Thursday, May 31, 2012

ആത്മവിശ്വാസം

കണ്ണ് കൊണ്ട് തുറിച്ച് നോക്കി
നക്കെടുത്ത് തെറി വിളിച്ചു നോക്കി
ഉപദേശിച്ചു... കരഞ്ഞു പറഞ്ഞു..
മുഷ്ടി ചുരുട്ടി, നെറ്റി ചുളിച്ചു..
എന്നിട്ടോ..? വല്ല മാറ്റവും വന്നോ...?
നഹീ.....
വരും...ആ വീശി നടക്കുന്ന കൈയ്യെട്ത്ത്
കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണം
എല്ലാം നേരയാകും....
ആത്മവിശ്വാസം കൈവിടരുത്...
-മര്‍ത്ത്യന്‍-

Wednesday, May 30, 2012

ഭ്രാന്താലയം

ഭ്രാന്താലയത്തിലെ ജീവിതം
അവസാനിപ്പിച്ച് ലോകത്തിലേക്ക്
ആര്‍ത്തിയോടെ ഇറങ്ങി ചെന്നു
വേണ്ടിയിരുന്നില്ല എന്ന് പിന്നെ തോന്നി
ഭേദമാവാത്ത പലതരം ഭ്രാന്തുമായി
എത്രയെണ്ണമാണിവടെ അലഞ്ഞു നടക്കുന്നത്
പണത്തിന്റെയും പവറിന്റെയും,
വിദ്വേഷത്തിന്റെയും ഭ്രാന്തില്‍ നിന്നും
ഒരിക്കലും മുക്തി നേടാത്തൊരു ഇനം
ഇവരുടെ ഇടയില്‍ കഴിഞ്ഞാല്‍
എനിക്കും മുഴുവട്ടാവും..
ഞാന്‍ തിരിച്ചു പോണൂ....
-മര്‍ത്ത്യന്‍-

സ്വപ്നങ്ങളെ

ഉണരാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളെ
സ്നേഹിച്ച്, ഉറങ്ങാന്‍ അനുവദിക്കാത്ത
സ്വപ്നങ്ങളോട്‌ പരിഭവം കാട്ടുന്നത്
ശരിയാണോ മര്‍ത്ത്യാ....
-മര്‍ത്ത്യന്‍-

Tuesday, May 29, 2012

രാത്രികള്‍

ചില്ല് ഗ്ലാസ്സില്‍ നിറഞ്ഞിരുന്ന സന്ധ്യകളിലേക്ക്‌
മദ്യമൊഴിച്ചപ്പോള്‍ നേരം വെളുത്തതറിഞ്ഞില്ല, ഒരിക്കലും
എവിടെ പോയി മറഞ്ഞുവോ എന്റെ ഇന്നലത്തെ രാത്രികള്‍...
മര്‍ത്ത്യന്‍-

തോന്നല്‍

വളരെ ദൂരം ഒരു കാരണവുമില്ലാതെ നടന്നു
എന്നൊരു തോന്നല്‍
വെയിലും മഴയും ഒക്കെ കൊണ്ട് അങ്ങിനെ
എവിടുന്നോ ഈ ജീവിതത്തിലേക്ക്
ആരും വിളിക്കാതെ വലിഞ്ഞു കയറി
വന്നവനെ പോലെ....
-മര്‍ത്ത്യന്‍-

Sunday, May 27, 2012

ശരികളും തെറ്റുകളും

നിന്റെ ശരികുളുടെ ലോകത്ത് ഞാന്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.... നീ നിന്റെ ശരികളുടെ ലോകത്ത് സന്തോഷത്തോടെ ജീവിക്ക്... ഞാന്‍ നിന്റെ ഒരു തെറ്റായി നിന്റെ കൂടെ എന്നും കഴിഞ്ഞു കൊള്ളാം.....
-മര്‍ത്ത്യന്‍-

