Tuesday, July 31, 2012

ഉമ്മറത്ത് തന്നെ

ഉമ്മറത്ത് തന്നെ
എല്ലാം ഉമ്മറത്ത് തന്നെ
ജീവിതത്തില്‍ നല്ലൊരു ഭാഗം ഈ ഉമ്മറത്ത്‌ തന്നെ
പിറന്ന കാലത്ത് സ്വന്തം മലത്തിലും
മൂത്രത്തിലും മുങ്ങി കളിച്ചു കിടന്നത്
ഈ ഉമ്മറത്ത്‌ തന്നെ....

പിന്നെ കിടത്തിയ പായയില്‍ നിന്നും ഉരുണ്ടു മാറി
ഒരറ്റം തൊട്ട് മറ്ററ്റം വരെ
നിലവും തൂത്ത് വൃത്തിയാക്കി നീന്തി കളിച്ചതും
ഈ ഉമ്മറത്ത്‌ തന്നെ....

വാശി പിടിച്ച് കൈകാലുകളിട്ടടിച്ച് കരഞ്ഞതും
മുട്ടുകാലില്‍ ഓടി നടന്നു കളിച്ചതും
ഈ ഉമ്മറത്ത്‌ തന്നെ....

പിന്നെ ആരുടെയോ സാരിത്തുമ്പിലോ മുണ്ടിന്റെ അറ്റത്തോ
തൂങ്ങി ആദ്യമായി രണ്ടു കാലില്‍ നിന്നതും
പിച്ചവച്ച് നടന്നതും
അങ്ങിനെ കാണികളില്‍ നിന്ന് ആദ്യവും അവസാനമായും
കൈയ്യടി ലഭിച്ചതും
എല്ലാം ഈ ഉമ്മറത്ത്‌ തന്നെ....

ഓടിക്കളിച്ചപ്പോള്‍ ആദ്യം മൂക്കും കുത്തി വീണതും
വീണപ്പോള്‍ ആദ്യമായി മുഖത്ത് അടി കിട്ടിയതും ....
ഈ ഉമ്മറത്ത്‌ തന്നെ....

സന്ധ്യക്ക്‌ വിളക്ക് വച്ചപ്പോള്‍
കൂട്ടത്തിലിരുന്ന് നാമം ജപിക്കാന്‍ വിസമ്മതിച്ച്
ആദ്യമായി നിഷേധം കാട്ടിയതും
ഉമ്മറത്ത്‌ തന്നെ...

സിമന്റില്‍ വരച്ച ചെസ്സ്‌ ബോര്‍ഡില്‍
കളിയറിയാത്ത പ്രായത്തില്‍ കല്ലുകള്‍ വച്ച് കളിച്ചതും
വിറ്റ് കിട്ടിയ പൈസ കൊണ്ട് സിനിമ കാണാം
എന്ന് കരുതി കട്ട് കൊണ്ട് പോയ ഓട്ടുപാത്രമിരുന്നതും
ഈ ഉമ്മറത്ത്‌ തന്നെ....

ബന്ധത്തിലാരോ കെട്ടി തൂങ്ങി മരിച്ചതും
ഈ ഉമ്മറത്ത്‌ നിന്ന് നോക്കിയാല്‍ കാണുന്ന
ഒരു പ്ലാവിന്റെ മുകളില്‍ നിന്നു തന്നെ
അവരുടെ നിര്‍ജ്ജീവമായ ശരീരം
ഇറക്കി കിടത്തിയതും... മരണത്തെ
ആദ്യമായി പരിചയപ്പെട്ടതും
ഈ ഉമ്മറത്ത്‌ തന്നെ....

നഷ്ടപ്പെട്ട ആളെ ഓര്‍ത്ത്
പിന്നെ ചില സന്ധ്യക്ക്‌ ഒറ്റക്കിരുന്ന്
മരണമെന്ന ആ മഹാസത്യത്തെ
മൌനമായി മനസ്സിലാക്കിയതും
ഈ ഉമ്മറത്ത്‌ തന്നെ....

പലരും വലതുകാല്‍ വച്ച് കയറിവന്നതും
ചിലര്‍ ഒരിക്കലും തിരിച്ചു വരില്ലെന്നറിയാതെ
വിദേശത്തേക്ക് യാത്ര പറഞ്ഞ് ഇറങ്ങി പോയതും....
ഈ ഉമ്മറത്തു നിന്ന് തന്നെ....

