Tuesday, April 30, 2013

മദ്ധ്യവയസ്കൻ

ബാല്യം തകർത്തു പെയ്ത്
തോർന്നതിന്റെ കുളിർമ
ഇപ്പോഴും കണ്ണ് നനയ്ക്കും ...
ഇടിവെട്ടു പോലെ വന്നു
പോയ യൗവനത്തിന്റെ
പിടിവിടാതെ മുറുക്കെ പിടിച്ച
കഥകൾ ചിലത് കൂട്ടുകാരെ
ഞെട്ടിക്കുകയും ചെയ്യും...
പക്ഷെ മിന്നലു പോലെ
ഇടയ്ക്കിടയ്ക്ക് മനസ്സിൽ വന്ന് 'ഹലോ'
പറയുന്ന വാർധക്യമാണ് മർത്ത്യാ...
ഒരു മദ്ധ്യവയസ്കന്റെ ജീവിതത്തിൽ
അവൻ കാണാതെ..
ശ്രദ്ധിക്കാതെ പോകുന്ന ദൃശ്യങ്ങൾ
പലതും കാട്ടി തരുന്നത്...
നൈമിഷകമെങ്കിലും ഇരുട്ടിൽ
തപ്പി തടയുമ്പോൾ ഈ വഴികാട്ടൽ
വലിയൊരാശ്വാസം തന്നെ...
-മർത്ത്യൻ-

Thursday, April 25, 2013

ശവപ്പറമ്പ്

ശവംതീനികളുടെ ചരിത്ര പുസ്തകത്തിൽ
ജീവിതത്തിനു പ്രസക്തിയുണ്ടാവില്ല....
പക്ഷെ കാതോർത്താൽ
ശവപ്പറമ്പുകളിലെ നിശബ്ദതകളിൽ
ജീവിതത്തിന്റെ ചിരിച്ചുകളിയും, നെടുവീർപ്പുകളും
കൂട്ടക്കരച്ചിലും എല്ലാം കേൾക്കാം....
മരണപ്പെട്ടവരുടെ ഇടയിൽ നിന്നും
ജീവിതത്തിനെ കുറിച്ചുള്ള
അടക്കം പറച്ചിലുകൾ കേൾക്കാം...
കല്ലറകൾ മാറ്റിയാൽ കാണാം
തെറ്റുകൾ മറച്ചു വയ്ക്കാതെ
അടഞ്ഞു പോയ പരിചയമില്ലാത്ത കണ്ണുകൾ...
ജനനങ്ങളുടെ പരാജയവും മരണങ്ങളുടെ
വിജയവും തൊട്ടറിയാം....
ജീവിതം ആർഭാടങ്ങളൊന്നുമില്ലാതെ
ഉറങ്ങി കിടക്കുന്നതറിയാം...
ഉത്തരം പേടിച്ച് ചോദിക്കാതെ മടിച്ചു
നിന്ന പലതും അന്വേഷിക്കാതെ തന്നെ
സ്വന്തം ജീവിതത്തിലേക്ക് പകർന്നു കിട്ടും....
അങ്ങിനെ ശവപ്പറമ്പിൽ പോയി
തിരിച്ചു വരണം ഇടയ്ക്കൊക്കെ എല്ലാവരും....
മനസ്സിലെങ്കിലും....
എന്നിട്ട് ജീവിതത്തിൽ തീർത്ത
നൂറു കണക്കിന് കല്ലറകൾ
ഓരോന്നായി തുറക്കണം
അതിൽ അടഞ്ഞിരിക്കുന്ന
ഇന്നലെയുടെ നിഴലുകളെ
സ്വതന്ത്രമാക്കണം....
അവ പറന്നു പോകുന്ന വഴിയെ
സഞ്ചരിച്ചു നോക്കണം....
അപ്പോൾ കാണും... ഒരിക്കലും
കാണാൻ കഴിയാതിരുന്ന
ജീവിതത്തിന്റെ തെളിച്ചവും പൊരുളും...
ശവപ്പറമ്പുകൾ ജീവിതത്തിന്റെ
അവസാനമല്ല.....
ജീവിതത്തിന്റെ ഇടയിലാണ്
സന്ദർശിക്കണ്ടത്.....
ശവപ്പറമ്പുകൾ ജീവിതത്തിന്റെ
അവസാനമല്ല.....
ജീവിതത്തിന്റെ ഇടയിലാണ്
സന്ദർശിക്കണ്ടത്.....
-മർത്ത്യൻ-

Thursday, April 18, 2013

ആൽറ്റ്സ്ഹൈമേഴ്സ്

എനിക്കറിയാം...
നിന്റേതായിട്ടും തിരിച്ചു തരാതെ
ഞാൻ മനസ്സിൽ സൂക്ഷിച്ച
നിന്നെ ഓർമ്മകൾ
തിരികെ ചോദിക്കാൻ നീ വരുമെന്ന്
എന്നെങ്കിലും ഒരിക്കൽ....
അന്ന് തിരിച്ചു തരാൻ കഴിയാതെ
അവൻ ആ ഓർമ്മകളൊക്കെ
മാച്ചു തുടച്ച് ഇല്ലാതാക്കുമോ
എന്നാണ് ഇന്നെന്റെ പേടി...
അവനു മുൻപേ നീ വരുമല്ലോ
അല്ലെ......?
-മർത്ത്യൻ-

