Thursday, March 28, 2013

ഉന്തി തള്ളി

നന്ദിയുണ്ട്.....
എന്നെ എന്നിൽ നിന്നു തന്നെ
ഉന്തി തള്ളി പുറത്തിട്ടത്തിന്...
തന്നിഷ്ടങ്ങളിലെ തെറ്റുകൾ
കണ്ടില്ലെന്നും കേട്ടില്ലെന്നും
വരുത്തി മടുത്തു...
-മർത്ത്യൻ-

ശരിയായില്ല

ഇത് ഒട്ടും ശരിയായില്ല
ഇത്രയും കാലം
എന്റെ മനസ്സില്‍ വരാതെ
മാറി നടന്നിട്ടിപ്പോള്‍
ആരുടെയോ പുസ്തകത്തില്‍
അയാള് തുപ്പിയ വാക്കുകളും
കെട്ടിപ്പിടിച്ച്
മലര്‍ന്നു കിടക്കുന്നു അല്ലെ
നിന്നെക്കാള്‍ സുന്ദരമായൊരു
കവിത ഞാനും എഴുതും
-മര്‍ത്ത്യന്‍-

Wednesday, March 27, 2013

ലഹരി

പണ്ട് നീ തലോടിയുണർത്തി
കാണിച്ചു തന്ന
പ്രഭാതങ്ങളുടെ ഓര്‍മ്മകളെല്ലാം
ഇന്ന് ഈ രാത്രിയിൽ
ലഹരിയില്‍ മുങ്ങി
മയങ്ങിക്കിടന്നില്ലാതായി....
-മര്‍ത്ത്യന്‍-

Saturday, March 23, 2013

അക്ഷരത്തെറ്റുകൾ

വാരിക്കോരിയെഴുതിയ വാക്കുകളെല്ലാം ചവറ്റുകൊട്ട നിറഞ്ഞ് പുറത്തേക്ക് ഒഴുകിപ്പരന്നു നിലം വൃത്തികേടാക്കി.... പേന പിടിക്കാൻ കഴിയാതെ വിറയ്ക്കുന്ന വിരലുകൾ മുറിച്ച് ബ്രാണ്ടിക്കുപ്പിയിലിട്ട് ഭദ്രമായി മൂറുക്കിയടച്ചു... ഇന്നലെ സ്വപ്നങ്ങൾ ഒരു മല്പിടുത്തത്തിനു ശേഷം എന്നെന്നേക്കുമായി കിടന്നുറങ്ങിയ മെത്തയിൽ.... വർഷങ്ങളായി കറങ്ങാതെ മാറാല പിടിച്ച ഫാനിന്റെ കീഴെ ചോരയൊലിക്കുന്ന കൈ കൂപ്പി അവനും മലർന്നു കിടന്നു... ചുറ്റും വിലയറിയാതെ കുട്ടിക്കാലത്ത് വാശി പിടിച്ചപ്പോൾ വാങ്ങി തന്ന കളിപ്പാട്ടങ്ങൾ ആളറിയാതെ തുറിച്ചു നോക്കിയിരുന്നു..... കടമെടുത്ത് തിരിച്ചടയ്ക്കാതെ ഉപയോഗ ശൂന്യമായ എത്രയോ പ്ലാസ്റ്റിക്കു കാർഡുകൾ പർസിൽ നിന്നും പുറത്തു ചാടി കണ്ണുരുട്ടി പേടിപ്പിച്ചു....

