Thursday, November 29, 2012

വഴികാട്ടി

നിന്റെ പുഞ്ചിരികളില്‍
ഒളിഞ്ഞിരുന്ന് എന്നെ
കൊഞ്ഞനം കാട്ടാറുള്ള
നിന്റെ അടക്കി പിടിച്ച
കണ്ണുനീര്‍ തുള്ളികളാണ്...
എന്നും ജീവിതത്തില്‍
വഴികാട്ടിയായിട്ടുള്ളത്...
ഇന്ന് നീ കരഞ്ഞു കണ്ടപ്പോള്‍
ശരിക്കും വഴിമുട്ടി പോയി
മര്‍ത്ത്യന്‍-

Wednesday, November 28, 2012

മഞ്ഞ്

പുലര്‍ച്ചെ മൂടല്‍ മഞ്ഞ്
തട്ടി മാറ്റി
വെയിലില്‍ കുളിച്ച് കയറി
ചന്ദ്രക്കുറി ചാര്‍ത്തി
ഒടുവില്‍ സന്ധ്യയെ പ്രണയിച്ച്
പലതും സമ്മാനിച്ച്‌
അങ്ങിനെ ഒരു ദിവസം കൂടി
എവിടെയോ മറഞ്ഞു പോയി
-മര്‍ത്ത്യന്‍-

Tuesday, November 27, 2012

അപൂര്‍ണ്ണത

ആരോ പണ്ട് പകുതിയെഴുതി
നിര്‍ത്തി വച്ച ഒരു കവിതയുടെ
ഏങ്ങല്‍ കേട്ടാണ്
ഇന്നലെ ഞാന്‍ ഉണര്‍ന്നത്.....
ഒരു കടലാസ്സും പേനയുമെടുത്ത്‌
ഞാനതിന്റെ വിഷമം മാറ്റാന്‍ നോക്കി
കഴിഞ്ഞില്ല.....
അപൂര്‍ണ്ണതയില്‍ നിറഞ്ഞു
നിന്നിരുന്ന ആ കവിതയുടെ ദുഃഖം
തന്നെയായിരുന്നു എന്റെതും
-മര്‍ത്ത്യന്‍-

പൂക്കള്‍

എന്റെ മുറിവുകളില്‍ നിന്നും
നിന്റെ വേരുകളിലേക്ക്
ഒലിച്ചു കയറിയ ചുവപ്പ് നിറം....
നിന്റെ പൂക്കളെ
സുന്ദരികളാക്കിയിരിക്കുന്നു....പക്ഷെ
ഈ പൂക്കളിറുത്ത് തന്നെ വേണമത്രെ
ലോകത്തിന് ഇന്ന് പൂക്കളമിടാന്‍...
-മര്‍ത്ത്യന്‍-

Sunday, November 25, 2012

മഷി

പേന വിട്ടിറങ്ങിയ മഷിക്ക്
പലപ്പോഴും മുന്നില്‍ രണ്ടു വഴിയെ കാണു
ഒന്നുകില്‍ പുതിയ വാക്കുകള്‍ക്ക്
വഴി തെളിക്കുക്ക... അല്ലെങ്കില്‍...
വെള്ളയില്‍ അവ്യക്തത പടര്‍ത്തി
ഉപയോഗ ശൂന്യമാവുക....
തിരിച്ചു കയറാന്‍ കഴിയാതെ
പേനയുടെ അറ്റത് വഴിമുട്ടി
മുന്നോട്ട് പോകാന്‍ വിസമ്മതിച്ചു
നിന്ന ചില തുള്ളികളും കാണും ഇടയ്ക്ക്
-മര്‍ത്ത്യന്‍-

