Saturday, June 29, 2013

അമ്പല കാഴ്ചകൾ

പുതിയ നിയമം വന്നു... അവന്മാർ അമ്പലങ്ങളൊക്കെ പൊളിച്ചു..... ന്റവടെം പൊളിച്ചു മാറ്റൽ തുടങ്ങി.... അങ്ങിനെ ദൈവങ്ങളെ പങ്കിട്ടെടുക്കാൻ ജനം തടിച്ചു കൂടി... ചെറുതും, വലുതും, വൃത്തികെട്ടതും, സ്വർണ്ണം പൂശിയതുമായ വർഷങ്ങളോളം പ്രാർത്ഥിച്ചശുദ്ധമാക്കിയ എത്രയോ ദൈവങ്ങൾ... പലതിന്റെയും പേരുപോലും ആർക്കും ഓർമ്മയില്ല... എങ്കിലും ചിലരൊക്കെ ഓർമ്മകളിൽ നിന്നും പലതും വിളിച്ചു പറഞ്ഞു.... ചില ദൈവങ്ങൾക്ക് പുതിയ പേരും വീണു.... 'ബീവി ഭഗവതി' കുന്നുമ്മലപ്പൻ, വൈക്കോലമ്മ, കുമിളചാത്തൻ അങ്ങിനെ പലതും....

ചിലർ പൂജിച്ചു പോറ്റാൻ കഴിവും സമയവും ഇല്ലാഞ്ഞിട്ട് പണ്ടവിടെ ആരുംകാണാതെ നട തള്ളിയ അവരുടെ സ്വന്തം ദൈവങ്ങളെ അന്വേഷിച്ചു നടന്നു...... പക്ഷെ ദൈവത്തിനങ്ങിനെ കൂറില്ലല്ലോ... അത് ആദ്യം വന്നവരുടെ കൂടെ പോകും... പ്രാർത്ഥിക്കുന്നവന്റെയും അധികാരം പറയുന്നവന്റെയും കൈവശമുള്ളവന്റെയും ആവണമല്ലോ ദൈവം ... അങ്ങിനെ ആരും പണ്ട് തിരസ്കരിച്ച സ്വന്തം ദൈവങ്ങളെ കണ്ടെത്തിയില്ല..... പക്ഷെ ആരും നിരാശപ്പെട്ടില്ല... അങ്ങിനെ നിരാശപ്പെടാൻ ദൈവം സമ്മതിക്കുമോ... അറ്റ്ലീസ്റ്റ് പ്രാർത്ഥിക്കാൻ ദൈവങ്ങളില്ലാതെ ആരും ബുദ്ധിമുട്ടരുതല്ലോ... ആ ദേശത്തിലുള്ള എല്ലാവർക്കും കിട്ടി വീട്ടിൽ കൊണ്ട് പോകാൻ ഒരു ദൈവത്തിനെ... അല്ല ഒന്നിൽ കൂടുതൽ... അത്രയ്ക്കുണ്ടായിരുന്നു അമ്പലങ്ങളിൽ അടയ്ക്കപ്പെട്ടിരുന്ന പാവം ദൈവങ്ങൾ.......

എന്തിനു പറയുന്നു പുതുതായി അമ്പലത്തിൽ വന്നകപ്പെട്ടു പോയ വെളുത്തു തുടുത്ത ദൈവത്തിനെ കിട്ടിയ ഒരുത്തൻ സായിപ്പിനെ പോലെ നടന്നകന്നു.... വർഷങ്ങളോളം അടയ്ക്കപ്പെട്ട് മന്ത്രോച്ചാരണങ്ങൾ കാരണം കേൾവി നഷ്ടപ്പെട്ട ഒരു ദൈവത്തിനെ കൈയ്യിലേന്തി പൊട്ടിപ്പോയ ചെവിയിലേക്ക് അടക്കം പറഞ്ഞു രണ്ടു പേർ നടന്നകന്നു..... തല നഷ്ടപ്പെട്ട ഒരു ദൈവത്തിനെ കിട്ടിയപ്പോൾ അതിനെ മാറ്റി വേറൊന്നിനെ തിരഞ്ഞെടുത്ത് നടന്നകന്നവനെ തലതിരിഞ്ഞവൻ എന്ന് പറഞ്ഞ് ആളുകൾ തെറി പറഞ്ഞു.... വിശ്വാസവും അവിശ്വാസവും കണ്ടു മടുത്ത് മനം നൊന്ത മറ്റൊരു ദൈവത്തിനെ കൈയ്യിലെടുത്തതും അത് കയ്യിൽ നിന്നുരസ്സി കിണറ്റിലേക്ക് വീണു..... അതെടുത്തവനും കിട്ടി പരാതികളില്ലാത്ത മറ്റൊരു ദൈവത്തിനെ.... അങ്ങിനെ എല്ലാവർക്കും ഒന്നിനെ കിട്ടി...

