Sunday, July 28, 2013

സ്വപ്നങ്ങളുടെ അനാഥത്വം

അലസതയിൽ മുളച്ച്
അബദ്ധം മനസ്സിലാക്കി 
കരഞ്ഞുറങ്ങിയപ്പോൾ അനാവശ്യമായി 
ചിരിപ്പിച്ചുണർത്തിയിരിക്കണം ... 
ചായം തേപ്പിച്ച് അണിയിച്ചൊരുക്കി
കൊതിപ്പിച്ചിട്ടുണ്ടാവണം....
എന്നിട്ട് ജീവൻ കൊടുക്കാൻ 
മറന്നു പോയിക്കാണും....
അല്ലാതെ എന്തിനിത്രയും
നടക്കാതെ പോയ സ്വപ്നങ്ങൾ
അനാഥമായി ലോകത്ത്
അലഞ്ഞു നടക്കണം....
-മർത്ത്യൻ-

നിഴലിന്റെ സ്വാതന്ത്ര്യം

നിഴലിന്റെ ചുമലിലേക്ക് 
മോഹങ്ങളും, ഭയങ്ങളും, ദുഖങ്ങളും, 
പാപങ്ങളും എല്ലാം ഇറക്കി വച്ച് 
നെഞ്ചത്തേക്ക് ആണിയും 
അടിച്ചിറക്കി അവശനിലയിലാക്കി 
നടന്നകന്നപ്പോൾ അവൻ ഓർത്തില്ല 
ഇഴഞ്ഞു നീങ്ങിയാണെങ്കിലും 
കൂടെ എത്തുമെന്ന് 
ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ
നിറകണ്ണുകളോടെ
അവനെ നോക്കി പറഞ്ഞു...
ഞാൻ വിട പറയുന്നു
ഇനി നിന്റെ പിന്നാലെ വരില്ല
ഇനിയുള്ള ദൂരം തനിച്ച്
ഇരുട്ടത്ത് നീ നടന്നു തീർക്കണം...
എനിക്കും വേണം സ്വാതന്ത്ര്യം...
-മർത്ത്യൻ -

അശ്രദ്ധ

പേന തട്ടി വാക്ക് മുറിഞ്ഞു; 
അശ്രദ്ധയാണ് കാരണം 
രക്തം വാർന്നൊലിച്ച് 
വരികളിലേക്ക് ഒഴുകി പടർന്നു
വാക്ക് വാവിട്ട് കരഞ്ഞു 
മുറിവേറ്റ വാക്കിനെ ഞാൻ 
പറഞ്ഞാശ്വസിപ്പിച്ചു...
ഇനി അശ്രദ്ധയോടെ ആലോചിക്കാതെ 
ഒന്നും എഴുതില്ലെന്ന് വാക്കും കൊടുത്തു
വാക്ക് അടങ്ങി... ചിരിച്ചു 
വേദന മറന്ന് കിടന്നുറങ്ങി
കവിത മുടങ്ങി
ഞാനും അടങ്ങി....
-മർത്ത്യൻ-

Friday, July 19, 2013

കേസ് ക്ലോസ്ഡ്

രാവണനെ കൊന്നത് രാമനല്ല എന്ന് തെളിഞ്ഞു... ജൂറി പറഞ്ഞു 'ഗിൽട്ടി...' പക്ഷെ ആര്..?... വിഭീഷണൻ.... അതെ വിഭീഷണൻ.... "ഹീ ഈസ് ഗിൽട്ടി..." ജൂറി അലറി.... അമ്പരന്നിരുന്ന ജനങ്ങളെ ശ്രദ്ധിക്കാതെ ന്യായാധിപാൻ  ഒരു കടലാസിൽ നിന്നും ഉറക്കെ വായിച്ചു...