Saturday, November 24, 2012

കണ്ണട

പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്...... അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു.....അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല.....പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു.....അതെ കണ്ണടയുണ്ടായിരുന്നു.... പിന്നെ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളുടെ പേര് പത്രത്തില്‍ കണ്ടു.... കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി വളരെ അടുത്തറിഞ്ഞതാണ്..... പക്ഷെ പിന്നെ എപ്പോഴോ ആ ബന്ധവും തീര്‍ന്നു...അല്ല തീര്‍ത്തു..... ആര് തീര്‍ത്തു എന്നത് ഇന്ന് പ്രസക്തമല്ല..... എങ്കിലും ഇന്നത്തെ വാര്‍ത്ത.. അത് തീരെ പ്രതീക്ഷിച്ചതല്ല....വാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന അവളുടെ ചിത്രത്തിലേക്ക് വീണ്ടും നോക്കി... ഇല്ല ഇതില്‍ കണ്ണടയില്ല.....അവള്‍ ലേസര്‍ ചെയ്യണം എന്ന് പറഞ്ഞിരുന്നു.....പക്ഷെ താന്‍ തന്നെയാണ് വിലക്കിയത്..... കണ്ണട വയ്ക്കുമ്പോള്‍ അവളെ കാണാന്‍ കൂടുതല്‍ ചന്തമുണ്ടായിരുന്നു..... ഇന്ന് കണ്ണടയില്ല..... ഇനി ചിത്രത്തിന് വേണ്ടി കണ്ണട ഊരി വച്ചതായിരിക്കുമോ...ആര്‍ക്കറിയാം...അങ്ങിനെ ഓര്‍ത്തോര്‍ത്തു അവളെ പറ്റി പത്രത്തില്‍ വന്ന വാര്‍ത്ത എന്തായിരുന്നെന്ന് മറന്നു പോയി....അല്ലെങ്കിലും ഇന്നിനി വാര്‍ത്തയില്‍ എന്തിരിക്കുന്നു.....കണ്ണട വച്ചിരുന്നില്ല...അത് മാത്രമേ മനസ്സില്‍ തങ്ങി നില്‍ക്കുന്നുള്ളൂ....കണ്ണട വച്ചിരുന്നില്ല....കണ്ണട വച്ചിരുന്നില്ല ......
-മര്‍ത്ത്യന്‍-

Friday, November 16, 2012

നിനക്ക്

ഞാന്‍ കരഞ്ഞു പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ചിരിച്ചു തള്ളിക്കളയുന്ന പ്രകൃതമായിരുന്നില്ലെ നിനക്ക്....ചോദിക്കുമ്പോള്‍ നിനക്കെപ്പോഴും കാണും ഒരു ന്യായം.....സാരമില്ല....പക്ഷെ ഇന്നിപ്പോള്‍ ആരുടെ തമാശ കേട്ടിട്ടാ സുഹൃത്തേ ഇങ്ങനെ കണ്ണീരൊലിപ്പിച്ച് വരുന്നത്.......
-മര്‍ത്ത്യന്‍-

Wednesday, November 14, 2012

മണ്ടന്‍

അസ്തമിച്ച സൂര്യന്‍
ഈ നശിച്ച ലോകത്തിലേക്ക്‌
അവസാനമായി വലിച്ചെറിഞ്ഞ
ഏതെങ്കിലും രശ്മിയുടെ
ജാതകം മാറ്റിയെഴുതിയിട്ടാണത്രെ
സമയം അടുത്ത പകലിന്റെ
വരവ് നിശ്ചയിക്കുന്നത്......
കാരണം മാറ്റിയെഴുതാത്ത
ജാതകങ്ങള്‍ സത്യം വിളിച്ചു പറയുമത്രെ
അങ്ങിനെയുള്ള സത്യങ്ങള്‍ ഈ
ലോകത്തിനെ കൂടുതല്‍ നാശത്തിലേക്ക്
നയിക്കുമത്രെ...
ഓരോ മണ്ടന്‍ വിശ്വാസങ്ങളും
വിലയിരുത്തലുകളും....
ഏതായാലും മര്‍ത്ത്യന് എല്ലാ പ്രഭാതവും
അല്പം നൊസ്സ് കൂടുതല്‍ സമ്മാനിക്കുന്നു
എന്നത് ശരി തന്നെ...
-മര്‍ത്ത്യന്‍-

