

കണ്ണു തുറിച്ച് പേടിപ്പിച്ചു നോക്കി
നാക്ക് കൊണ്ട് ഉപദേശിച്ചു
പിന്നെ തെറി വിളിച്ചു..
മുഷ്ടി ചുരുട്ടി ഒപ്പം നെറ്റി ചുളിച്ച്
പ്രതിഷേധം അറിയിച്ചു
എന്നിട്ടോ വല്ല മാറ്റവും വന്നോ..?
വരും...കൈ നീട്ടി മുഖം നോക്കി
ഒന്ന് കൊടുക്കണം അപ്പോള്‍ ശരിയാവും
എല്ലാം...മനസ്സിലായോ...?
-മര്‍ത്ത്യന്‍-

Wednesday, July 11, 2012

പെജെറോ

റോട്ടിലെ കല്ലുകളിലെല്ലാം തെറിച്ചിരുന്നു
ആ പട്ടിയുടെ ചോര
ചീറി പാഞ്ഞു പോയ പെജെറോ
അതിന്റെ പുത്തന്‍ ടയറുകള്‍
ആദ്യമൊരു അലര്‍ച്ച, പിന്നെ ഒരു പിടച്ചില്‍
പിന്നെ പിടച്ചിലില്‍ പിണഞ്ഞ് ഇല്ലാതായ
ഒരു മോങ്ങല്‍...
ഇത്രയേ ഉള്ളു....അതും തീര്‍ന്നു..
പെജെറോ പോയി നിര്‍ത്തിയത്
ഏത് ഹോട്ടലിന്റെ മുന്‍പിലായിരിക്കും
അതില്‍ നിന്നും ഇറങ്ങിയവര്‍
എന്തായിരിക്കും ഓര്‍ഡര്‍ ചെയ്തത്
ഇറച്ചി ബിരിയാണിയോ..അതൊ പോരിച്ചതോ
സ്വാദ് ഇഷ്ടപ്പെട്ടു കാണും അല്ലെ... എങ്കിലും...
പാവം പട്ടി..അതിനെന്തു പറ്റി കാണും
അതിനെ അന്വേഷിച്ച് ആരെങ്കിലും വന്നിരിക്കുമോ..?
സാരമില്ല ഏതായാലും ബിരിയാണി നന്നായല്ലോ അല്ലെ...?
പതറാതെ മുന്നേറു പെജെറോ...
സമയത്തിന് എത്തിച്ചല്ലോ....
-മര്‍ത്ത്യന്‍-

Sunday, July 8, 2012

കുറ്റം

നക്ഷത്രങ്ങളെ നോക്കി കാര്‍ക്കിച്ചു തുപ്പിയതാണത്രെ
അവന്റെ കുറ്റം
ഗുരുത്വാകര്‍ഷണം തുപ്പല്‍ തിരിച്ച് വിട്ട്
മുഖത്ത് തന്നെ കൊണ്ടെത്തിച്ചപ്പോള്‍
അത് തുടച്ചു കൊടുത്ത്
'സാരമില്ല നിങ്ങള്‍ക്കിനിയും തുപ്പാമല്ലോ'
എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചതാണത്രെ
അവളുടെ കുറ്റം
അവരെ രണ്ടു പേരെയും നോക്കി
വീണ്ടും മിന്നി കളിച്ചതത്രെ
നക്ഷത്രങ്ങളുടെ കുറ്റം
-മര്‍ത്ത്യന്‍-

Thursday, July 5, 2012

മാലപ്പടക്കമേ നീ പൊട്ടുക

മാലപ്പടക്കമേ നീ പൊട്ടുക
പൊട്ടി പൊട്ടി ഇല്ലാതാകുക
പൂരം പൊടി പൊടിക്കട്ടെ
നിങ്ങളുടെയിടയില്‍ കൂട്ടത്തില്‍ പൊട്ടാതെ
തെറിച്ചു വീഴുന്ന തണുപ്പന്മാരെ
നമുക്ക് തേടിപ്പിടിച്ച്
ഒറ്റയ്ക്ക് ഒറ്റയ്ക്ക് പൊട്ടിക്കാം
പേടിക്കണ്ട മാലപ്പടക്കമേ
നീ പൊട്ടുക....
പൊട്ടി പൊട്ടി തീരുക...
-മര്‍ത്ത്യന്‍-

Wednesday, July 4, 2012

കളപ്പുറത്ത് ഗുലാന്‍

"എന്നെ മനസ്സിലായോ..?"
അവന്‍ മുന്‍പില്‍ വന്നു നിന്ന് ചോദിച്ചു
"ഇല്ല..." വളഞ്ഞ് ചുരുണ്ട് ചളി പുരണ്ട് നില്‍കുന്ന
അവനെ നോക്കി ഞാന്‍ പറഞ്ഞു
"നീ പണ്ട് കളിച്ച് പാതി വഴിക്കിട്ടു പോയ
അതെ അന്‍പത്താറിലെ ഗുലാനാണ് ഞാന്‍...
അതെ.. ജയത്തിന്റെ വക്കത്തെത്തിയിട്ടും -
അത് മനസ്സിലാക്കാതെ ജീവിതത്തിലെ അലസതയിലേക്ക്
തിരിഞ്ഞിറങ്ങി പോയപ്പോള്‍ ഓര്‍ത്തില്ല അല്ലെ
ഞാന്‍ അന്വേഷിച്ചു വരുമെന്ന്..."
അവന്‍ വീട്ടിനകത്തേക്ക്‌ എത്തി നോക്കി
"എന്താ... തിരക്കാണോ...?
അറിഞ്ഞു ഞാന്‍.... പിന്നൊരിക്കല്‍
നീ ഒരു ചെസ്സ് കളിയിലും അത് പോലെന്തോ ചെയ്തെന്ന്...
തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്ലാം തട്ടി തെറിപ്പിച്ചിട്ട്
രാജ്ഞിയേയും പോക്കറ്റിലിട്ടു കടന്നു കളഞ്ഞെന്ന്...
അവളുണ്ടോ അകത്ത്...? ഇറക്കി വിടവളെ.....
ഇതൊന്നും നിനക്ക് പറഞ്ഞിട്ടില്ല....
കളപ്പുറത്ത് ഗുലാനാണ് പറയുന്നത്..."
-മര്‍ത്ത്യന്‍-

പപ്പടന്‍ (പപ്പടം എന്ന അവന്‍)

പപ്പടനെ തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍
ആദ്യം അവന്‍ ഉറക്കെ കരയും
പിന്നെ മുഖം വീര്‍പ്പിക്കും
കുറച്ചു കഴിഞ്ഞാല്‍ ദേഷ്യം പിടിച്ച് ചുവക്കും
പിന്നെയും ശ്രദ്ധിക്കാഞ്ഞാല്‍
കരഞ്ഞു ചുരുങ്ങി കരിയും
പാവം പപ്പടന്‍
-മര്‍ത്ത്യന്‍-