Monday, May 21, 2012

ഉണ്ണിയപ്പം

മധുരം...ഉണ്ണിയപ്പാണോ......അല്ല.......അതെ ഉണ്ണിയപ്പം തന്നെ....ഹായ്....അല്ല...."ഹൈ കൊളെസ്ട്രോള്‍" മനസ്സ് പറഞ്ഞു....ശരിയാണ്...പക്ഷെ ഇന്നലെയില്‍ നിന്നും അടര്‍ന്നു വീഴുന്ന ഈ സുന്ദരമായ ഓര്‍മ്മകളെ എങ്ങിനെ പുറംകാലു കൊണ്ട് തട്ടി തെറിപ്പിക്കും....പോടാ കൊളെസ്ട്രോളെ...ഞാന്‍ മലയാളിയാ...പിന്നീട് മരുന്ന് കഴിച്ചോളാം...എനിക്കുമാവാം സഖാവെ ഒരുണ്ണിയപ്പം....
-മര്‍ത്ത്യന്‍-

കടംകഥ

കടക്കാരുടെ ശല്യം പേടിച്ച് കടയും പൂട്ടി കടപ്പുറത്തിരുന്ന് കടലാസില്‍ പൊതിഞ്ഞ കടല തിന്നുമ്പോള്‍ സൂര്യനെ വിഴുങ്ങിയ കടല്‍ മുന്‍പില്‍ വന്ന് പറഞ്ഞു .
"ഒട്ടും മടിക്കാതെ എന്റെ മടിയിലേക്ക്‌ കടന്നു വരൂ ഇനി ഒര് കടക്കാരും കരക്കാരും ശല്യം ചെയ്യില്ല.... കടമകളുടെ കുടക്കീഴിയില്‍ ഇനിയും കടിച്ചു പിടിച്ച് തൂങ്ങി കിടക്കരുത്.."
-മര്‍ത്ത്യന്‍-

ജിവിതം

വെട്ടി തിരുത്തിക്കളിക്കാന്‍ ഈ ജിവിതം നിന്റെ ഒരിക്കലും പാസാവാത്ത കണക്കു പരീക്ഷയുടെ ഉത്തര കടലാസല്ല. അത് നിന്റെ കവിതകള്‍ പകര്‍ത്തിയെഴുതാനുള്ള മനസ്സിന്റെ ഒരാവിഷ്ക്കാരമാണ്. നിനക്കിഷ്ടമുള്ള പോലെ എഴുത് ഒരുത്തന്റെ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണ്ട....
-മര്‍ത്ത്യന്‍-

Sunday, May 20, 2012

എന്തിനായിരുന്നു..?

നല്ലപിള്ള ചമഞ്ഞ് എന്റെ പള്ളയില്‍ കഠാര കുത്തിയിറക്കുമ്പോള്‍ നിന്റെ കണ്‍പോളകള്‍ തുറന്നിരുന്നോ.....? ഞാന്‍ നിന്റെ മുഖം കണ്ടത് നീ അറിഞ്ഞിരുന്നോ...? ഓര്‍മ്മ വേണം സുഹൃത്തെ! നിനക്ക് ഏതെങ്കിലും രാത്രിയില്‍... നിദ്രാദേവിയും നിന്റെ വിലകുറഞ്ഞ മദ്യങ്ങളും ഒന്നും ഉറക്കം സമ്മാനിച്ചില്ലെങ്കില്‍ ഞാന്‍ വരും... അന്ന് ഞാന്‍ ചോദിക്കും... എന്തിനായിരുന്നെന്ന്...; നീ പറയണം.......
-മര്‍ത്ത്യന്‍-