പണ്ടിറങ്ങിപ്പോയ അമ്മയുടെ വകയിലൊരമ്മാവന്‍ -
എന്നെങ്കിലും വരുമ്പോളുണ്ടാകുന്ന സൌഭാഗ്യങ്ങളെ ഓര്‍ത്ത്
കെട്ടിയ മനക്കൊട്ടകളെല്ലാം തകര്‍ത്ത്
താടിയും മുടിയും നീട്ടി വളര്‍ത്തി
ഭിക്ഷയാജിച്ച് തിരിച്ചു വന്നപ്പോള്‍
ആ പാവത്തിനെ എതിരെല്‍ക്കാതെ
കുടുംബം മുഴുവന്‍ മരണ വീട് പോലെ മൂകമായി നിന്നതും
ഈ ഉമ്മറത്ത്‌ തന്നെ....

ജീവിത ഭാരം പേറി... മനസ്സ് നീറി
ഉത്തരം മുട്ടി.. ലോകം ചുറ്റി നടന്ന് ക്ഷീണിച്ചു വന്ന്
വിളക്കണച്ച് ഇരുട്ടില്‍ ഒറ്റയ്ക്ക് ഉലാത്തി നടന്നതും
ഈ ഉമ്മറത്ത് തന്നെ...

പിന്നെ സന്ധ്യകളില്‍
അയല്‍വാസിയായ മദ്യപിക്കാത്ത പട്ടാളക്കാരനില്‍
നിന്നും വാങ്ങിയ ബ്രാണ്ടി നുണഞ്ഞ്
സുഹൃത്തുക്കളുമായി സമയം പങ്കിട്ടതും
ഈ ഉമ്മറത്ത് തന്നെ...

ഇനി വയസ്സു കാലത്ത്
കസേരയിലിരുന്ന് റോഡിലേക്ക് നോക്കി
പഴയ കാലം ഓര്‍ത്തിരിക്കുന്നതും
ഈ ഉമ്മറത്തായിരിക്കാം.....

പിന്നെ എന്നെങ്കിലും എഴുതുവാന്‍ ഒന്നും ബാക്കിയില്ലാതെ
എല്ലാ കഥകളും കവിതകളും അവസാനിക്കുമ്പോള്‍
വാക്കുകളും ചുണ്ടും വരണ്ട് പിന്നെ ശ്വാസം നിലയ്ക്കുമ്പോള്‍
പുതപ്പിച്ചു കിടത്തുന്നതും
ഈ ഉമ്മറത്ത് തന്നെ വേണം എന്ന് പറയണം
ഈ ഉമ്മറത്ത് തന്നെ....
ഈ ഉമ്മറത്ത് തന്നെ....
-മര്‍ത്ത്യന്‍-

സീതയ്ക്കൊരു പാര്‍സല്‍

പല തരത്തിലും നിറത്തിലും -
മണത്തിലുമുള്ളവ വാങ്ങി.
നിറമുള്ള കടലാസ്സില്‍ പൊതിഞ്ഞു കെട്ടി
അതിലൊരു കുറിപ്പും ഇട്ടു
"സീതേ ഇതില്‍ നൂറു റബ്ബറുകളുണ്ട്
പണ്ട് രണ്ടാം ക്ലാസ്സില്‍
നീ കൊണ്ട് വരാറുള്ള എല്ലാ -
മണമുള്ള റബ്ബറിന്റെയും അറ്റം
കടിച്ചു തിന്നിരുന്നത് ഞാനാണ്
നീ ആ പാവം ശശാങ്കനെ വെറുതെ സംശയിച്ചു
ടീച്ചറോട് പറഞ്ഞ് അടിയും വാങ്ങി കൊടുത്തു..
എന്നിട്ടും ഭയങ്കരി നീ അവനെ തന്നെ കെട്ടിയല്ലോ...
ഞാന്‍ നിനക്ക് മാപ്പ് തന്നു...നീ എനിക്കും മാപ് തരണം
ഇതാ ഇനി വേണമെങ്കില്‍ എന്നോട് പ്രതികാരം വീട്ടാം
നിങ്ങളുടെ സ്വകാര്യ വേളകളില്‍
വേണമെങ്കില്‍ ഈ റബ്ബറുകള്‍ കടിച്ചുകൊണ്ട്
എന്നെ കുറ്റം പറഞ്ഞിരിക്കാം...
സീതാ ശശാങ്കന്‍ നീ എന്നോട് ക്ഷമിക്കണം"
എന്ന് സ്വന്തം....
-മര്‍ത്ത്യന്‍-

