"വീടും നാടും വിട്ട് ലോകം കാണാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ കരുതിയില്ല തിരിച്ചെന്നെങ്കിലും വന്നാല്‍ താന്‍ വിട്ടിട്ടു പോയ കാലത്തിനും മാറ്റം സംഭവിച്ചിരിക്കുമെന്ന്"
ബസ്സ് സ്റ്റോപ്പിന് സമീപമുണ്ടായിരുന്ന, കോളേജില്‍ പഠിക്കുന്ന കാലത്ത് സിസറു വാങ്ങിയിരുന്ന കടക്കു പകരം നിന്നിരുന്ന രണ്ടു നില കെട്ടിടതിനു മുന്‍പില്‍ തലേന്നത്തെ പോലെ വീണ്ടും അല്‍പ നേരം വെറുതെ നിന്നു. വലി നിര്‍ത്തിയിട്ട് വര്‍ഷം പലതായി പക്ഷെ അന്നെന്തൊ ഒരു പുക കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി. നിര്‍ത്താനുള്ള പ്രയത്നം തുടങ്ങിയിട്ട് പത്താമത്തെ തവണയാണ് നടന്നത്. എപ്പോഴും ശത്രു പഴയ ഓര്‍മ്മകളിലേക്കുള്ള യാത്രയായിരുന്നു. ഭൂതകാലത്തിന്റെ ഓര്‍മ്മ തന്നെ വര്‍ത്തമാനത്തില്‍ എന്നും ഒറ്റപ്പെടുത്തിയിട്ടെയുള്ളു. അന്ന് കൂട്ടിനെപ്പോഴും ആ എരിയുന്ന സിസറുണ്ടായിരുന്നു.
ഭക്ഷണത്തിന് കാശ് തികഞ്ഞില്ലെങ്കിലും എന്തോ പുകക്കൊരിക്കലും പഞ്ഞമില്ലായിരുന്നു. ഭക്ഷണം ചോദിച്ചാല്‍ ഭിക്ഷയാണെന്നു തോന്നിയതാകാം, പക്ഷെ വഴിയില്‍ പൊകുന്ന അറിയാത്തവനോടും പുക ചോദിക്കാന്‍ മടി തോന്നിയിട്ടില്ല. തരുന്നവരും ഒരിക്കലും മുഖം കൂര്‍പ്പിച്ച് കണ്ടിട്ടില്ല. ബന്ദിന്റന്നോരിക്കല്‍ കാശും സിസറും മനുഷ്യരും കൈ വെടിഞ്ഞപ്പോള്‍ തലെ ദിവസം മുറിയിലെ ജനലില്‍ നിന്നും കണ്ട കാഴ്ച്ച ഓര്‍മ്മ വന്നു. മരാമത്ത് പണിക്ക് വന്നിരുന്ന കൂട്ടതിലാരോ മേസ്‌ത്രി വിളിച്ചത് കേട്ട് ഓടിയപ്പോള്‍ വെറും രണ്ട് പുക മാത്രമെടുത്ത വില്‍സ് നിലത്തിട്ട് നിഷ്ട്ടൂരമായി ചവിട്ടി കെടുത്തിയത് തന്റെ ജനലിന്റെ തൊട്ട് പുറത്തായിരുന്നു. മനസ്സില്‍ അവനെ ശപിച്ചിരുന്നെങ്കിലും അരപ്പാക്കറ്റ് കീശയിലുണ്ടായിരുന്നതിനാല്‍ അതിനെ കുറിച്ചധികമങ്ങനെ ആലോചിച്ചില്ല. ബഹുമാന്യര്‍ മിന്നല്‍ ബന്ദല്ലെ ആഹ്വാനം ചെയ്തത്.
മെല്ലെ ജനലിനടുത്തോട്ട് നീങ്ങി എത്തി നോക്കി. അളിയന്‍ അവിടെ തന്നെയുണ്ട്. പരേടിനിടയില്‍ മണ്ണ്‍ പതിഞ്ഞ ബനിയനും കാക്കിയുമിട്ട് നിലത്ത് കിടക്കുന്ന പുതിയ പട്ടാള റിക്രൂട്ടിനെ പോലെ പണിക്കാരന്റെ ചവിട്ടില്‍ ചതഞ്ഞരഞ്ഞ്. പരിസരമാകെ പതിഞ്ഞിരുന്ന മണ്ണില്‍ അയാളുടെ പുതിയ സാന്റക്കിന്റെ സോളിന്റെ പാടുകളും. ദൃശ്യം ദാരുണമെങ്കിലും പോംവഴിയില്ലാതില്ല.
തിരിഞ്ഞിരുന്ന് മൂലയിലെ ബീടികുറ്റികളില്‍ സേഫ്റ്റിപ്പിന്നിട്ട് കുത്തി ആഞ്ഞു വലിച്ച് പുറത്തേക്ക് വിടാന്‍ പുക ബാക്കി വരാതെ വലയുന്ന തനെ ഉറ്റ സുഹൃത്തിനെ നോക്കി ചോദിച്ചു.
"എന്താ മോനെ പുറത്തൊരു തരക്കേടില്ലാത്ത കുറ്റിയുണ്ട്, ഒരു കൈ നോക്കിയാലൊ, ഇന്നലെ വയികീട്ട് ആ പണിക്കാരന്‍ ചെക്കന്‍ ഇട്ടതാ. എന്താ..."
"നീ പോട അതൊക്കെ വലിച്ചാല്‍ ആള് കായും"
നാല് ബീടിത്തുണ്ടുകളില്‍ പത്ത് മിനിട്ടായി അഭ്യാസം നടത്തി അവശനായ അവന് പുകയോട് തന്നെ വെറുപ്പായത് പോലെ.