Thursday, May 17, 2012

സംഭാഷണം

എടാ മര്‍ത്ത്യാ.. വെറുതെ കുരച്ചിട്ട്‌ ഒര് കാര്യൂല്ല, ഒര് പട്ടിക്കും മനസ്സിലാവില്ല. ഇല്ല പന്നികള്‍ക്കും മനസ്സിലാവില്ല, പിന്നെ അവറ്റക്ക്‌ തിരിച്ച് കുരക്കാനും പറ്റില്ല അതോണ്ട് പാവങ്ങള് എല്ലാം കേട്ടിരിക്കും. പക്ഷെ മനസ്സിലാവില്ല, അത് തീര്‍ച്ച. ഇല്ല എനിക്കും മനസ്സിലാവില്ല.. അല്ല ഞാന്‍ പട്ടിയല്ല, പന്നീം അല്ല, നിന്നെ പോലെ വേറൊരു മര്‍ത്ത്യന്‍. ഒരേ വര്‍ഗ്ഗാ മ്മള് പറഞ്ഞിട്ടെന്താ.. മ്മള് പറയണത് മ്മക്കന്നെ മനസ്സിലാവില്ല പിന്ന്യാണോ പട്ടിക്കും പന്നിക്കും. എന്താ.. ഞാന്‍ പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ...? എവടെ...ആരോട്ച്ച്ട്ടാ... നന്നാവില്ല... ഞാനും അതെ നീയും... ഇനി അങ്ങോട്ട്‌ ഇങ്ങനെ ആര്‍ക്കും മനസ്സിലാവാണ്ടെ കുരച്ചും മോങ്ങിയും ഒക്കെ നടക്കാം അല്ലെ...

-മര്‍ത്ത്യന്‍ മര്‍ത്ത്യനോട് ഒന്നുമറിയാതെ മിഴിച്ചിരിക്കുന്ന പട്ടിയുടെയും പന്നിയുടെയും മുന്‍പില്‍ വച്ച് -

Wednesday, May 16, 2012

പ്രൊമീത്ത്യൂസും, മര്‍ത്ത്യനും ഗ്രീസിലെ പ്രശ്നങ്ങളും

പ്രൊമീത്ത്യൂസ് മര്‍ത്ത്യന് അഗ്നി കട്ട് കൊടുത്തത് വേറൊന്നും കൊണ്ടല്ല അവന്‍ ഒരു മുറി ബീഡിയും ചുണ്ടില്‍ വച്ച് തീപ്പെട്ടി അന്വേഷിച്ചു ലോകം മുഴുവന്‍ ചുറ്റി കറങ്ങി വിഷമിക്കുന്നത് കണ്ടിട്ടാണത്രേ. താന്‍ അഗ്നി മര്‍ത്ത്യനില്‍ നിന്നും ഒളിപ്പിച്ചു വച്ചത് ബീഡി വലിച്ച് ആരോഗ്യം നശിപ്പിക്കരുത് എന്ന് കരുതിയിട്ടാണെന്ന് സ്യൂയെസ് തിരുമനസ്സിന്റെ പക്ഷം.

പിന്നെ പ്രൊമീത്ത്യൂസിനെ കെട്ടിയിട്ട് കഴുകനെ വിട്ട് ദിവസവും അവന്റെ കരള്‍ അല്പം തീറ്റിച്ചതിനും ഒരു കാരണമുണ്ടത്രെ. ബിവറേജസിന്റെ മുന്‍പില്‍ കാത്തു കെട്ടിക്കിടന്ന് ജീവിതം തള്ളി നീക്കുന്ന മര്‍ത്ത്യന് താക്കീത്  നല്‍കാന്‍ എന്ന് തിരുമനസ്സ്. ഏതായാലും മദ്യം മയോപ്പിക്കാക്കിയ മര്‍ത്ത്യന്റെ കണ്ണുകള്‍ കണ്ടത് ദിവസവും പൂര്‍ണ്ണതയില്‍ തിരിച്ചെത്തുന്ന പ്രൊമീത്ത്യൂസിന്റെ കരളും. അങ്ങിനെ ബിവറേജസിന്റെ മുന്‍പില്‍ ഇപ്പോഴും നല്ല ക്യൂ.

പിന്നെ മര്‍ത്ത്യന്റെ പൂവാലത്തരം മാറ്റാനായി ഒരു പെട്ടി നിറയെ സൂക്കേടുകളും, അശാന്തിയും നിറച്ച് സുന്ദരിയായ പാണ്ടോരയെ പറഞ്ഞയച്ചു. മര്‍ത്ത്യനോ, അതിന്റെ പിന്നാലെ നടന്നും വിസിലടിച്ചും ലൈനടിച്ചും പല സൂക്കേടും വാങ്ങി വച്ചു എന്നല്ലാതെ പൂവാലത്തരത്തിന് ഒരു കുറവും വന്നില്ല. അവസാനം തോറ്റത് സിയൂസ് തിരുമനസ്സ് തന്നെ. പ്രൊമീത്ത്യൂസിന്റെ ഒരിക്കലും തീരാത്ത കരള് കരണ്ട് തിന്ന് തടിച്ച് കൊഴുത്ത് കഴുകന്‍ ചത്തു. പാണ്ടോര പെട്ടിയും നിലത്തിട്ട് ബാക്കിയുള്ള മാനം സംരക്ഷിക്കാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