Tuesday, November 13, 2012

നാല് വരികള്‍

നിന്റെ ശൂന്യതയില്‍
ആരും കാണാതെ
നിനക്കുമാത്രം വേണ്ടി
എഴുതിയതായിരുന്നു
ആ നാല് വരികള്‍.....
അത് നീ ഇങ്ങനെ പരസ്യമായി
വിളിച്ചു പറയരുതായിരുന്നു
ഇപ്പോള്‍ ആവര്‍ക്കും വേണമത്രെ
അവരുടെ ശൂന്യതയില്‍
കുത്തി നിറയ്ക്കാന്‍
നാല് വരികള്‍
-മര്‍ത്ത്യന്‍-

Monday, November 12, 2012

മൊയന്ത്

ഒനല്ലെങ്കിലും ബെയങ്കര ചങ്ങയ്യാ... പെണ്ണ്ങ്ങളെ കണ്ടാല്‍ പാത്തും പതുങ്ങീം നിക്കും...ഓല് പോകുമ്പം പിന്ന്ന്ന്ണ്ടാങ്ങ് ഒരു വിസിലട്യാ....അയിറ്റള് തിരിഞ്ഞ് നോക്കുംപക്കും ഒറ്റ മണ്ടലാ....മ്പളെങ്ങാനും ആട നിക്ക്ന്ന്ണ്ടങ്കില് പെണ്ണുങ്ങള് മ്പളെ നേര്യായിക്കും ചീറല്...മ്പളോ....ഓന്റ വിസിലടീം കേട്ട് ആയിറ്റളെ തൊള്ളേന്നും കേട്ട്....മോയന്തു.അടിച്ച് ഒരു നിക്കലാ.....ഓനോ....ഒനാരാ മോന്‍...ഒനപ്പറത്ത് കൊയക്കാന്റെ കടെന്ന് പൊറാട്ടേം ചാപ്പ്സും കയിക്ക്ന്ന്ണ്ടാവും...അല്ല മ്പളെ പറഞ്ഞാ മതി വിസിലടിക്കും ചെയിതില്ല...മൊയന്തടിക്കും ചെയ്ത്....
മര്‍ത്ത്യന്‍-

Sunday, November 11, 2012

പട്ടി

വണ്ടി ഇടിച്ച്
പിടഞ്ഞു ചത്ത പട്ടിയെ
കാണുമ്പോള്‍
ആരും ചോദിക്കാറില്ല
അതിനു പേ പിടിച്ചിരുന്നൊ എന്ന്....
വണ്ടിക്കാരനെ തന്നെ കുറ്റം പറയും......
കാരണം പട്ടിയെ ഓര്‍ത്തുള്ള
വിഷമം കൊണ്ടല്ല.......
ആ പട്ടിക്കു പകരം
താനായിരുന്നെങ്കിലോ എന്നോര്‍ത്തിട്ട്....
ഒരിക്കലെങ്കിലും മനസ്സില്‍ ഒരു
പട്ടിയാകാത്ത ഏതു മര്‍ത്ത്യനാനുള്ളത്......
മര്‍ത്ത്യന്‍-

Saturday, November 10, 2012

ഓര്‍മ്മ

പകലിനോട് ദിവസം മുഴുവന്‍
മല്ലിട്ട് ദേഷ്യം പിടിച്ച്
മുഖവും ചുവപ്പിച്ച്
ഇന്നലെ വയ്കീട്ട്
ആ കടലിന്റെ അങ്ങറ്റത്ത്
എവിടെയോ മുങ്ങി പോയതാ...
ഇന്നിതാ എല്ലാം മറന്ന്
വീണ്ടും പൊന്തി വന്നിരിക്കുന്നു...ഇ
പ്പോള്‍ ഭയങ്കര
ഓര്‍മ്മപ്പിശകാണത്രെ.....
-മര്‍ത്ത്യന്‍-

