Monday, April 30, 2012

ആരവിടെ....? ഇത് പഴശ്ശ്യാണേ...

"ഞാന്‍ പഴശ്ശി" അയാള്‍ പറഞ്ഞു
"പഴശ്യോ..?" സംശയത്തോടെ അവന്‍ ചോദിച്ചു
"അതെ പഴശ്ശി, കേരള വര്‍മ്മ പഴശ്ശി രാജാവ്"
"മമ്മൂട്ടി..." അവന്‍ ആവേശത്തോടെ തുള്ളിച്ചാടി
"മമ്മൂട്ടിയും മരംമൂട്ടിയും ഒന്നുമല്ല സാക്ഷാല്‍ പഴശ്ശി രാജാവ്" അയാള്‍ അല്പം നീരസം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു
"അയിന് മമ്മൂട്ടിയല്ലേ പഴശ്ശി..?"അവന്‍ അയാളെ തിരുത്തി
അയാള്‍ക്ക്‌ ദേഷ്യം വന്നു "ഇനി നീ പറയും ചന്തു ചതിയനല്ല എന്ന്"
"അതേലോ ചന്തൂനെ പറ്റിച്ചതല്ലേ, സാഹചര്യം ഓനെ ആട്യൊക്കെ കൊണ്ടെത്തിച്ചതല്ലേ, പിന്നെ ചരിത്രകാരന്മാര് ഓരോന്ന് എയിതി പെരുപ്പിച്ചതല്ലേ"

"ചരിത്രം..." പഴശ്ശി ആവര്‍ത്തിച്ചു  "നിനക്ക് ചരിത്രത്തെ പറ്റിയെന്തറിയാം"  അയാള്‍ അല്പം നിര്‍ത്തി എന്നിട്ട് പറഞ്ഞു "ഇനി നീ പറയും സുരേഷാണ് ആരോമാലെന്ന്"
"അതെ എന്തോരഹങ്കാരാ ഓന്, ഓനാ കളി കളിച്ചിട്ടില്ല്യായിനെങ്കില്  മ്പളെ ചന്തൂം ആര്‍ച്ചേം ഒന്നിച്ചീനി"
അയാള്‍ക്ക്‌ കരയണം എന്ന് തോന്നി പക്ഷെ രാജാവായിപ്പോയില്ലേ. ചരിത്രത്തിന്റെ ഭാഗമായിപ്പോയെങ്കിലും പ്രജകളുടെ അവിവേകം ക്ഷമിച്ചല്ലേ പറ്റു. അയാള്‍ സംയമനം പാലിച്ചു
അവന്‍ തുടര്‍ന്നു "ഇങ്ങള് രാജാവാണേല് കിരീടോം ചെങ്കോലും ഏടെ? ,  മാത്രല്ല ങ്ങളിപ്പം ജീവിച്ചിരിപ്പില്ലല്ലോ"
"ഞാന്‍ ഇന്നില്ല എന്ന് പറഞ്ഞാല്‍ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നല്ല, നടന്നത് എന്തെന്ന് വളച്ചൊടിക്കുന്നത് ശരിയല്ല" അയാള്‍ എങ്ങിനെ പറഞ്ഞു മനസ്സിലാക്കണം എന്നുകരുതി കുഴഞ്ഞു

"ഞാനൊര് സാധാരണക്കാരനാണ് ഭായ്, ചരിത്രോം കൂടോത്രോം ഒന്നും അറിയില്ല. ഇക്ക് രാമനും സീതേം ഒക്കെ ടീവീല് കണണോരാ" അയാള്‍ പറഞ്ഞു
"അവരെ പറ്റി എനിക്കും അറിയില്ല, പക്ഷെ അത് ചരിത്രമാണോ?"
"ഇക്ക് ഒക്കെ ഒരേ പോല്യാ ചരിത്രോം പുരാണോം ഒക്കെ, എല്ലാം ഓരോരത്തരു പറയണതല്ലേ, ഇയിന്റെ ഒക്കെ ഒര് വീഡിയോ ണ്ടോ..?"
"ചിത്രങ്ങളില്ലേ..?"
"അത് ശരി ങ്ങള് പലരും പൈസേം കൊടുത്ത് വരപ്പിച്ചതും എടുപ്പിച്ചതും അല്ലെ, മ്മള് വീടിയോന്റെ ആളാ..."
"അപ്പോള്‍ നിങ്ങള്‍ക്ക് നടന്ന കാര്യങ്ങളില്‍ ഒര് വിശ്വാസവും ഇല്ലേ..?
"സിനിമേലും ടീവീലും കാണ്ന്നത്  മാത്രം.... ങ്ങള് ഫെസ്ബുക്കിലുണ്ടോ...?"