പക്ഷെ പാണ്ടോര ഓടി രക്ഷപ്പെട്ടത് സിയൂസിന്റെ അടുത്തേക്കല്ലത്രെ, അവള്‍ നേരെ പ്രൊമീത്ത്യൂസിന്റെ അടുത്ത് ചെന്ന് അയാള്‍ രക്ഷിക്കാന്‍ ശ്രമിച്ച മര്‍ത്ത്യന്റെ പരാതി പറഞ്ഞ് കരഞ്ഞു. കഥ കേട്ട് പ്രൊമീത്ത്യൂസിന്റെ കരളലിഞ്ഞു. അവന്‍ അവളെ കെട്ടി. എന്നിട്ട് അവര്‍ പേര് മാറ്റി പ്രേമനും പങ്കജവുമായി കല്ലായില്‍ താമസമാക്കി.

അവരുടെ മകന്‍ ഫല്‍ഗുണന്‍ ഇപ്പോള്‍ അമേരിക്കയിലെ ഒരു ഐട്ടി കമ്പനിയില്‍ പണിയെടുക്കുന്നു. അവന്‍ ഫേസ്ബുക്കില്‍ ഗ്രീസില്‍ സാമ്പത്തികവും രാഷ്ട്രീയവുമായി പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചതിനു ശേഷം പങ്കജം, അല്ല പാണ്ടോര പേടിച്ചിരിക്കയാണ്. അവള്‍ ആരുമറിയാതെ താന്‍ ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം എന്ന വകക്ക് മോഫ്യൂസില്‍ ബസ് സ്റ്റാറ്റ് സമീപം ഒരു മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്ത് കൊടുക്കാന്‍ നില്‍ക്കുന്നു.

അവളെ നിത്യവും ഇന്നും കൊയിലാണ്ടിക്ക്‌ ബസ്സ് കയറാന്‍ വരുന്ന മര്‍ത്ത്യന്‍ കമന്റടിക്കാറുണ്ട്. പണ്ട് കാലത്തെ ഓര്‍മ്മക്കായി പ്രേമന്‍, അല്ല പ്രൊമീത്ത്യൂസ് പാളയത്തുള്ള ഭാരത്‌ ഗ്യാസിന്റെ ടെലിവെറി ജോലി നോക്കുന്നു. ഇവിടെയും പരസഹായിയായ അയാള്‍ പലര്‍ക്കും പാത്തും പതുങ്ങിയും കണക്ക്ഷന്‍ കൊടുക്കുന്നു.

പാണ്ടോരയുടെ പേടി ഗ്രീസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സിയൂസ് പഴയ വൈരാഗ്യം മറന്ന് അവരെ രണ്ടു പേരെയും തിരിച്ചു കൊണ്ട് പോകാന്‍ ഈ കൊച്ചു കേരളത്തില്‍ വരുമോ എന്നാണ്. ഏതായാലും ഞാനായിട്ട് ആരോടും പറയുന്നില്ല, നിങ്ങളും പറയരുത്...
-എന്ന് മര്‍ത്ത്യന്‍ (കഥയില്‍ പറഞ്ഞ മര്‍ത്ത്യനല്ല)

Monday, May 14, 2012

ആഗ്രഹങ്ങള്‍

ഞാനാഗ്രഹിക്കാതെ തന്നെ
മഴ പെയ്തു
പീടിക വരാന്തയിലേക്ക്‌ കയറാന്‍ വൈകിയത് കാരണം
അപ്പാടെ നനഞ്ഞു
അശ്രദ്ധ കാരണം കയ്യിലുണ്ടായിരുന്ന ചോറ്റു പാത്രം
ആ ഓട്ടത്തില്‍ നിലത്തു വീണു ചിതറി
അടുത്ത വീട്ടിലെ ലില്ലിപ്പട്ടി
ഒറ്റ വറ്റും വിടാതെ ചോറ് മുഴുവന്‍ തിന്നു
ഞാനഗ്രഹിച്ചത് പോലെ തന്നെ
സ്കൂളില്‍ പോകാതെ
നേരെ വീട്ടിലേക്കു മടങ്ങി
നനഞ്ഞു കുളിച്ച് ചോറ്റു പാത്രമില്ലാതെ
എങ്ങിനെ സ്കൂളില്‍ പോകും...?
-മര്‍ത്ത്യന്‍-