Friday, November 9, 2012

വിജയം

വിജയത്തിന്റെ അടിത്തറ തന്നെ തോല്‍വികളാണത്രെ....എങ്കിലും ഇത്രയും കാലം ഈ അടിത്തറപ്പണി വേണോ എന്നൊരു സംശയം.....
-മര്‍ത്ത്യന്‍-

നഷ്ടകോമരങ്ങള്‍

ഇന്ന് പൂര്‍ണ്ണമായും മറന്നു പോയ -
കണ്ണുമടച്ച് കടിച്ചു പിടിച്ച ചില വേദനകള്‍
മധുരം കൊഴിഞ്ഞു പോയ ചില ചവര്‍പ്പുകള്‍
കണ്ണീരില്‍ നിന്നും അടര്‍ത്തിയെടുത്ത ചില പുഞ്ചിരികള്‍
അന്ധമായ ചില ആവേശങ്ങള്‍...
ചില്ലറ സുഖങ്ങള്‍ക്ക് വേണ്ടി കളഞ്ഞു കുളിച്ച -
എത്രയോ വിശ്വാസങ്ങള്‍...
വേഗതയില്‍ പിന്നിലേക്ക്‌ തള്ളപ്പെട്ട വിലപിടിച്ച നിമിഷങ്ങള്‍
ലഹരിയില്‍ അറിയാതെ കാണാതെ പോയ എത്രയോ സന്ധ്യകള്‍
ജീവിതത്തില്‍ നഷ്ടകോമരങ്ങള്‍ തുള്ളിക്കളിച്ച്
ആവര്‍ത്തിച്ചു പറയും...കേള്‍ക്കരുത്‌....
കാരണം അനുഭവങ്ങളുടെ പുസ്തകത്തില്‍ നിനക്കെഴുതാന്‍
കഥകള്‍ കുറെ സമ്മാനിച്ചല്ലൊ നിന്റെ ജീവിതം...
-മര്‍ത്ത്യന്‍-

മഴവില്ല്

ഒന്നും ചെയ്തില്ലെങ്കിലും ഒരു മഴവില്ലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ ഓടി നടന്നു സ്വപ്നങ്ങള്‍ കാണണം....
-മര്‍ത്ത്യന്‍-

നന്ദി

ഞാന്‍ പറഞ്ഞ വാക്കുകള്‍
കാതില്‍ വീണതല്ല
നിന്റെ വിഷമത്തിന്റെ കാരണം...
നീ നന്ദി പറയാനെടുത്ത വാക്കുകള്‍
പറയാതെ വിഴുങ്ങിയതാണ് പ്രശ്നം...
അത് അനാവശ്യമായി
വയറ്റിലും മനസ്സിലും കിടന്നു
ചീഞ്ഞു നാറിയതാണ്‌ അടുത്ത പ്രശ്നം
ഇനി പറഞ്ഞിട്ട് കാര്യമില്ല....
ഇനിയെങ്കിലും ഓര്‍ക്കുക....
നന്ദി പറയാന്‍ എടുത്ത വാക്കുകള്‍
പറയാതെ വിഴുങ്ങിക്കളയരുത്....
-മര്‍ത്ത്യന്‍-