Sunday, July 29, 2012

മര കഷ്ണം

എടൊ... മണ്ടാ.... ഒരു വെറും മര കഷ്ണമാണ് ഞാന്‍
ചെണ്ടയോ, മദ്ദളമോ അല്ല നിനക്ക് കൊട്ടിക്കളിക്കാന്‍
കൊട്ടിയാല്‍ ശബ്ദമുണ്ടായെക്കാം...
പക്ഷെ അതില്‍ നീ അന്വേഷിക്കുന്ന
മുഴക്കം ഉണ്ടാവില്ല...
നിന്റെയെന്നല്ല ആരുടേയും സംഗീത ബോധത്തിന്
വഴങ്ങാത്ത, അച്ചടക്കമില്ലാത്ത
വെറും മര കഷ്ണമാണ് ഞാന്‍....
നിനക്കൊരു മഴുവുണ്ടെങ്കില്‍ കൊണ്ട് വാ...
എന്റെ ധര്‍മ്മം, വിധി, നിയമം, ആഗ്രഹം....
എല്ലാം നമുക്ക് നടപ്പാക്കാം...
ഏതെങ്കിലുമൊരു മഴുവിന്റെ അറ്റത്ത്‌ എന്നെങ്കിലും
രണ്ടായി പുനര്‍ജനിക്കുമെന്നോര്‍ത്ത്
വര്‍ഷങ്ങളെത്രയായി....
ഒരു മഴു കൊണ്ട് വാ....
കരുണയില്ലാതെ വെട്ടിമുറിക്ക്........
-മര്‍ത്ത്യന്‍-

Wednesday, July 25, 2012

പോരെ

ഒരു മറക്കാനാവാത്ത നൊമ്പരം
എന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശ
ഒരു സുഹൃത്ത്‌, സംഗീതാസ്വാദനം
വായനാശീലം.. അല്പം മദ്യം,
സങ്കല്‍പ്പത്തിലെങ്കിലും പ്രേമിക്കാന്‍ ഒരു കാമുകി
ഇത്രയൊക്കെ പോരടോ മര്‍ത്ത്യാ
ജീവിതം തള്ളി നീക്കാന്‍...
പോരെ....?
-മര്‍ത്ത്യന്‍-

Tuesday, July 24, 2012

ലയിന്‍ ബസ്സിലെ കുപ്പി ഡപ്പി ദൃശ്യങ്ങള്‍

കുപ്പികളിലും ഡപ്പികളിലും
കുരുങ്ങി നീങ്ങുന്ന മനുഷ്യജന്മങ്ങള്‍
ലയിന്‍ ബസ്സുകളിലെ സ്ഥിരം ദൃശ്യങ്ങള്‍

പൌഡറിന്റെ ഡപ്പിയില്‍ വീണ സുകുമാരി
സെന്റിന്റെ കുപ്പിയില്‍ വീണ ഗള്‍ഫുകാരന്‍ മോയിദീനെ
നോക്കി കണ്ണിറുക്കുന്നു

ബ്രാണ്ടിക്കുപ്പിയില്‍ വീണ് എഴുന്നേല്‍ക്കാന്‍
ബുദ്ധിമുട്ടുന്ന മദ്യപനെ സഹായിക്കാന്‍ മുതിരുന്ന
മരുന്ന് കുപ്പിയും രസീതും കയ്യില്‍ അടക്കി പിടിച്ച്
കമ്പിയില്‍ ചാരി നില്‍ക്കുന്ന രോഗി

അവരെ നോക്കി അറപ്പും വെറുപ്പും പരിഹാസവും
കൊണ്ട് ചിരിക്കുന്ന റുപ്പിയിടുന്ന അമ്മയുടെ ഡപ്പിയും
കട്ട് സിനിമക്ക് പോകാന്‍ കയറിയ
ഒരു മുടിയനായ പുത്രന്‍

ഡപ്പിയില്‍ നിന്നും കയ്യിലെക്കിട്ട് മൂക്കിലേക്ക് വലിച്ച് കയറ്റി
അടുത്തുള്ളവരെ ഗൌനിക്കാതെ ആഞ്ഞു തുമ്മി
പൊടിയും മറ്റു പലതും പലയിടത്തും വിളമ്പുന്ന
ഒരു പ്രത്യേക വിശേഷണത്തിലും പെടാത്ത
ഏതോ ഒരാള്‍...