വായനക്കാരന്റെ മനസ്സിനെ സ്വതന്ത്രമാക്കി കൊടുത്തപ്പോൾ അടയ്ക്കപ്പെട്ട് ചില്ലലമാറയിലേക്ക് വലിച്ചെറിയപ്പെട്ട പുസ്തകങ്ങൾ പുതിയ വായനക്കാരെ കാത്തിരുന്ന് ചിതലു പിടിച്ചു..... അതിൽ മാക്സിം ഗോർക്കിയുടെ അമ്മ മാത്രം മറ്റു പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി തിരിച്ചു വച്ചിരുന്നു.... പലവട്ടം വായിച്ചപ്പോൾ ജീവൻ കിട്ടി പുസ്തകം സ്വയം നീങ്ങി തുടങ്ങിയതാവുമോ..... അതിരിക്കേണ്ടയിടത്തല്ല ഇപ്പോൾ.... അമ്മ റഷ്യ വിട്ട് ഖസാക്കിലെത്തി എന്ന് തോന്നും... ഏതായാലും ഖസാക്കിലേക്കുള്ള വഴിയന്വേഷിച്ച്‌ പല കഥാപാത്രങ്ങളും എഴുത്തുകാരും വായനക്കാരും വഴിതെറ്റി അലയുന്നുണ്ട്..... അവനും.....

പുറത്ത് കാറുകൾ വന്നു നിർത്തുന്ന ശബ്ദം അവൻ കേട്ടില്ല..... അതിൽ നിന്നുമിറങ്ങിയ ആളുകൾ അവന്റെ വീടിന്റെ ബെല്ലടിച്ചതും അവൻ കേട്ടില്ല..... കടക്കാരായിരിക്കും.... അവർക്കെ ഇപ്പോൾ അവന്റെ വീട്ടിലേക്കുള്ള വഴി ഓർമ്മയുള്ളൂ...... അവനിനി എന്ത് കടക്കാർ.... അവൻ എല്ലാവരോടും കടപ്പെട്ടവനാണ്..... നന്ദിയുള്ളവനാണ്..... അവന്റെ മനസ്സിന് അവന്റെ വിലകുറഞ്ഞ ജീവിതത്തിന്റെ വില പോലും ഇപ്പോൾ താങ്ങാൻ കഴിയില്ല.... അവൻ സ്വതന്ത്രനാണ്..... കറന്റ് വന്ന് ഫാൻ കറങ്ങി തുടങ്ങി..... അതൊന്നും അറിയാതെ അവൻ തളർന്നുറങ്ങി ഇല്ലാതായി...
-മർത്ത്യൻ-

Thursday, March 21, 2013

വട്ട്

വെട്ടം കൈവിട്ട ഒരു വട്ടത്തിൽ നിന്നും അന്ധകാരം പുറത്തേക്ക് നിറഞ്ഞൊഴുകുമ്പോൾ പുറത്തേക്കിറങ്ങും.....  അതിന്റെ വക്കത്തു നിന്ന് ഒരിക്കലും തിരിച്ചു വരാത്ത ആർക്കോ വേണ്ടി വിളക്കു പിടിച്ചു നില്ക്കും...... വർഷമെത്രയായി....  പിന്നെ എന്നും  സൂര്യനുദിക്കുമ്പോൾ വെളിച്ചം വന്ന് വിളക്കൂതി കെടുത്തും..... കളിയാക്കും.... വട്ടത്തിലേക്ക് വെളിച്ചമെറിഞ്ഞ് അതിൽ തിരികേപോയി നില്ക്കാൻ പറയും.... സമ്മതിക്കാഞ്ഞാൽ കണ്ണിലേക്ക് വെയിലെരിച്ചു കയറ്റി കാഴ്ച മൂടിക്കെട്ടും.... പിന്നെ അനുസരണക്കേടിന് ശിക്ഷയായി കിട്ടിയ അന്ധതയുമായി തപ്പി തടഞ്ഞ് എങ്ങിനെയോ വട്ടത്തിൽ തിരിച്ചു കയറി നില്ക്കും....
ആ അന്ധതയിൽ എന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരിനും കറുപ്പ് നിറമാണെന്ന് പറഞ്ഞ്  അതുവഴി വരുന്നവരെല്ലാം  കളിയാക്കി ചിരിക്കും..... എല്ലാം കേട്ട് ഒന്നും പറയാതെ വീണ്ടും ഇരുട്ട് കാത്ത് വട്ടത്തിൽ തന്നെ നില്ക്കും..... എല്ലാവരും വട്ടനാണെന്ന് പറയുന്നു.... അവർക്കറിയില്ല...... കാഴ്ചയുണ്ടായിട്ടും കാണാനുളള മനസ്സില്ലാത്ത അവർക്കൊരിക്കലും മനസ്സിലാവില്ല..... മനസ്സുള്ളവന് എന്നും വട്ടാണ്..... കാഴ്ച നല്കുന്ന അന്ധതയാണ്......