Sunday, November 4, 2012

പ്രവാസി

നഗരമേ....നിന്റെ മടിയില്‍
ഒരുപിടി സ്വപ്നങ്ങളുമായി
ഞാന്‍ പിറന്നു വീണ നാള്‍...
നീയെന്നോട്‌ ചോദിച്ചു
"കണ്ട സ്വപ്നങ്ങള്‍ ശരിയായാല്‍...
നീ തിരിച്ചു പോകുമോ...?"
"പോകും തീര്‍ച്ചയായും പോകും.."
എന്റെ മറുപടി കേട്ട് നീ ചിരിച്ചു
എന്നെ പോലെ അനേകം പ്രവാസികള്‍
വര്‍ഷങ്ങളോളം നിന്റെ ഞരമ്പുകളിലേക്ക്
ഒഴുക്കിയ വിയര്‍പ്പിന്റെ ബലത്തില്‍
നീ പുരോഗമിച്ചപ്പോള്‍
ഞാന്‍ കണ്ട സ്വപ്നങ്ങളില്‍
പലതും നീ എനിക്ക് നേടി തന്നു
ഒപ്പം ഒരു ദുഖവും.....
പ്രവാസിയായപ്പോള്‍ നഷ്ടപ്പെട്ട
ആ മലയാളിയെ തിരിച്ചു പിടിക്കാന്‍
മര്‍ത്ത്യനാകേണ്ടി വന്ന ഈ അവസ്ഥ...
ഈ ദുഃഖം നീ തന്നെ
അറിഞ്ഞോ അറിയാതയോ
എനിക്ക് സമ്മാനിച്ചതല്ലെ
-മര്‍ത്ത്യന്‍-

കഷ്ടം....

കരയുന്ന നിമിഷങ്ങളുടെ കണ്ണീരൊപ്പിയിട്ടെ അടുത്തതിലേക്ക് കടക്കാന്‍ കഴിയു എന്നില്ലല്ലൊ....കഴിഞ്ഞും കൊഴിഞ്ഞും പോയവ കരഞ്ഞാലും അത് കണ്ടുവെന്ന് നടിക്കരുത് എന്നാതാണത്രെ ഇന്നത്തെ ന്യായം.......അതാണത്രെ ഏറ്റവും എളുപ്പം.....ആര്‍ക്കറിയാം...?....പക്ഷെ എളുപ്പമാവണം ശരി എന്നുണ്ടോ....?.....എങ്കിലും ജയങ്ങളും പരാജയങ്ങളും കൊണ്ട് മാത്രം നിറഞ്ഞതാണ്‌ ജീവിതം എന്ന് കരുതുന്ന ഒരു സമൂഹത്തിന്റെ കൂടെ ജയിക്കാതെ, തോല്‍ക്കാതെ, കരയാതെ, അന്യന്റെ കണ്ണീരൊപ്പി ആരോടും പരിഭവമില്ലാതെ എല്ലാവരോടും നന്ദി പറഞ്ഞ് ഒഴുകി മറയുന്നതിലും ഇല്ലേ ഒരു രസം...ഒരു ചെറിയ ശരിയുടെ അംശം....ഉണ്ട് പക്ഷെ അതെളുപ്പമല്ല.......

ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം തന്റെ മുന്‍പില്‍ കാണുന്ന പ്രശ്നമാണെന്ന് മനസ്സിലാക്കുന്നത് വഴിയാണ് ആദ്യം മര്‍ത്ത്യന്‍ സ്വയം ബോധവാനാകുന്നത് പിന്നെ അതെ ബോധം വളര്‍ന്ന് അവന് പലതരത്തിലും അന്ധത സമ്മാനിക്കുന്നു...അങ്ങിനെ തന്റെ മാത്രം പ്രശ്നങ്ങളെ കണ്ടു മുട്ടി പരിഹരിച്ചു കഴിയുമ്പോള്‍ മറ്റു പല രീതിയിലും അന്ധനായി തീരുന്ന മര്‍ത്ത്യന്‍ എങ്ങിനെ കണ്ണീരു കാണും...പോയ നിമിഷങ്ങളുടെ കാര്യം പോട്ടെ....വരും നിമിഷങ്ങളുടെയും കണ്ണീര്‍ അവന്‍ കാണില്ല ഒരിക്കലും.....കഷ്ടം....
മര്‍ത്ത്യന്‍