Saturday, December 29, 2012

നാടകം

നാടകം തീരുന്നതിനു മുന്‍പ് വീണു പോയ തിരശ്ശീലയില്‍ നാടകത്തിന്റെ ക്ലൈമാക്സ് ചത്തൊടുങ്ങി.... അങ്ങിനെയാണ് സംവിതായകാനും നാടകകൃത്തുമായ ആനന്ദകുട്ടന്‍ പറഞ്ഞത്.... ഏതായാലും കാണികള്‍ അങ്ങിനെ ആ നാടകത്തിന്റെ ആഴമറിയാതെ കൂക്കി വിളിച്ചും തെറി പറഞ്ഞും പിരിഞ്ഞു പോയി.... അവസാന ഭാഗത്തില്‍ അഭിനയിച്ച നടീനടന്മാര്‍ അഭിനയം മുഴിമിക്കാന്‍ കഴിയാതെ മാറത്തടിച്ചു കരഞ്ഞു....... തിരശ്ശീല നിയന്ത്രിച്ചിരുന്ന കുളക്കടവില്‍ അബു മാനക്കേട്‌ സഹിക്ക്യവയ്യാതെ ആത്മഹത്യ ചെയ്തു..... അബുവിന് ശേഷം ആ തിരശ്ശീല പൊക്കാന്‍ ആരും ആ നാട്ടില്‍ തയ്യാറായില്ല..... അങ്ങിനെ ഇന്നും ആ അരങ്ങില്‍ നാടകം പതിവില്ലത്രെ......

ആനന്ദകുട്ടന്‍ പിന്നെ സിനിമയില്‍ കയറി അബുവിനെ കുറിച്ചൊരു പടം പിടിച്ചു.... അത് ഹിറ്റായി എന്നാണ് കേള്‍ക്കുന്നത്.... നടീനടന്മാര്‍ക്ക് അന്ന് തുടങ്ങിയ കരച്ചില്‍ എളുപ്പത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല.... അവര്‍ വര്‍ഷങ്ങളോളം കരഞ്ഞു കൊണ്ടേയിരുന്നു.... നാടകത്തിലെ പോലെ അവരുടെ ദൈന്യതക്ക് എളുപ്പം തിരശ്ശീല വീഴ്ത്താന്‍ ഒരു അബുവും വന്നില്ല..... ഏതായാലും അബുവിന്റെ ഭാര്യയും കുഞ്ഞുങ്ങളും ഏതോ പുതിയ നാടകത്തില്‍ ഭാഗം അന്വേഷിച്ചു നടക്കുന്നു...... നിങ്ങളുടെ നാടകത്തില്‍ അവസരമുണ്ടെങ്കില്‍ ഒന്ന് അവരെ അറിയിക്കണം.....

-മര്‍ത്ത്യന്‍-

Thursday, December 13, 2012

ശ്വാസം

വാക്കുകള്‍ വറ്റിയ ഒരു വരിയില്‍ വാരി കൂട്ടി കുത്തി നിറച്ച അര്‍ഥങ്ങള്‍ വായിക്കുന്നവനെ ശ്വാസം മുട്ടിക്കുന്നുണ്ടാവും
-മര്‍ത്ത്യന്‍-

അന്വേഷണങ്ങള്‍

കാല്‍ച്ചുവട്ടില്‍ ചവുട്ടിയരച്ച
കാലത്തിന്റെ പൊട്ടിപ്പോയ
ചില നിമിഷങ്ങള്‍....
ഇന്നലെ വീണ്ടുമെടുത്തു നോക്കി...
പക്ഷെ അവയിലൊന്നും
എന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടില്ല...
ഇനിയെങ്കിലും മനസ്സിരുത്തി
കൃത്യമായി അടയാളം
തീര്‍ത്തു നടക്കണം.....
നാളെ വല്ലവരും
അന്വേഷിച്ചു വന്നാലൊ....
-മര്‍ത്ത്യന്‍-

സംഭവങ്ങള്‍

മനസ്സില്‍ തട്ടാതെ വഴുതി മാറിപ്പോയ
ചില സംഭവങ്ങളുണ്ടായിരിക്കും
എല്ലാവരുടെയും ജീവിതത്തില്‍....
തൊട്ടു തലോടാന്‍ ഒന്നുമില്ലാതെ
വരുമ്പോള്‍ എവിടുന്നെന്നില്ലാതെ
പുത്തന്‍ ഓര്‍മ്മകളായി
കുണുങ്ങി കുണുങ്ങി വരും
-മര്‍ത്ത്യന്‍-

മുയലും ആമയും

മുയലിന്റെയും ആമയുടെയും കഥ പറഞ്ഞ് കുട്ടികളെ ഉമ്മകൊടുത്ത് കിടത്തിയുറക്കുമ്പോള്‍ ഓര്‍ക്കില്ല ആരും...... രവിലെഴുന്നേറ്റ് അതെ കുട്ടികള്‍ പാതി കണ്ണും തുറന്ന് ആമ കളിക്കുമ്പോള്‍ അവരെ നിര്‍ബന്ധിച്ചു

തിരക്ക് കൂട്ടി മുയലുകളാക്കി സ്കൂളിലേക്ക് ഓടിച്ചു വിടുമെന്ന്....... കൂടെ ഒരു താക്കീതും " ആമയെപ്പോലെ ഇങ്ങനെ ഇഴയരുത്...... ഒന്ന് വേഗമാവട്ടെ.... ഇല്ലെങ്കില്‍ ബെല്ലടിക്കും... അടിയും മേടിക്കും..."....... പാവം കുട്ടികള്‍..... അവരും കരുതുന്നുണ്ടാകും എന്തൊരു അവസരവാദികളാണ് ഈ അച്ഛനമ്മമാരെന്ന്.... രാത്രിയിലെ കഥകള്‍ കാറ്റില്‍ പറത്തി കലി തുള്ളുന്ന ഓരോ അവതാരങ്ങള്‍ എന്ന്.....

