Thursday, November 29, 2012

വഴികാട്ടി

നിന്റെ പുഞ്ചിരികളില്‍
ഒളിഞ്ഞിരുന്ന് എന്നെ
കൊഞ്ഞനം കാട്ടാറുള്ള
നിന്റെ അടക്കി പിടിച്ച
കണ്ണുനീര്‍ തുള്ളികളാണ്...
എന്നും ജീവിതത്തില്‍
വഴികാട്ടിയായിട്ടുള്ളത്...
ഇന്ന് നീ കരഞ്ഞു കണ്ടപ്പോള്‍
ശരിക്കും വഴിമുട്ടി പോയി
മര്‍ത്ത്യന്‍-

Wednesday, November 28, 2012

മഞ്ഞ്

പുലര്‍ച്ചെ മൂടല്‍ മഞ്ഞ്
തട്ടി മാറ്റി
വെയിലില്‍ കുളിച്ച് കയറി
ചന്ദ്രക്കുറി ചാര്‍ത്തി
ഒടുവില്‍ സന്ധ്യയെ പ്രണയിച്ച്
പലതും സമ്മാനിച്ച്‌
അങ്ങിനെ ഒരു ദിവസം കൂടി
എവിടെയോ മറഞ്ഞു പോയി
-മര്‍ത്ത്യന്‍-

Tuesday, November 27, 2012

അപൂര്‍ണ്ണത

ആരോ പണ്ട് പകുതിയെഴുതി
നിര്‍ത്തി വച്ച ഒരു കവിതയുടെ
ഏങ്ങല്‍ കേട്ടാണ്
ഇന്നലെ ഞാന്‍ ഉണര്‍ന്നത്.....
ഒരു കടലാസ്സും പേനയുമെടുത്ത്‌
ഞാനതിന്റെ വിഷമം മാറ്റാന്‍ നോക്കി
കഴിഞ്ഞില്ല.....
അപൂര്‍ണ്ണതയില്‍ നിറഞ്ഞു
നിന്നിരുന്ന ആ കവിതയുടെ ദുഃഖം
തന്നെയായിരുന്നു എന്റെതും
-മര്‍ത്ത്യന്‍-

പൂക്കള്‍

എന്റെ മുറിവുകളില്‍ നിന്നും
നിന്റെ വേരുകളിലേക്ക്
ഒലിച്ചു കയറിയ ചുവപ്പ് നിറം....
നിന്റെ പൂക്കളെ
സുന്ദരികളാക്കിയിരിക്കുന്നു....പക്ഷെ
ഈ പൂക്കളിറുത്ത് തന്നെ വേണമത്രെ
ലോകത്തിന് ഇന്ന് പൂക്കളമിടാന്‍...
-മര്‍ത്ത്യന്‍-

Sunday, November 25, 2012

മഷി

പേന വിട്ടിറങ്ങിയ മഷിക്ക്
പലപ്പോഴും മുന്നില്‍ രണ്ടു വഴിയെ കാണു
ഒന്നുകില്‍ പുതിയ വാക്കുകള്‍ക്ക്
വഴി തെളിക്കുക്ക... അല്ലെങ്കില്‍...
വെള്ളയില്‍ അവ്യക്തത പടര്‍ത്തി
ഉപയോഗ ശൂന്യമാവുക....
തിരിച്ചു കയറാന്‍ കഴിയാതെ
പേനയുടെ അറ്റത് വഴിമുട്ടി
മുന്നോട്ട് പോകാന്‍ വിസമ്മതിച്ചു
നിന്ന ചില തുള്ളികളും കാണും ഇടയ്ക്ക്
-മര്‍ത്ത്യന്‍-

Saturday, November 24, 2012

കണ്ണട

പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്...... അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു.....അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല.....പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു.....അതെ കണ്ണടയുണ്ടായിരുന്നു.... പിന്നെ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളുടെ പേര് പത്രത്തില്‍ കണ്ടു.... കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി വളരെ അടുത്തറിഞ്ഞതാണ്..... പക്ഷെ പിന്നെ എപ്പോഴോ ആ ബന്ധവും തീര്‍ന്നു...അല്ല തീര്‍ത്തു..... ആര് തീര്‍ത്തു എന്നത് ഇന്ന് പ്രസക്തമല്ല..... എങ്കിലും ഇന്നത്തെ വാര്‍ത്ത.. അത് തീരെ പ്രതീക്ഷിച്ചതല്ല....വാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന അവളുടെ ചിത്രത്തിലേക്ക് വീണ്ടും നോക്കി... ഇല്ല ഇതില്‍ കണ്ണടയില്ല.....അവള്‍ ലേസര്‍ ചെയ്യണം എന്ന് പറഞ്ഞിരുന്നു.....പക്ഷെ താന്‍ തന്നെയാണ് വിലക്കിയത്..... കണ്ണട വയ്ക്കുമ്പോള്‍ അവളെ കാണാന്‍ കൂടുതല്‍ ചന്തമുണ്ടായിരുന്നു..... ഇന്ന് കണ്ണടയില്ല..... ഇനി ചിത്രത്തിന് വേണ്ടി കണ്ണട ഊരി വച്ചതായിരിക്കുമോ...ആര്‍ക്കറിയാം...അങ്ങിനെ ഓര്‍ത്തോര്‍ത്തു അവളെ പറ്റി പത്രത്തില്‍ വന്ന വാര്‍ത്ത എന്തായിരുന്നെന്ന് മറന്നു പോയി....അല്ലെങ്കിലും ഇന്നിനി വാര്‍ത്തയില്‍ എന്തിരിക്കുന്നു.....കണ്ണട വച്ചിരുന്നില്ല...അത് മാത്രമേ മനസ്സില്‍ തങ്ങി നില്‍ക്കുന്നുള്ളൂ....കണ്ണട വച്ചിരുന്നില്ല....കണ്ണട വച്ചിരുന്നില്ല ......
-മര്‍ത്ത്യന്‍-

Friday, November 16, 2012

നിനക്ക്

ഞാന്‍ കരഞ്ഞു പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ചിരിച്ചു തള്ളിക്കളയുന്ന പ്രകൃതമായിരുന്നില്ലെ നിനക്ക്....ചോദിക്കുമ്പോള്‍ നിനക്കെപ്പോഴും കാണും ഒരു ന്യായം.....സാരമില്ല....പക്ഷെ ഇന്നിപ്പോള്‍ ആരുടെ തമാശ കേട്ടിട്ടാ സുഹൃത്തേ ഇങ്ങനെ കണ്ണീരൊലിപ്പിച്ച് വരുന്നത്.......
-മര്‍ത്ത്യന്‍-