Saturday, May 12, 2012

മദ്യം കഴിച്ചാല്‍

മദ്യം കഴിച്ചാല്‍ വയറ്റില്‍ കിടക്കണം
അല്ലെങ്കില്‍ ആര്‍ക്കും ദ്രോഹമില്ലാതെ
രസിച്ച് മലര്‍ന്നു റോഡിന്റെ ഒരരുകില്‍ കിടക്കണം
രണ്ടും കഴിയില്ലെങ്കില്‍ കുടിക്കാന്‍ നില്‍ക്കരുത്
എന്താ സമ്മതിച്ചോ...?
എന്നാല്‍ ഒന്നോഴിച്ചോളു...
-മര്‍ത്ത്യന്‍-

കീഴടങ്ങല്‍

ഞാന്‍ നിനക്ക് കീഴടങ്ങട്ടെ...?
നിന്റെ തലമുടിയുടെ കെട്ടുകളില്‍
സ്വയം ബന്ധനസ്ഥനാക്കി
ഞാന്‍ ഈ ലോകത്തിനോട് ദൂരെ പോകാന്‍ പറയട്ടെ...?
നിന്റെ നിലത്തു വീണ മൂടുപടത്തില്‍
അവരെന്നെ അന്വേഷിച്ചു വന്നാല്‍
നീ എന്നെ നിന്റെ കണ്‍പോളകളില്‍ ഒളിപ്പിക്കണം
വശ്യമായി ചിരിച്ച് നീ അവരുടെ
ശ്രദ്ധ തിരിച്ചു വിടണം
ലോകം മെല്ലെ എന്നെ കുറിച്ച് മറക്കും
ഞാന്‍ നീ പോലുമറിയാതെ നിന്നില്‍ എവിടെയെങ്കിലും
സ്വയം നഷ്ടപ്പെട്ടു കൊള്ളാം...
നിരായുധനായി നിന്റെ സംരക്ഷണത്തില്‍
ഞാന്‍ എന്റെ എല്ലാ യുദ്ധങ്ങളോടും വിട പറയട്ടെ...?
-മര്‍ത്ത്യന്‍-

Friday, May 11, 2012

വിഷം

ശ്വാസം മുട്ടിക്കുന്ന ആകാശത്തിന്റെ
ഈ ഒടുക്കത്തെ പുതപ്പ്
രാത്രിയുടെ ഇരുണ്ട അടക്കി പറച്ചിലുകള്‍
വളരെ മെല്ലെ വെളിപ്പടുന്ന ജീവിതത്തിന്റെ
അനാവശ്യമായ ഏതോ രഹസ്യം
ഇനി വയ്യ കയ്യും കെട്ടി ഇങ്ങനെ നില്‍ക്കാന്‍....
എത്ര പറഞ്ഞാലും കേള്‍ക്കില്ല
ഗ്ലാസ്സിലെ സ്വര്‍ണ്ണ നിറത്തിലുള്ള ആ വിഷം
വീണ്ടും വശ്യമായി എന്റെ പേര് വിളിക്കുന്നു
"മര്‍ത്ത്യാ...."