പഴശ്ശി അല്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു "ഇല്ല...."
"ഞാന്‍ പറഞ്ഞില്ലേ ഞങ്ങക്കൊക്കെ ഇപ്പം പഴശ്ശി മമ്മൂട്ടിയാ...." അവന്‍ ചിരിച്ചു
"നീ കാണുന്നതൊക്കെ സത്യമാവില്ല എന്ന് നിനക്കറിയില്ലേ..?"
"തോന്നീട്ട്ണ്ട്... പക്ഷെ സത്യം അറിഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ .. ന്റെ ജീവിതം ങ്ങനെ തന്നെ..." അവന്‍ വീണ്ടും ചിരിച്ചു
"പക്ഷെ ചരിത്രം തെറ്റായി നിര്‍വചിച്ചാല്‍ അത് വരും കാലത്തെ ബാധിക്കില്ലേ..?"
"ഇതൊക്കെ വല്ല്യ ആള്‍ക്കാരെ കാര്യല്ലേ...ങ്ങള് ഒര് കാര്യം പറ പണ്ട് ജീവിച്ച ങ്ങളെന്തിനാ ഇപ്പം ഇവട വന്ന് ന്നോട് ഇതൊക്കെ പറയ്‌ന്നത് . ങ്ങളാ എം.ടീനോടൊക്കെ പോയി പറ ഓലല്ലേ ഇതൊക്കെ എഴുത്ണത്.."

അവനൊരു ബീഡി പുറത്തെടുത്തു "പഴശ്ശ്യെട്ടാ ങ്ങക്ക് വേണോ ഒന്ന് ... ദിനേശാണ് ..."
"വേണ്ട" അയാള്‍ പറഞ്ഞു
"ങ്ങളൊക്കെ വല്യ ആള്‍ക്കാരല്ലേ ഫില്‍ട്ടരായിരിക്കും അല്ലെ...?" അവന്‍ ചിരിച്ചു എന്നിട്ട് ബീഡി കത്തിച്ച് വലിച്ചു കൊണ്ട് പറഞ്ഞു "ഞങ്ങക്കൊക്കെ ഇന്നും നാളേം ള്ളൂ, ഇന്നലെ കഴിഞ്ഞേനെ പറ്റി പോരടിച്ചിട്ട് കാര്യെന്താ... ങ്ങളെ കൂട്ടരേ പേര് നോക്കണ്ടത് ങ്ങളല്ലേ...." അവന്‍ ആഞ്ഞു വലിച്ച് പുക പുറത്തേക്കു വിട്ടു.
അയാള്‍ അല്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു "ഞാനും കണ്ടിരുന്നു സിനിമ. അതിലെ ശബ്ദം ഭയങ്കരം മറ്റു സിനിമകളെ പോലെയല്ല. പക്ഷെ അവന് ആ മമ്മൂട്ടിക്ക് അല്പം വയസ്സ് കൂടിയോ എന്നൊരു തോന്നല്‍. എന്നാലും ശബ്ദം ഗംഭീരം"
"അത് നമ്മടെ പൂക്കുട്ടിയല്ലേ, അമേരിക്കയിലൊക്കെ പോയി അവാര്‍ഡു കിട്ട്യോനാ" അവന്‍ പറഞ്ഞു
"അതെ പൂക്കുട്ടി മിടുക്കനാ... സിനിമ മൊത്തത്തില്‍ നന്നായിരുന്നു ഞാനായി തര്‍ക്കിക്കുന്നില്ല ഇനി" അയാള്‍ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു.

