Friday, June 21, 2013

വഴിയോര സ്വപ്നങ്ങൾ

വഴിയോരത്ത്  കണ്ടുമുട്ടുന്ന

ഒരു സ്വപ്നത്തിന്റെ കൈപിടിച്ചാണ്

നമ്മൾ പലരും ജീവിതത്തിൽ

നടന്നു നീങ്ങുന്നത്‌...

എന്നെങ്കിലും സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ

പെട്ടെന്നൊറ്റപ്പെട്ടു പോകും

അപ്പോൾ തിരിഞ്ഞു നോക്കണം

വരി വരിയായി നില്ക്കുന്നുണ്ടാവും

നമ്മൾ കൂട്ടുപിടിച്ചു നടക്കാൻ മടിച്ച

എത്രയോ സ്വപ്നങ്ങൾ...

പിന്നെ മുന്നോട്ടുള്ള യാത്രകൾ

അവയുടെ കൂടെ വേണം...


നമ്മൾ കൈവിട്ട പോലെ

അവ നമ്മളെ കൈവിടില്ല...


-മർത്ത്യൻ-

Friday, May 24, 2013

നിലവിളികൾ

പണ്ട് ആരും കേൾക്കാതെ നിലവിളികൾ
ഒളിപ്പിച്ചു വയ്ക്കാറുള്ള കുഞ്ഞി കുടുക്കയുണ്ടായിരുന്നു
വർഷങ്ങൾക്കു ശേഷം ഇന്നലെ തുറന്നു നോക്കി
എത്ര പോട്ടിച്ചിരികളാണ് പുറത്ത് ചാടി രക്ഷപ്പെട്ടത്
ശാശ്വതമല്ലാത്ത പഴയ വേദനകളുടെ ഭാരം
വന്നു പോകാനിരിക്കുന്ന പുതിയ വേദനകളുടെ ഭയം
ഒന്നിലും അർത്ഥമില്ല...
വിഡ്ഢി വേഷം പോലും കെട്ടാൻ സമ്മതിക്കാതെ
ജീവിതം പറ്റിച്ചു കടന്നു കളയും...
-മർത്ത്യൻ-

Thursday, May 16, 2013

നഗരമേ

നഗരമേ...
നിലാവു വന്ന് വഴി മുടക്കി പറഞ്ഞു
രാത്രിയിൽ ഇറങ്ങി നടക്കരുത്
ഇത് നിന്റെ നാടല്ല....
പ്രേതങ്ങൾ പോലും പുറത്തിറങ്ങാൻ
പേടിച്ച് അലയാതെ ചുമരുകളിൽ
ഒളിച്ചിരിക്കാറുണ്ടിവിടെ...
കുഞ്ഞിക്കൊലുസുകളിലെ
കിലുക്കങ്ങളെ നിശബ്ദമാക്കി
വലിച്ചിഴച്ച് മൂത്രപ്പുരകളിൽ
പിച്ചിചീന്താറുണ്ട് നരഭോജികളിവിടെ...
കുപ്പി തുറന്നു പുറത്തു വരുന്ന
കാമലഹരിക്ക് മനുഷ്യത്ത്വം അടിയറ
പറയുന്നതും കാത്ത് അധികാരം
കൊടിക്കീഴിൽ കാത്തിരിക്കാറുണ്ട്....
രാജ്യത്തിന്റെ തലപ്പത്തിരുന്ന്
വിസർജ്ജിച്ചത് മതിയാവാതെ
പൊതുജന മധ്യേ അനാശ്യാസ പ്രസംഗം
നടത്താറുണ്ട് നഗരപ്രധാനികളിവിടെ....
മടിയിൽ കിടന്നുറങ്ങുന്ന
കൊഞ്ചലുകൾ ഇനിയൊരിക്കലും
ഉണാരാതെ മൌനമാകാറുണ്ട്...
ആൾത്തിരക്ക് കണ്ട്
നീ തെറ്റിധരിക്കരുത്
അത് നിന്റെ മനസ്സിലേക്ക്
വിജനത മാത്രമേ പകരൂ
ഈ നഗരം നിനക്കുള്ളതല്ല...
ഈ നഗരം നിനക്കുള്ളതല്ല...
ഈ നഗരം നിനക്കുള്ളതല്ല...
ഈ നഗരം നിനക്കുള്ളതല്ല...
-മർത്ത്യൻ-