Thursday, May 10, 2012

ഉത്തരം

ഇന്നലെ ഞാന്‍ ചോദിച്ച
ചോദ്യങ്ങള്‍ക്കെല്ലാം ഒരുത്തരമായി
അവള്‍ മുന്‍പില്‍ വന്നു നിന്നു
ഒരു മഹാ സംഭവം തന്നെ
പറഞ്ഞിട്ടെന്തു കാര്യം
ഞാനാരാണെന്നവള്‍ ചോദിച്ചപ്പോള്‍
എനിക്കുത്തരം മുട്ടി...
-മര്‍ത്ത്യന്‍-

പഹച്ചി

കുന്ന് കടന്ന് വലത്തോട്ട് തിരിയു
അവിടെ നമ്മള്‍ പണ്ട് കളിച്ചിരുന്ന
മൂവാണ്ടന്‍ മാവിന്റെ താഴെ
ഞാന്‍ അവിടെ കാത്ത് നില്‍ക്കും
വരണം... ഇന്ന് രാത്രി തന്നെ
എത്ര സുന്ദരമായി പറഞ്ഞവസാനിപ്പിച്ചു അവള്‍
ഇപ്പോള്‍ ഞാനും, പൂക്കാത്ത മൂവാണ്ടനും മാത്രം
പറ്റിച്ചല്ലോ പഹച്ചി..
-മര്‍ത്ത്യന്‍-

Wednesday, May 9, 2012

അന്വേഷണം

അവനറിയണ്ട മണ്ടനാണ്
അവളറിയണ്ട അവളും മണ്ടിയാണ്
അല്ലെങ്കില്‍ പറയാം, എന്നാണെങ്കിലും അറിയേണ്ടതല്ലേ.....?
അവരന്വേഷിച്ചു നടക്കുന്ന ആള്‍
ഞാനാണെന്ന്... ഈ ഞാന്‍ തന്നെ :)
-മര്‍ത്ത്യന്‍-

കുപ്പി

കുപ്പിയുണ്ടാക്കിയവന്റെ ലഹരി
അതിലേക്കു വാര്‍ത്തെടുത്തിട്ടാണോ എന്തോ
ഇന്നലെ അടിച്ചതിന്റെ കെട്ടിറങ്ങിയിട്ടില്ല
ഇനി കുപ്പി മാറ്റി ഗ്ലാസ്സും മാറ്റി
രണ്ടെണ്ണം കൂടി വിട്ടാലേ ശരിയാവു
ഈ കുപ്പിയുണ്ടാക്കുന്നവനെ തല്ലണം
-മര്‍ത്ത്യന്‍-

Tuesday, May 8, 2012

വിരുന്ന്

മരണം തീര്‍ച്ചയാണ്
എന്ന് കരുതി അതിനായി
വിരുന്നൊരുക്കി കാത്തിരിക്കണോ?
-മര്‍ത്ത്യന്‍-

Monday, May 7, 2012

ഇങ്ങനെയും കാത്തിരുപ്പുകള്‍

സന്ധ്യക്ക്‌ വിളക്ക് കൊളുത്തി
ദീപം ചൊല്ലി നീ ഉമ്മറത്ത് വന്നപ്പോള്‍
പടിവാതിലിനപ്പുറത്ത്
കത്താത്തൊരു തെരുവിളക്കിന്റെ താഴെ
ഒളിഞ്ഞു ഞാന്‍ നിന്നിരുന്നു, നിന്നെയും കാത്ത്
വിളക്ക് വച്ച് നീ തിരിഞ്ഞു നടന്നപ്പോള്‍
ഞാന്‍ പിന്നില്‍ നിന്നും വിളിച്ചിരുന്നു
നീ കേട്ട് കാണും എന്നെനിക്കറിയാം
ഞാനാണെന്ന് നീ അറിഞ്ഞില്ലേ?
അന്ന് നീ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍
എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്
പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ്
നിന്റെ കഴുത്തില്‍ താലി കെട്ടിയ രാത്രി
നിന്നെ മണിയറയില്‍ വച്ച് അവന്‍ പുണര്‍ന്നപ്പോള്‍
ഞാന്‍ അതെ കത്താത്ത തെരുവുവിളക്കിന്റെ
കീഴില്‍ കാത്തു നിന്നിരുന്നു
നീ ഇറങ്ങി വരും എന്ന് ഞാന്‍ കരുതിയിരുന്നുവോ..?
ഇന്ന് അനങ്ങാതെ ഈ കട്ടിലില്‍ കിടക്കുമ്പോള്‍
തുറന്ന ജനലിലേക്ക് പലപ്പൊഴും നോക്കും
ഒരിക്കലും അതിനപ്പുറത്ത് നീ വന്നു നില്‍ക്കില്ല
എനിക്കതറിയാം.. എങ്കിലും ഈ കാത്തിരുപ്പിലുമുണ്ട്
ഈ ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പുകളിലുമുണ്ട്
ഒരു പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത സുഖം....
-മര്‍ത്ത്യന്‍-