അവന്‍ കെട്ട് പോയ ബീഡി വീണ്ടും കത്തിച്ചു, പഴശ്ശിയും ഒന്ന് മേടിച്ചു വലിച്ചു. അവര്‍ രണ്ടു പേരും നടന്നു നടന്നു മോഫ്യൂസില്‍ ബസ്‌ സ്റ്റാന്റിലെത്തിയിരുന്നു
"ന്നാ അങ്ങന്യയിക്കോട്ടേ പഴശ്ശിയേട്ടാ, ഇക്ക് കൊയിലാണ്ടിക്ക്‌ പോണം, മ്മക്ക് പിന്നേം കാണാം" പഴശ്ശി അയാള്‍ നടന്നു പോകുന്നത് നോക്കി നിന്നു. "പേര് പോലും ചോദിച്ചില്ല" അയാള്‍ മനസ്സില്‍ ചിന്തിച്ചു
പക്ഷെ നടന്നു പോയ അവന്‍ അല്പം ദൂരം ചെന്ന് നിന്നു. പിന്നെ തിരിച്ചു നടന്നു വന്നു "പിന്നെ ഒര് കാര്യം ങ്ങളങ്ങോട്ട്‌ ചെല്ലുമ്പം ആ ഭീമേട്ടനെ കണ്ടിങ്കില് ഒര് കാര്യം പറയ്യാ..."
അയാള്‍ അവനെ എന്താ എന്നാ രൂപത്തില്‍ നോക്കി
"ഇവടെ ഇപ്പാള്‍ ലാലേട്ടന്‍ ഭീമനാവാനൊരു ഒരുക്കം ണ്ട്.. ഇനി ങ്ങളെ പോലെ മൂപ്പരും ഇതും ചോദിച്ചു ങ്ങുട്ട് വന്നാല് ഇവടെ ആകെ കുഴയും... ങ്ങള് പോയി മൂപ്പരെ പറഞ്ഞു മനസ്സിലാക്കണം എന്താ...?"

പഴശ്ശി തലയാട്ടി. അവന്‍ തിരിച്ചു നടന്നു പിന്നെ ഓടി ഒര് കൊയിലാണ്ടി വണ്ടിയില്‍ കയറിപ്പോയി. പഴശ്ശി ചുറ്റും നോക്കി പുതിയ സിനിമ പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുന്നു. "ഒര് സിനിമ കണ്ടിട്ട് തിരിക്കാം.." അയാള്‍ ഒര് തീയറ്റര്‍ നോക്കി നടന്നു. "ഇനി ആ ഭീമനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും, അവനല്ലെങ്കിലും തലേം വാലും ഇല്ല, മൂക്കാത്ത ശുണ്ടി...വരുന്നോടത്ത് വച്ച് കാണാം" അയാള്‍ മെല്ലെ  നടന്ന് നീങ്ങി... "പിന്നെയും അയാളുടെ പേര് ചോദിക്കാന്‍ മറന്നു പോയി.. ഛെ..."

Thursday, April 26, 2012

സ്വപ്നാടനം

സ്വപ്നത്തില്‍ വളരെ ദൂരം സഞ്ചരിച്ചു
ഉണര്‍ന്നപ്പോള്‍ വഴിയും തെറ്റി
ആരോടെങ്കിലും വഴി ചോദിച്ചാലോ?
പക്ഷെ സ്വപ്നത്തിലെ സഹായാത്രികളെല്ലാം
മറ്റെവിടെയോ ഉണര്‍ന്ന് വഴിതെറ്റി
അലയുന്നുണ്ടാവണം...
അല്ലെങ്കില്‍ ഇനിയും ഉണരാതെ എന്റെ
അതെ സ്വപ്നത്തില്‍ സഞ്ചരിച്ചു കൊണ്ടിരിപ്പുണ്ടാവും
മര്‍ത്ത്യന്റെ ഓരോ സ്വപ്നാടനങ്ങള്‍...
-മര്‍ത്ത്യന്‍-

Sunday, April 22, 2012

മൂര്‍ച്ച

വിണ്ടുകീറിയ ചുണ്ടില്‍ വീണ്ടും
ജെല്ല് പുരട്ടിയല്ലേ? കൊള്ളാം
ഇനി മൂര്‍ച്ചയുള്ള വാക്കുകള്‍
ഉപയോഗിക്കാതിരിക്കു..
അവ വീണ്ടും വിണ്ടു കീറും...
-മര്‍ത്ത്യന്‍-