Wednesday, May 1, 2013

ഇഷ്ടം

മൂന്നിൽ പഠിക്കുമ്പോൾ ന്റെ ബെഞ്ചിന്റെ പിന്നിലിരുന്നിരുന്ന തട്ടമിട്ട ഉമ്മച്ചി കുട്ടി.... ആദ്യത്തെ ഇഷ്ടം അതായിരുന്നു... തട്ടത്തിന്റുള്ളീന്ന് നോക്കി ചിരിക്കണ മോറിനൂം ണ്ടേർന്ന് ഒരു പറഞ്ഞാൽ തീരാത്ത മൊഞ്ച്... പിന്നെ തട്ടം മാറി പച്ച പുള്ളിള്ള ചോന്ന റിബണും കൊണ്ടുള്ള കേട്ട്.. ആ.. ഹാ.. എന്തേയിനു ആ കുട്ടീന്റെ പേര്... അത് പോട്ടെ പക്ഷെ പിന്നെ റിബണ്‍ മാറി.... എന്നും യൂനിഫോറത്തില് കണ്ട്ട്ട് ഞായറാഴ്ച ആ നല്ല പൂക്കളുള്ള കുപ്പായ്ട്ട് പള്ളീല് പോണ റാണി തോമസ്സ്.... അതായി വീക്നസ്....

പിന്നെ കുപ്പായം മാറി ജീൻസായി... പിന്നെ സാരി, ഗൌണ്, ഡിസൈനർ അങ്ങിനെ പോയി...... ഇപ്പോൾ കച്ചവടം പൊടിപൊടിക്ക്ണ് കോഴിക്കോട്ടും, കണ്ണൂരും, പാലക്കാട്ടും, മഞ്ഞേരീലും, കോച്ചിലും പിന്നെ ഗൾഫിലും ഒക്ക്യായി മുപ്പത് റെഡിമെയിഡ് ഷോറൂമുകള്..... തട്ടം തൊട്ട് തൊടങ്ങിയതാ.... ഈ ഇഷ്ടം... എന്താ കഥ... നന്നായിപ്പോയില്ലേ... പക്ഷെ മിന്ന് കേട്ട് മാത്രം നടന്നില്ല.... പറ്റിയൊരു പെണ്ണ് മേണ്ടേ..... വസ്ത്രം ഇല്ലേലും മേണ്ടീല... അത് ന്റെല് തോനണ്ടല്ലൊ... എന്താ...

Tuesday, April 30, 2013

മദ്ധ്യവയസ്കൻ

ബാല്യം തകർത്തു പെയ്ത്
തോർന്നതിന്റെ കുളിർമ
ഇപ്പോഴും കണ്ണ് നനയ്ക്കും ...
ഇടിവെട്ടു പോലെ വന്നു
പോയ യൗവനത്തിന്റെ
പിടിവിടാതെ മുറുക്കെ പിടിച്ച
കഥകൾ ചിലത് കൂട്ടുകാരെ
ഞെട്ടിക്കുകയും ചെയ്യും...
പക്ഷെ മിന്നലു പോലെ
ഇടയ്ക്കിടയ്ക്ക് മനസ്സിൽ വന്ന് 'ഹലോ'
പറയുന്ന വാർധക്യമാണ് മർത്ത്യാ...
ഒരു മദ്ധ്യവയസ്കന്റെ ജീവിതത്തിൽ
അവൻ കാണാതെ..
ശ്രദ്ധിക്കാതെ പോകുന്ന ദൃശ്യങ്ങൾ
പലതും കാട്ടി തരുന്നത്...
നൈമിഷകമെങ്കിലും ഇരുട്ടിൽ
തപ്പി തടയുമ്പോൾ ഈ വഴികാട്ടൽ
വലിയൊരാശ്വാസം തന്നെ...
-മർത്ത്യൻ-