വിഷം

ജീവിതത്തിൽ പലരുടെയും പലതരം
അമ്പുകൾ മനസ്സിൽ വന്ന് തറച്ചിട്ടുണ്ട്
എണ്ണവും ഇനവും വില്ലിന്റെ
മേൽവിലാസവും...
ഒന്നും അന്വേഷിച്ചിട്ടില്ല....
പക്ഷെ ഒന്നറിയാം
അതിൽ പല അമ്പുകളുടെയും
തുമ്പത്ത് നിന്റെ ചുണ്ടിൽ
നിന്നുള്ള വിഷം പുരണ്ടിരുന്നു
അവയാണ് ഏറ്റവും വേദനിപ്പിച്ച
ഇന്നും ഉണങ്ങാതെ കിടക്കുന്ന
മുറിവുകൾ.........
-മർത്ത്യൻ-

മുറിവുകൾ

ജീവിതത്തിൽ പലരുടെയും പലതരം
അമ്പുകൾ മനസ്സിൽ വന്ന് തറച്ചിട്ടുണ്ട്
എണ്ണവും ഇനവും വില്ലിന്റെ
മേൽവിലാസവും...
ഒന്നും അന്വേഷിച്ചിട്ടില്ല....
പക്ഷെ ഒന്നറിയാം
അതിൽ പല അമ്പുകളുടെയും
തുമ്പത്ത് നിന്റെ ചുണ്ടിൽ
നിന്നുള്ള വിഷം പുരണ്ടിരുന്നു
അവയാണ് ഏറ്റവും വേദനിപ്പിച്ച
ഇന്നും ഉണങ്ങാതെ കിടക്കുന്ന
മുറിവുകൾ.........
-മർത്ത്യൻ-

Saturday, April 13, 2013

വിഷുവിന്റെ ഭാഷ

വിഷുവിനും ഒരു ഭാഷയുണ്ടോ..?
ഉണ്ടാവാം... ഒട്ടും വിഷമില്ലാത്ത
ആർക്കും വിഷമമുണ്ടാക്കാത്ത
ആരെയും മുഷിപ്പിക്കാത്ത
ഒരു ഭാഷ...
ഈ വർഷം നമുക്കെല്ലാം ആവാം
അങ്ങിനെ ഒരു വിഷുവിന്റെ ഭാഷ...
എന്താ..?
-മർത്ത്യൻ-

Wednesday, April 10, 2013

വഴികാട്ടികൾ

എരിഞ്ഞടങ്ങിയ എല്ലാ ചിതകളിലും
കണ്ണടയുന്നതിനു മുൻപേ
കണ്ട കാഴച്ചയുടെ അംശങ്ങൾ
എരിയാതെ കിടപ്പുണ്ടാവും
മൌനമായി അതിന്റെ
മുൻപിൽ അൽപനേരം
നിന്നാൽ മതി.....
ജീവിതത്തിൽ മുന്നോട്ട്
നടക്കാൻ കഴിയുന്ന പല
വഴികളുടെ ആഴവും ദൂരവും
അളന്നു തെളിഞ്ഞു കിട്ടും
ചാരമായി മാറിയവനെ
നീയറിയണമെന്നില്ല....
-മർത്ത്യൻ-

Saturday, April 6, 2013

തിരമാലകൾ

തിരമാലകൾ പലരോടും പറയാതെ
ഒളിപ്പിച്ചു വച്ച കഥകളുണ്ടായിരുന്നു...
ഒറ്റയ്ക്ക് കടപ്പുറത്ത് ചെല്ലുമ്പോൾ എപ്പോഴും
എന്നോടത് പറയാൻ അവ ഓടി വരും...
ആരോടും കാണിക്കാത്ത സ്നേഹം
എന്നോട് കാണിക്കും... എന്നാൽ
എന്റെ കഥയിൽ തന്നെ വഴിമുട്ടി
കിടക്കുന്ന ഞാൻ, അവയുടെ കഥകളിൽ
മുങ്ങി നനയരുതല്ലോ....
ഞാനും തിരിഞ്ഞോടും...
നനയാതെ വീട്ടിൽ ചെന്ന്
എന്റെ കഥാപാത്രം
ഭംഗിയായി ചെയ്യാൻ ശ്രമിക്കും....
-മർത്ത്യൻ-

Monday, April 1, 2013

തോളുകൾ

തോളിലേറ്റി കളിപ്പിച്ച്
മാമുകൊടുത്തുറക്കിയവ
നിലത്തിറങ്ങി തിരിഞ്ഞു
നോക്കാൻ സമയമില്ലാതെ ദൂരേ
അറിയപ്പെടാത്ത സമൃദ്ധികളിലേക്ക്
ഓടിമറയുമ്പോൾ...
സന്തോഷത്തോടെ ആശംസിച്ച്
അനാഥമാകുന്ന മുന്നോട്ടുള്ള
ജീവിതത്തിൽ വഴിമുട്ടി നില്ക്കുന്ന
ഭാരമിറങ്ങിയപ്പോൾ ശക്തി നഷ്ടപ്പെട്ട
എത്രയെത്ര തോളുകൾ....
-മർത്ത്യൻ-

ഇതളുകൾ

കൊഴിഞ്ഞു വീണ്... വെയിലത്ത്
എരിഞ്ഞുണങ്ങി.. പൂവിനേക്കാൾ
ഭംഗി വച്ച് ഇരിപ്പുമുറികളും
കിടപ്പുമുറികളും അലങ്കരിക്കുന്ന
എത്രയെത്ര ഇതളുകൾ.....
-മർത്ത്യൻ-