Thursday, April 19, 2012

മദ്യപന്‍

ഒഴിഞ്ഞ കുപ്പിയെ കുറ്റപ്പെടുത്തി
ഗ്ലാസുകള്‍ തട്ടി തെറുപ്പിച്ച്
ഭിത്തിയില്‍ പിടിച്ച്, മെല്ലെ
ഇരുട്ടില്‍ തപ്പി തടഞ്ഞ് നടന്ന്
മെത്തയില്‍ ചെന്ന് കിടന്നു
ഇത്ര കുടിക്കേണ്ടിയിരുന്നില്ല
നാളെ കുടി നിര്‍ത്തണം...
കണ്ണടയുന്നു.... നാളെയോ?...
കണ്ണ് തുറന്ന് നോക്കി..
ങ്ങേ! ഇന്ന് ഇത്ര പെട്ടന്ന് നാളെയായോ?..
ഇന്ന് നിര്‍ത്തണ്ട വേറൊരു ദിവസമാവാം...
-മര്‍ത്ത്യന്‍-

Tuesday, April 17, 2012

മയില്‍‌പ്പീലി

നോട്ടുപുസ്തകത്തില്‍ വച്ച മയില്‍‌പ്പീലി
പിണങ്ങിയിരുന്നു
പിണക്കം മാറ്റാനായി ഞാനതിനെ
വിശുദ്ധഗ്രന്ഥങ്ങളിലും പിന്നെ വിശ്വസാഹിത്യങ്ങളിലും
വച്ച് നോക്കി. അത് അലറിവിളിച്ച്‌ പുറത്ത് ചാടി
ഞാനതിനെ എന്റൊരു സുഹൃത്തിന് കൊടുത്തു
എന്നിട്ട് പറഞ്ഞു "നീ പോറ്റിക്കോ..
എനിക്ക് വയ്യ ഈ അനുസരണകെട്ട -
മയില്‍‌പ്പീലിയുമായി മല്ലിടാന്‍"
അവനത്‌ മുടിയില്‍ ചൂടി, ഓടക്കുഴലും വിളിച്ച്
പയ്ക്കളെയും മേച്ച്‌ നടന്നു...
-മര്‍ത്ത്യന്‍-

Friday, April 13, 2012

വഷളന്റെ വിഷു

"വിഷുവിന്റന്ന് ചെക്കനെ മഷിട്ട് നോക്കിയാല്‍ കാണ്ല്ല്യ. എബട പോയി കടക്കാവോ" വിലാസിനി തലയില്‍ കൈ വച്ചിരുന്നു. പുതിയ വീട്ടിലേക്ക് മാറിയിട്ട് ആദ്യത്തെ വിഷുവാണ്. അയല്‍ക്കാരായ ചിലരെ വിളിച്ചിട്ടുണ്ട്. മലയാളികളല്ല ചില സായിപ്പന്മാരും മദാമകളും പിന്നെ ചില വടക്കന്‍ മാരും. രാവിലെ എഴുന്നേറ്റിട്ട് ചെക്കനെ എഴുന്നേല്‍പ്പിക്കാന്‍ പെട്ട പാടൊന്നും പറയണ്ട. ഒരു വിധം തൂക്കി കൊണ്ട് വന്നു, പിന്നെ തൂങ്ങി നിന്ന് കൊണ്ട് കണി കണ്ടു എന്ന് വരുത്തി പിന്നെയും കിടന്നു.

സദ്യക്കുള്ള ഒരുക്കങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ചെക്കനെ ചെന്ന് വിളിക്കാന്‍ നോക്കുമ്പോള്‍ ചെക്കന്‍ മിസ്സിംഗ്‌. നടു വേദനിക്കുന്നുമുണ്ട്. ചെക്കന്റച്ഛന്‍ സഹായിച്ചില്ലെന്നല്ല. പക്ഷെ ആ സഹായത്തിന്റെ കഥ പരയാതിരിക്കുന്നതാകും ഭേദം. ചെക്കനെ പോലെ ബെഡ്ഡില്‍ കിടന്നുറങ്ങിയില്ല എന്നേയുള്ളു. ഭാര്യയോടുള്ള സ്നേഹമോ അതോ പേടിയോ അല്ല ആദരവോ അടുക്കളയില്‍ തന്നെ ചുറ്റിപറ്റി നിന്നു. ഇടക്ക് കുറെ നേരം കസേരയില്‍ ഇരുന്നുറങ്ങി. പിന്നെ ഞെട്ടിയുണര്‍ന്ന് വന്ന് നുറുക്കി വച്ച ചില പച്ചകറി കഷ്ണങ്ങള്‍ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവച്ചു. അതിനെ സഹായം എന്ന് പറയാമോ എന്ന് വിലാസിനിക്കറിയില്ല.