Thursday, April 25, 2013

ശവപ്പറമ്പ്

ശവംതീനികളുടെ ചരിത്ര പുസ്തകത്തിൽ
ജീവിതത്തിനു പ്രസക്തിയുണ്ടാവില്ല....
പക്ഷെ കാതോർത്താൽ
ശവപ്പറമ്പുകളിലെ നിശബ്ദതകളിൽ
ജീവിതത്തിന്റെ ചിരിച്ചുകളിയും, നെടുവീർപ്പുകളും
കൂട്ടക്കരച്ചിലും എല്ലാം കേൾക്കാം....
മരണപ്പെട്ടവരുടെ ഇടയിൽ നിന്നും
ജീവിതത്തിനെ കുറിച്ചുള്ള
അടക്കം പറച്ചിലുകൾ കേൾക്കാം...
കല്ലറകൾ മാറ്റിയാൽ കാണാം
തെറ്റുകൾ മറച്ചു വയ്ക്കാതെ
അടഞ്ഞു പോയ പരിചയമില്ലാത്ത കണ്ണുകൾ...
ജനനങ്ങളുടെ പരാജയവും മരണങ്ങളുടെ
വിജയവും തൊട്ടറിയാം....
ജീവിതം ആർഭാടങ്ങളൊന്നുമില്ലാതെ
ഉറങ്ങി കിടക്കുന്നതറിയാം...
ഉത്തരം പേടിച്ച് ചോദിക്കാതെ മടിച്ചു
നിന്ന പലതും അന്വേഷിക്കാതെ തന്നെ
സ്വന്തം ജീവിതത്തിലേക്ക് പകർന്നു കിട്ടും....
അങ്ങിനെ ശവപ്പറമ്പിൽ പോയി
തിരിച്ചു വരണം ഇടയ്ക്കൊക്കെ എല്ലാവരും....
മനസ്സിലെങ്കിലും....
എന്നിട്ട് ജീവിതത്തിൽ തീർത്ത
നൂറു കണക്കിന് കല്ലറകൾ
ഓരോന്നായി തുറക്കണം
അതിൽ അടഞ്ഞിരിക്കുന്ന
ഇന്നലെയുടെ നിഴലുകളെ
സ്വതന്ത്രമാക്കണം....
അവ പറന്നു പോകുന്ന വഴിയെ
സഞ്ചരിച്ചു നോക്കണം....
അപ്പോൾ കാണും... ഒരിക്കലും
കാണാൻ കഴിയാതിരുന്ന
ജീവിതത്തിന്റെ തെളിച്ചവും പൊരുളും...
ശവപ്പറമ്പുകൾ ജീവിതത്തിന്റെ
അവസാനമല്ല.....
ജീവിതത്തിന്റെ ഇടയിലാണ്
സന്ദർശിക്കണ്ടത്.....
ശവപ്പറമ്പുകൾ ജീവിതത്തിന്റെ
അവസാനമല്ല.....
ജീവിതത്തിന്റെ ഇടയിലാണ്
സന്ദർശിക്കണ്ടത്.....
-മർത്ത്യൻ-

Thursday, April 18, 2013

ആൽറ്റ്സ്ഹൈമേഴ്സ്

എനിക്കറിയാം...
നിന്റേതായിട്ടും തിരിച്ചു തരാതെ
ഞാൻ മനസ്സിൽ സൂക്ഷിച്ച
നിന്നെ ഓർമ്മകൾ
തിരികെ ചോദിക്കാൻ നീ വരുമെന്ന്
എന്നെങ്കിലും ഒരിക്കൽ....
അന്ന് തിരിച്ചു തരാൻ കഴിയാതെ
അവൻ ആ ഓർമ്മകളൊക്കെ
മാച്ചു തുടച്ച് ഇല്ലാതാക്കുമോ
എന്നാണ് ഇന്നെന്റെ പേടി...
അവനു മുൻപേ നീ വരുമല്ലോ
അല്ലെ......?
-മർത്ത്യൻ-