കുപ്പിയില്‍ കലക്കിയ മാള്‍ട്ടോവ കുടിച്ച്
അമ്മയുടെ മടിയിലിരുന്ന് അടുത്ത സീറ്റില്‍
ഇരുന്നു മയങ്ങുന്ന സ്ത്രീയുടെ മുടിയില്‍
കൈ കുരുക്കി കളിക്കുന്ന ഒരു ശിശു

നിറയ്ക്കുമ്പോള്‍ കയ്യിലേക്ക് പടര്‍ന്ന
ഉത്തര കടലാസുകളെ അലങ്കരിക്കാറുള്ള
ചുവന്ന മഷി കഴുകാന്‍ മിനക്കെടാതെ
സ്കൂളിലേക്ക് ഓടുന്ന ഒരധ്യാപകന്‍

പുറത്തും കണ്ടു ചില കുപ്പി ഡപ്പി ദൃശ്യങ്ങള്‍
ജനങ്ങള്‍ വലിച്ചെറിഞ്ഞ കുപ്പികളും ഡപ്പികളും
പെറുക്കി നടന്നു നീങ്ങുന്ന ഒരു പെണ്‍കുട്ടിയും
അവളുടെ അനിയനും..

അവരെ നോക്കി കോളക്കുപ്പിയില്‍ നിന്നും
കുഴല്‍ വഴി കോള നുണഞ്ഞ് മുന്‍പിലത്തെ
പെണ്‍കുട്ടിയുടെ മേലേക്ക് ചായുന്ന
ഒരു പൂവാലന്‍ ചെറുക്കന്‍

എവിടെയോ വണ്ടി നിര്‍ത്തിയപ്പോള്‍
കോറം തികയ്ക്കാനായി കയറി
ഏതോ കുപ്പിയില്‍ നിന്നും
പൊട്ടി പുറത്ത് വന്ന ഭൂതത്തിനെ പോലെ
മേക്കപ്പിട്ട ഒരു അമ്മായിയും...

പക്ഷെ എനിക്കും ഇറങ്ങണം
ഞാനും എഴുന്നേറ്റു...
മെല്ലെ കുപ്പികളും ഡപ്പികളും തട്ടാതെ
വാതിലിലേക്ക് നീങ്ങി
എന്റെ സ്റ്റൊപ്പും എത്തി
ഞാനും ഇറങ്ങി....
-മര്‍ത്ത്യന്‍-

അലര്‍ച്ചകള്‍

അലറി വിളിച്ചു പറഞ്ഞാല്‍
എല്ലാം സത്യമാവുമെന്ന
എന്റെ തെറ്റിദ്ധാരണ
അല്‍പ സമയം മിണ്ടാതെ
ഇരുന്നപ്പോള്‍ പോയി...
പക്ഷെ തലയ്ക്കുള്ളിലെ
അലര്‍ച്ചകള്‍....
അവ കൂടുതല്‍ ഉച്ചത്തില്‍
തന്നെ തുടര്‍ന്നു....
അവ ഒടുങ്ങണമെങ്കില്‍
വേറെ പലതും ഒടുങ്ങണം....
-മര്‍ത്ത്യന്‍-

Sunday, July 22, 2012

എന്റെ ജീവിതം

ഒഴുകി തീര്‍ന്ന വാക്കുകളുടെ അവസാനം
ഇറ്റിറ്റായി വീണു കൊണ്ടിരുന്ന
ആര്‍ക്കും വേണ്ടാത്ത ചില
അര്‍ത്ഥ ശൂന്യതകളുണ്ടായിരുന്നു
അതിലൊന്നായിരുന്നു
അവസാനം ഞാന്‍ തേടിപ്പിടിച്ചെടുത്ത്
ലോകത്തിനു മുന്‍പാകെ അഹങ്കരിച്ച
എന്റെ ജീവിതവും...
-മര്‍ത്ത്യന്‍-