പിന്നെ ഒരു കാപ്പി കൂടി കുടിച്ചപ്പോളാണ് ഒന്നുണര്‍ന്നത്. ഉണര്‍ന്നതിന്റെ വിശേഷം മാറ്റിയെടുത്തു വച്ച കായവറത്തതിന്റെ അളവിലും കണ്ടു.
"ഇത് ശരിയല്ല ട്ടോ... ഒന്നും ചെയ്യൂല്ല ങ്ങനെ അവടേം ഇവടേം തൊട്ടും നക്കിം ഇരിക്കും. ഇത് കണ്ട്വോ കായവറത്തത് പകുതിയായി" വിലാസിനി പാത്രം കാണിച്ച് പറഞ്ഞു. ചെക്കന്റച്ഛന്‍ ഒരിളിഞ്ഞ ചിരി ചിരിച്ച് നിന്നു.
"സാരല്ല മ്മക്ക് അത് വേണ്ടാന്ന് വയ്ക്കാം... ഈ സായ്പ്പന്മാരക്ക് എന്തറിയും..."
അവള്‍ അയാളെ രൂക്ഷമായി നോക്കി. അയാള്‍ തല കുനിച്ചു നിന്നു.
"നാട്ടിലാണെ മനസ്സിലാക്കാം ഇവടെ അമേരിക്കേല് തെണ്ടി നടക്കണ ചെക്കന്‍ ഇവന്‍ തന്നെ ണ്ടാവുള്ളൂ. എപ്പ നോക്ക്യാലും ആരടെങ്കിലും വീട്ടിലാ... അവരെന്താ വിചാരിക്ക്യ. പല്ലും കൂടി തെക്കാണ്ടായിരിക്കും പോയിരിക്കണത് അവരൊക്കെ നാറ്റം സഹിക്ക്ന്നുണ്ടാവും... ഒന്ന് പോയി നോക്കൂന്നെ.."

അയാള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. അല്പം നടന്നിട്ട് തിരിഞ്ഞ് നിന്ന് ചോദിച്ചു "ആദ്യം മൈക്കിന്റെ വീട്ടില്‍ നോക്കണോ അതോ ജാനെറ്റിന്റെ വീട്ടില്‍ നോക്കണോ?" അവള്‍ അയാളെ തുറിച്ച് നോക്കി പല്ലിറുക്കി. അയാള്‍ക്ക് പെട്ടെന്ന് ഉത്തരം പിടി കിട്ടി. അയാളുടെ പല സംശയങ്ങളും ഒര് പല്ലിറുക്കില്‍ തീരുന്നത്തെ ഉള്ളു. അയാള്‍ വാതില്‍ തുറന്നു പുറത്തെക്കിറങ്ങിയപ്പോള്‍ അവള്‍ വിളിച്ച് ചോദിച്ചു "നിങ്ങള് പല്ല് തേച്ചോ..?"
അയാള്‍ മിണ്ടാതെ തിരിച്ചുള്ളിലേക്ക് വന്നു. കുളിമുറിയിലേക്ക് കയറി അതിന്റെ കാതകടച്ചു.
"ഈശ്വരാ.. ഇനി എപ്പോഴാണ് പുറത്തിറങ്ങ്വ.. ഈ ചെക്കാണിത് എവടെ പോയി കിടക്കാ..."