Saturday, May 5, 2012

വിജയോ ഭവ:

ആവനാഴിയില്‍ ഒരസ്ത്രമേ ബാകിയുള്ളൂ
അത് ഞാന്‍ ഇന്നലെ വീണ ഒരിരയുടെ
നെഞ്ചില്‍ നിന്നും വലിചെടുത്തതാണ്
അതില്‍ രക്തക്കറ പുരണ്ടിരിക്കുന്നു
ഇന്നലത്തെ യുദ്ധത്തില്‍ വീണവരുടെ
ഉറ്റവരുടെയും ഉടവരുടെയും നിലവിളികള്‍
പതിഞ്ഞിരിക്കുന്നു
അതെനിക്കുപയോഗിക്കാന്‍ വയ്യ
ഞാന്‍ ആയുധം വച്ച് കീഴടങ്ങുന്നു
നിനക്ക് ഞാന്‍ പണ്ട് സമ്മാനം തന്ന
ആ പുതിയ അസ്ത്രമെടുത്ത്‌
എന്റെ മാറിലേക്ക്‌ മടിക്കാതെ തൊടുത്തു കൊള്ളൂ
പക്ഷെ ഒരുപകാരം ചെയ്യണം
നീയത് വലിച്ചെടുത്ത് വീണ്ടും ആവനാഴിയില്‍ നിറക്കരുത്
കാരണം നാളെ നീ എന്റെ വഴിയില്‍ നില്‍ക്കരുത്
യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കണം
അവസാന അസ്ത്രം ഏറ്റവും ഒടുക്കം
അവശേഷിക്കുന്ന മര്‍ത്ത്യന്റെ
മാറ് പിളര്‍ന്ന് പോകുന്നത് വരെ
വിജയോ ഭവ:
-മര്‍ത്ത്യന്‍-