പൂന്തോപ്പിൽ ഇരുന്നിരുന്ന രാവണനോട്‌  അതു വഴി ചെന്ന അനിയൻ ചോദിച്ചു  "ചേട്ടന് ഏത് തലയോടാണ് ഏറ്റവും ഇഷ്ടം...?"
രാവണൻ ചിരിച്ചു..... തലകൾ തമ്മിൽ മത്സരിച്ചാലോചിച്ചു... ഉത്തരം കിട്ടാതെ ഓരോന്നായി പൊട്ടിപ്പോയി...

ന്യായാധിപൻ കടലാസ്സിൽ നിന്നും കണ്ണെടുത്തു... പിന്നെ കണ്ണ് തുടച്ചു.... പകച്ചിരുന്ന ജനങ്ങളോട് പറഞ്ഞു "ഇനി വേണ്ടാത്ത കഥകളുമായി ഇവിടെ വന്നെയ്ക്കരുത്.... കേസ് ക്ലോസ്ഡ്"
-മർത്ത്യൻ-

Tuesday, July 9, 2013

മർത്ത്യന്റെ ഒരേയൊരു കവിത

ഞാനൊരു കവിതയെഴുതി 
മരണത്തെ കുറിച്ച്
"മരണം മധുരമാണ്" എന്ന പേരിൽ
പിന്നെ ആലോചിച്ചു 
എനിക്കങ്ങിനെ എഴുതാൻ എന്താണർഹത....
മരണം പോയിട്ട് ജീവിതത്തിൽ 
ഒരു എല്ല് പോലും ഒടിയാത്ത 
ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കാത്ത
വേദനകൾ തീരെ അറിയാത്ത എനിക്ക് 
മരണത്തെ പറ്റിയെഴുതാൻ
ഒരർഹതയുമില്ല...   
മരണമെന്നല്ല ഒന്നിനെ പറ്റിയും 
എഴുതാൻ അർഹതയില്ല...
അനുഭവിക്കാത്തവന് വാക്കുകളെ 
ഭംഗിയായി നിരത്തി വയ്ക്കാനേ കഴിയു...
അതിനെ കൊണ്ട് സംസാരിപ്പിക്കാൻ 
കഴിയില്ല...
എന്റെ വാക്കുകൾ ഒരിക്കലും വായനക്കാരനെ 
സ്നേഹിക്കില്ല.....    
ഞാൻ എഴുതുന്നത്‌ കവിതയല്ല കാപട്യമാണ് 
ഇന്നെങ്കിലും വായനക്കാർ 
അത് മനസ്സിലാക്കണം... 
ഞാൻ എഴുതുന്നത്‌ കവിതയല്ല... 
വെറും  കാപട്യമാണ്...
-മർത്ത്യൻ- 

Monday, July 8, 2013

പുറംതള്ളപ്പെട്ടവർ

പ്രസക്തി നഷ്ടപ്പെട്ട് അരങ്ങു വിടേണ്ടി വരുന്നവർ...
തീരുന്നതിനു മുൻപ് തന്നെ കഥയിൽ എവിടെയൊ 
ആരുമറിയാതെ അപ്രത്യക്ഷമാവുന്നവർ....
അങ്ങിനെയും ഉണ്ട് കഥാപാത്രങ്ങൾ...
തിരശ്ശീല വീഴുമ്പോൾ അരങ്ങിലും കാണികളിലും 
ഒന്നും പെടാതെ മാറി നിന്ന് കയ്യടിക്കാൻ 
വിധിക്കപ്പെട്ടവർ... 
ജീവിതമേ നീയും ഒട്ടും വ്യത്യസ്ഥമല്ലല്ലൊ...
നിന്നിലൂടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി 
നടന്നു നീങ്ങുമ്പോൾ പുറംതള്ളപ്പെടുന്നവരെ
നീയും ഒരിക്കലും തിരിഞ്ഞു നോക്കാറില്ലല്ലൊ...
-മർത്ത്യൻ- 