അവള്‍ പിറ് പിറുത്തു വീണ്ടും പണി തുടര്‍ന്നു. അവളുടെ ഊഹം തെറ്റിയില്ല, പല്ല് തേക്കാന്‍ പോയ ആള് കുളിച്ച് കുട്ടപനായി തോര്‍ത്തും ചുറ്റി വന്ന് നില്കുന്നു. എന്നിട്ട് അവളെ നോക്കി ഒരേമ്പക്കം വിട്ടു.
"ഛീ... ഛീ... " അവള്‍ അയാളെ ആട്ടി. "ഇങ്ങനേം ണ്ടോ ആള്‍ക്കാര്, മാനുഷര് സദ്യ കഴിഞ്ഞാല ഏമ്പക്കം വിടുന്നത്, ഇവടെ സദ്യ ണ്ടാക്കുമ്പം കക്കൂസില്‍ പോയി കുളീം കഴിഞ്ഞ് വരുമ്പം... ഛീ ....."
അയാള്‍ക്ക്‌ ഗാസിന്റെ വിഷമുള്ളത് നേര് എന്നാലും ഗാസിനും പുറത്തു വരേണ്ട വഴികള്‍ക്കും ഒരൌചിത്ത്യബോധം വേണ്ടേ. ഇങ്ങനെയായാലും വിഷമമാണ്. "ഇനി സദ്യ കഴിഞ്ഞ് അവരുടെ മുന്‍പില്‍ വേറെ ഒന്നും ചെയ്യാതിരുന്നാല്‍ മതി" അവള്‍ മനസ്സില്‍ പറഞ്ഞു "എന്റെ കൃഷ്ണാ രക്ഷിക്കണേ.."

അയാള്‍ അടഞ്ഞിരിക്കുന്ന പുറത്തേക്കുള്ള വാതില്‍ നോക്കി എന്നിട്ട് അവളോട് പറഞ്ഞു "നീയത് മതിയാക്ക്‌ ചെക്കന്‍ വരണേന്റെ മുമ്പേ മ്മക്ക്....."
മുഴുമിക്കാന്‍ അവള്‍ സമ്മതിച്ചില്ല. "പോണുണ്ടോ ഇവുടുന്നു" അവള്‍ ചീറി
അയാള്‍ അല്‍പനേരം അവിടെ നിന്നു എന്നിട്ട് "ശു... ശു..."
"ഇനി എന്താ...." അവള്‍ വിളിച്ച് ചോദിച്ചു.
"ഇത് കണ്ടോ.. ടിങ്കിടിക.... ടിങ്കിടിക...." അയാള്‍ ഉടുത്തിരുന്ന തോര്‍ത്തഴിച്ചു അവളുടെ മുന്‍പില്‍ രണ്ടു തുള്ളല്‍ തുള്ളി ബെട്രൂമിലക്ക് ഓടി പോയി.
അവള്‍ക്കു കലികയറി, ജനലുകളെല്ലാം തുറന്നു കിടക്കുന്നു, തിങ്ങി കിടക്കുന്ന വീടുകളില്‍ ജനല് തുറന്നാല്‍ ഉള്ളിലേക്ക് നല്ലവണ്ണം കാണാം. "ആ ചെക്കനിങ്ങനെ ആവരുതെ കൃഷ്ണാ..." അവള്‍ മനസ്സില്‍ പറഞ്ഞു

ഏതായാലും അരമണിക്കൂര്‍ കൂടി വേണ്ടിവന്നു അയാള്‍ക്ക്‌ പുറപ്പെടാന്‍. കോടി മുണ്ടും ജുബ്ബയുമിട്ട് അടുക്കളയിലേക്കു വന്നു. എന്തൊരു മാറ്റം. അര മണിക്കൂര്‍ മുന്‍പ് ഉടുത്ത തോര്‍ത്തൂരി തുള്ളിയ അതെ മഹാനാണെന്ന് ആരും പറയില്ല. മുഖത്ത് ഗൌരവം വസ്ത്രങ്ങളില്‍ നിറഞ്ഞ കേരളീയത. എല്ലാം കെങ്കേമം.
"ഞാന്‍ അവനെ പോയോന്ന് നോക്കട്ടെ..." അയാള്‍ പുറത്തേക്കിറങ്ങി. അവള്‍ വീണ്ടും ഒരുക്കങ്ങളിലേക്ക് തിരിഞ്ഞു. സമയം പോയതറിഞ്ഞില്ല. അവള്‍ സമയം നോക്കി പതിനൊന്നു മണി.