-മർത്ത്യൻ-

Tuesday, March 19, 2013

മിസ്സ്ഡ് കോൾ

മൊബൈൽ ഫോണ്‍ ആരോ വേദനിപ്പിച്ചതു പോലെ ഉറക്കെ കരയാൻ തുടങ്ങി... നിർത്താതെ..... റിംഗ് ടോണ്‍ മാറ്റണം എന്ന് പലവട്ടം കരുതിയതാണ്... നടന്നില്ല. മാറ്റിയിരുന്നെങ്കിൽ വല്ല അടിപൊളി ഹിന്ദി പാട്ടും വയ്ക്കാമായിരുന്നു..... കരയുന്നതിനു പകരം അത് പാടി ബിപാഷയെ പോലെ നൃത്തം വയ്ക്കുമായിരുന്നോ...?.... അറിയില്ല..... അല്ലെങ്കിലും അധികവും വൈബ്രേറ്റ് മോഡിലാണ് പതിവ് .... അപ്പോൾ ആര് വിളിച്ചാലും ഷീല നെടുവീർപ്പുമിട്ട് കണ്‍പോള വൈബ്രേറ്റ് ചെയ്യുന്ന പോലെ നില്ക്കും അല്ലാതെ ഒന്നുമുണ്ടാവില്ല .... പക്ഷെ ഇന്ന് വൈബ്രേറ്റ്‌ മോഡിലും ഇട്ടില്ല... എന്തൊരു അലർച്ച..... ഏതായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല.... ആരായിരിക്കും വിളിക്കുന്നത്‌......എടുക്കണ്ട.... പക്ഷെ കരച്ചിൽ നിർത്തുന്നില്ലല്ലൊ.... വിളിക്കുന്ന ആളുടെ മാനസികാവസ്ഥ ഈ കരച്ചിൽ പോലെയാകുമോ.... എങ്കിൽ എടുക്കണം... വല്ല അത്യാവശ്യവുമാണെങ്കിലോ..... പക്ഷെ ചിലപ്പോൾ അനാവശ്യ മാർക്കെറ്റിംഗ് കോളായിരിക്കും... എടുക്കണ്ട.... എടുത്തില്ല.

അത് അൽപം കഴിഞ്ഞ് കരച്ചിലും പരാക്രമവും കഴിഞ്ഞ് നിശ്ചലമായി.... മെല്ലെ അടുത്ത് ചെന്നെടുത്തു നോക്കി...... കരച്ചിൽ നിന്നതല്ല... ശരിക്കും ചത്തതാണ്.... പാവം കരഞ്ഞു കരഞ്ഞു ചാർജു പോയി.... ചാർജർ എടുത്തു കുത്തി... അത് മെല്ലെ ഉണർന്നു..... ഒരു ബീപ്പടിച്ച് മിഴിച്ചു നോക്കി.... മിസ്സ്ഡ് കോൾ കാണാൻ കോൾ ലോഗ് എടുത്തു നോക്കി...... ഇല്ല മിസ്സ്ട് കോൾ ഇല്ല.... ആരും വിളിച്ചിട്ടില്ല.... ഇപ്പോഴെന്നല്ല കഴിഞ്ഞ ഒരു മാസമായി ആരും തന്നെ വിളിച്ചിട്ടില്ല... അവസാനത്തെ കോൾ കഴിഞ്ഞ മാസം പതിനഞ്ചിന്.... അതിനു ശേഷം ഒരു കോളുമില്ല..... പിന്നെ മിസ്സ്ഡ് കോൾ..... എന്നും വരാറുള്ള മിസ്സ്ഡ് കോൾ.... ആരായിരിക്കും..... പ്ലീസ് ആരെങ്കിലും ഒന്ന് വിളിക്കു..... ഭ്രാന്തു പിടിക്കുന്നതിനു മുൻപ് ...... പ്ലീസ്....
-മർത്ത്യൻ-