"നിനക്ക് വേണ്ടേ വേണ്ട, ഞാന്‍ ഒരു കൈ നോക്കിട്ടു തന്നെ"
അവനെ കാക്കാതെ മെല്ലെ പുറത്തിറങ്ങി അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കി. നേര്‍ത്തെ കണ്ടതിലും ഭേദമാണ് സ്ഥിതി. നിലത്തുന്നിന്നും അല്‍പം മനസ്സിരുത്തിത്തന്നെ അടര്‍ത്തിയെടുക്കേണ്ടി വന്നു. മെല്ലെ പൊടി തട്ടി ഭദ്രമായി കീശയിലിട്ടു. മുറിയില്‍ ചെന്നപ്പോള്‍ സുഹൃത്ത് ചോദ്യഭാവത്തില്‍ നോക്കി. അത് കണ്ടതായി നടിക്കാതെ തന്റെ ബെഡ്ഡില്‍ വന്നിരുന്ന് ഡിസിന്‍ഫെക്റ്റിംഗ് തുടങ്ങി. ഈശ്വരന്‍ തന്ന കയ്യും വായും , നാവുമെല്ലാമുപയോകിച്ച് അവനെ വീണ്ടും പൂര്‍വാധികം സുന്ദരനാക്കിയെടുത്തു.
എന്നിട്ട് ചുണ്ടില്‍ വച്ച് ഒരറ്റം അതീവ ശ്രദ്ധയോടെ കൊളുത്തി ആഞ്ഞ് വലിച്ചു
എന്നിട്ട് ഫ്ഹൂൂൂൂൂ.... ശബ്ദമുണ്ടാക്കിയങ്ങനെ...
ഇടക്ക് സുഹൃത്തിനെ നോക്കി കൊതിപ്പിച്ചു. ഒര് നാല് പുകവരെ അവന്‍ കണ്ടഭാവം നടിച്ചില്ല. കണ്ണടച്ച് അഞ്ചാമത്തെ പുകയെടുത്ത് കണ്ണ്‍ തുറന്നപ്പോള്‍ മുന്നില്‍ തോക്ക് ചൂണ്ടിയ പോലെ രണ്ട് വിരളുകള്‍.
"എടാ ഒര് വലി എനിക്കും"
ഒരു വലിക്കാരന്റെ വിഷമം അനുഭവിചറിഞ്ഞതല്ലെ ഒരു വലി കൂടി അകത്തേക്കിടുത്തിട്ട് ചിരിച്ചു കൊണ്ട് കത്തി തീരാനുള്ള അതിന്റെ ധര്‍മ്മത്തെ നടപ്പിലാക്കാന്‍ സഹായിച്ച സംതൃപ്ത്തിയോടെ മിസ്റ്റര്‍ വില്‍സിനെ സുഹൃത്തിന് കൈമാറി.
കെട്ടിടത്തില്‍ കണ്ട ഒരു കടയിലേക്ക് കയറി
"മാഷെ, ഒര് സിസര്‍" കൗണ്ടറില്‍ നിന്ന പയ്യന്‍ പരിചയമില്ലാത്ത മുഖം കണ്ട് നോക്കി
"സിഗററ്റില്ല സാറെ, കുറച്ച് മുകളിലോട്ട് നടന്നാല്‍ കിട്ടും"
കടയില്‍ നിന്നിറങ്ങി മുന്നോട്ട് നടന്നു ബസ്സ് സ്റ്റോപ്പില്‍ നിന്നു
"മാഷേ തീയുണ്ടോ"
തിരിഞ്ഞു നോക്കി, ഇതവനാ 'സദാചാരം'. സദാചാരം ചെല്ലപ്പേര, കോളേജിലെ ഏറ്റവും സല്‍സ്വഭാവിയായ പയ്യനായതു കൊണ്ട് കിട്ടിയതാ. ശരിയായ പേരോര്‍ക്കുന്നില്ല, ആളടിച്ച് പിമ്പിരിയാണ്
"മാഷെ... നിങ്ങളോടാണ് ഹെ", ആടിക്കൊണ്ട് വീണ്ടും പറഞ്ഞു "തീ... തീ.. യുണ്ടോ എടുക്കാന്‍"
തന്നെ മനസ്സിലായിട്ടില്ല തീര്‍ച്ച. അവന്റെ ഇടത്തെ കയ്യിലേക്ക് നോക്കി, ഇന്നും മായാതെ കിടക്കുന്നുണ്ട്. അവന്റെ സദാചാരത്തിനു ഞങ്ങള്‍ കൊടുത്ത പാരിദോഷികമായിരുന്നു. ഒരിക്കല്‍ അവന്റെ റൂമിലിരുന്ന് വലിച്ചതിനെ എതിര്‍ത്ത് നടന്ന വഴക്കില്‍ കുറ്റി കുത്തി കെടുത്തിയതാണ്
"ഇല്ലാ, ഞാന്‍ വലിക്കാറില്ല" എന്ന് പറഞ്ഞ് ബസ്സ്റ്റോപ്പില്‍ നിന്നിറങ്ങി നടന്നു. കാലം തീര്‍ത്തും മാറിയിരിക്കുന്നു പലതും കൂട്ടത്തില്‍ താനും...
ആദ്യം കണ്ട ഓട്ടോക്ക് കൈ കാട്ടി "മാഷേ, അമൃതാ ബാര്‍"
പിന്നെ ചിലതൊന്നും ഒരിക്കലും മാറില്ല
ഒത്തു ചേരുമ്പോള്‍ ഞാനും, നിങ്ങളും പിന്നെ ബാഗ്‌പൈപ്പറും .....
ചിയേര്‍സ്.....
No comments:
Post a Comment