"ഇവരെവിടെപ്പോയി...? മണിക്കൂറൊന്നായി" അവള്‍ തന്നോടന്നെ പറഞ്ഞു "ഈശ്വരാ എവടെപ്പോയി കിടക്കുന്നു"
പിന്നെയങ്ങോട്ട് അവള്‍ക്കു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല മിനുട്ടില്‍ പലവട്ടം മുന്‍പിലത്തെ വാതിലും നോക്കി അങ്ങിങ്ങ് നടന്നു. പല വേണ്ടാത്ത ചിന്തകളും അവളുടെ മനസ്സില്‍ കൂടി പോയി. ചെന്നന്വേഷിചാലോ എന്നും പലതവണ ആലോചിച്ചു. പിന്നെ വേണ്ടെന്ന് വച്ച്. ചിന്തകള്‍ പരിഭ്രമത്തിന്റെ വക്കത്തെത്തിയപ്പോള്‍ പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു. അവള്‍ ഓടിപ്പോയി വാതില്‍ തുറന്നു.
രണ്ടു പെരുമുണ്ടായിരുന്നു. പക്ഷെ അവരുടെ ഇളിഞ്ഞ ചിരി കണ്ടപ്പോള്‍ അവള്‍ക്കു വീണ്ടും കലി കയറി. അയാള്‍ പെട്ടെന്ന് കയ്യില്‍ നിന്നും ഒര് പൊതിയെടുത്ത്‌ നീട്ടി
"സര്‍പ്രൈസ്..." ചെക്കനും ചെക്കന്റെ അച്ഛനും ഒരുമിച്ചു കൂവി. അവള്‍ നീട്ടി പിടിച്ചിരിക്കുന്ന മാക്‌ ഡോണള്‍ട്സിന്റെ പാക്കെറ്റിലേക്ക് ഒന്ന് നോക്കി. എന്തെങ്കിലും പറയുന്നതിന് മുന്‍പേ ചെക്കന്‍ പറഞ്ഞു

"വീ ഹാവ് യുവര്‍ മാക് ഗ്രിഡ്ല്‍സ് ആന്‍ഡ്‌ വീ ഹാവ് ഔര്‍ സോസേജ് ആണ്ട് എഗ്ഗ്"
അവള്‍ പൊതി കയ്യില്‍ വാങ്ങി നേരെ അടുക്കളയില്‍ ചെന്ന് ചവറ്റു കോട്ടയിലേക്ക് എറിഞ്ഞു.
"മാക്‌ ഡോണള്‍ട്സ് നിങ്ങളടെ ആരാ..... ഇന്നൊരു ദിവസം വിഷുവായിട്ട്‌ ഇതോഴിവാക്കിക്കൂടെ"
"ബട്ട് ബ്രേക്ക്ഫാസ്റ്റ്..."

അയാളെന്തെങ്കിലും പറയുന്നതിന് മുന്‍പേ കായവറുത്തതിന്റെ പാത്രം അയാളുടെ നേര്‍ക്ക്‌ വന്നു. അയാള്‍ ചെക്കന്റെ കയ്യും പിടിച്ചു ഒഴിഞ്ഞു മാറി എന്നിട്ട് ചെക്കനെ പൊക്കിയെടുത്തു ചിരിച്ചു. അവള്‍ക്കു കലി തുള്ളുമ്പോള്‍ പലപ്പോഴും ഇങ്ങനെ പല തന്ത്രങ്ങള്‍ വഴിയാണ് അയാള്‍ അവളെ ശാന്തമാക്കുക. പക്ഷെ ഇന്ന് വിശേഷം വേറെയായിരുന്നു. അയാള്‍ ചെക്കനെ പൊക്കിയതും മുണ്ടഴിഞ്ഞു നിലത്തു വീണു.

ചെക്കനെ പിടിച്ചു മുണ്ടില്ലാതെ നിക്കുന്ന അയാളെ കണ്ടിട്ട് അവള്‍ക്ക് വീണ്ടും കലി തുള്ളി "അതിന്റെ അടിയില്‍ എന്തെങ്കിലുമൊന്നു ഇട്ടുകൂടെ.... ഇതെങ്ങാനും അവരുടെ മുന്‍പില്‍ അഴിഞ്ഞു പോയാല്‍.... വഷളന്‍...."
അയാള്‍ ചിരിച്ചു. ചെക്കന്‍ അയാളെ നോക്കി "അച്ഛാ... ഈ....യക്ക്...." അവന്‍ കൂവി