Sunday, July 7, 2013

ശ്വാസം മുട്ട്

എഴുതിയ വാക്കുകൾ ചിലത്
പിണങ്ങി മാറി നിന്നു...
ചോദിച്ചപ്പോൾ പറഞ്ഞു 
അവയെ വേണ്ടാത്ത വരികളിൽ
ഇങ്ങിനെ കോർത്തിടരുതെന്ന്
ആ വരികളിലെ അർത്ഥങ്ങൾക്കുള്ളിൽ 
അവയ്ക്ക് ശ്വാസം മുട്ടുന്നത്രെ... 
-മർത്ത്യൻ- 

Thursday, July 4, 2013

ഒരു വണ്ടി കഥ

ഷോർണൂര് വണ്ടി നിർത്തി 
ഞാൻ ഇറങ്ങി...
തിരിച്ചു വരുന്നത് കാണാതെ  
നീ തീർച്ചപ്പെടുത്തി... 
നിന്നെ തനിച്ചാക്കി ഞാൻ 
മുങ്ങിയാതായിരിക്കണം.....
ഫൈവ് സ്റ്റാർ ഇഷ്ടമാണെന്ന 
കാര്യം  നീയപ്പോൾ ഓർത്തില്ല 
പക്ഷെ...  ഞാനോർത്തിരുന്നു..... 
അത് വാങ്ങുന്ന തിരക്കിൽ വണ്ടി 
നീങ്ങി തുടങ്ങിയതറിഞ്ഞില്ല..
തിരിഞ്ഞു നോക്കി..
വണ്ടി ഓടിക്കയറാൻ കഴിയാത്ത 
ദൂരത്തതെത്തിയിരുന്നു...
എല്ലാവരും നോക്കി ചിരിച്ചു... 
കളിയാക്കി നിന്നവരിൽ 
ഞാനെന്റെ ശത്രുക്കളെ തിരഞ്ഞു 
കടക്കാരാൻ, എന്റെ മുൻപിൽ 
ക്യൂവിൽ നിന്നവർ.... 
ചോദ്യം ചോദിച്ചു സമയം കളഞ്ഞ തള്ള.. 
അനാവശ്യമായി തിരക്കുണ്ടാക്കിയ
പ്ലാറ്റ്ഫോർമിലെ അനേകം പേർ.. 
അതിലൊന്നും ശത്രുക്കളില്ലായിരുന്നു... 
പരിചിതങ്ങളായ മിത്രമുഖങ്ങൾ മാത്രം...
സഹായിക്കാതെ നോക്കി കളിയാക്കി 
നിന്ന മിത്രമുഖങ്ങൾ.... 
ഞാൻ അവരെ ആ പ്ലാറ്റ്ഫോർമിൽ 
എന്നെന്നേക്കുമായി ഉപേക്ഷിച്ചു...
അലക്ഷ്യമായി പുറത്തേക്കിറങ്ങി.... 
പുറത്ത്  നിന്ന ജനക്കൂട്ടത്തിൽ  
മണ്ടനെ പോലെ തിരഞ്ഞു 
അവരിൽ നീയും നിന്നിരുന്നു....
അന്വേഷിച്ചപ്പോൾ നീ പറഞ്ഞു 
കാണാതായപ്പോൾ വണ്ടിയിൽ 
നിന്നും ഇറങ്ങിയതാണെന്ന് 
ഞാൻ വിശ്വസിച്ചു... അതെന്റെ തെറ്റ്... 
നീ ഒരിക്കലും എന്റെയൊപ്പം  
ഉണ്ടായിരുന്നില്ലെന്നത് സത്യം 
എങ്കിലും വാങ്ങിയ ഫൈവ് സ്റ്റാർ 
നീ ആർത്തിയോടെ കഴിച്ചു...
നന്ദി പറഞ്ഞു.. കെട്ടിപ്പിടിച്ചു..