ഞാനും കൂട്ടത്തിൽ നിന്ന് പരതി.... ദൈവത്തിനെ കൊണ്ട് പോവാനല്ല .... പണ്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ അമ്പലത്തിലേക്ക് എടുത്തെറിഞ്ഞ കല്ലുകളിൽ ചിലത് മുളച്ച് വല്ല ദൈവങ്ങളായി മാറി കാണുമോ എന്നറിയാൻ... ഉണ്ടെങ്കിൽ അവയ്ക്കെന്നെ ഓർമ്മയുണ്ടോ എന്നറിയാൻ... എന്നോട് പരാതിയോ അതോ നന്ദിയോ എന്നറിയാൻ....
-മർത്ത്യൻ-

Friday, June 21, 2013

ചിതലു പിടിച്ച വേദനസംഹാരികൾ

ചിതലു പിടിച്ച പേരറിയാത്ത ചില
വേദന സംഹാരികളുണ്ടായിരുന്നു
കുട്ടിക്കാലത്ത് അമ്മയുടെ വീട്ടിൽ
മുകളിലെ ഒരു മുറിയിൽ....
ഞാൻ വാശി പിടിച്ചപ്പോൾ
മുത്തശ്ശൻ തുറന്നു തന്നതായിരുന്നു....
ഉപയോഗ ശൂന്യമായത് കൊണ്ടാണ് ചിതല്
വന്നതെന്നും പറഞ്ഞതോർക്കുന്നു
അന്നധികം ചിന്തിച്ചില്ല
ഇന്നാലോചിക്കുമ്പോൾ തോന്നും ശരിയാണ്
വേദനകളെ മാറ്റാൻ അന്നുള്ളവർക്ക്
മനസ്സിലെ നന്മ തന്നെ ധാരാളമായിരുന്നു
ഇന്ന് വേദന സംഹാരികൾ
പല നിറത്തിലും വലുപ്പത്തിലും
നിരന്തരം ഉപയോഗിച്ചിട്ടും
വേദനകൾക്കൊരു കുറവുമില്ല..
എല്ലാ സംഹാരിക്കും ബദലായി
ഒരു പുതിയ വേദന ലാഭം.....
ഇനി വേദനസംഹാരി കമ്പനികളിൽ
പുതിയ വേദനകൾ കണ്ടു പിടിക്കുന്ന
വിഭാഗത്തിൽ ഒരു ജോലി നോക്കാം
മനസ്സേതായാലും നന്നാവില്ല
വേദനയും കുറയില്ല....
പണമെങ്കിലും പോരട്ടെ... അല്ലെ...?
-മർത്ത്യൻ-

വഴിയോര സ്വപ്നങ്ങൾ

വഴിയോരത്ത്  കണ്ടുമുട്ടുന്ന

ഒരു സ്വപ്നത്തിന്റെ കൈപിടിച്ചാണ്

നമ്മൾ പലരും ജീവിതത്തിൽ

നടന്നു നീങ്ങുന്നത്‌...

എന്നെങ്കിലും സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ

പെട്ടെന്നൊറ്റപ്പെട്ടു പോകും

അപ്പോൾ തിരിഞ്ഞു നോക്കണം

വരി വരിയായി നില്ക്കുന്നുണ്ടാവും

നമ്മൾ കൂട്ടുപിടിച്ചു നടക്കാൻ മടിച്ച

എത്രയോ സ്വപ്നങ്ങൾ...

പിന്നെ മുന്നോട്ടുള്ള യാത്രകൾ

അവയുടെ കൂടെ വേണം...


നമ്മൾ കൈവിട്ട പോലെ

അവ നമ്മളെ കൈവിടില്ല...


-മർത്ത്യൻ-