Wednesday, May 2, 2012

നിഴലുകള്‍

പൊട്ടിയ ഹൃദയവും, അപൂര്‍ണ്ണമായ ഒരു നിഴലും, പിന്നെ
ആഴങ്ങളിലേക്ക് വീഴുന്ന ഒരാത്മാവും പേറി അവന്‍ നിന്നു
സമയം, എല്ലാത്തിനും സാക്ഷിയാവുന്ന സമയം, അതും
അവന്റെ മുന്നില്‍ കൂടി അവനെ പേറാതെ കടന്നു പോയി
സ്വന്തം നിഴലിനെ പോലും, അപൂര്‍ണ്ണമെങ്കിലും അവനില്‍
നിന്നും അകറ്റുന്ന അസ്തമിക്കുന്ന സൂര്യനെ നോക്കി അവന്‍ നിന്നു
അവനറിയുന്നതിനു മുന്‍പ് രാത്രിയുടെ സ്നേഹശൂന്യമായ
കൈകളിലേക്ക് അവന്‍ വഴുതി വീണിരുന്നു
അവന്‍ ചുറ്റും നോക്കി
നിയോണ്‍ ബള്‍ബുകള്‍ തെളിഞ്ഞിരുന്നു
അവയുടെ മങ്ങിയ വെളിച്ചത്തില്‍
ആരും കാണാതെ അവന്‍ മുഖം പൊത്തിക്കരഞ്ഞു
അല്പം കഴിഞ്ഞ് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക്
നോക്കി അവന്‍ അവളുടെ പേരൊന്നു കൂടി വിളിച്ചു
പക്ഷെ അവിടെയും അവന്‍ തോറ്റു
ചാപ്പിള്ളയായ പ്രതിദ്ധ്വനികള്‍ നിശബ്ദം അവനെ
കളിയാക്കി ചിരിച്ചു
അവനോര്‍ത്തു പകല്‍ വരും വരെ കാത്തു നിന്നാലോ ?
അടുത്ത പകല്‍ ഒരു പൂര്‍ണ്ണത നിറഞ്ഞ നിഴല്‍ -
സമ്മാനിക്കുന്നത് വരെയെങ്കിലും
പക്ഷെ യൌവനം തുളുമ്പുന്ന ക്രൂരയായ രാത്രി
അവന് വേണ്ടി മറ്റു പലതും ഒരുക്കിയിട്ടുണ്ടായിരുന്നു
ആദ്യം കൃത്രിമമായ വെളിച്ചം വിരിച്ച നഗരം
അവന്‍ ചോദിക്കാതെ തന്നെ
അവനു ചില വികൃതമായ നിഴലുകള്‍ കടം നല്‍കി
പക്ഷെ അവയും പല ഇരുണ്ട ഇടവഴികളില്‍ കൂടി കരഞ്ഞും -
അട്ടഹസിച്ചും വന്നും പോയിക്കൊണ്ടിരുന്നു
അവനും വകവയ്ക്കാതെ സ്വയം രാത്രിയുടെ നഗ്നതയിലേക്ക്‌
അവനെ തന്നെ വലിച്ചിഴച്ചു നടന്നു
അവിടെ ഒന്നും സംഭവിക്കാത്ത പോലെ അലയുന്ന
പലരെയും അവന്‍ കണ്ടു
അവരുടെ നഷ്ടപെട്ട പൂര്‍ണ്ണ നിഴലുകളെ പറ്റി
ഒന്നും അറിയാതെ, ഒന്നും ചിന്തിക്കാതെ..
ചുംബിച്ചും, പരസ്പ്പരം നക്കിയും, പുണര്‍ന്നും
അവരുടെ വികൃതമായ നിഴലുകള്‍ ആ വൃത്തികെട്ട റോഡരികിലെല്ലാം
വീണു കിടന്നു, എന്നിട്ടും അവരൊന്നും അറിഞ്ഞില്ലെന്നു നടിച്ചു
അവരോടൊത്ത് ചേരാന്‍ അവന്റെ മനസ്സനുവദിച്ചില്ല
ഇതൊരു രാത്രിയുടെ മാത്രം പ്രശ്നമാണ്
ഇനിയും പകല്‍ വരും പൂര്‍ണ്ണമായ മറ്റൊരു
നിഴല്‍ അവന് സമ്മാനിക്കും
അവന്‍ അവരിലോരാളല്ല ഒരിക്കലുമാവില്ല എന്ത് തന്നെ വന്നാലും....
അവന്‍ പരിസരം മറന്ന് ആ അധര്‍മ്മ സന്തതികളെ നോക്കി നിന്നപ്പോള്‍
പിന്നില്‍ നിന്നും ഒളിഞ്ഞൊരു നിഴല്‍ വന്നതവന്‍ അറിഞ്ഞില്ല
അത് മൂര്‍ച്ചയുള്ള കത്തിയുടെ പ്രകാശത്തില്‍ മറഞ്ഞതും അവനറിഞ്ഞില്ല
പക്ഷെ അവന്റെ പൊട്ടിയ ഹൃദയത്തിലൂടെ അത് കുത്തിക്കയറിയപ്പോള്‍
അവന്‍ അറിഞ്ഞു, അവളുടെ മുഖം ഒരു വട്ടം കൂടി അവന്‍ കണ്ടു
പേരറിയാത്തൊരു വഴിവക്കില്‍ തളര്‍ന്നവന്‍ വീണപ്പോള്‍
വികൃതങ്ങളായ പല നിഴലുകളും അവന്റെ ചുറ്റും കൂടി
പലതും പറഞ്ഞ് ച്ചിരിച്ചു, ചിലത് കരഞ്ഞു എന്നും വരുത്തി
അവനും ചിരിചു, എന്നിട്ട് ആ സ്നേഹശൂന്യമായ രാത്രിയെ പുണര്‍ന്നു
അവനറിയാമായിരുന്നു ഇനി അവനൊരു നിഴലിന്റെയും സഹായം വേണ്ട
അവന്‍ ഈ നിഴലുകളുടെ ലോകത്തിനോട് വിട പറയുന്നു
-മര്‍ത്ത്യന്‍-