ഉമ്മ വച്ചു.... മണ്ടൻ എന്ന് വിളിച്ചു...   
മണിക്കൂറുകളോളം ആ സ്റ്റേഷന്റെ 
പുറത്തിരുന്നു സംസാരിച്ചു... 
ജീവിതം ഷോർണൂർ സ്റ്റേഷനിൽ 
വന്ന് മുട്ടി നിന്നത് വരെയുള്ള 
പലതും വീണ്ടും ഓർത്തു......
ഞാൻ പറഞ്ഞതൊന്നും നീ 
നിഷേധിച്ചില്ല....
എന്റെ വിജയത്തിലാണ് നിന്റെ 
വിജയമെന്ന് നീ എന്നെ 
വീണ്ടും വിശ്വസിപ്പിച്ചു...
ഞാൻ സന്തോഷിച്ചപ്പോൾ 
പെട്ടെന്ന് നീ പറഞ്ഞു 
നിനക്ക് പോണമെന്ന്...... 
നിനക്ക് പോണമെന്ന്...... 
ഞാൻ ചോദിച്ചു.. എന്തിന്..? 
എന്തിനിപ്പോൾ...? എന്തിനിങ്ങിനെ..? 
നീ പറഞ്ഞു... 
നിന്റെ വണ്ടി വന്നെന്ന്... 
എന്നിട്ട് മെല്ലെ എന്നെ ഉപദേശിച്ചു 
"ഇനിയുമിങ്ങനെ വണ്ടി തെറ്റിക്കയറരുത് "
നീ ആവർത്തിച്ചു
"ഇനിയുമിങ്ങനെ വണ്ടി തെറ്റിക്കയറരുത് " 
എനിക്ക് പോണം.. 
"സ്നേഹം ഇല്ലാത്തത് കൊണ്ടല്ല 
സമയം ഇല്ലാത്തതു കൊണ്ടാണ്"
സമയം... അതെ സമയം.. 
നിനക്കും എനിക്കും ലോകത്തിനും 
തെറ്റിയാലും... ഒരിക്കലും സമയം 
തെറ്റി ഓടാത്ത ജീവിതത്തിന്റെ വണ്ടി...
അതിൽ നിന്നും എത്ര തവണ 
എത്രയെത്ര പ്ലാറ്റ് ഫോർമിൽ 
നമ്മളിറങ്ങുന്നു...
വണ്ടി മാറി കയറുന്നു...
നമ്മളില്ലാതെ വണ്ടികൾ മുന്നോട്ടു നീങ്ങുന്നു 
ഒഴിഞ്ഞ വണ്ടികളിൽ നിന്നും
പുറത്തേക്കെത്തി നോക്കുന്ന 
ശൂന്യതയുടെ മുഖങ്ങൾ...
നിറഞ്ഞ ബോഗികളിൽ നിന്നും 
കഴിവില്ലാത്തതിനാൽ പ്ലാറ്റ് ഫോർമിലേക്ക് 
വലിച്ചെറിയപ്പെടുന്നവർ....
ഒരിക്കലും ഇറങ്ങാതെ വണ്ടികളിൽ 
മരിക്കുവോളം ഉറങ്ങി കിടക്കുന്ന ജന്മങ്ങൾ 
വണ്ടിയിൽ നിന്നും വണ്ടിയിലേക്ക് 
നഷ്ടപ്പെട്ടതന്വേഷിച്ച് നടക്കുന്ന 
പേരറിയാത്ത സഹയാത്രികർ.. 
സമയം... അതെ സമയം.. 
സ്നേഹം ഇല്ലാത്തത് കൊണ്ടല്ല 
സമയം ഇല്ലാത്തതു കൊണ്ടാണ്
സ്നേഹം ഇല്ലാത്തത് കൊണ്ടല്ല 
സമയം ഇല്ലാത്തതു കൊണ്ടാണ്
-മർത്ത്യൻ-