-മര്‍ത്ത്യന്‍-

Saturday, December 8, 2012

ഓര്‍മ്മകള്‍...സ്വപ്നങ്ങള്‍

ജീവിത സന്ധ്യകളില്‍ കാറ്റേറ്റ്
എപ്പോഴോ തളര്‍ന്നുറങ്ങിയ
ചില ഓര്‍മ്മകള്‍....
എന്നോ സ്വപ്നത്തില്‍ വീണ്ടും
ഉണര്‍ന്നപ്പോഴാണ് മനസ്സിലായത്‌......
പണ്ട് ഉറക്കം കെടുത്താറുണ്ടായിരുന്ന
എത്രയോ സ്വപ്നങ്ങള്‍
ഒരിക്കലും നിറവേറാതെ....
ഇനി ഒരിക്കലും കാണാന്‍ കഴിയാതെ
വെറും ഓര്‍മ്മകളായി ഉറങ്ങിപ്പോയെന്ന്......
-മര്‍ത്ത്യന്‍-

Sunday, December 2, 2012

മറുപടി

മുറ്റമടിക്കാന്‍ വന്നിരുന്ന ആ മെലിഞ്ഞ നീളം കുറഞ്ഞ സ്ത്രീയുടെ....അതെ എന്തായിരുന്നു അവരുടെ പേര്....ഓര്‍മ്മയില്ല.....അല്ല ജാനു......അതെ ജാനു..അവരുടെ മകന്‍....അവന്‍ തന്നെ....അതെ അവന്‍ തന്നെ.....നന്ദി പറഞ്ഞിറങ്ങിയപ്പോള്‍ അവന്റെ അമ്മയെ മനസ്സില്‍ ഓര്‍ത്തു..... കൂടെ അവനെയും... അവനു തന്നെ മനസ്സിലായി കാണില്ല...അല്ലെങ്കില്‍ മനസ്സിലായിട്ട് പരിചയം നടിക്കേണ്ടെന്നു കരുതിയിരിക്കും....

പക്ഷെ ബില്‍ഡിംഗ് വിട്ടിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വിളി വന്നു.....തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ തന്നെ.....
"കണ്ടിട്ട് പരിചയം കാട്ടിയില്ലെങ്കില്‍ അമ്മ പൊറുക്കില്ല"....അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.....
സന്തോഷം തോന്നി... അത് കൊണ്ട് അല്പം പോലും നാണിക്കാതെ തിരിച്ചു ചോദിച്ചു...."അപ്പോള്‍ ജോലി...?".....
അവന്‍ വീണ്ടും ചിരിച്ചു...."അത് കഴിവിനനുസരിച്ചല്ലേ പറ്റൂ.....ഞാന്‍ ജോലിയും പേര്‍സണല്‍ ബന്ധങ്ങളും കൂട്ടി കുഴക്കാറില്ല...അത് ശരിയല്ലല്ലൊ..." ഉത്തരം കയപ്പോടെ ഇറക്കി പൊട്ടനെ പോലെ നിന്നപ്പോള്‍ ....അവന്‍ വീണ്ടും പറഞ്ഞു....

"തിരക്കില്ലെങ്കില്‍ വീട്ടില്‍ കയറിയിട്ട് പോകാം"......അവന്റെ ചിരിയില്‍ ഒരു കളിയാക്കല്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം
"വേണ്ട പിന്നോരിക്കലാവട്ടെ എനിക്ക് പോയിട്ട് തിരക്കുണ്ട്‌ ഈ ആഴ്ച ഒന്ന് രണ്ടു ഇന്റെര്‍വ്യൂ കൂടിയുണ്ട്....തയ്യാറെടുത്താല്‍ ഏതെങ്കിലുമൊന്ന് ശരിയാകാതിരിക്കില്ല......"

അവന്റെ മറുപടി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ പുറത്തേക്കിറങ്ങി നടന്നു.....അവന്‍ പറഞ്ഞത് ശരിയായിരിക്കാം കഴിവുള്ളവനല്ലേ ജോലി കൊടുക്കാന്‍ കഴിയൂ..... പക്ഷെ അവന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന് കരുതാന്‍ മനസ്സനുവദിച്ചില്ല.....

ചിലപ്പോള്‍ അവന്‍ പറഞ്ഞതായിരിക്കില്ല താന്‍ കേട്ടത്....അല്ലെങ്കില്‍ പറഞ്ഞതിനും മുകളില്‍ താന്‍ പലതും കേട്ട് കാണും....ഏതായാലും അവനു തന്നെ മനസ്സിലായി....തനിക്കും

-മര്‍ത്ത്യന്‍-