Thursday, March 14, 2013

റെയില്‍ പാളങ്ങളിലൂടെ നടക്കരുത്

അരുത്.....
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്
പക്ഷെ നീ ചോദിക്കും
എന്താ നടന്നാല്‍...?
പണ്ട് ഈ പാളങ്ങളിലൂടെ
കൈകോര്‍ത്തു നടന്ന ആ കമിതാക്കള്‍
വണ്ടി തട്ടി മരിച്ചപ്പോള്‍
ലോകം അവരുടെ കഥകള്‍
പറഞ്ഞു നടന്നില്ലെ എന്ന്...
അവരെ പറ്റി കവിതകളെഴുതി...
അവരുടെ കഥയെ ആസ്പതമാക്കി
ഉണ്ടാക്കിയ സിനിമക്ക് അവാര്‍ഡുകള്‍
നൽകിയില്ലെ എന്ന്...
പക്ഷെ നീ അറിയാത്ത ചിലതുണ്ട്
അവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍
പറയുമായിരുന്നു...
ചെയ്തത് അബദ്ധമായെന്ന്... ശുദ്ധ
മണ്ടത്തരമായിരുന്നെന്ന്...
അവര്‍ ചോദിക്കുമായിരുന്നു
ഞങ്ങളുടെ ജീവിതം തുലച്ചിട്ടും
ഞങ്ങളുടെ ചതഞ്ഞരഞ്ഞു ചിതറിക്കിടന്ന
ശരീരാവശിഷ്ടങ്ങള്‍ വാരിക്കൊരിയെടുത്ത്
പുതപ്പിക്കാതെ ടെലിവിഷന്‍
ചാനലുകളിലോക്കെ പതിപ്പിച്ചിട്ടും
ഒരു മാറ്റവും വന്നില്ലല്ലോ എന്ന്..."
അവര്‍ ചൂണ്ടി കാട്ടിയെന്ന് വരും
അവര്‍ക്ക് ശേഷം വിഷം
കഴിച്ചും, തൂങ്ങിക്കിടന്നും
ആരുടെയോ വാളിന്‍ തുമ്പില്‍
ജീവനോടുങ്ങിയും ഇല്ലാതായ
മറ്റു കമിതാക്കളുടെ കഥകള്‍....
നമ്മളെന്തു ചെയ്തു എന്ന് ചോദിക്കും...
ഉത്തരം മുട്ടും... നിനക്കല്ല.. ആര്‍ക്കും
ജാതിയും പണവും ആചാരങ്ങളും
വലുപ്പ ചെറുപ്പവും എല്ലാം മാറി മാറി
ഇല്ലാതാക്കിയ കമിതാക്കളുടെ
നിലവിളിക്കുന്ന കഥകള്‍....
ഈ കഥകള്‍ ചൂടോടെ
പുറം ലോകത്തിനു പകര്‍ന്നു
കൊടുത്ത് ടീയാര്‍പ്പി കൂട്ടിയ
ചാനലുകള്‍ക്കും.... അത്
ആര്‍ത്തിയോടെ തിന്ന്
മനസ്സ് കൊഴുത്ത്
കുറ്റം പറഞ്ഞ് എല്ലാം മറന്ന്
ഒന്നും പറയാതെ നിന്ന
പ്രേക്ഷകലക്ഷങ്ങള്‍ക്കും
പിന്നെ എനിക്കും നിനക്കും എല്ലാം
ഉത്തരം മുട്ടും സുഹൃത്തെ.....
അത് കൊണ്ട് റെയില്‍ പാളങ്ങളിലൂടെ
നടക്കരുത്....
വണ്ടി തട്ടുമെന്ന് ഭയന്നിട്ടല്ല....
ആവര്‍ വന്നു ചോദ്യം ചോദിക്കുമ്പോള്‍
ഉത്തരം മുട്ടി നീ കടുംകൈ ഒന്നും
ചെയ്യരുത്....
അത് കൊണ്ട് സുഹൃത്തെ..
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്....
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്....

