Thursday, March 21, 2013

വട്ട്

വെട്ടം കൈവിട്ട ഒരു വട്ടത്തിൽ നിന്നും അന്ധകാരം പുറത്തേക്ക് നിറഞ്ഞൊഴുകുമ്പോൾ പുറത്തേക്കിറങ്ങും.....  അതിന്റെ വക്കത്തു നിന്ന് ഒരിക്കലും തിരിച്ചു വരാത്ത ആർക്കോ വേണ്ടി വിളക്കു പിടിച്ചു നില്ക്കും...... വർഷമെത്രയായി....  പിന്നെ എന്നും  സൂര്യനുദിക്കുമ്പോൾ വെളിച്ചം വന്ന് വിളക്കൂതി കെടുത്തും..... കളിയാക്കും.... വട്ടത്തിലേക്ക് വെളിച്ചമെറിഞ്ഞ് അതിൽ തിരികേപോയി നില്ക്കാൻ പറയും.... സമ്മതിക്കാഞ്ഞാൽ കണ്ണിലേക്ക് വെയിലെരിച്ചു കയറ്റി കാഴ്ച മൂടിക്കെട്ടും.... പിന്നെ അനുസരണക്കേടിന് ശിക്ഷയായി കിട്ടിയ അന്ധതയുമായി തപ്പി തടഞ്ഞ് എങ്ങിനെയോ വട്ടത്തിൽ തിരിച്ചു കയറി നില്ക്കും....
ആ അന്ധതയിൽ എന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരിനും കറുപ്പ് നിറമാണെന്ന് പറഞ്ഞ്  അതുവഴി വരുന്നവരെല്ലാം  കളിയാക്കി ചിരിക്കും..... എല്ലാം കേട്ട് ഒന്നും പറയാതെ വീണ്ടും ഇരുട്ട് കാത്ത് വട്ടത്തിൽ തന്നെ നില്ക്കും..... എല്ലാവരും വട്ടനാണെന്ന് പറയുന്നു.... അവർക്കറിയില്ല...... കാഴ്ചയുണ്ടായിട്ടും കാണാനുളള മനസ്സില്ലാത്ത അവർക്കൊരിക്കലും മനസ്സിലാവില്ല..... മനസ്സുള്ളവന് എന്നും വട്ടാണ്..... കാഴ്ച നല്കുന്ന അന്ധതയാണ്......

-മർത്ത്യൻ-

No comments:

Post a Comment