-മര്‍ത്ത്യന്‍-

Wednesday, April 11, 2012

തളരാതെ

അറ്റം കാണാതെ മുന്നില്‍ കിടക്കുന്ന
വഴികളില്‍ ഒരുറുമ്പിനെ പോലെ സഞ്ചരിക്കണം...
തളരാതെ ഒരിക്കലും നിര്‍ത്താതെ
ഈ വഴികളൊന്നും എങ്ങോട്ടും -
നയിക്കുന്നില്ലെന്നത് തിരിച്ചറിഞ്ഞിട്ടും
ഒരുറുമ്പിനെ പോലെ, പലപ്പോഴും
ഒരദൃശ്യനായി ഈ ജീവിതത്തില്‍ കൂടി നടക്കണം...
-മര്‍ത്ത്യന്‍-

Monday, April 9, 2012

രൂപം

അവളുടെ മിഴികളില്‍
പണ്ട് ഞാനോളിപ്പിച്ചു വച്ച
എന്റെ തന്നെ രൂപം
ഇന്ന് പേരെടുത്ത് വിളിച്ച്
അവളെനിക്ക്‌ തിരിച്ചു തന്നു...

Saturday, April 7, 2012

നാടകം

തിരശ്ശീലക്കു പിന്നില്‍
കഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നു
തിരശ്ശീലക്കു മുന്‍പില്‍
കാണികള്‍ അക്ഷമരായി -
പുതിയ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നു
അങ്ങിനെ തിരശ്ശീലകള്‍ ഉയരാതെ
നാടകങ്ങള്‍ അരങ്ങേറുന്നു
-മര്‍ത്ത്യന്‍-

Thursday, April 5, 2012

ചതി

തലചുറ്റി വീണത്‌
തലചായ്ക്കാനൊരിടം തരാതെ
ഇറക്കിവിട്ട ആ വീടിന്റെ
ഉമ്മറത്ത് തന്നെയായല്ലോ
എന്തൊരു ചതിയാണിത് മര്‍ത്ത്യാ..

Wednesday, April 4, 2012

തുള്ളികള്‍

നിറകുടത്തില്‍ നിന്നും തുളുമ്പിയ പാലിന്റെ
തുള്ളികള്‍ക്കായി കടിപിടികൂടി
അവനെ തറപറ്റിച്ച് വിജയശ്രീലാളിതനായി
മുഴുവന്‍ പാലും മോന്താനിരുന്നപ്പോള്‍
അവനെ വല്ലാതെ ഓര്‍മ്മ വന്നു
ചങ്കില്‍ പാല്‍തുള്ളികള്‍ കട്ടപിടിച്ച പോലെ
ഒരു വല്ലാത്ത ഭാരം, ഒന്നുമില്ലെങ്കിലും സ്വന്തം
സഹോദരനല്ലേ മര്‍ത്ത്യാ....

-മര്‍ത്ത്യന്‍-

ചിറകുകള്‍

എന്റെ സ്വപ്നത്തില്‍ ഞാനവള്‍ക്ക്
സ്വര്‍ണ്ണ ചിറകുകള്‍ പണിതു കൊടുത്തു
അത് വച്ച് അവളെന്റെ മുന്‍പില്‍ പറന്നു വന്നു
എന്നെ നോക്കി കൊഞ്ഞനം കാട്ടി
എന്നിട്ട് ഞാന്‍ പോള് മറിയാതെ
മറ്റാരുടെയോ സ്വപ്നത്തിലേക്ക്
പറന്നു പോയി അവിടെ ചിറകറ്റ് കിടന്നു
-മര്‍ത്ത്യന്‍-

Sunday, April 1, 2012

അയാള്‍

ചിലനേരം വരും, അടുത്തിരിക്കും;
പലതും പറഞ്ഞു ചിരിക്കും.
കുറേയായി കണ്ടില്ല,
ചെന്നന്വേഷിച്ചപ്പോള്‍ അങ്ങിനെയോരാളില്ലത്രെ
ഇനി എവിടെ ചെന്നന്വേഷിക്കും ?
മനസ്സിന്റെ ഓരോ കളികള്‍
അല്ലെ മര്‍ത്ത്യാ...?