-മർത്ത്യൻ-

ബാല്യം

തകര്‍ത്ത് പെയ്യാറുള്ള എല്ലാ
മഴയിലും പുറത്തിറങ്ങി
നോക്കാറുണ്ട്.....
അടുത്ത വീട്ടില്‍ കതകും തുറന്ന്
വരാന്തയില്‍ മഴയെ ശപിച്ച്
ക്രിക്കറ്റ് ബാറ്റും പിടിച്ചു
നില്‍കുന്ന നിന്നെ....
ആരും അറിയാതെ അങ്ങിനെ
ബാല്യത്തിലേക്ക് വഴുതി
വീഴാന്‍ നല്ല രസമായിരിക്കും....
-മര്‍ത്ത്യന്‍-

മിഴികളില്‍

ജീവിതത്തില്‍ കരയാന്‍
മറന്നു പോയപ്പോഴെല്ലാം
മിഴികളില്‍ നിന്നും
മനസ്സിലേക്കു മാറി
കട്ടപിടിച്ചു കിടന്ന
കണ്ണുനീരിനെല്ലാം വീണ്ടും
ഒഴുകാന്‍ വഴിയുണ്ടാക്കി
തന്ന എല്ലാവരോടും
നമ്മള്‍ നന്ദി പറയണം :)
-മര്‍ത്ത്യന്‍-

Saturday, March 9, 2013

കുട്ടി ശങ്കരന്‍

മോന്റെ ആനക്ക് പേരു വേണം
'കുട്ടി ശങ്കരന്‍' എന്ന് ഞങ്ങള്‍
"നോ.. ഇറ്റ്‌ ഈസ്‌ നോട്ട് ഇന്ത്യന്‍
ഇറ്റ്‌ ഈസ്‌ ഇംഗ്ലീഷ്" എന്നവന്‍
'സാം' അവന്‍ പേരിട്ടു...
"യെസ് സാം.. ഗുഡ് നേം" ഞങ്ങള്‍
അവന്‍ സന്തോഷത്തോടെ
ഉറങ്ങാന്‍ കിടന്നു
"സോറി കുട്ടി ശങ്കരന്‍ ഞങ്ങള്‍ക്ക്
മോനാണ് ഇമ്പോര്‍ട്ടന്റ്"
-മര്‍ത്ത്യന്‍-

Thursday, March 7, 2013

പൂതപ്പാട്ട്‌ താരാട്ട്

മലയാളം പറയില്ലെങ്കിലും മകന്‍
പൂതപ്പാട്ട്‌ താരാട്ട് രൂപത്തില്‍
കേട്ടാല്‍ ഉറങ്ങും എന്ന്
കണ്ടു പിടിച്ചു.....
കേട്ടിട്ടില്ലേ...
തുടികൊട്ടും കലര്‍ന്നോട്ടുചിലമ്പിന്‍
കലമ്പലുകള്‍....
അയ്യയ്യാ....
-മര്‍ത്ത്യന്‍-

Wednesday, March 6, 2013

പ്രേത കവിത

എനിക്കു മുന്‍പ് ആരോ
എഴുതി കൊന്നിട്ടു പോയ ചില
വാക്കുകള്‍ പ്രേതങ്ങളായി
രാത്രി വന്നു പേടിപ്പിച്ചിരുന്നു..
ഞാനവര്‍ക്കിരിക്കാന്‍ എന്റെ
ഒരു കവിതയിലിടം കൊടുത്തു
അവയവടിരുന്ന് മറ്റു
വാക്കുകളെയെല്ലാം
കൊന്നു തിന്നു
ഇപ്പോള്‍ ചത്ത വാക്കുകളുടെ
ആ പ്രേത കവിത
എല്ലായിടവും വായനക്കാരെ
പേടിപ്പിച്ചു കൊണ്ടിരിക്കുന്നു
-മര്‍ത്ത്യന്‍-

