Thursday, February 2, 2012

കദീജെടെ മൊബീല്

“കദീജെ ഇയ്യാ മോബീലിങ്ങേടുത്താ”
“എന്തിനാ ഉമ്മാ ഇങ്ങക്കിപ്പം മൊബീല്?” അവള്‍ ചോദിച്ചു "ഇങ്ങക്കിണ്ടോ അതിന്റെ സൂത്രം ബശം?”
“ഇയ്യ്‌ ബിളിച്ചാ മതി”
“അയിന് ഇങ്ങക്കാരെ വിളിക്കാനാ ഉമ്മാ ഈ പാതിരാത്രിക്ക്‌”
അവള്‍ ഉമ്മയെ നോക്കി
“അന്റെ ഉപ്പാനെ വിളിക്കാനാ മുത്തെ" ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു
അവള്‍ ഉമ്മയെ നോക്കി നിന്നു എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു
“അയിന് ഉപ്പ പോയിട്ട് കൊല്ലെത്രായി?”
“അതനക്ക്, ഞാന്‍ മൂപ്പരെ എന്നും കാണല്ണ്ട്”
“എവിടുന്ന്” അവള്‍ ചോദിച്ചു
“ന്റ കിനാവില്” ഉമ്മ ചിരിച്ചു .പിന്നെ നാണിച്ചു കൊണ്ട് പറഞ്ഞു
“പക്ഷേങ്കില് ഒന്നും മുണ്ടില്ല, ബെര്‍തെ അങ്ങനെ നിന്ന് ചിരിക്കും” ഉമ്മ മുഖം പൊത്തി ചിരിച്ചു
അവള്‍ ഉമ്മയുടെ അടുത്ത് കട്ടിലില്‍ ഇരുന്നു “അതിന് നമ്പര് ബേണ്ടെ ഉമ്മാ” അവള്‍ ചോദിച്ചു
“ഇന്നലെ അത് ഇക്ക് ആങ്ങ്യം കാട്ടി പറഞ്ഞ് തന്ന്” ഉമ്മ ഉത്സാഹത്തോടെ പറഞ്ഞു
അവള്‍ ഉമ്മയെ നോക്കി, എന്നിട്ട് മൊബൈലെടുത്ത് ചോദിച്ചു
“ന്നാ ഉമ്മാ നമ്പര് താ”
“ഒമ്പത്, അഞ്ച്, നാല്, അഞ്ച്, മൂന്ന്, എട്ട്, പൂശ്യം” പിന്നെ അല്പം ആലോചിച്ച് വീണ്ടും തുടര്‍ന്നു “ഏഴ്, രണ്ടു, നാല്, മൂന്ന്”
എന്നിട്ട് അവളെ നോക്കി ചോദിച്ചു “അത്ര മതിയോ?”
“മതി“അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു
“ന്നാ ഇയ്യതോന്ന് കറക്കിക്കാ”
അവള്‍ ഒന്ന് മടിച്ചു എന്നിട്ട് ആദ്യം പറഞ്ഞ പത്ത് നമ്പരുകള്‍ മൊബൈലില്‍ കുത്തി ഡയല്‍ അമര്‍ത്തി
റിങ്ങര്‍ ശബ്ദിച്ചപ്പോള്‍ അവള്‍ മൊബൈല്‍ ഉമ്മക്ക്‌ കൊടുത്തു എന്നിട്ട് ഉമ്മയെ നോക്കി അവിടെ തന്നെ ഇരുന്നു
“അടിക്ക്ന്ന്ണ്ട് റബ്ബേ” ഉമ്മ ഒരു കയ്യില്‍ മൊബൈയിലും മറ്റേ കയ്യ് നെഞ്ചത്തും വച്ച് പറഞ്ഞു
“ഹല്ലോ..” ഫോണില്‍ നിന്നും ഒരു ആണ്‍ ശബ്ദം കേട്ടു
“ഞമ്മള്… ഞമ്മള്….” ഉമ്മ തപ്പി തടഞ്ഞ് പറഞ്ഞു
“ഹൂ ഈസ്‌ ദിസ്‌ അറ്റ്‌ ദിസ്‌ ലേറ്റ് അവര്‍” ഇംഗ്ലീഷിലായിരുന്നു ചോദ്യം
ഉമ്മ വേഗം മൊബൈല്‍ അവള്‍ക്ക് തിരിച്ചു കൊടുത്തു.
അവള്‍ ഉമ്മയെ നോക്കിയിരുന്നു. മൊബൈല്‍ അല്‍പ സമയം കൂടി ഹലോ ഹലോ എന്ന് കരഞ്ഞിട്ട് കട്ടായി
അവള്‍ ഉമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു
അവരുടെ കയ്യെടുത്ത് തന്റെ കയ്യില്‍ വച്ചു. എന്നിട്ട് മെല്ലെ തലോടി ചോദിച്ചു. “എന്താ ഉമ്മാ”
“ഓര്‍ക്കിപ്പോ മലയാളൊന്നും നിശല്ല, ഒക്കെ മറന്നീക്ക്, അതോണ്ടായിക്കും കാണുമ്പോ മുണ്ടാത്തെ”
ഉമ്മ അവളെ നോക്കി എന്നിട്ട് വീണ്ടും പറഞ്ഞു
“ഞാന്‍ ഇനി കിനാവില് കാണുമ്പം പഠിപ്പിച്ച് കൊടുക്ക്‌ണ്ട്, ഇന്നുട്ട് ബിളിക്കാം ഇനി”
അവള്‍ ശരിയെന്നു തല കുലുക്കി
“ഉമ്മ കിടന്നോ, നേരെത്ര്യായി, ഉപ്പ കിനാവില് കാത്തിരിക്ക്ണ്ടാവും, ഞാള അന്വേശം പറയണം”
അവള്‍ ഉമ്മയെ പുതപ്പിച്ചു നെറ്റിയില്‍ ഉമ്മ വച്ചു, എന്നിട്ട് മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി
പുറത്തു നിന്ന അനിയന്‍ റാഫിയോടായി പറഞ്ഞു
“ഇന്ന് ഞാന്‍ ഉമ്മെടെ അടുത്ത് കെടക്കാം”
അവള്‍ പുറത്ത് നിലവിലേക്ക് നോക്കി “ഉമ്മ കാണുന്ന കിനാവില്‍ ഈ നിലവും ഈ പടിക്കലും കാണുമോ അതോ വെറും വെള്ള പൂശിയ മുറിയില്‍ വെള്ള മുണ്ടിട്ട ഉപ്പ മാത്രമാവുമോ”
രാത്രിയുടെ ഇടയ്ക്കു വിളിച്ചുണര്‍ത്തിയ ദേഷ്യത്തില്‍ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്നിട്ട് പതിവ് തെറ്റിച്ചു എഴുന്നേറ്റു പോയിരുന്നു കമ്പ്യൂട്ടറില്‍ ഗൂഗള്‍ തുറന്നു ടൈപ്പ് ചെയ്തു
“ഖദീജയുടെ മൊബൈല്‍”
പിന്നെ തിരുത്തി എഴുതി "കദീജെടെ മൊബീല്"

മര്‍ത്ത്യന്‍

No comments:

Post a Comment