കഥകള്‍

എന്റെ രാത്രികള്‍ നിന്നോട്
പറഞ്ഞ കഥകള്‍ നീ
പലരുടെയും പകലുകളില്‍
നിന്നും മറച്ചു വച്ചത്
ശരിയായില്ല......
-മര്‍ത്ത്യന്‍-

Tuesday, March 5, 2013

നന്ദി

നന്ദി പറയാന്‍ മനസ്സില്‍
വളരെ എളുപ്പത്തില്‍ വരുന്ന
വാക്കുകളാണ് ഏറ്റവും
കൂടുതല്‍ ഉപയോഗിക്കാന്‍
മറന്ന് ഇല്ലാതാകുന്നത്...
ചീത്ത പറയാനുള്ള വാക്കുകളോ
നാവിന്‍ തുമ്പത്ത് വരാന്‍
വിസമ്മതിച്ച് മാറി നിന്നാലും
അതിനെയൊക്കെ തുപ്പലില്‍ കുളിപ്പിച്ച്
ഉന്തി പുറത്തെടുത്ത് പ്രയോഗിക്കും...
മര്‍ത്ത്യന്റെ ഓരോ കാര്യങ്ങള്‍...
-മര്‍ത്ത്യന്‍-

Sunday, March 3, 2013

അവകാശികള്‍

മരുഭൂമികള്‍ക്കാരായിരിക്കണം അവകാശികള്‍ ..?
രാപ്പകല്‍ മണല്‍പ്പരപ്പില്‍ മണിമാളികകള്‍ പണിതിട്ട്
പണിതീരുമ്പോള്‍ അകത്തു കയറാനുള്ള
അവകാശം നഷ്ടപ്പെട്ട് പുറത്ത്
നില്‍ക്കേണ്ടി വരുന്ന ഒരു ജനതയുണ്ട്....
മരുഭൂമികളുടെ വളര്‍ച്ചക്ക് എതിര്‍പ്പില്ലാതെ
വിയര്‍പ്പൊഴുക്കുന്ന ഒരു ജനത....
അവര്‍ക്കും വേണ്ടേ അവകാശങ്ങളില്‍ ഒരു പങ്ക്
മനസ്സിലെങ്കിലും പേരിനെങ്കിലും ഈ
ഹരിതവും വര്‍ണ്ണഭരിതവുമായ പുതിയ
മരുഭൂമികളുടെ അവകാശികളായി
അവരെ തന്നെ കാണണം....
-മര്‍ത്ത്യന്‍-

Saturday, March 2, 2013

സിനിമ

സിനിമയെ കുറിച്ചുള്ള സിനിമകള്‍ ഹിന്ദിയില്‍ ഒരു വ്യവസായത്തിന്റെ ജീര്‍ണ്ണതയും ശരികേടും ഭയാനകതയും അനിശ്ചിതത്വവും എല്ലാം കാണിച്ച് അവാര്‍ഡുകളും കൈയ്യടികളും വാങ്ങിയപ്പോള്‍... മലയാളത്തില്‍ സിനിമ എന്ന വ്യവസായത്തെ ആഘോഷിക്കാനായി വെള്ളരിപ്രാവിന്റെ ചങ്ങാതി, സീന്‍ ഒന്ന് നമ്മുടെ വീട്, സെല്ലുലോയിട് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിന് ഒരു പ്രേക്ഷകനെന്ന നിലയില്‍ മലയാളസിനിമയുടെ ഭാഗമായ എല്ലാകര്‍ക്കും എന്റെ മനസ്സ് നിറഞ്ഞ നന്ദി.....
-മര്‍ത്ത്യന്‍-

ചങ്ങാത്തം

കടലുകള്‍ക്കൊരിക്കലും
കരകളുമായി ചങ്ങാത്തം പറ്റില്ല
തടസ്സങ്ങളില്ലാതെ ഭൂമി മുഴുവന്‍
പരന്നൊലിചു നിറയാന്‍
കഴിയാതെ അവയെന്നും
തമ്മില്‍ തല്ലി കഴിയണം
-മര്‍ത്ത്യന്‍-